26 April Friday

ലഹരിക്കെതിരെ പാവനാടകവുമായി സുനിൽ പട്ടിമറ്റം

സി എൻ റെജിUpdated: Sunday Jun 9, 2019

കൊച്ചി
മദ്യമായാലും മയക്കുമരുന്നായാലും ലഹരിക്കെതിരെ പോരാടാൻ  പാവനാടകവുമായി സുനിൽ പട്ടിമറ്റമുണ്ടാകും. പറഞ്ഞും പഠിപ്പിച്ചും സുനിലിന്റെ കൈയുറ പാവനാടകം (പപ്പറ്റ‌് ഡ്രാമ) ഇതുവരെ പിന്നിട്ട‌ത‌് 400 വേദികൾ. ലഹരിക്കെതിരെ കേരളത്തിൽ ആദ്യമായി പാവനാടകം അവതരിപ്പിക്കുന്നതും സുനിലാണ‌്.
പന്ത്രണ്ട‌് വർഷം മുമ്പ് ജീവിതത്തിലുണ്ട‌ായ ദുരനുഭവമാണ‌് ലഹരിക്കെതിരെ പോരാടാൻ സുനിലിന‌് കരുത്തായത‌്. അമ്മാവന്റെ മകളെ മദ്യപാനിയായ ഭർത്താവ‌് കല്ലുകൊണ്ടിടിച്ച‌് കൊലപ്പെടുത്തിയത‌് സുനിലിനെ മാനസികമായി തകർത്തു. ഈ സംഭവത്തിൽനിന്ന‌് പിറവിയെടുത്തതാണ‌് ‘തടവറ പണിയുന്നവർ’ റേഡിയോ നാടകം. അത‌് പിന്നീട‌് പാവനാടകമായി. കഴിഞ്ഞ അഞ്ച‌് വർഷമായി ലഹരിക്കെതിരെ  ‘ഈ ജന്മം അമൂല്യം’ പേരിൽ 21 മിനിറ്റുള്ള കൈയുറ പാവനാടകം വേദികളിൽ അവതരിപ്പിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള വിമുക്തി മിഷനുമായി ചേർന്ന‌് ഇതുവരെ 400 വേദികളിൽ ഈ നാടകം അവതരിപ്പിച്ചു. 500 റേഡിയോ നാടകങ്ങൾ എഴുതി സംവിധാനം ചെയ‌്തു. ദേശീയതലത്തിൽ മൂന്ന‌് തെരുവുനാടകങ്ങളും അവതരിപ്പിച്ചു.മദ്യപാനം, ലഹരി, ആത്മഹത്യ, പരിസ്ഥിതി, മാലിന്യം, പുകവലി തുടങ്ങി 15 വിഷയങ്ങളിലാണ‌് നാടകം അവതരിപ്പിക്കുന്നത‌്. ഇവയെല്ലാം ചേർത്ത‌് ടെലിഫിലിമൊരുക്കാനുള്ള ഒരുക്കത്തിലാണ‌് സുനിൽ. മനുഷ്യനും പരിസ്ഥിയുമായുള്ള ബന്ധത്തെക്കുറിച്ച‌് സിനിമയും ആലോചിക്കുന്നു.

അച്ഛന്റെ മരണശേഷം പഠനം മുടങ്ങി. തുടർന്ന‌്  ബാലസംഘത്തിന്റെ രക്ഷാധികാരികളിലൊരാളായിരുന്ന ശങ്കരൻമാഷ‌് ഓട്ടൻതുള്ളലും നാടകവും പഠിക്കാൻ അവസരമൊരുക്കി. പുരാേഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ‌് സുനിൽ. പാവനാടകത്തിൽ ബാബു തോമസ‌് അങ്കമാലിയായിരുന്നു ഗുരു. പിന്നീട‌് വെബ‌്സൈറ്റുകളിൽനിന്ന‌് വിദേശ പപ്പറ്റ‌് ഡ്രാമകളെക്കുറിച്ച‌് കൂടുതൽ പഠിച്ചു.

ഒന്നിന‌് പകരം രണ്ട‌് പാവകളെ ഉപയോഗിച്ചാണ‌് സുനിലിന്റെ നാടകാവതരണം. നാടക രചനയും സംവിധാനവും സുനിലാണ‌്. പാവകൾ പ്രധാന കഥാപാത്രമാകുന്ന പപ്പറ്റ‌് ടെലിഫിലിം ഷോ സ്വകാര്യ ചാനലിൽ സംപ്രേഷണം നടത്തുന്നുണ്ട‌്. ഗവർണർക്ക‌് മുന്നിലും പാവനാടകം അവതരിപ്പിച്ചു.

പതിനഞ്ച‌ംഗ ടീമിൽ ഏഴുപേരാണ‌് നാടകം കളിക്കുന്നത‌്. എറണാകുളം പട്ടിമറ്റം സ്വദേശിയായ സുനിൽ 19 വർഷമായി തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ‌്‌റ്റേഡിയത്തിൽ താൽക്കാലിക ജീവനക്കാരനാണ‌്. സുനിലിന‌് പിന്തുണയുമായി ഭാര്യ ശ്രീദേവിയും രണ്ട‌് മക്കളുമുണ്ട‌്. കേന്ദ്ര സാംസ‌്കാരിക മന്ത്രാലയത്തിന്റെ സോങ‌് ആൻഡ‌് ഡ്രാമ വിഭാഗത്തിൽ എം പാനൽ ചെയ‌്ത കേരളത്തിൽ ഏക ടീമും സുനിലിന്റെയാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top