25 April Thursday

അരങ്ങിലെ ഏകാന്തതയും അതിജീവനവും

ഹിമ ശങ്കര്‍/ഒ പി സുരേഷ്Updated: Wednesday Nov 16, 2016

നാടകത്തില്‍ നേരിട്ട് സംവദിക്കുന്നത് നമ്മുടെ ശരീരവുമായാണ്. എന്റെ ചിന്തകള്‍ക്ക് വെളിച്ചം പകര്‍ന്നത്, ഒരു കഥാപാത്രത്തിന് ശരീരം കൊടുക്കുമ്പോള്‍ നമ്മില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. നാടകം എപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരുന്നു... 
അഭിനേത്രിയും ആക്ടിവിസ്റ്റുമായ
ഹിമ ശങ്കര്‍ സംസാരിക്കുന്നു...

തൃശൂര്‍ജില്ലയില്‍ ചാലക്കുടിക്കടുത്ത് കൊടകരയിലാണ് ഹിമയുടെ വീട്. പത്താം ക്ളാസ് വരെ പഠിച്ചത് ഡോണ്‍ ബോസ്കോ ഹൈസ്കൂള്‍ കൊടകര, പ്ളസ് ടു ആര്‍എംഎച്ച്എസ്എസ് ആളൂര്‍, പിന്നെ ഡിഗ്രി സംസ്കൃത യൂണിവേഴ്‌സിറ്റിയിലും പി ജി സ്കൂള്‍ ഓഫ് ഡ്രാമയിലും. കുട്ടിക്കാലം മുതല്‍ക്കേ വായിച്ചിരുന്നതുകൊണ്ടും വായിച്ചത് ഭാവനയില്‍ കാണുന്ന സ്വഭാവമുള്ളതുകൊണ്ടും കലാകാരിയാവാന്‍ ഇഷ്ടമായിരുന്നു. ഏഴാം ക്ളാസില്‍ ഒരു നാടകം അഭിനയിച്ചു, സിന്‍ഡ്രല്ലയുടെ കഥ. എട്ടാം ക്ളാസ് മുതല്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിക്കാന്‍ തുടങ്ങി. പ്ളസ്ടുവില്‍ ചെയ്ത നാടകം കണ്ട ഒരു ടീച്ചര്‍ നിനക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്തുകൂടെ എന്ന് ചോദിച്ചത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി. പിന്നീട് സയന്‍സല്ലാതെ ഏതെങ്കിലും വിഷയം പഠിക്കാന്‍ തീരുമാനിച്ചു. സംസ്കൃത സര്‍കലാശാലയില്‍ സംസ്കൃതം ബിഎയുടെ ഉപവിഷയമായി നാടകം തിരഞ്ഞെടുത്തു. ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ 'സൂര്യ' ഗ്രൂപ്പില്‍  നാടക പ്രവര്‍ത്തക. സിനിമാഭിനയവും സോഷ്യല്‍ ആക്ടിവിസവും മീഡിയ പ്രവര്‍ത്തനവുമാണ് മറ്റ് മേഖലകള്‍. 

? സിനിമ, മോഡലിങ്, പരസ്യങ്ങള്‍ എന്നിങ്ങനെ സമ്പന്നതയുടെയും താരപരിവേഷത്തിന്റെയും മേഖലകളിലേക്കാണ് ഇക്കാലത്ത് അധിക പെണ്‍കുട്ടികളും ആകര്‍ഷിക്കപ്പെടുന്നത്. സാമ്പ്രദായികഭാഷയില്‍ പറഞ്ഞാല്‍ താരതമ്യേന അനാകര്‍ഷകമായ ഒരു മേഖലയാണ് തിയേറ്റര്‍.  പ്രത്യേകിച്ചും കേരളത്തില്‍. എന്നിട്ടും എന്തുകൊണ്ടാണ് ഹിമശങ്കര്‍ പ്രവര്‍ത്തനമേഖലയായി നാടകം തെരഞ്ഞെടുത്തത്.
= ശരിയാണ്, മോഡലിങ്ങിലും സിനിമയിലും പരസ്യങ്ങളിലും സമ്പന്നതയുടെയും താരപരിവേഷത്തിന്റെയും ആകര്‍ഷണീയത ഉണ്ട്.

ഡ്രാമാസ്കൂളില്‍ ചേരാന്‍ വരുമ്പോള്‍ സ്വതന്ത്രയായ ഒരു കലാകാരി ആകാനുള്ള ഊര്‍ജം എന്നിലുണ്ട് എന്ന മനസ്സിലാക്കല്‍ മാത്രമായിരുന്നു കൈമുതല്‍. അക്കാദമിയുടെ 800 രൂപ സ്കോളര്‍ഷിപ്പ് ഉണ്ടായിരുന്നു, ഡ്രാമാസ്കൂളില്‍ ചേരുമ്പോള്‍. അല്ലറ ചില്ലറ ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചുതുടങ്ങിയിരുന്നു, ചില നാടകങ്ങളിലും. അച്ഛനോടും അമ്മയോടും എനിക്ക് നിങ്ങളുടെ പണം ഇനി മുതല്‍ വേണ്ട, ഞാന്‍ സ്വന്തമായി പഠിച്ചുകൊള്ളാം എന്ന് പറഞ്ഞു. ജീവിതം നേര്‍ക്കുനേര്‍ കാണാന്‍ തന്നെയാണ്       ഡ്രാമാ സ്കൂളിലെത്തിയത്.

? എന്നിട്ട് ജീവിതം നേര്‍ക്കുനേര്‍ കണ്ടോ.
= പണ്ടു മുതലേ ഒരു മുറിയുടെ ഉള്ളില്‍ കുറച്ച് പുസ്തങ്ങളുമായി ജീവിക്കുക എന്നതിനപ്പുറം പുറംലോകത്തിന്റെ നല്ലതും ചീത്തയും എന്നെ വലുതായി ബാധിച്ചിരുന്നില്ല. എന്താണ് പുറംലോകം എന്നെപ്പോലുള്ള പെണ്‍കുട്ടികളുടെ മേല്‍ കെട്ടിവച്ച മാറാപ്പുകള്‍ എന്നൊന്നും കൂടുതല്‍ അന്വേഷിക്കുന്ന സ്വഭാവം എനിക്കില്ലായിരുന്നു. ഇഷ്ടമുള്ളത്, എനിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക- ചെറുപ്പം മുതല്‍ എന്റെ സ്വഭാവം അങ്ങനെയായിരുന്നു. തനിയെ പഠിച്ചുതുടങ്ങി. നടിയാവാന്‍ വേണ്ടിയല്ലായിരുന്നു പഠിത്തം. സംവിധായിക ആകാനായിരുന്നു താല്‍പ്പര്യം. അതുകൊണ്ടുതന്നെ ഇങ്ങോട്ടേക്ക് വന്ന ചെറിയ റോളുകള്‍ ഒരു മടിയും കൂടാതെ എടുത്തു. പഠന ചിലവ് കണ്ടെത്തണമല്ലോ. അപൂര്‍വരാഗം എന്ന സിനിമയില്‍ അഭിനയിച്ചതിനുശേഷം എല്ലാവരും എന്നോട് ചാന്‍സുകള്‍ അന്വേഷിക്കാന്‍ പറഞ്ഞു. വരുന്നതെല്ലാം കൂട്ടുകാരി കഥാപാത്രങ്ങളും. ഒരിടക്ക് ഫോണ്‍ നമ്പര്‍പോലും മാറ്റിക്കളഞ്ഞു. ഇതല്ല വേണ്ടത് എന്ന് എന്റെ മനസ് പറഞ്ഞു കൊണ്ടിരുന്നു. പലതും രീാുഹലലേ ആവാനുള്ളതുപോലെ. നിനക്ക് പലതും അന്വേഷിക്കാനുണ്ട്, പ്രശസ്തിയുടെയും പണത്തിന്റെയും പുറകെ അല്ല പോകേണ്ടത്, സമയമാകുമ്പോള്‍ അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് തേടിയെത്തും എന്നും പറഞ്ഞുകൊണ്ടിരുന്നു. ശരിയാണ്, ചെറുപ്പം മുതലുള്ള എന്റെ പെരുമാറ്റത്തിലും വായനയിലുമെല്ലാം ഒരു അവനവനെതേടല്‍ ഉണ്ടായിരുന്നു. പിന്നെ, ചുറ്റും നോക്കിയപ്പോള്‍ കഷ്ടപ്പെട്ടു പലതിന്റെയും പുറകെ ഓടിനടന്ന് വേണ്ടസമയത്ത് സ്നേഹിക്കാതെ, സന്തോഷിക്കാതെ അവനവനെത്തന്നെ നഷ്ടപ്പെട്ട മനുഷ്യരെ കണ്ടു. എനിക്ക് ഞാനെന്ത് എന്ന് കണ്ടുപിടിക്കാന്‍ സമയം ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാനെന്റെ ചിപ്പിയില്‍ പലപ്പോഴും തനിച്ചിരുന്നു വായിച്ചു. മനസ്സുകൊണ്ടും ചിലപ്പോള്‍ ശരീരംകൊണ്ടും യാത്രകള്‍ പോയി. അത്യാവശ്യസമയത്ത് നാടകങ്ങളും  ആങ്കറിങ്ങും. ചില ഇറങ്ങാത്ത സിനിമകളും ഉപജീവനത്തിന് മുട്ടുണ്ടാക്കാതെ വാതിലില്‍ വന്ന് മുട്ടിക്കൊണ്ടിരുന്നു. പിന്നെ അത്യാവശ്യത്തിന് കടം തരാന്‍ മനസ്സുള്ള കുറച്ചുപേരും. പക്ഷേ, എന്തോ ഒന്നിനെയും  പുറകെചെന്ന് പിടിക്കണമെന്ന് തോന്നിയില്ല.

? നാടകം ഹിമയുടെ പിറകെകൂടി എന്നു പറയാമോ.
= വേണമെങ്കില്‍ അങ്ങനെയും പറയാം. നാടകത്തില്‍ നേരിട്ട് സംവദിക്കുന്നത് നമ്മുടെ ശരീരവുമായാണ്. എന്റെ ചിന്തകള്‍ക്ക് വെളിച്ചം പകര്‍ന്നത്, ഒരു കഥാപാത്രത്തിന് ശരീരം കൊടുക്കുമ്പോള്‍ നമ്മില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. നാടകം എപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടിരുന്നു. സിനിമാലോകത്തായിരിക്കുമ്പോള്‍ വേറൊരു അനുഭവമാണ്. സിനിമയായാലും നാടകമായാലും നമുക്ക് അര്‍ഹതയുള്ളത് നമ്മെ തേടിവരുമെന്ന് വിശ്വസിക്കുന്നു. ചിലപ്പോള്‍ ആളുകള്‍ മണ്ടിയെന്നും ജീവിക്കാന്‍ അറിഞ്ഞുകൂടാത്തവള്‍ എന്നും പറഞ്ഞേക്കാം. ചിലപ്പോള്‍ ഒന്നുമായില്ലാരിക്കാം. പക്ഷേ, മനസ്സുകൊണ്ട് ഞാന്‍ സ്വതന്ത്രയാണ്, ചിന്തകളില്‍    സന്തുഷ്ടയുമാണ്. താരമാകാനും നടിയാവാനും എനിക്കിഷ്ടമാണ്. സമയമായി എന്നുള്ള സൂചനകള്‍ കാലം തരുന്നുമുണ്ട്. കാലം തന്നെ   ഉത്തരം തരട്ടെ...
ഒരു കഥാനാടകം എന്ന നാടകത്തില്‍ ഹിമ

ഒരു കഥാനാടകം എന്ന നാടകത്തില്‍ ഹിമ

? ഒരു കലാകാരി എന്ന നിലയില്‍ ആത്മപ്രകാശത്തിനുള്ള ഹിമയുടെ അഭിവാഞ്ഛകളെ അഭിനയം  എങ്ങനെയൊക്കെയാണ് തൃപ്തിപ്പെടുന്നത്.
= പല രീതിയില്‍     സഹായിച്ചിട്ടുണ്ട്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരന്വേഷണമായിരുന്നു ഇതുവരെ. ലക്ഷ്യമില്ലാതെ, ഒരു പുഴ ഒഴുകുന്നതുപോലെ. നാടകത്തിന്റെ തീരത്ത് കൂടിയാണത് കൂടുതല്‍ ഒഴുകിയത്. പലപ്പോഴും നാടകവേദിയില്‍ ഒരു സ്ത്രീ ആയി നില്‍ക്കുക എന്നുള്ളത്, ചുറ്റുപാടുകളോട് കലഹിക്കുക, വീണ്ടും പെട്ടെന്നുതന്നെ പൊരുത്തപ്പെടേണ്ടി വരിക എന്ന ദ്വന്ദ്വത്തോട് സമരസപ്പെടാന്‍ സഹായിച്ചിട്ടുണ്ട്. വ്യക്തികളോടും വ്യവസ്ഥിതികളോടും കലഹിക്കുമ്പോള്‍ത്തന്നെ നാടകമെന്ന കര്‍മത്തിനുവേണ്ടി വീണ്ടും ഒരുമിക്കേണ്ടിവരിക. വ്യത്യസ്ത സ്വത്വങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തികളുടെ ബാഹുല്യമുള്ള നാടകവേദിയില്‍ വ്യത്യസ്തതകളെ അംഗീകരിച്ചുകൊണ്ടും ചിലതിനോടൊക്കെ കലഹിച്ചും ഒത്തൊരുമിച്ചുനില്‍ക്കാന്‍ എന്നെ നാടകം സാമൂഹികമായി ശക്തയാക്കി. ഇനി വ്യക്തിപരമായി അഭിനയം എന്ന കല- ആദ്യം എന്നെക്കുറിച്ചും  ഞാനെന്ന ബോധത്തെ പേറുന്ന ശരീരത്തെക്കുറിച്ചും കുടുതല്‍ ആഴത്തിലുള്ള അറിവ് ലഭിക്കാന്‍ കാരണമായി. 

? എങ്ങനെയാണ് ഞാനെന്ന ബോധത്തിന് അതീതമായി ഒരു കഥാപാത്രമുണ്ടാകുന്നത്.

= 2006ല്‍ അഭിനയയുടെ 'സഖാറാം ബൈന്‍ഡര്‍' എന്ന നാടകം അഭിനയിക്കാന്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ ചമ്പ എന്ന സ്ത്രീയുടേതായ എല്ലാ വേദനകളും പീഡനങ്ങളും അനുഭവിച്ചുകഴിഞ്ഞ് പതംവന്ന് ആരെയും കൂസാത്ത, പച്ചത്തെറി വിളിക്കുന്ന ശക്തമായ കഥാപാത്രം, തെറിവിളിക്കാന്‍ മടിയുള്ള, സാരി ഉടുത്താല്‍ മിനിമം ഏഴ് സൂചിയെങ്കിലും കുത്തുന്ന, ശരീരത്തിനെക്കുറിച്ച് വലുതായൊന്നും അറിയാത്ത, ഉള്ളില്‍ തീയുണ്ടെങ്കിലും പുറംലോകത്ത് വലിയ പ്രശ്നങ്ങള്‍ ഒന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത ഹിമയെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവളെ മനസ്സിലാക്കാന്‍ പോയിട്ട്, അവളുടെ കാലുകള്‍ തുറന്നുവച്ചുള്ള ഇരുപ്പുപോലും... ഇരിക്കാന്‍ മടിയായിരുന്നു ആദ്യം. നടിയും നാട്ടിന്‍പുറത്തെ പെണ്ണുമായിട്ടുള്ള കലഹം തുടങ്ങി. അവസാനം ഏതോ ഒരു സമയത്ത് ചമ്പക്ക് ഞാനെന്നെ വിട്ടുകൊടുത്തു. എന്നെത്തന്നെ ഞാന്‍ പൊളിച്ചുകളഞ്ഞു. ചമ്പയിലൂടെ എന്റെ ശരീരം വേറൊരു തരത്തില്‍ പ്രതികരിക്കുന്നത്, മാറി നിന്ന് ആസ്വദിക്കുന്ന എന്നിലെത്തന്നെ മറ്റൊരു മനസ്സിനെ ഞാന്‍ ആദ്യമായി കണ്ടെത്തി. അത് പലപ്പോഴും കഥാപാത്രത്തിന്റെ വികാരങ്ങളുടെ അതിര്‍ത്തി നിയന്ത്രണവും നടത്തിക്കൊണ്ടിരുന്നു. ആന്തരികമായി മുന്നേറുമ്പോള്‍, കൂടുതല്‍ പ്രതിസന്ധികളിലകപ്പെടുത്താതെ ഒരു സുഹൃത്തിനെപ്പോലെ കഥാപാത്രം നമ്മിലേക്ക് കടന്നുവരും.   അവരെ മനസ്സിലാക്കുക എന്നതാണ് ആദ്യപടി.

? ഇതുപോലെ ആദ്യം വെല്ലുവിളി ആവുകയും പിന്നീട് അരുമകളായി മാറുകയും ചെയ്ത മറ്റു കഥാപാത്രങ്ങള്‍ ഉണ്ടോ.

= പിന്നീടുവന്ന ദ്രാവിഡപുത്രിയിലെ ആര്യവംശത്തോട് മുഴുവന്‍ വെല്ലുവിളികളുണര്‍ത്തുന്ന താടകയും ഞായറാഴ്ചയിലെ എല്ലാം ഉള്ളിലൊതുക്കി തന്നിലേക്ക് ഒതുങ്ങിയ ഏഞ്ചലീനയും കഥാപാത്രങ്ങള്‍ എന്ന നിലയില്‍ രണ്ട് ധ്രുവങ്ങളിലായിരുന്നെങ്കിലും സുഹൃത്തുക്കളെപ്പോലെ എന്നോട് വളരെയധികം അടുത്തവരാണ്. അവരിലൂടെ തന്നെയാണ് എന്റെ കര്‍മവും പ്രകാശിതമായത്. ശരീരമില്ലാത്ത കഥാപാത്രങ്ങളെ സുഹൃത്തുക്കളായി കണ്ട് അവര്‍ക്ക് ശരീരം കൊടുക്കുകയെന്നാല്‍, നമുക്ക് നമ്മുടെ സ്വത്വത്തെക്കുറിച്ചും വികാരപരതയെക്കുറിച്ചും അറിവുണ്ടായിരിക്കണം. എവിടെയാണ് നമ്മള്‍ നിലപാടുകളില്‍ നില്‍ക്കുന്നത് എന്നുപോലും   രണ്ടുതരം കണ്ണുകളിലൂടെ കാണേണ്ടി വരും. ഉദാഹരണത്തിന് അടങ്ങിയൊതുങ്ങി ജീവിക്കുന്ന സ്ത്രീയുടെ മനോഭാവമുള്ള മനസ്സുമായി സ്ഥിരമായി ജീവിക്കുന്ന ഒരാള്‍ക്ക് ആര്യാവര്‍ത്തത്തെ ചങ്കൂറ്റത്തോടെ വെല്ലുവിളിക്കുന്ന താടകയുടെ മാനസികാവസ്ഥയിലേക്ക് എങ്ങനെ എത്താന്‍ കഴിയും? അതുപോലെ, സിസ്റ്റര്‍ എഞ്ചലീന എല്ലാ വിധത്തിലും ഒതുങ്ങി, ഒറ്റപ്പെട്ട്, ഗര്‍ഭിണിയായി കര്‍ത്താവില്‍ മാത്രം ആശ്രയിച്ച് നിരാലംബയായി ജീവിക്കുന്നവളാണ്. അവളെ മനസ്സിലാക്കണമെങ്കില്‍ ഒരു നിസ്സഹായയായ സ്ത്രീയായി ചിന്തിക്കേണ്ടിവരും. അഭിനയിച്ചുതുടങ്ങിയപ്പോള്‍ മനസ്സിലായി ഏറ്റവും താഴെത്തലത്തില്‍ ഒതുങ്ങിച്ചിന്തിക്കുന്ന സ്ത്രീകള്‍  മുതല്‍ ഉന്നതമായ സ്വാതന്ത്യ്രാഭിവാഞ്ഛ പുലര്‍ത്തുന്ന സ്ത്രീ വരെ നമുക്കുള്ളില്‍ വേണം. ഒന്നിലേക്കും

സ്ഥിരമായി പോകരുത്. ചിലപ്പോള്‍ പുരുഷന്മാരെപ്പോലെയും ചിന്തിക്കേണ്ടിവരും. ആ മാനസികാവസ്ഥ നിലനിര്‍ത്തുക. കഥാപാത്രത്തിന്റേയും നമ്മുടെയും ആത്മാവ് വേദിയിലെത്തുമ്പോള്‍ പ്രകാശിച്ചുകൊള്ളും. എന്നെ സംബന്ധിച്ച് ആത്മപ്രകാശനം എന്നിലേക്കുതന്നെയുള്ള യാത്രയായിരുന്നു. നാടകം എന്ന ഇടവേളയില്ലാത്ത സക്രിയമായ കല അതിന്റെ എല്ലാവിധ സ്വാതന്ത്യ്രത്തോടുംകൂടി, എന്നെ സ്വതന്ത്രയാക്കുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.

? കേരളത്തിലെ നിലവിലെ സാമൂഹിക സാംസ്കാരിക അന്തരീക്ഷം, ഒരു സ്ത്രീയുടെ നാടക പ്രവര്‍ത്തനത്തിന് എത്രമാത്രം അനുയോജ്യമാണ്.

= കേരളത്തിലെ നിലവിലെ സാംസ്കാരികാന്തരീക്ഷം പ്രതീക്ഷകളും ആശങ്കകളും ഉണര്‍ത്തുന്നുണ്ട്. ഇന്ത്യയൊട്ടാകെ ഒരു ഫാസിസ്റ്റ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കുനേരെ ജാഗരൂകരാകുകയും അതിനെതിരെ പല രീതിയിലും സംവദിക്കുന്ന പല തരത്തിലുള്ള പാട്ടുകളും സിനിമകളും നാടകങ്ങളുമുണ്ടാവുകയും ചെയ്തു. പക്ഷേ, നമ്മിലേക്ക്, നമ്മുടെ ശരീരത്തിന്റെ തന്നെ ഫാസിസ്റ്റ് മനോഭാവത്തിലേക്ക് ചുഴിഞ്ഞ് നമ്മളെത്തന്നെ മാറ്റിമറിക്കുന്ന കലാപ്രവര്‍ത്തനം നടത്തുന്നതിന് എത്ര പേര്‍, എത്ര നാടകക്കാര്‍ കാഴ്ചബിംബങ്ങള്‍ക്കപ്പുറത്ത് ശ്രമിക്കുന്നുണ്ട് എന്നത് എന്നെ ആശങ്കാകുലയാക്കുന്നുണ്ട്. കേരളത്തിലെ സാമൂഹ്യപരിസരങ്ങളിലെ, നാടകമുറ്റത്ത്  നിന്നുകൊണ്ട് പറയാന്‍ സാധിക്കും, ഒരു വ്യക്തിത്വം ഉള്ള സ്ത്രീയാവാന്‍ നാടകത്തോളം സഹായിക്കുന്ന ഒരു മേഖല വേറെയില്ല. എന്നാല്‍ പ്രവര്‍ത്തനത്തിന് ശക്തമായ തരത്തിലുള്ള മണ്ണൊരുക്കം വേണമെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്.

ശക്തരായ നാടകപ്രവര്‍ത്തകര്‍ ഉണ്ടായിട്ടുപോലും ഒരുമിച്ചുള്ള ശ്രമങ്ങള്‍ കുറവാണ്. പലരുടെയും നാടകങ്ങള്‍ക്ക് ആശയപരമായി സാധാരണ പ്രേക്ഷകരെ ചലിപ്പിക്കാനുള്ള സംവേദനക്ഷമത പോരാതെ വന്നു. ഈ സമയത്തിന്റെ പ്രത്യേകതകളില്‍, നമ്മളോടുതന്നെ പൊരുത്തപ്പെടുകയും കലഹിക്കുകയും യോജിച്ച തീരുമാനങ്ങള്‍ എടുത്ത് നാടകത്തിന് ചെയ്യാന്‍ പറ്റുന്നതെന്ത് എന്ന് കാണിച്ചുകൊടുക്കാനുമുള്ള ഉത്തരവാദിത്വം നാടകക്കാര്‍ക്കുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടി ഇവിടെ വേരോടാന്‍ പ്രധാനകാരണം  'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകവും കൂടിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ വ്യക്തിസ്വാതന്ത്രങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റങ്ങള്‍ക്ക് എതിരെയാണ്. മനുഷ്യരാവാനുള്ള ജീവിതത്തിനുവേണ്ടിയാണ്. ഇവിടെ അനിവാര്യമാണ് സ്ത്രീകള്‍ സ്വന്തം സ്വാതന്ത്യ്രം തിരിച്ചറിയേണ്ടത്... ശരീരത്തെ തിരിച്ചറിയേണ്ടത്... തിരിച്ചറിവിനുശേഷമുള്ള കഥാപാ ത്രങ്ങള്‍ ആവേണ്ടത്... നാടകങ്ങള്‍ ഉണ്ടാവേണ്ടത്... സാമൂഹ്യപരിസരം അത്തരത്തിലൊരുണര്‍വ് ഉണ്ടാക്കുന്നതാണ്. അവിടെ മാറ്റമായി മാറുക...
 
? സന്തോഷകരവും തൃപ്തികരവുമായ ഒരു കലാജീവിതം സാധ്യമാകുന്നതിനായി കേരളീയ സമൂഹത്തിലുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്.

= സംതൃപ്തികരമായ കലാജീവിതത്തിന് കലയുടെ സമൂഹത്തിലുള്ള പ്രാധാന്യമെന്തെന്ന് സമൂഹവും കലാ സമൂഹവും മനസ്സിലാക്കേണ്ടതുണ്ട്. ജീവിതത്തെ മുന്നോട്ടു നയിക്കുന്നതില്‍, സുന്ദരമാക്കുന്നതില്‍ കല എത്ര പങ്കു വഹിക്കുന്നു. ശാരീരികമായി ഉന്മേഷം വരുത്തുന്ന ഡാന്‍സും പാട്ടും കളികളും മനുഷ്യനെ എത്രമാത്രം മനുഷ്യനിലേക്കുതന്നെ, അവന്റെ ഉള്ളിലോട്ട് ബന്ധിപ്പിക്കുമെന്ന് മനസ്സിലാക്കിയാല്‍, നമ്മളെന്താണ് സദാചാരം പറഞ്ഞ് മൂടിവയ്ക്കുന്നത്, ഒരുതരത്തില്‍ നോക്കിയാല്‍ നമ്മുടെ സന്തോഷം തന്നെയല്ലേ... കലയുടെ സാധ്യതക്ക് സ്വയം വിട്ടുകൊടുത്ത് നവോന്മേഷം നേടാന്‍ ഒരു ജനതക്ക് അവകാശമുണ്ടെന്ന തിരിച്ചറിവാണ്  കലയുടെ വസന്തകാലത്തെ വരവേല്‍ക്കുന്നത്... കാത്തിരിക്കാം.
 
ഫോട്ടോ: ജി പ്രമോദ്

ഫോട്ടോ: ജി പ്രമോദ്

? നിരന്തരമായി മാറിക്കൊണ്ടിരിക്കുകയാണ് ലോകനാടക സങ്കേതങ്ങള്‍. പുറംനാടുകളിലെ നാടകപ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും ശ്രദ്ധിക്കാറുണ്ടോ. എന്തുതോന്നുന്നു.
= പുറത്തുള്ളവര്‍ തിയേറ്ററിന്റെ സാധ്യതകളെ ഭ്രമിപ്പിക്കുന്ന രംഗ ചിത്രങ്ങള്‍ക്കപ്പുറത്ത്, ശരീരത്തിന്റെ സാധ്യതകളെ കൂടുതല്‍ ഉപയോഗിച്ചുകൊണ്ടുള്ള- സ്പേസിന്റെ, തന്നിരിക്കുന്ന ഇടത്തിന്റെ - സാധ്യതകളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതൊരു നല്ല പ്രതീക്ഷയാണ്. കാണികളെക്കൂടി പങ്കുകാരാക്കുന്ന, interactive അല്ലെങ്കില്‍ participative നാടകവേദി വലിയ മാറ്റങ്ങള്‍ക്കു ശക്തിയുള്ളവയാണ്. നാടകത്തിന്റെ ചതുരവടിവുള്ള കാഴ്ചാനുഭവത്തില്‍ നിന്ന് 360 ഡിഗ്രി കാഴ്ചയെ വ്യതിചലിപ്പിക്കാന്‍  ശരീരങ്ങളുടെ സാധ്യതകളെ ഉപയോഗിക്കാന്‍ നാടകത്തിനാവും. നമ്മുടെ നാട്ടില്‍ത്തന്നെ നാടകപ്രവര്‍ത്തനങ്ങളുടെ നല്ല പ്രവര്‍ത്തനങ്ങള്‍ വരുന്നുണ്ട്. പുനര്‍നിര്‍വചനങ്ങളായ ഊരാളി പോലെയുള്ള ബാന്റുകള്‍ വരുന്നുണ്ട്. തത്സമയ കലകളുടെ (live art) ഊര്‍ജം പ്രസരിക്കട്ടെ...

? നടി എന്ന നിലയില്‍ സ്വാധീനിച്ചിട്ടുള്ള കലാലോകത്തെ പ്രതിഭകള്‍, സംഭവങ്ങള്‍.
= ഒരു കഥാപാത്രത്തിന് ശരീരം നല്‍കുന്നവരെന്ന നിലയില്‍ സാമ്പ്രദായിക നടനരീതികളുടെ, ചിന്തനരീതികളുടെ ഒക്കെ ശേഷിപ്പുകള്‍ നമ്മുടെ കഥാപാത്രരൂപവല്‍ക്കരണത്തെ സ്വാധീനിക്കുന്നുണ്ട്. ഇത് പൊളിച്ചുകളഞ്ഞാല്‍ ശരീരത്തെ വേറൊരു രീതിയില്‍ കാണാനാകും. വിഷയങ്ങളെ ശരീരബന്ധിതമായി അല്ലാതെ മറ്റൊരു ദൃഷ്ടികോണില്‍ കാണാനാകും. അത് നഗ്നതയെക്കുറിച്ചും സദാചാരത്തെക്കുറിച്ചുമുള്ള നമ്മുടെ ആകുലതകളെ തൂത്തെറിഞ്ഞ് കഥാപാത്രത്തെ ന്യായീകരിക്കാനുള്ള, കഥാപാത്രത്തെ സത്യസന്ധമാക്കുന്നതിനുള്ള ശ്രമങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കും. അത്തരം ശ്രമങ്ങള്‍ നടത്തിയവരെ എന്നും ഇഷ്ടമാണ്. വജൈന മോണോ ലോഗ് അവതരിപ്പിച്ച പല നടിമാരെയും കണ്ടു, മല്ലിക തനേജ "ഥോടാ ധ്യാന്‍ സേ' എന്ന ചെറിയ നാടകവുമായി ചെയ്തത് കണ്ടു. പലപ്പോഴും എന്റെ റോള്‍ മോഡല്‍സ് പല സാധാരണ ആള്‍ക്കാരുമാണ്. മറയിട്ടല്ലാതെ സംസാരിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നാണ് ഞാന്‍ എന്റെ കഥാപാത്രങ്ങളുടെ വികാരങ്ങളെ കണ്ടുപിടിക്കുന്നത്. അവരുടെ ചിന്തകളെ അളന്നാല്‍ മാത്രമേ കഥാപാത്രത്തിന്റെയും എന്റെയും ചിന്തകളിലേക്ക് അവയെ കൂട്ടിയോജിപ്പിക്കാന്‍ കഴിയൂ. അല്ലാതെ റോള്‍ മോഡല്‍സ് ആയി ആരെയും കരുതിയിട്ടില്ല.

? ശരീരം, അതിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെയാണ് കഥാപാത്രസാക്ഷാത്ക്കാരത്തെ നിര്‍ണയിക്കുന്നത്.

= പല രീതിയിലാണ് അത്. എനിക്ക് ചിലപ്പോള്‍ ശബ്ദത്തില്‍ത്തന്നെ ഒരു കൊഞ്ചലുണ്ട്. അടുത്തകാലത്ത് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ചായക്കട കഥകളിലെ "അമ്മു' എന്ന 15 വയസ്സുകാരിയെ അവതരിപ്പിക്കാന്‍ സഹായകമായത് ആ കൊഞ്ചലാണ്. ചിലപ്പോള്‍ നമ്മളില്‍ മറ്റുള്ളവര്‍ കളിയാക്കുന്ന പ്രത്യേകതകള്‍, പ്രശ്നങ്ങള്‍ ഒക്കെ നമുക്ക് കഥാപാത്രരൂപവത്കരണത്തില്‍ നല്ലതായി വന്നേക്കാം. മനസ്സാണ്, ശരീരത്തിന്റെ ഏറ്റവും വലിയ സാധ്യത. എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വം നല്‍കുന്നത് നമ്മുടെ തന്നെ മനസ്സാണ്. ഒരു കൊച്ചു കുട്ടിയുടെ മാനസികാവസ്ഥ മുതല്‍ വയസ്സായ സ്ത്രീയുടെ മാനസികാവസ്ഥ വരെയുള്ള സ്പെക്ട്രം മനസ്സിലാക്കുന്നത്, കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സഹായിക്കും. ഒരിക്കലും ശരീരത്തിന്റെ പ്രായത്തില്‍ വിശ്വസിക്കാതിരിക്കുക. കഥാപാത്രത്തിന്റെ പ്രായത്തില്‍ വിശ്വസിക്കുക. നടന്റെ, നടിയുടെ ശരീരം അസാമാന്യ സാധ്യതകളുള്ള ഒരു 'ടൂള്‍' ആണ്. ആ ഉപകരണത്തെ നമുക്ക് മാത്രം അറിയുന്ന വഴിയിലൂടെ,  അതിന്റെ സാധ്യതകളിലേക്ക് യാത്രപോവുക. ഇതാണ് കഥാപാത്രസൃഷ്ടിയുടെ എന്റെ വശം.

? പഴയകാലം മുതല്‍ 'നാടകക്കാരികള്‍' കേട്ടുവരുന്ന നമ്മുടെ നാട്ടിലെ സദാചാരവാദികളുടെ പഴികളുണ്ട്. പുതിയ കാലത്തുനിന്നുകൊണ്ട് സദാചാരനിഷ്ഠമായ ലോകത്തിന്റെ ഒളിഞ്ഞുനോട്ടങ്ങളെ എങ്ങനെ നോക്കിക്കാണുന്നു, നേരിടുന്നു.
= സദാചാര നിഷ്ഠമായ  ലോകത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് വലിയ രീതിയില്‍ വേരൂന്നിയ കുടുംബങ്ങളില്‍ നിന്നു തുടങ്ങണം. നാടകം പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍, അതൊരു മോശം കാര്യമായി കരുതിയ ബന്ധുക്കളുടെയും വീട്ടുകാരുടെയും പല രീതിയിലുള്ള സദാചാര ആക്രമണങ്ങള്‍ക്ക് വിധേയയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ 'അവള്‍ ശരിയല്ല'  കണ്ടവരുടെ കൂടെയൊക്കെ നാടകം കളിച്ചു നടക്കുന്നതു കണ്ടോ... അച്ഛനും അമ്മക്കും എന്തറിയാം, അവസാനം പണി കിട്ടുമ്പോ പഠിച്ചോളും അഹങ്കാരി, തുടങ്ങി നാട്ടിന്‍പുറത്തെ സദാചാര കുരുക്കള്‍ എന്റെ നേരെ ഒരുപാട് പൊട്ടിയിട്ടുണ്ടെങ്കിലും... എന്ത് ചെയ്താലും- നല്ലതായാലും ചീത്തയായാലും- മുഖത്ത് നോക്കി പറയുന്ന സ്വഭാവം എനിക്കുള്ളതുകൊണ്ട് പലതിനും എന്നെ ബാധിക്കാന്‍ കഴിഞ്ഞില്ല. ഒരുപാട് വിഷമിച്ച കാലങ്ങള്‍ ഉണ്ട്... ആര്‍ക്കും എന്നെ മനസ്സിലാകുന്നില്ലല്ലോ എന്നോര്‍ത്ത്. പിന്നീട് പതുക്കെ മനസ്സിലായി- ആര്‍ക്കും ആരെയും ബോധ്യപ്പെടുത്താന്‍ എളുപ്പമല്ല... ബോധ്യപ്പെടുത്തിയിട്ടും കാര്യമില്ല.  അവനവന്റെ ശരികളില്‍ ഉറച്ചുനില്‍ക്കുക... പലപ്പോഴും തിരിച്ചുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ സദാചാരം മുട്ടുമടക്കുന്നത് കണ്ടിട്ടുണ്ട്. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോഴാണ് സദാചാരത്തിന്റെ പരിചിതമല്ലാത്ത  മറ്റൊരു വശം കണ്ടത്. 45 ഓളം വരുന്ന ആണ്‍കൂട്ടത്തിന്റെ ഇടയില്‍ ഒന്നോ രണ്ടോ പെണ്‍തരികള്‍. പഠിക്കാന്‍ ചേരുമ്പോള്‍ തന്നെ നമുക്ക് പരിചിതമല്ലാത്ത പല കാര്യങ്ങളും നമ്മുടെ നേരെ ആരോപിക്കപ്പെടാം. ആരോടെങ്കിലും കുറച്ചധികം സമയം സംസാരിച്ചാല്‍ ചിലപ്പോള്‍ അവന്റെ കൂടെയാണെന്ന് കുറച്ചുകഴിയുമ്പോള്‍ കേള്‍ക്കാം. പല കഥകളും കേട്ടു. ഉപദേശകന്മാര്‍ നിരവധി... പക്ഷേ, അവിടെയും എന്റെ ശരികള്‍ക്കുമുന്നില്‍ ഞാന്‍ ഉറച്ചുനിന്നതുകൊണ്ട്, കാലം കഴിയുന്തോറും ഉണ്ടാകുന്ന സുതാര്യത പലരുടെയും അഭിപ്രായം മാറ്റിപ്പറയിച്ചു. പലപ്പോഴും നാടകത്തില്‍/സിനിമയില്‍ കുറച്ച് ശരീരം കാണിക്കുന്ന ഭാഗം അഭിനയിച്ചപ്പോള്‍ അനാവശ്യം മാത്രം ചിന്തിച്ച പലരുമുണ്ട്. പ്രൊഫഷണല്‍ ആയ ഒരു നടി ആവാന്‍, കഥാപാത്രത്തിനോട് ആത്മാര്‍ഥത പുലര്‍ത്തുമ്പോള്‍ അവിടെ താന്‍ 'എന്തിനും റെഡി' ആയതുകൊണ്ടാണ് ശരീരം കാണിക്കുന്നതെന്ന് വിചാരിച്ച പലരുമുണ്ട്. പലപ്പോഴും അത്തരക്കാര്‍ക്ക് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഒക്കെ മറുപടി കൊടുക്കാറുണ്ട്. പക്ഷേ, നേരിട്ട് അധികം ശല്യങ്ങള്‍ വന്നിട്ടില്ല. വളരെ കുറവാണെന്നു തന്നെ പറയാം. എന്റെ സ്വഭാവത്തില്‍ ഒരു unpredictabiltiy ഉണ്ടെന്ന് പലരും പറയാറുണ്ട്. ചിലപ്പോള്‍ അതാവാം. പക്ഷേ, പഴയകാലത്തെ നാടകപ്രവര്‍ത്തകരെക്കാള്‍ സ്വാതന്ത്യ്രമുള്ള കാലമാണിന്ന്. പക്ഷേ, നാടകങ്ങളില്‍ പലപ്പോഴും പെണ്‍കുട്ടികള്‍ അഭിനയരംഗത്തോ സംവിധാന രംഗത്തോ മാത്രം ഒതുങ്ങുന്നില്ലേ എന്ന സംശയമുണ്ട്. സദാചാരക്കാരുടെ വാക്കുകളെ മുഖവിലക്കെടുക്കാതെ, സ്വന്തം ഉള്ള് കലയിലൂടെ തേടുക, അല്ലെങ്കില്‍ നിങ്ങളുടെ സ്വാതന്ത്യ്രം ആരുടെയെങ്കിലും ചുമരുകളില്‍ കോറിവരയുന്നതില്‍ പെട്ടുപോകും. ഞാനും എന്റെ സുഹൃത്ത് ശ്രീറാം രമേഷും കൂടി  അവന്റെ സ്വന്തം വീട്ടില്‍ നിന്നു മടങ്ങുമ്പോള്‍ സദാചാരം പറഞ്ഞ് ആക്രമിച്ചത് പൊലീസ് ആണ്.   ഒരു നിമിഷത്തെ തിരിച്ചറിവാണ്, വോയ്സ് റെക്കോര്‍ഡറില്‍ ശബ്ദം പകര്‍ത്തി, അത് മീഡിയക്കു മുമ്പിലേക്കെത്തിക്കാന്‍ കഴിഞ്ഞതിന്റെ പുറകില്‍. ഞാനപ്പോള്‍ ചിന്തിച്ചത് ഒറ്റയ്ക്ക് എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങേണ്ടി വരുന്ന സ്ത്രീകളെക്കുറിച്ചാണ്... അവരെ സഹായിക്കാന്‍ വരുന്ന പുരുഷന്മാരെക്കുറിച്ചാണ്... എന്തെങ്കിലും എന്നെക്കൊണ്ട് ചെയ്യാനായാല്‍  അത്രയും ആയില്ലേ ഈ ജീവിതം കൊണ്ട്.

താഴ് വരയിലെ പാട്ട്

താഴ് വരയിലെ പാട്ട്

? കൂടുതല്‍ ശക്തവും ജനകീയവുമായ ഒരു അരങ്ങിന് വേണ്ടി കേരളത്തില്‍ അടിയന്തരമായി  ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.
= ആദ്യം ചെയ്യേണ്ടത് 'സ്പേസിന്റെ', വേദിയുടെ പുനര്‍നിര്‍ണയമാണ്. ഓഡിറ്റോറിയം നാടകങ്ങളില്‍ നിന്ന് നാടകക്കാരും കാണികളും തിരിഞ്ഞുനടക്കണം. പകല്‍ നാടകങ്ങളും വേദിയുടെ ത്രിമാനമായ സാധ്യതകളെ  ഉപയോഗപ്പെടുത്തുന്ന നാടകങ്ങളും അരങ്ങ് വാഴണം. ഒപ്പം, സംവേദനക്ഷമമായ, മനുഷ്യന്റെ ശാരീരികസാധ്യതകളെ, ശബ്ദത്തെ, പരമാവധി പ്രയോജനപ്പെടുത്തുന്ന രീതികളിലേക്ക് നാടകം മാറേണ്ടതുണ്ട്. ഒരു മുറിയില്‍ അടച്ചിരുന്നു ശീലിച്ചവരെ വീണ്ടും മണ്ണിലേക്കിറക്കുക എന്ന ദൌത്യം നാടകക്കാര്‍ക്ക് ചെയ്യാനുണ്ട്. ഓഡിറ്റോറിയം നാടകങ്ങള്‍, ദിവസവും സിനിമ തിയേറ്റര്‍ പോലെ കളിക്കുന്ന സ്ഥിതി വരണം. ആളുകള്‍ ടിക്കറ്റെടുത്ത് നാടകം കാണാന്‍ വരുന്ന രീതിയിലേക്ക് നാടകത്തിന്റെ പബ്ളിസിറ്റിയും നാടകത്തില്‍ വര്‍ക്ക് ചെയ്യുന്നവരുടെ 'ഡിഗ്നിറ്റിയും' പുനര്‍നിര്‍വചനം നടത്തേണ്ടത് മാധ്യമങ്ങളുടെ കൂടി ധര്‍മമാണ്.

? തിയേറ്റര്‍ പഠനത്തിന്റെയും പ്രയോഗത്തിന്റെയും കേരളത്തിലെ സമകാലീനവസ്ഥ ഈ രംഗത്തേക്ക് വരുന്നവര്‍ക്ക് എത്രമാത്രം പ്രോത്സാഹനജനകമാണ്.
= തിയേറ്റര്‍ പഠനവും പ്രയോഗവും കേരളത്തില്‍ ഡിഗ്രി പഠനത്തിന് സ്കൂള്‍ ഓഫ് ഡ്രാമയും എംഎക്ക് ഡ്രാമാ സ്കൂള്‍ കൂടാതെ സംസ്കൃത യൂണിവേഴ്സിറ്റിയുമാണ് ഉള്ളത്. ബാക്കിയുള്ളത് മിക്ക യൂണിവേഴ്‌സിറ്റികളിലുമുണ്ട്. നാടകം പഠിക്കേണ്ടതിന്റെ ആവശ്യകത പലപ്പോഴും, നാടകീയമായ സാഹചര്യങ്ങളിലേക്കുള്ള വന്നുവീഴല്‍ തന്നെയായിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമ അത്തരത്തില്‍ ഒരു നൈസര്‍ഗിക ഇടമാണ്. ഞാന്‍ പഠിച്ചിരുന്നപ്പോഴും സ്വാതന്ത്യ്രത്തിന്റെ 24 മണിക്കുറുകള്‍ക്ക് വേണ്ടി 'തങ്ങളുടെ കാര്യത്തില്‍ വേറാര്‍ക്കും ഉത്തരവാദിത്വമില്ല, എന്ത് സംഭവിച്ചാലും ഞങ്ങള്‍ മാത്രമാണ് ഉത്തരവാദികള്‍' എന്ന് വെള്ള പേപ്പറില്‍ എഴുതി കൊടുക്കേണ്ടിവന്നു. ഒരു സിനിമ അല്ലെങ്കില്‍ നാടകം കാണേണ്ട ആവശ്യകത എല്ലാം തുല്യമായിരുന്നു. പക്ഷേ സ്ത്രീകള്‍ക്കുള്ള നിയമങ്ങള്‍ വല്ലാതെ ചങ്ങലക്കിടുന്നവയായിരുന്നു.

ഒരു തരത്തില്‍ നാടക സ്കൂളില്‍ അതില്ലാതെ പഠിച്ചതിന്റെ ധൈര്യം, ജീവിതത്തെ മുഖാമുഖം കാണുന്നതില്‍ ഇന്നുവരെ സഹായിച്ചിട്ടുണ്ട്. മാറി നിന്ന് കാണുമ്പോള്‍, നാടകത്തിന്റെ ക്ളാസുകളെക്കാള്‍ ജീവിതനാടകമാണ് പഠനകാലത്ത് ഏറെ പഠിപ്പിച്ചിട്ടുള്ളത്. സ്വാതന്ത്യ്രത്തോടെ നിലനില്‍ക്കുക എന്നതില്‍  കവിഞ്ഞൊന്നും നാടകത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും പഠിക്കാനില്ല എന്നു മനസ്സിലായി. പക്ഷേ, വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിന്നും നാടകം പഠിച്ചവര്‍ക്ക്, അവരുടെ പഠനത്തിന്റെ സാമൂഹ്യമുഖം മനസ്സിലാക്കാന്‍ സമൂഹസേവനത്തിനായുള്ള thetre therapy യില്‍ കൂടുതല്‍ പരിശീലനം നല്‍കാനുള്ള സംരംഭങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കു കാവല്‍ക്കാരാകാനുള്ള ഊര്‍ജം നല്‍കുന്നതാണ് കലാപഠനം- ഇത് കലാരംഗത്തുള്ളവരും സര്‍ക്കാരും ഒരുപോലെ ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കല പഠിച്ചവര്‍ എടുക്കുന്ന ക്ളാസുകള്‍ തീര്‍ച്ചയായും വ്യത്യസ്തമായിരിക്കും. വിദ്യാഭ്യാസത്തില്‍ കലയുടെ പങ്ക് നിര്‍വചനങ്ങള്‍ക്ക് അതീതമാണ്. കാണാപ്പാഠം പഠിക്കുന്ന നിലയില്‍ നിന്ന് interactive & action oriented പഠന രീതിയിലേക്ക് കുട്ടികള്‍ മാറണമെങ്കില്‍ തീര്‍ച്ചയായും നാടകക്കാരുടെ സ്വാധീനം അവിടെ ആവശ്യമുണ്ട്. ഒപ്പംതന്നെ കലാപഠനം തീര്‍ത്തും സ്വതന്ത്രമായും നിര്‍ബാധമായും നടക്കേണ്ടതും പഠനം ക്ളാസുകളിലും പുറത്തും ജീവിതങ്ങളിലും നിന്ന് പഠിക്കേണ്ടതുമാകുന്നു. പ്രയോഗത്തിന്റെ കാര്യത്തിലും സാധ്യതകളെ കണ്ടുപിടിക്കാന്‍പറ്റുക എന്നതാണ് നാടകക്കാരന്റെ എന്നത്തെയും വെല്ലുവിളി. നാടകത്തിന്റെ സാധ്യതകളെ സമൂഹം കൂടുതലായി മനസ്സിലാക്കുക എന്നത് പഠനരംഗത്തുതന്നെ ഊര്‍ജംകൂട്ടുന്ന ഒന്നാണ്. കലയും മനുഷ്യജീവിതത്തിന് അനിവാര്യമായ ഒന്നു തന്നെ.

? ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ടല്ലോ. അരങ്ങും ലൊക്കേഷനും തരുന്ന അനുഭൂതികള്‍/അസ്വസ്ഥതകള്‍ വിവരിക്കാമോ.
= ഷോര്‍ട്ട് ഫിലിമുകളില്‍ മാത്രമല്ല അടുത്ത് ഇറങ്ങാന്‍ പോകുന്ന ഒറ്റക്കോലം, ആറടി തുടങ്ങിയ ചിത്രങ്ങളിലെ പ്രധാന നടിയായിട്ടും മറ്റ് ആറോളം മുഖ്യധാരാചിത്രങ്ങളില്‍ സഹനടിയായിട്ടും അഭിനയിച്ചിട്ടുണ്ട്. യക്ഷം, കനി, കല്‍പ്പാന്തകാലം തുടങ്ങിയ ശ്രദ്ധേയമായ ചെറുചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തിട്ടുമുണ്ട്. ഡയറക്ടറാവാന്‍ പഠിച്ചിരുന്ന കാലത്ത് ചിലവ് നടന്നുപോകാന്‍ തുടങ്ങിയതാണ് അഭിനയം. പിന്നീടെപ്പോഴോ അത് അസ്ഥിയില്‍ പിടിച്ചു. കൂടുതല്‍ അഗാധതയിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി. അപ്പോഴാണ് സിനിമയിലെ സഹനടിവേഷങ്ങള്‍ വില്ലത്തികളാകുന്നത്. വിളിക്കുന്നതെല്ലാം കൂട്ടുകാരി വേഷങ്ങള്‍ക്ക്. പക്ഷേ, സിനിമ സെറ്റുകള്‍ പൊതുവെ ഷൂട്ടിങ്ങിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് മുന്നേറുക. അവിടെ പലപ്പോഴും വ്യക്തികള്‍ക്ക്, താരങ്ങള്‍ക്കല്ലാതെ വലിയ സ്ഥാനം ഉള്ളതായി തോന്നിയിട്ടില്ല. ജോലി ഉള്ളപ്പോള്‍ ആത്മാര്‍ഥമായി ചെയ്ത് തിരിച്ചുവരിക. അത്രതന്നെ. നാടകം ജൈവപരമായി മനുഷ്യരെ ശരീരങ്ങളുമായി അടുപ്പിച്ചുനിര്‍ത്തുന്നതുകൊണ്ട്  സ്വാഭാവികമായി ശരീരത്തിനൊപ്പം സ്വഭാവത്തിന്റെ പ്രത്യേകതകളും കൊണ്ടുള്ള ego clash നടക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. പിന്നെ അഭിനയത്തിന്റെ കാര്യമാണെങ്കില്‍ രണ്ടും രണ്ട് താളമാണ്. സിനിമ സ്വാഭാവികമായി വന്നുചേരുന്ന വികാരങ്ങളെ ക്യാമറകൊണ്ട് ഒപ്പിയെടുക്കുന്നു. നാടകമാകട്ടെ  സ്വാഭാവികമായി സംഭവിക്കുന്നതിന്റെ എത്ര ഇരട്ടി ഊര്‍ജമാണ് ഓഡിയന്‍സിലേക്കു പുറത്തുവിടേണ്ടത് എന്ന തീരുമാനത്തിനു പുറത്താണ് നിലനില്‍ക്കുന്നത്. ഈ വ്യത്യാസം മനസ്സിലാക്കിയാല്‍, എളുപ്പമാണ് രണ്ട് അഭിനയവും. നാടകത്തില്‍ ഇപ്പോഴും സാമ്പത്തിക മേഖല പരുങ്ങലിലാണ്. കഷ്ടിച്ചാണ് പലരും നാടകമേഖല കൊണ്ടുനടക്കുന്നത്. സിനിമ പലപ്പോഴും  സാമ്പത്തിക സ്രോതസാവാറുണ്ട്. രണ്ടിനെയും ഇഷ്ടപ്പെടുന്നു. ഇഷ്ടപ്പെട്ടാല്‍ മാത്രമേ ആത്മാര്‍ഥമായി ജോലി ചെയ്യാനാകൂ.

ദേവശിലകള്‍ എന്ന നാടകത്തില്‍

ദേവശിലകള്‍ എന്ന നാടകത്തില്‍

? സമ്പന്നമായിരുന്നു കേരളത്തിന്റെ നാടക ഭൂതകാലം. അതിന് അര്‍ഹവും അനുയോജ്യവുമായ തുടര്‍ച്ച ഉണ്ടായതായി കരുതുന്നുണ്ടോ.
= മാറ്റം അനിവാര്യമാണ്... ഒരു കാലത്ത് പുരോഗമനത്തിന്റെ അലയൊലികള്‍ ചുറ്റും അത്രയൊന്നും മുഴങ്ങാത്ത സമയത്ത് നാടകം ഒരു പുതിയ ഉണര്‍വുനല്‍കുന്ന കലാരൂപം ആയിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണങ്ങള്‍ വളരെയധികം ജനപ്രീതി നേടി. ഇപ്പോഴത്തെ കൊമേഴ്സ്യല്‍ സിനിമകളുടെ സ്ഥാനത്ത് അത്തരം നാടകങ്ങള്‍ ആയിരുന്നു. പിന്നീട് സിനിമയും  ടിവിയും പ്രചാരത്തില്‍ ആയപ്പോള്‍ സ്വാഭാവികമായി മാറ്റം സ്വീകരണ മുറിയിലേക്കും അവിടെ നിന്ന് വിരല്‍ത്തുമ്പിലെ ലോകത്തിലേക്കും തിരിച്ചുവിട്ടു. നാടകവും പല പരീക്ഷണങ്ങളിലൂടെയും പുതിയ കാലത്തോട് മത്സരിക്കാന്‍ യത്നിച്ചുകൊണ്ടിരിക്കുന്നു. മള്‍ട്ടിമീഡിയ productions വന്നു, സ്‌പേസ് പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. അഭിനയ രീതികളില്‍ കാതലായ മാറ്റം വരുന്നു. എനിക്കു തീര്‍ച്ചയാണ്, കുറച്ചു കഴിയുമ്പോഴേക്കും സ്വീകരണ മുറികള്‍ മനുഷ്യനു ദുഃസഹമായിത്തീരും. തത്സമയ കലയുടെ ജൈവികതയിലേക്ക് സമൂഹം തിരിച്ചുവരികതന്നെ ചെയ്യും. നാടകസമൂഹവും വളര്‍ന്നുകൊണ്ടിരിക്കുന്നു. സ്വീകരണമുറികളെ ഭേദിക്കാന്‍ അതിനു  കഴിയുക തന്നെ ചെയ്യും.

? ഒരു കലാകാരി എന്ന നിലയിലുള്ള സ്വാതന്ത്യ്രത്തിന് 'സ്ത്രീ' എന്ന പരിമിതി എപ്പോഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടോ.
= സ്ത്രീയെന്നത് ചിലയിടങ്ങളില്‍ ഒഴികെ പൂര്‍ണമായും ഒരു ശക്തി തന്നെയാണെന്നാണ് തോന്നിയിട്ടുള്ളത്. നാടകത്തില്‍ പലപ്പോഴും നടി എന്ന നിലയില്‍ പരിഗണിക്കപ്പെടുമ്പോള്‍ത്തന്നെ പലരുടെയും മനസ്സിലുള്ള ചിത്രങ്ങള്‍ക്കനുകൂലമായ, പ്രതികൂലമായ പെരുമാറ്റങ്ങള്‍ ആണ് നേരിടേണ്ടിവന്നിട്ടുള്ളത്. ചിലപ്പോള്‍ ഒരു സ്വതന്ത്രജീവിയെന്ന നിലയില്‍ പെരുമാറുന്നതുകൊണ്ട് അത് ഇഷ്ടപ്പെടാത്ത പലരുടെയും അനിഷ്ടങ്ങള്‍ക്കും നീക്കിനിര്‍ത്തലുകള്‍ക്കും വിധേയയായിട്ടുണ്ട്. സ്വതന്ത്രയായ സ്ത്രീ അവള്‍ തന്റെ അഭിപ്രായങ്ങള്‍ വിളിച്ചുപറയുന്നവളും കൂടിയാകുമ്പോള്‍ അവളെ "സഹിക്കല്‍' ആകാറുണ്ട് പല പുരുഷന്‍മാര്‍ക്കും. പക്ഷേ,  അവരുന്നയിക്കുന്ന നാടകങ്ങള്‍ സ്ത്രീപക്ഷമായിരിക്കും, അവര്‍ സംസാരിക്കുന്നത് സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയായിരിക്കും. പക്ഷേ, ഒരു സ്ത്രീ, അവളുടെ സ്വാതന്ത്യ്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും വാദിക്കുകയും ചെയ്യുന്നവള്‍ ആയാല്‍ അവളെ 'അഹങ്കാരി' എന്ന് വിളിച്ച് പലതില്‍ നിന്നും നീക്കിനിര്‍ത്താറുണ്ട്. ഒരു തരത്തിലും എനിക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ഒരുപാട് ശത്രുക്കള്‍ എനിക്കുണ്ട്. പലരും ഏറ്റവും കൂടുതല്‍ ദ്രോഹം ചെയ്തിരിക്കുന്നത് സിനിമാ ഫീല്‍ഡിലാണ്. എന്നെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് അറിയുമ്പോള്‍ എങ്ങനെയെങ്കിലും അത് മുടക്കാന്‍ വേണ്ടി കഠിന പ്രയത്നം ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. ഒറ്റക്കോലം എന്ന ചിത്രത്തിന് കാസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഈ പ്രശ്നമുണ്ടായിരുന്നു, എത്രയോ സിനിമകള്‍ ഇത്തരക്കാര്‍ മുടക്കിയിട്ടുണ്ട്. മികച്ച നടിക്കുള്ള അവാര്‍ഡടക്കം 3 അവാര്‍ഡുകള്‍ ലഭിച്ച ഞായറാഴ്ച എന്ന നാടകത്തിന് കാസ്റ്റ് ചെയ്തപ്പോഴും ലഭിച്ചിട്ടുണ്ട് ഇതുപോലെ കുറേ ഫോണ്‍ വിളികള്‍. പലരില്‍ നിന്നായി ഇങ്ങനെ വിളിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുമ്പോള്‍ ഞെട്ടിപ്പോയിട്ടുണ്ട്.  പലരും

അന്തസ്സായി മുഖത്ത് നോക്കി ചിരിച്ച് വര്‍ത്തമാനം പറയുന്നവര്‍. ചെയ്ത തെറ്റെന്തെന്ന് ഒരു പിടിയുംകിട്ടാതെ അമ്പരന്ന് ഇരുന്നുപോയിട്ടുണ്ട്. പക്ഷേ, ഇതെല്ലാം എന്റെ ജീവിതത്തിനോടുള്ള അഭിനിവേശം കൂട്ടിയിട്ടേ ഉള്ളൂ. എന്റെ വഴി ശരിയാണ് എന്നുള്ള ഉത്തമബോധ്യം എനിക്കുണ്ട്. ചിലപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ തോന്നും, ഈ പ്രശ്നങ്ങള്‍ അല്ലേ എന്നെ ഞാനാക്കിയത്. അതുകൊണ്ട് പലപ്പോഴും എതിര്‍ത്തവര്‍ക്ക് നന്ദി പറയാറുണ്ട്... അവരുടെ കാഴ്ചപ്പാടിലുള്ള 'ഞാനുകള്‍'  അല്ല എന്റെ മുമ്പിലെ ഞാന്‍. എന്റെ സ്വത്വത്തെ ഞാന്‍ പ്രണയിക്കുന്നു, ആദരിക്കുന്നു. മരണത്തിന്റെ മുമ്പില്‍ ചിരിച്ചുകൊണ്ട് കയറിപ്പോകാവുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ ഇന്നുവരെയും ചെയ്തിട്ടുള്ളൂ എന്ന ഉത്തമബോധ്യം ഉണ്ട്. സ്ത്രീയുടെ ശക്തി തിരിച്ചറിയാന്‍ ഇത്തരം അനുഭവങ്ങള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട.്

? മലയാള നാടകവേദിയുടെ  ഏറ്റവും ആധുനികമായ മുഖത്തെപ്പറ്റി, അതിന്റെ ഭാവിയെപ്പറ്റി എന്തുതോന്നുന്നു.
= മലയാള നാടകവേദിയുടെ ആധുനികതയെ, പരീക്ഷണാത്മക നാടക വേദിയായി കണ്ട് സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ, രണ്ട് തരം നാടക പ്രവണതകളോട് എനിക്കൊട്ടും യോജിക്കാന്‍ കഴിയാറില്ല. ഒന്ന്, വളരെയധികം പണം ചെലവിട്ട്, വലിയ സെറ്റും  മറ്റു ആര്‍ഭാടമൊക്കെ ഒരുക്കി ഉണ്ടാക്കുന്ന നാടകം ഒന്നോ രണ്ടോ കളിച്ചുകഴിഞ്ഞാല്‍ പിന്നെ ഉപേക്ഷിക്കപ്പെടുന്നത്... പിന്നെ, സിമ്പിളായ പല നാടകങ്ങളും  ആര്‍ക്കും മനസ്സിലാവാത്ത രീതിയില്‍ ബുദ്ധിജീവികള്‍ക്കുമാത്രമായി അവതരിപ്പിക്കപ്പെടുന്നത്.  നാടകത്തില്‍ നിന്നുള്ള ഊര്‍ജം കാണികളിലേക്കു പ്രസരിക്കാതെ ഒരുകാലത്തും കലക്കു ശരിയായ നിലനില്‍പ്പ് ഉണ്ടായിട്ടില്ല. 'വിഭാവ, അനുഭാവ, വ്യഭിചാരി സംയോഗാദ്രസ നിഷ്പത്തി'- അത് എക്കാലത്തും പരിഗണിക്കാവുന്ന വാക്യമാണ് . ഭാവിയിലെ നാടകങ്ങള്‍ കാണികളോട് കൂടുതല്‍ ബന്ധമുള്ളവയായാല്‍ മാത്രമേ ടിവി, ഇന്റര്‍നെറ്റ് യുഗത്തില്‍ നിന്ന് കാണികള്‍ നാടകവേദിയിലേക്ക് തിരികെവരൂ. മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്... തുടരട്ടെ.

? കലാകാരി എന്ന നിലയില്‍ updated ആവുന്നതിനായി നൈസര്‍ഗികമായ  അന്വേഷണങ്ങള്‍ക്കപ്പുറമുള്ള പഠന പരിശീലനങ്ങളുണ്ടോ.
 = ഞാന്‍, പൊതുവെ വായിച്ചുകൊണ്ട് റൂമിലിരിക്കാനാഗ്രഹിക്കുന്ന ഒരാളാണ്. വായനകള്‍ക്കിടയിലെപ്പോഴോ മനസ്സിനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. മനസ്സൊരുക്കിവയ്ക്കുക എന്നതാണ് അഭിനയത്തില്‍ എന്റെ രീതി. ശരീരം താനേ പ്രവഹിച്ചുകൊള്ളും. നൃത്തം വീട്ടിലിരുന്ന് ചെയ്യാറുണ്ട്. പലപ്പോഴും ഒരു Movement ന്റെ ഉള്ളിലേക്ക് അതിന്റെ Emotional content ചൂഴ്ന്ന് നോക്കാറുണ്ട്. പല കഥകളും  ജീവിതങ്ങളും വായിക്കുമ്പോള്‍ അവരെ ഞാനായി സങ്കല്‍പ്പിച്ച് കരയാറുണ്ട്, ചിരിക്കാറുണ്ട്, ദേഷ്യപ്പെടാറുണ്ട്. എന്റെ ലോകത്ത് എന്നെത്തന്നെ രണ്ടായി കണ്ടുകൊണ്ടുകളിക്കുന്ന നാടകക്കളികളുണ്ട്. മനസ്സിനെ ഓരോ നിമിഷത്തിലും മുന്നോട്ട് നയിക്കുന്നു. എവിടെയും തടഞ്ഞുനിര്‍ത്താന്‍ ഇഷ്ടമല്ല. ഇതൊക്കെ തന്നെയാണ് ഉള്ളൊരുക്കങ്ങള്‍.

? ഏതാണ്ട് എല്ലാകാര്യങ്ങളും വ്യക്തമായ നിലപാടുകളും സ്വന്തമായ അഭിപ്രായങ്ങളും ഉള്ള കലാകാരിയാണ് ഹിമ. ഹിമയുടെ രാഷ്ട്രീയത്തെ എങ്ങനെ വിശദീകരിക്കും.

= തീര്‍ച്ചയായും കേരളത്തിന്റെ രാഷ്ട്രീയ വിശകലനങ്ങളോട് എന്റെ അഭിപ്രായം തുറന്ന് പറയാന്‍ പോന്നതായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ചിലപ്പോള്‍ ഒരു Ideology യോട് പൂര്‍ണമായി യോജിക്കുമ്പോള്‍ത്തന്നെ, മറ്റൊന്നിന്റെ നല്ലതും തിരസ്കരിക്കാന്‍ തോന്നില്ല. ചിലപ്പോള്‍ യോജിക്കുന്ന പ്രത്യയശാസ്ത്രവാദികളെക്കാളും  നല്ല സുഹൃത്തുക്കള്‍ മറ്റേ ചേരിയിലുണ്ടാകാം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും  ആക്രമണത്തിന്റെയും രാഷ്ട്രീയത്തെക്കാള്‍ ഒരുപാട് നല്ലതാണ് സ്നേഹത്തിന്റെയും സമത്വത്തിന്റെയും ലോകം. അവിടെ ശരീരത്തിനും  ശരീരത്തിലടക്കം ചെയ്ത ബോധത്തിനും വരുന്ന മാറ്റങ്ങള്‍ തന്നെയാണ് ഇനിയത്തെ കാലത്തെ വിപ്ളവത്തിന്റെ വിജയം നിര്‍ണയിക്കുന്നത്. എന്റെ രാഷ്ട്രീയം, ശരീരത്തിനെയും  ബോധത്തിനെയും നില നിര്‍ത്തുന്ന സ്വബോധം എന്നതിന്റെ പര്യയമായ ആത്മാവ്, അതിനെ പൂര്‍ണമായും അറിയുക എന്നതും ശരീരം, ജീവിതം, മരണം എന്നതിനെക്കുറിച്ച് അറിയാനുള്ള സാധാരണ മനുഷ്യന്റെ ത്വരയെ വിപ്ളവകരമായി കാണുക എന്നതുമാണ്. ശരീരത്തെക്കുറിച്ചുംആത്മാവിന്റെ രാഷ്ട്രീയത്തെക്കുറിച്ചും പറയുമ്പോള്‍, ഇതിന്റെ പ്രസക്തി എന്തെന്നറിയാന്‍ ഇപ്പോള്‍ നടക്കുന്ന മുന്നേറ്റങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മതി.    ട്രാന്‍സ്ജെന്‍ഡര്‍ മുന്നേറ്റങ്ങള്‍, സ്ത്രീകളുടെ മുന്നേറ്റങ്ങള്‍, ദളിത് മുന്നേറ്റങ്ങള്‍, ചുംബന സമരങ്ങള്‍- ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിച്ചിട്ടുള്ള അധിനിവേശത്തെ ആണ് ഇപ്പോഴത്തെ സമരങ്ങള്‍ ഉന്നംവയ്ക്കുന്നത്. ആത്യന്തികമായി വിപ്ളവം ഒരു മനുഷ്യന്റെ മനസ്സിലും ശരീരത്തിലും മാറ്റം സംഭവിപ്പിച്ചില്ലെങ്കില്‍ സ്വാതന്ത്യ്ര സമരത്തിന് ഒന്നിച്ചുനിന്ന പലരിലും സംഭവിച്ച പോലെയുള്ള അന്യവത്കരണം പല ജനവിഭാഗങ്ങളിലും സംഭവിക്കും. ഈ സോഷ്യല്‍ മീഡിയക്കാലത്ത് അവനവന്റെ മനസ്സിലും ചിന്തകളിലും തദ്വാരാ ശരീരത്തിലും ജീവിത രീതികളിലും  മാറ്റം വരുത്തുന്ന, അവനവനിലേക്ക് തന്നെ ചൂണ്ടുന്ന internal politics അന്തര്‍ രാഷ്ട്രീയം - ആണ് ആവശ്യം എന്നാണ് എന്റെ അനുമാനം. കാരണം 60,70 വര്‍ഷം മുമ്പുണ്ടായിരുന്ന സാമൂഹികാവസ്ഥയില്‍ നിന്ന് സമൂഹം ഒരുപാട് മാറി. ഇപ്പോള്‍ എല്ലാം വ്യക്തിയിലേക്ക് ചൂണ്ടുന്നതാണ്. അതുകൊണ്ടുതന്നെ എന്റെ രാഷ്ട്രീയം 'ആത്മാവിന്റെ രാഷ്ട്രീയം' (soul politics) ആണ്. അത് ജീവനെയും ബുദ്ധിയെയും മനസ്സിനെയും ശരീരത്തിനെയും ഉള്‍ക്കൊള്ളുന്നു. അവനവനെ തേടുന്ന ഒരു പ്രത്യയശാസ്ത്രത്തിനും പാര്‍ട്ടിക്കും മാത്രമേ ഇനി മനുഷ്യരുടെ മനസ്സില്‍,  മലിനീകരിക്കപ്പെട്ട രാഷ്ട്രീയത്തിനതീതമായി ആഴത്തിലുള്ള ഒരു മറുവശത്തെ തുറന്നു കാണിക്കാന്‍ പറ്റൂ. വ്യക്തിക്കു സ്വയമുണ്ടാകുന്ന മാറ്റം അവന്റെ ഇന്ദ്രിയങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന തരത്തിലുള്ളതായിരിക്കുമെന്നതാണ് അന്തര്‍ വിപ്ളവത്തിന്റെ പ്രത്യേകത. അതുതന്നെയല്ലേ ഇപ്പോഴത്തെ ആവശ്യവും. അതുകൊണ്ട് ആത്മാവിന്റെ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്ന, അവനവനെ തേടുന്ന രാഷ്ട്രീയത്തിന്റെ കൂടെ നില്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഒറ്റക്കാണെങ്കില്‍ അങ്ങനെ... ഒരുമിച്ചാണെങ്കില്‍ അങ്ങനെ...


? സാധാരണ നടിമാര്‍ക്ക് വായനയൊക്കെ കുറവാണെന്നാണ് വെപ്പ്. ഹിമയുടെ കാര്യം എങ്ങനെയാണ്

= ചെറുപ്പം മുതല്‍ എന്റെ ലോകം പുസ്തകങ്ങളായിരുന്നു. എത്ര നേരമിരുന്നു വായിച്ചാലും മടുക്കില്ല. ആദ്യമൊക്കെ, ബാലമാസികകളും നോവലുകളും കുറ്റാന്വേഷണ കഥകളും ആയിരുന്നു. പിന്നെയത് പുരാണങ്ങളിലേക്കും ഫിലോസഫിയിലേക്കും സ്വത്വാന്വേഷണങ്ങളിലേക്കും വഴുതി വീണു. പിന്നീട് അഭിനയിക്കാന്‍ തുടങ്ങിയതുമുതല്‍ ഒരു കഥാപാത്രത്തിന്റെ ശരിയായ വായന അവതരണം നടക്കുമ്പോഴാണ് പൂര്‍ണമാകുന്നത് എന്ന് മനസ്സിലായി. വായന ജീവിതങ്ങളിലേക്ക് വ്യാപിച്ചു. കണ്ടുമുട്ടുന്ന പലരും വായിച്ചു കൂട്ടിയതിനെക്കാള്‍ മഹത്തരമാര്‍ന്നവരും  വില്ലന്‍മാരും കോമേഡിയന്മാരും നായികമാരും നായകന്മാരും ആണെന്നും, ഏറ്റവും വലിയ ഫിലോസഫി പഠിപ്പിക്കുന്നത് ജീവിതമാണെന്നും മനസ്സിലായി. വായന പല വിധത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

? മറ്റ് ആനന്ദാന്വേഷണങ്ങള്‍...

= ആനന്ദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ എന്നുള്ളില്‍ത്തന്നെ ചികയുന്നവള്‍ ആണ്. പലപ്പോഴും, ഒറ്റക്കിരുന്ന് ചിന്തിക്കാനാണെനിക്കിഷ്ടം. ചെറുപ്പം മുതല്‍ അങ്ങനെയാണ്. എത്ര നേരം വേണമെങ്കിലും ഒറ്റക്കിരുന്നുകൊള്ളും. ഒരു പ്രശ്നവുമില്ല. മറ്റ് ലഹരികള്‍ പൊതുവെ ഒരു പരിധി വിട്ട് എന്നെ ആകര്‍ഷിച്ചിട്ടില്ല. മദ്യമോ മറ്റ് ലഹരികളോ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നില്ല. ഇതൊന്നും കാണാത്തപ്പോള്‍പ്പോലും പലരും എന്റെ മയങ്ങിയ കണ്ണുകണ്ടിട്ട് കഞ്ചാവിനടിമയാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഒരു രണ്ട് ദിവസത്തിനപ്പുറം ലഹരിക്ക് എന്നെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. പെട്ടെന്ന് മടുക്കും. എനിക്ക് എന്നില്‍ത്തന്നെ ഇരിക്കുന്നതാണ് ഏറ്റവും ആനന്ദം. ഓരോ നിമിഷവും ഉണ്ടാകുന്നതിനെ ആസ്വദിച്ച്, അറിഞ്ഞ്, സംവദിച്ച് അങ്ങനെ ജീവിക്കുക... ജീവിതത്തിലെ ഒരു നിമിഷത്തിനുപോലും അതുപോലെ തന്നെ വീണ്ടും സംഭവിക്കാന്‍ സാധ്യതയില്ല. പിന്നെ എങ്ങനെയാണ് ഇന്നിനെ ഒഴിവാക്കി ഭാവിയിലേക്ക് മാത്രം നോക്കാന്‍ പറ്റുന്നത്. ഓരോ നാടകവും സിനിമയും ചര്‍ച്ചകളും കൂട്ടുകാരോടൊത്തുള്ള നിമിഷങ്ങളും കലഹങ്ങളും - എന്തിന് ഒരു കുഞ്ഞുപോലും നമ്മെ ആനന്ദിപ്പിക്കാനെത്തുന്നവയാണ്. അപ്പോഴത്തെ വികാരം കഴിഞ്ഞാല്‍ നമുക്കറിയാം, ഇതെല്ലാം ചുമ്മാതാണ് എന്ന്. ഫേസ്‌ബുക്കിലെ വെല്ലുവിളികള്‍ നിറഞ്ഞ വാക്കലഹങ്ങള്‍ പോലും കുറച്ചുനാള്‍ കഴിയുമ്പോള്‍ തമാശയായിട്ടാണ് തോന്നാറ്. ചിലപ്പോള്‍ മതത്തിലും സദാചാരത്തിലും ഒക്കെ കുടുങ്ങിക്കിടക്കുന്നവരെ കാണുമ്പോള്‍- ആനന്ദത്തിന്റെ, സ്നേഹത്തിന്റെ, സ്വാതന്ത്യ്രത്തിന്റെ എത്ര വലിയ കടലാണ് ഇവര്‍ക്ക് നഷ്ടമായതെന്നു തോന്നും. ആനന്ദത്തിന്റെ ഉറവകള്‍ നമ്മില്‍ നിന്നുതന്നെയാണ് ഉത്ഭവിക്കുന്നത്.

? തിയേറ്റര്‍ രംഗത്തെ ബന്ധങ്ങള്‍...
= പൊതുവെ, എന്നില്‍ത്തന്നെ നില്‍ക്കാനാഗ്രഹിക്കുന്ന ആളായതുകൊണ്ട്  ബന്ധങ്ങള്‍ നിലനിര്‍ത്തുക വലിയ പാടാണ്. മിക്കപ്പോഴും എന്റെ തന്നെ ലോകത്തായിരിക്കും. പിന്നെ എനിക്ക് വന്ന വര്‍ക്കുകളെല്ലാം- മിക്കതും എന്നെ തേടി വന്നവ മാത്രമായിരുന്നു. ആദ്യം സംസ്കൃത യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോളാണ്, സഖാറാം ബൈന്‍ഡര്‍ ചെയ്യാന്‍ തിരുവനന്തപുരം അഭിനയയില്‍ എത്തുന്നത്. പിന്നെ നിരീക്ഷ, തിയറ്റര്‍ ഓഫ് ഗുഡ് ഹോപ്പ്, സൂര്യ തുടങ്ങിയ തിരുവനന്തപുരത്തെ ഗ്രൂപ്പുകളില്‍ നാടകങ്ങള്‍ ചെയ്തു, ചെയ്യുന്നു... ആക്ട് കൊച്ചി, ഞമനേങ്ങാട് തിയറ്റര്‍ വില്ലേജ്, ജനഭേരി തൃശൂര്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. പൊതുവെ, എന്റെ നിലപാടുകള്‍ ഉറച്ചത് നാടകരംഗത്തായതിനാലും  പലതരം തെറ്റിദ്ധാരണകളും നല്ലതുകളും അഭിപ്രായ വ്യത്യാസങ്ങളും യോജിപ്പുകളും ഒക്കെ നിലനിന്ന് ഒരു പ്രത്യേക രീതിയിലാണ് ബന്ധങ്ങള്‍ ഉണ്ടായത്. സ്വാഭാവികമായിട്ടല്ലാതെ ബന്ധങ്ങള്‍ ഉണ്ടാവാന്‍ ശ്രമിക്കാറില്ലായിരുന്നു. കൂടുതല്‍ സമയത്തും എന്നെ ആകര്‍ഷിച്ച വിഷയങ്ങള്‍ അതിന്റെ ആഴത്തില്‍ തിരയുകയായിരുന്നു. അതുകൊണ്ട് എനിക്ക് നേരെ വരുന്നതിന്റെ നേരെ മാത്രം പ്രതികരിച്ചു. വ്യക്തിപരമായി പലതിനോടും അഭിപ്രായം പറഞ്ഞു. ആരെയും ബോധ്യപ്പെടുത്താന്‍ നിന്നില്ല. അതിന്റെയൊക്കെ ഫലമായി അഹങ്കാരി എന്ന വിളിപ്പേര് ഉണ്ടായി എന്നുതോന്നുന്നു. പക്ഷേ, എന്നോട് അകലത്തു നില്‍ക്കുന്നവര്‍ക്ക് വേറെയും അടുത്തുനില്‍ക്കുന്നവര്‍ക്ക് വേറെയും അഭിപ്രായമാണുണ്ടാവുക. അകലം പതിയെപ്പതിയെ കുറയുമെന്നും അറിയാം. പക്ഷേ, നാടകരംഗത്തെ ആളുകളുടെ നിലപാടുകള്‍, സ്വഭാവങ്ങള്‍ ഒക്കെ ജീവിതത്തെ ഒരുപാട് പഠിക്കാന്‍ പ്രചോദനമേകിയിട്ടുണ്ട്. എന്റേതായ ഒരു ഇടം വേണമെന്ന് തോന്നിയപ്പോള്‍ ഉണ്ടായ ആശയമാണ് എന്റെ ആശയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഉള്ള നാടകവേദി സ്ഥാപിക്കുക എന്നത് . ആത്മാവിനെ നേടുന്നവരുടെ നാടകവേദി/അവനവനെ തേടുന്നവരുടെ നാടകവേദി   എന്ന് പേരിട്ടിരിക്കുന്ന ഠവലമൃേല ീള ടീൌഹ ടലലസലൃ തുടങ്ങുന്നത് അങ്ങനെയാണ്. പതിയെപ്പതിയെ ആണെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളുടെ പാതകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.
ചായക്കട കഥകളിലെ ഒരു രംഗം

ചായക്കട കഥകളിലെ ഒരു രംഗം



? എന്തൊക്കെയാണ് തിയേറ്റര്‍ ഓഫ് സോളിന്റെ പ്രവര്‍ത്തനപരിപാടികള്‍?
= ഇന്റേണല്‍ സ്വഭാവത്തോടുകൂടി പ്രവര്‍ത്തിക്കാനാണ് സോള്‍ സീക്കേഴ്സ് ഉദ്ദേശിക്കുന്നത്. മനുഷ്യനെ അവന്റെ ശരീരവുമായും വികാരങ്ങളുമായും എത്രത്തോളം കൂട്ടിയിണക്കാന്‍ പറ്റുമോ അത്രത്തോളം നാടകത്തിലൂടെയും സംഗീതത്തിലൂടെയും നൃത്തത്തിലൂടെയുമൊക്കെ കൂട്ടിയിണക്കുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടിയുള്ള വര്‍ക്ക്ഷോപ്പുകള്‍, മൂഡ്തിയേറ്റര്‍ മൂവ്മെന്റുകള്‍, തിയേറ്റര്‍ വര്‍ക്ക്ഷോപ്പുകള്‍, നാടകങ്ങള്‍, സ്റ്റേജ് ഷോകള്‍... ഇതിനെല്ലാറ്റിനും ഒരു ഇന്റേണല്‍ സ്വഭാവമുണ്ടായിരിക്കും. നമ്മളിലേക്ക് തന്നെ തിരിയാന്‍ പ്രേരിപ്പിക്കുന്ന പലതരം പ്രോഗ്രാമുകളാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ തുടക്കഘട്ടത്തിലാണ്. വലിയ പ്ളാനിങ്ങൊക്കെ നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. ബോഡിയുടെ പൊളിറ്റിക്സിനെ മനുഷ്യനും അവന്റെ ശരീരവുമായുള്ള കോണ്ടസ്റ്റിലൂടെ കാണാന്‍ ശ്രമിക്കുന്ന, രാഷ്ട്രീയ പാര്‍ടികളോട് വേറൊരുതരത്തില്‍ സംവദിക്കുന്ന ശരീരത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഒരു തിയേറ്റര്‍ ഗ്രൂപ്പ് ആവുക എന്നതാണുദ്ദേശ്യം.

സോള്‍ സീക്കേഴ്സ് തിയറ്റര്‍  മനുഷ്യരുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ പ്രാധാന്യമുള്ളതായി കണ്ട് നമ്മുടെ ഉള്ളില്‍ പ്രകാശിക്കുന്ന ജീവ ചൈതന്യത്തെയും അതിന് ഈ സമൂഹവുമായും പ്രകൃതിയുമായും  ഉള്ള ബന്ധങ്ങളെയും ശാരീരികമാനസിക തലങ്ങളില്‍ അനുഭവവേദ്യമാകുന്ന നാടക നൃത്ത സംഗീത പരിശീലന കളരികളും അവതരണങ്ങളും നടത്താന്‍ ഉദ്ദേശിക്കുന്നു. കൂടാതെ കാണികള്‍ പോലും പങ്കുകാരാവുന്ന interactive thetare productions. Dance, thetare Shows, പകല്‍ നാടകങ്ങള്‍, വിദ്യാഭ്യാസത്തിന്റെ കലാവഴികള്‍ എന്ന വിഷയത്തില്‍ പഠനത്തിനു സഹായകമാകുന്ന കലാപരിശീലനം ഇതൊക്കെയാണ് സ്വപ്നം. സോള്‍ സീക്കേഴ്സ് എന്ന എന്റെ സ്വപ്നത്തിന്റെ പ്രവര്‍ത്തനം പ്രാഥമിക ഘട്ടത്തില്‍ തന്നെയാണിപ്പോഴും. പലവിധ തിരക്കുകളും, പ്രതികൂല സാഹചര്യങ്ങളും.. പക്ഷേ, വേറെ പല രീതിയിലും അടിസ്ഥാന ജോലികള്‍ നടക്കുന്നുണ്ട്. ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ സജീവമാകും.

(ദേശാഭിമാനി വാരികയില്‍ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top