26 April Friday

ദി റാഡിക്കൽ: പ്രഭാകരനെ ചിന്തിക്കുമ്പോൾ

ബൈജു ലൈലാ രാജ്Updated: Thursday Mar 24, 2022

പ്രഭാകരൻ

സാധാരണത്വം ജീവിതത്തിലും കലയിലും അനാർഭാടമായി ആഘോഷിച്ച അസാധാരണ പ്രതിഭയായിരുന്ന പ്രഭാകരനെ  ഓർക്കുന്നു...

കലയും സാഹിത്യവും സിനിമയും നാടകവും കൈപ്പിടിയിൽ ഒതുക്കിയതിന്റെ അഹംഭാവത്തിൽ മൂളിപ്പാട്ടും പാടി നടക്കുകയാണ് മൂലധനം. വിപണിയുടെ യുക്തിമണ്ഡലത്തിലേക്ക് കലാപ്രവർത്തകരെ കൈപിടിച്ചുയർത്തുക എന്ന വ്യാജേന അവരെ ആടുമാടുകളെ എന്നവണ്ണം ആട്ടിത്തെളിച്ച്‌ ചാപ്പകുത്തി വിലയിട്ട് കമ്പോളക്കവലകളിൽ  നിർത്തി ആർപ്പുവിളിക്കുകയാണ് ആഗോള കുത്തകകൾ. വിൽപ്പനയുടെ രീതിശാസ്ത്രവും മനോവിജ്ഞാനീയവും ഗുണകോഷ്‌ഠം പോലെ ഉരുവിട്ട് മനഃപാഠമാക്കാൻ ആവേശപൂർവം മെനക്കെടുകയാണ് കലാസമൂഹത്തിലെ വൻഭൂരിപക്ഷം.

പ്രഭാകരൻ

പ്രഭാകരൻ

ഈയൊരു ദാരുണമായ ചരിത്രഘട്ടത്തെ മുൻകൂട്ടി കാണുകയും അപകടമണി മുഴക്കുകയും ചെയ്തവനാണ് പ്രഭാകരൻ.
താനും കൂട്ടാളികളും പ്രവചിച്ച പ്രകാരം കാര്യങ്ങൾ സംഭവിച്ചപ്പോൾ കൈയുംകെട്ടി നോക്കിനിൽക്കുവാൻ അവന് സാധിച്ചില്ല. കാണം വിറ്റ് ചതുഷ്‌കോണം തീർത്ത് വർണം വിതറി അവൻ കലഹിക്കുന്ന ക്യാൻവാസുകൾ നിർമിച്ചു.

സമരസത്തിന്റെ മൃദുശയ്യകൾ അവനെ കൈമാടി വിളിക്കുന്നേരം സമരത്തിന്റെ ചരൽപ്പാതയിലൂടെ മുന്നോട്ടു സഞ്ചരിച്ചു. കമ്പോളം അണിയിച്ചൊരുക്കിയ കെട്ടുകാഴ്‌ചകൾക്കുനേരെ അവൻ ഊതിവിട്ട പുകച്ചുരുളുകൾ ആണ്ട് രണ്ട് കഴിഞ്ഞിട്ടും, ഒറ്റപ്പെട്ട കലാപക്കൊടികളായി പാറിപ്പറക്കുന്നു.

എന്തുകൊണ്ട് പ്രഭാകരാ എന്തുകൊണ്ട്  ?

കൂടെനിന്നവർ ആർഭാട മാളികകളിൽ ശീതീകരിച്ച മുറികളിൽ ശാന്തരായി മയങ്ങുമ്പോൾ, നീ മാത്രമെന്തിന് ഈർപ്പത്താൽ രചിച്ച കാൻഡിൽസ്‌റ്റീൽ ചിത്രങ്ങൾ ഒലിച്ചിറങ്ങുന്ന ചുവരുകൾ നോക്കി സ്വാസ്ഥ്യം നശിച്ച് ഉണർന്നിരുന്നു? അവരുടെ സമ്പാദ്യസംഖ്യകൾ അനുദിനം വർധിക്കുമ്പോൾ നിന്റെ വായ്‌പാകുടിശ്ശിക എന്തുകൊണ്ട് പെരുകി? ആഡംബര വാഹനങ്ങളിൽ അവർ സഞ്ചരിക്കുമ്പോൾ, തേഞ്ഞുതീരാറായ നിന്റെ ചെരുപ്പിൻവള്ളി എന്തുകൊണ്ട് പൊട്ടിപ്പോകുന്നു? കല്ലുറപ്പുള്ള നിന്റെ നിലപാടുതറയിൽ വിള്ളലൊന്നുപോലും വീഴുന്നില്ലല്ലോ. എല്ലുറപ്പുള്ള നിന്റെ ചിത്രകലാ പ്രമാണങ്ങൾ അൽപ്പംപോലും വളയുന്നില്ലല്ലോ.

ചാരായത്തിലും സൗഹൃദത്തിലും പ്രത്യയശാസ്ത്രത്തിലും വെള്ളം ചേർക്കുവാൻ കൂട്ടാക്കാത്തവനേ, നിന്റെ പ്രഭവത്തിൻ പൊരുൾ തേടുവാൻ തുടങ്ങുമ്പോൾ, എന്റെ ലിപികളിൽ കവിത  നിറയുന്നു.

എന്തുകൊണ്ട് പ്രഭാകരാ എന്തുകൊണ്ട്  ?

കലയും രാഷ്ട്രീയവും വ്യത്യസ്ത അസ്‌തിത്വങ്ങളാണെന്ന് പ്രഭാകരൻ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇവ രണ്ടിനുമിടയിൽ ഉണ്ടാവാൻ സാധ്യതയുള്ള സമരസ പ്രദേശങ്ങളോ സന്ധി സ്ഥലങ്ങളോ തേടി പോകേണ്ടിവന്നിട്ടുമില്ല. താൻ വരയ്‌ക്കുന്ന ചിത്രങ്ങൾ താൻ വിശ്വസിക്കുന്ന രാഷ്ട്രീയം തന്നെയാണെന്ന് പ്രഭാകരൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു, ഓരോ ചിത്രത്തിലൂടെയും. ചിത്രരചന എന്ന പ്രക്രിയ പ്രഭാകരന് രാഷ്ട്രീയ പ്രവർത്തനമായിരുന്നു.
 പട്ടാള സ്വേച്ഛാധിപതിയായ ബാറ്റിസ്റ്റയെ മുട്ടുകുത്തിച്ചു ഫിദൽ കാസ്‌ട്രോയും ചെ ഗുവേരയും എൺപത് വിപ്ലവകാരികളും  മെക്‌സിക്കോവിൽ നിന്നും ക്യൂബൻ തീരത്തേക്ക് സഞ്ചരിച്ച നൗകയുടെ നാമമാണ്‌ ‘ഗ്രാന്മ’.

സ്വന്തം വീടിന് ‘ഗ്രാന്മ’ എന്ന് പേരു നൽകുമ്പോൾ പ്രഭാകരൻ നടത്തുന്നത് ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ്. വെറുമൊരു വിനോദസഞ്ചാര വഞ്ചി, ക്യൂബൻ വിപ്ലവ വള്ളമായി പരിണമിച്ച കഥയുടെ ഓർമസൂചകമാണ്  ആ പേര്. അങ്ങനെയൊരു പേരു കേൾക്കുമ്പോൾ,  വിനോദത്തിൽ നിന്നും പോരാട്ടത്തിലേക്ക് ചിത്രകലയുടെ സഞ്ചാരപഥം നീണ്ടുചെല്ലണം എന്നൊരു പരോക്ഷധ്വനി കാതിലൂടെ മൂളിപ്പാഞ്ഞത് യാദൃച്ഛികമാവാം. ചിത്രകലയും ഇടതുപക്ഷ പ്രത്യയശാസ്ത്രവും തോളുരുമ്മിനിന്ന ബറോഡാദിനങ്ങളിലേക്ക് പോകാൻ നേരമായി.

പ്രഭാകരന്റെ പെയിന്റിങ്

പ്രഭാകരന്റെ പെയിന്റിങ്

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രവും സാമ്പത്തിക ശാസ്ത്രവും പഠിച്ചിറങ്ങിയ പ്രഭാകരൻ, ചിത്രകലയോടുള്ള അഭിനിവേശം കാരണം തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ചേരുന്നു. ചിത്ര ശില്പ കലാസമൂഹത്തെ  വാർത്തെടുക്കുവാൻ പ്രാപ്തിയില്ലാത്ത സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികൾ നീരസങ്ങളിൽ നിന്നും രോഷത്തിലേക്ക് ചുവടുമാറുന്ന സന്ദർഭം. അടിസ്ഥാന യോഗ്യത പോലുമില്ലാത്ത അധ്യാപകർ, അപര്യാപ്തമായ സ്ഥലസൗകര്യം, കലയെ ക്കുറിച്ചുള്ള അവശ്യ ഗ്രന്ഥങ്ങൾ ഇല്ലാത്തതിന്റെ വിഷമത. ഇതെല്ലാമായിരുന്നു സമരത്തിന്റെ പ്രത്യക്ഷ കാരണങ്ങൾ. ‘നാവടക്കാൻ’ അട്ടഹസിക്കുന്ന ഭരണകൂടം. അടിയന്തരാവസ്ഥ അരങ്ങുഭരിക്കുന്ന രാഷ്ട്രീയാന്തരീക്ഷം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ വിദ്യാർഥി പ്രക്ഷോഭം നടക്കുമ്പോഴാണ് അവിടെ രണ്ടാം ബാച്ചിലെ പഠിതാവായി പ്രഭാകരൻ  തന്റെ ചിത്രകലാ സ്വപ്‌നങ്ങളും യാഥാർഥ്യവും തമ്മിലുള്ള അന്തരം മനസ്സിലാക്കുന്നത്. ഒത്തുപോകാൻ സാധിക്കാത്തവന്റെ ഒറ്റപ്പെടൽ.

പ്രഭാകരന്റെ പെയിന്റിങ്

പ്രഭാകരന്റെ പെയിന്റിങ്

ബഹിഷ്‌കൃതൻ എന്ന അവസ്ഥയുടെ മനോനിലങ്ങളിലൂടെയുള്ള കലാകാരന്റെ വ്രണിത തീർഥാടനം അവിടെ തുടങ്ങുന്നു. വരയ്‌ക്കാനിരിക്കുന്ന ക്യാൻവാസുകളിലേക്കുള്ള അസംസ്‌കൃത വികാരങ്ങളിൽ ഒന്നായ പുറംതള്ളപ്പെട്ടവന്റെ മ്ലാനമെങ്കിലും തോൽക്കാൻ തയ്യാറല്ലാത്ത മുഖ / മനോഭാവം എടുത്തണിഞ്ഞ്‌ പ്രഭാകരൻ ബറോഡയിലേക്ക് വണ്ടികയറുന്നു.

ബറോഡയിലെ മഹാരാജ സായാജിറാവു സർവകലാശാലയുടെ ലളിതകലാവിഭാഗം സ്ഥിതിചെയ്യുന്ന കൊട്ടാര സമാനമായ  കെട്ടിടത്തിന്റെ താഴികക്കുടങ്ങൾ കാണുമ്പോൾ ബാബ്‌റി മസ്‌ജിദ്‌ ഓർമവരാറുണ്ട് എന്ന് പറഞ്ഞത് ചിത്രകാരനും കവിയും കലാനിരൂപകനുമായ ഗുലാം മുഹമ്മദ് ഷെയ്‌ഖ്‌. തീവ്രഹിന്ദുത്വവാദികൾ നടത്തുന്ന കലാവിരുദ്ധ പ്രവർത്തനങ്ങൾ കണ്ട് മനംമടുത്തിട്ടാകണം അയാൾ പറഞ്ഞത്. ഏതു സമയവും തകർക്കപ്പെടാം എന്ന നിലയിലാണ് കലാസ്ഥാപനങ്ങൾ എന്നതിന്റെ വ്യംഗ്യസൂചനയും അപ്പറഞ്ഞതിൽ നിന്ന്‌ വായിച്ചെടുക്കാം.

വ്യാജസ്‌തുതിയിൽ ചാലിച്ച്‌ പ്രഭാകരൻ തന്റെ മാതൃസർവകലാശാലയെ വിശേഷിപ്പിച്ചത് ഇല്ലാത്ത മൂന്ന് കാര്യങ്ങൾ ആപ്‌തവാക്യം ആക്കിയ താമര സ്‌കൂൾ എന്നാണ്. എം എസ്  സർവകലാശാലയുടെ മോട്ടോ സത്യം, ശിവം, സുന്ദരം എന്നാണെന്നും വിടർന്ന താമരയാണ് എംബ്ലമെന്നും നർമം മനസ്സിലാകാതെ മിഴിച്ചിരിക്കുന്ന ഞങ്ങളെ അവൻ  ഉദ്‌ബോധിപ്പിച്ചു. 1957ലാണ് ചിത്രകലയിലെ ബറോഡ സംഘം രൂപമെടുക്കുന്നത്.

ഭൂദൃശ്യ ചിത്രകലയിൽ ഖ്യാതി നേടിയ എൻ എസ് ഭേന്ദ്രേയുടെ നേതൃത്വത്തിൽ ആരംഭിച്ച ബറോഡ ഗ്രൂപ്പിൽ പ്രമുഖ ചിത്രകാരന്മാരുടെ സാന്നിധ്യം നിലനിന്നു പോന്നു. ഭൂപെൻ ഖക്കർ, കെ ജി സുബ്രഹ്മണ്യം, ഗുലാം മുഹമ്മദ് ഷെയ്ഖ്, വിവാൻ സുന്ദരം എന്നിങ്ങനെ പലരും അതിനോട് കൈകോർത്തു നിന്നു. അബനീന്ദ്രനാഥ് ടാഗോർ നയിച്ച ദേശീയ വാദികളുടെ ബംഗാൾ സ്‌കൂളിനൊരു ബദൽ എന്ന നിലയിലാണ് ബറോഡ സംഘം പ്രവർത്തിച്ചത്.

രാജാ രവിവർമ്മ

രാജാ രവിവർമ്മ

അബനീന്ദ്രനാഥ് ടാഗോർ

അബനീന്ദ്രനാഥ് ടാഗോർ


പാണ്ഡിത്യപൂർണമായ ചിത്രരചനാരീതിയോട് ശുണ്ഠി കാട്ടിയവരാണ് ബംഗാൾ സ്‌കൂൾ. രാജാ രവിവർമ്മയെ അവർ തള്ളിപ്പറയുന്നുണ്ട്. ബ്രിട്ടീഷ്‌ സാമാജ്യത്വഭരണവും അവരുടെ ചിത്രകലാ വിദ്യാഭ്യാസവും അവർ നിരാകരിക്കുന്നുണ്ട്.

സന്ദര്‍ഭോചിത ആധുനികതയുടെ(Contextual Modernsim)വക്താവായ നന്ദൻലാൽ ബോസ് ആദ്യകാലത്ത് ബംഗാൾ സ്‌കൂളിന്റെ കൂടെനിന്ന ചിത്രകാരനായിരുന്നു. ശാന്തിനികേതൻ ചിത്രമെഴുത്തിനോടും ബംഗാൾ സ്‌കൂളിനോടും ആശയപരമായും ശൈലീപരമായും കലഹിച്ചവരായിരുന്നു ബറോഡ സ്‌കൂൾ. 1981ൽ അവർ നടത്തിയ ‘ജനങ്ങൾക്ക് ഒരിടം’ (A Place for People)  എന്ന് പേരിട്ട ചിത്രപ്രദർശനം അവരുടെ രചനാശൈലിയുടെ പ്രഖ്യാപനം കൂടിയായിരുന്നു. വിവരണപരമായ കല അല്ലെങ്കിൽ രൂപനിഷ്ഠമായ കല ( Narrativ-e – Figurativ-e Art ) എന്നെല്ലാം വിളിക്കാവുന്ന  രചനാമാതൃക മുന്നോട്ട് വെയ്‌ക്കുകയായിരുന്നു ബറോഡ സ്‌കൂൾ. യഥാർഥ ലോകത്തെക്കുറിച്ചും പ്രത്യേകിച്ച് മനുഷ്യരൂപത്തെക്കുറിച്ചും ശക്തമായ പരാമർശങ്ങൾ നിലനിർത്തുന്ന ആധുനിക കലയുടെ ആവിഷ്‌കാരമായിരുന്നു ആ പ്രദർശനം.

എന്നാൽ നിലവിലുള്ള ദൃശ്യബോധത്തെയും രചനാശൈലിയെയും ചോദ്യം ചെയ്യാനും തലകീഴായി മറിച്ചിടാനും ഉടച്ചുവാർക്കാനും കെൽപ്പുള്ള ഒരുപറ്റം മലയാളികൾ ബറോഡയിൽ കാലുകുത്തിക്കഴിഞ്ഞിരുന്നു. അവരോടൊപ്പം കനലുപോലൊരു ലക്‌നൗവാലി വനിതയും. ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്‌സ് ആൻഡ്‌ സ്‌കൽപ്‌റ്റേഴ്‌സ്‌ അസോസിയേഷൻ.
ഇന്ത്യൻ ചിത്ര ശില്പ കലയുടെ ചരിത്രത്തിൽ ഇതിലും വലിയൊരു ഇടിമുഴക്കം ഉണ്ടായിട്ടില്ല.  അതിശക്തമായ പ്രഹരശേഷി പ്രകടിപ്പിച്ച കലാപകാരികളോടൊപ്പം പ്രഭാകരൻ  തലയുയർത്തി നിന്നു; തന്റെ ഇടം കണ്ടെത്തിയ സംതൃപ്തിയോടെ. ആ റാഡിക്കൽ ഗ്രൂപ്പ്, എന്തായിരുന്നു, എന്തിനായിരുന്നു  ?

മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട ഒരുകൂട്ടം കലാകാരന്മാർ എന്ന കേവല നിർവചനത്തിൽ ഒതുങ്ങുന്നവരല്ല റാഡിക്കൽ ഗ്രൂപ്പ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ദുരവസ്ഥകളും ദുരന്തങ്ങളും  ചിത്രകലയിലൂടെയും ശില്പങ്ങളിലൂടെയും ആവിഷ്‌കരിക്കുന്നതിനൊപ്പം  വ്യവസ്ഥാപിത മുതലാളിത്ത മൂല്യങ്ങളെ  സൗന്ദര്യശാസ്ത്രപരമായും  രാഷ്ട്രീയമായും  ചോദ്യം ചെയ്യുകയാണ് തങ്ങളുടെ ചരിത്രപരമായ കടമയെന്ന്  പ്രഖ്യാപിച്ചവരാണവർ.

'സുഹൃത്തേ, നമ്മൾ ജാഗരൂകരായിരിക്കണം. എപ്പോഴാണ് ഈ കണ്ണുകൾ കുത്തിപ്പൊട്ടിക്കുന്നതെന്ന് അറിയില്ലല്ലോ.’ കെ പി കൃഷ്‌ണകുമാറിന്റെ കരിമഷിയാലെഴുതിയ പേരില്ലാചിത്രത്തിൽ നിന്നും അലറിവിളിക്കുന്ന ഈ വാക്കുകൾ, അവർ അവലംബിച്ചു പോന്ന രാഷ്ട്രീയ ജാഗ്രതയുടെ വിളംബരപത്രികയായി വായിക്കാവുന്നതാണ്. അസഹനീയമായി  മാറിക്കൊണ്ടിരിക്കുന്ന കാഴ്‌ചയുടെ വർത്തമാനത്തിൽനിന്നും വിമോചനത്തിന്റെ സാധ്യത തേടി ഉഴറുന്ന കണ്ണുകൾ കാത്തുസൂക്ഷിക്കുക എന്നത് ആ ജാഗ്രതയുടെ പ്രയോഗരൂപമാണെന്നും അവർ  വിശ്വസിച്ചു.

ജർമൻ എക്‌സ്‌പ്രഷനിസം എന്ന കലാപ്രസ്ഥാനവുമായി മാനസികമായ അടുപ്പം വെച്ചുപുലർത്തിയവരായിരുന്നു റാഡിക്കൽ പെയിന്റേഴ്‌സ് ആൻഡ്‌ സ്‌കൽപ്‌റ്റേഴ്‌സിൽ പലരും. പ്രത്യക്ഷ യാഥാർഥ്യത്തെയും ഭൂപ്രകൃതിയെയും മനുഷ്യനെയും  കൃത്യമായി ചിത്രീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച മുൻ പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ജർമൻ എക്‌സ്‌പ്രഷനിസം. ആന്തരിക യാഥാർഥ്യത്തെ അനാവരണം ചെയ്യുവാനാണ് അവർ കലയിലൂടെ പരിശ്രമിച്ചത്.

പ്രഭാകരന്റെ (ഇരിക്കുന്നവരിൽ മുൻനിരയിൽ ഇടത്തുനിന്ന്‌ നാലാമത്‌)  ബറോഡാക്കാലം. ക്യാമറയുമായി നിൽക്കുന്നത്‌ കെ പി കൃഷ്‌ണകുമാർ

പ്രഭാകരന്റെ (ഇരിക്കുന്നവരിൽ മുൻനിരയിൽ ഇടത്തുനിന്ന്‌ നാലാമത്‌) ബറോഡാക്കാലം. ക്യാമറയുമായി നിൽക്കുന്നത്‌ കെ പി കൃഷ്‌ണകുമാർ

രണ്ടു ലോക മഹായുദ്ധങ്ങളുടെ ഇടവേളയിൽ രൂപമെടുത്ത പ്രസ്തുത കലാശൈലി വൈകാരിക പ്രക്ഷുബ്ധതയും വിചാരവ്യതിയാനങ്ങളും ആവിഷ്‌കരിക്കുവാൻ റാഡിക്കൽ പെയിന്റേഴ്‌സിനെ പ്രാപ്തരാക്കി എന്നുവേണം കരുതാൻ.

ജർമൻ എക്‌സ്‌പ്രഷനിസവും റാഡിക്കൽ പെയിന്റേഴ്‌സും തമ്മിലുള്ള ചാർച്ചയും ചേർച്ചയും ചരിത്രപരമായി പരിശോധിക്കുമ്പോൾ ചില സാമ്യങ്ങൾ കണ്ടെടുക്കുവാൻ സാധിക്കും. അഡോൾഫ് ഹിറ്റ്ല‌‌റും‌ നാസി പാർടിയും യൂറോപ്പിലാകെ കിരാത വിളയാട്ടം നടത്തിവരുന്ന കാലം. ജർമൻ എക്‌സ്‌പ്രഷനിസ്റ്റ്‌ ചിത്രകാരന്മാരെ അവർ ഓടിച്ചിട്ട് പിടിക്കുമായിരുന്നു. ആ കലാരീതിയെ ഫാസിസം ചാപ്പകുത്തിയത്  തികച്ചും ഹീനമായതും അധഃപതിച്ചതും ധർമഭ്രംശം സംഭവിച്ചതുമായ  പ്രവണതയായിട്ടാണ്. ഇവിടെയാകട്ടെ, അടിയന്തരാവസ്ഥയുടെ മർദനോപാധികൾ ഉപയോഗിച്ച് ഇന്ത്യൻ ഭരണകൂടം താണ്ഡവമാടുന്ന കാലത്താണ് റാഡിക്കൽ പെയിന്റേഴ്‌സിന്റെ കരടുരൂപവുമായി തിരുവനന്തപുരത്ത് അവതരിച്ച ഒരു പറ്റം ചെറുപ്പക്കാരെ മലയാളി ആദ്യമായി കണ്ടുമുട്ടുന്നത്.

ചരിത്രത്തിന്റെ ആവശ്യവും അനിവാര്യതയും തന്നെയായിരുന്നു ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്‌സ് ആൻഡ്‌ സ്‌കൽപ്‌റ്റേഴ്‌സ്‌ അസോസിയേഷൻ. തികച്ചും നൈസർഗികമായ ആവിർഭാവം, തികഞ്ഞ മൗലികത പ്രകടമാക്കിയ  വളർച്ചാഘട്ടം. എല്ലാം തികഞ്ഞ നൈരാശ്യത്തിന്റെ ഭാണ്ഡം പേറിയുള്ള തിരോഭാവം.

വൻസ്രാവുകൾ നീന്തിത്തുടിക്കുന്ന കമ്പോളക്കടലിൽ പ്രഭാകരൻ കണ്ടെത്തിയ, അല്ലെങ്കിൽ പ്രഭാകരനെ കണ്ടെടുത്ത സൗഹാർദ കുമിളയായിരുന്നു ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്‌സ് ആൻഡ്‌ സ്‌കൽപ്‌റ്റേഴ്‌സ്‌ അസോസിയേഷൻ.  പ്രഭാകരന്റെ അന്യവൽക്കരണം തടഞ്ഞുനിർത്തിയ സുരക്ഷാവലയം. കലയുടെ സൂക്ഷ്‌മപ്രയോഗത്തിലൂടെ നാടിനെ ഉണർത്താൻ വെമ്പൽകൊണ്ട സഹവർത്തിത്വം.

പ്രഭാകരന്റെ ജനിതക ലിപികൾക്കിടയിൽനിന്നും രാഷ്ട്രീയലാവണ്യം തിരഞ്ഞു കണ്ടുപിടിച്ച സഖാക്കളുടെ സംഘം. ദെറിദയുടെ വാക്കുകൾ കടമെടുത്താൽ ' സൗഹൃദത്തിന്റെ രാഷ്ട്രീയം’  അലതല്ലുന്ന അന്തരീക്ഷം. വരച്ചു തീരുംമുമ്പ് ചരക്കായിത്തീരുന്ന ക്യാൻവാസുകളിൽ നിന്നും മുഖം തിരിച്ചു നടക്കാൻ പ്രഭാകരനെ പ്രേരിപ്പിച്ചതും, പ്രാപ്തി നൽകിയതും ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്‌സ് ആൻഡ്‌ സ്‌കൽപ്‌റ്റേഴ്‌സ്‌ അസോസിയേഷനാണ്.

അടിയന്തരാവസ്ഥ നിലനിൽക്കുന്ന കാലത്ത് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നടന്ന കലാവിദ്യാർഥി സമര പരിസരം റാഡിക്കൽ ഗ്രൂപ്പിന്റെ ബീജാവാപം നടന്ന സ്ഥലമാണെന്ന് വേണം കരുതാൻ.

കെ പി കൃഷ്‌ണകുമാർ

കെ പി കൃഷ്‌ണകുമാർ

കെ പി കൃഷ്‌ണകുമാർ, കെ രഘുനാഥൻ, കെ എം മധുസൂദനൻ, കെ ആർ കരുണാകരൻ, അലക്‌സ്‌ മാത്യു എന്നിവർ പിന്നീട് റാഡിക്കൽ ഗ്രൂപ്പിലെ അംഗങ്ങളാകുന്നുണ്ട്. ഇവരെ കൂടാതെ സുരേന്ദ്രൻ നായർ, എൻ എൻ റിംസൺ, ജീവൻ തോമസ് എന്നിവരും സമരത്തിൽ  പങ്കെടുത്തവരാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി ദിനംപ്രതി എന്നോണം തലസ്ഥാന നഗരിയുടെ തെരുവോരങ്ങളിൽ അവർ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ അമൂർത്ത ചിത്രങ്ങളും താന്ത്രിക് സ്വഭാവമുള്ള രചനകളും ആയിരുന്നു വരച്ചു തൂക്കിയത്. ജനങ്ങൾ അത് നിരസിക്കുന്നത് മനസ്സിലാക്കിയ സമരക്കാർ കൂടുതൽ ജനകീയമായ രീതി പരീക്ഷിക്കുവാൻ തുടങ്ങി. അന്നേരം, ജനങ്ങൾ പ്രതികരിക്കുക മാത്രമല്ല ചെയ്തത്. അവർ സമരം ചെയ്യുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും തുടങ്ങി.

റാഡിക്കൽ ചിന്തകളെ ജ്വലിപ്പിച്ച രാഷ്ട്രീയ സംഭവമായിട്ടാണ് സമരം ചെയ്യുന്ന കലാവിദ്യാർഥികൾ ഈ ജനവികാരവ്യതിയാനത്തെ വ്യാഖ്യാനിച്ചത്.
ജനങ്ങൾ ചിത്രകലയെ ഉപേക്ഷിക്കുവാൻ കാരണം ചിത്രകല ജനങ്ങളെ ഉപേക്ഷിച്ചതിനാലാണെന്ന് അവർക്ക് ബോധ്യം വരാൻ ഉതകിയ സന്ദർഭം. പ്രയോഗത്തിൽ നിന്നും സിദ്ധാന്തം ഉണ്ടായിത്തീരുന്ന മുഹൂർത്തങ്ങൾ.
പ്രഭാകരന്റെ ചിത്രങ്ങൾ നിറയെ ജനങ്ങളാണ്. അവരെല്ലാം സാധാരണക്കാരാണ്. തൊഴിലെടുക്കുന്നവരാണ്. അശരണരാണ്. പാർശ്വജന്മങ്ങളാണ്. കണ്ടുമറന്ന മുഖങ്ങളെക്കാൾ കൂടുതൽ കണ്ടുകൊണ്ടിരിക്കുന്ന മുഖങ്ങളാണ്. ദൈന്യമാണ് പലരുടെയും സ്ഥായീഭാവം എന്ന്  വിലയിരുത്തും മുമ്പ്‌ ആ മുഖങ്ങളിൽ നിന്നും പ്രതീക്ഷയും പോരാട്ടവീര്യവും ഉത്ഭവിക്കുവാൻ തുടങ്ങുകയായി.

കരയാൻ മുട്ടി നിൽക്കുന്ന കണ്ണുകളിൽനിന്നും സ്വപ്‌നം പോലെ തോന്നിക്കുന്ന നിശാശലഭങ്ങൾ ചിറകടിക്കുകയായി. പ്രത്യക്ഷ യാഥാർഥ്യത്തിന്റെ വൈകാരികവും വിചാരപരവുമായ ചിത്രീകരണത്തിലൂടെ ആന്തരിക സത്യങ്ങളെ ചികഞ്ഞെടുത്ത് പുറത്തിടുന്ന പ്രഭാകരന്റെ ആവിഷ്‌കാരരീതി ആഭിമുഖ്യം പുലർത്തുന്നത് ജർമൻ എക്‌സ്‌പ്രഷനിസത്തോടാണെന്ന് തീർത്തു പറയുവാൻ സാധിക്കുന്നില്ല. പ്രാദേശികതയുടെ അടയാള ബിംബങ്ങൾകൊണ്ട് സമൃദ്ധമാണ് പ്രഭാകരന്റെ ദീര്‍ഘചതുര കലാസ്ഥലികൾ. ആഗോളവീക്ഷണമില്ലായ്‌മയായി ഇതിനെ കുറച്ചുകാണുവാനോ ന്യൂനീകരിക്കുവാനോ സാധിക്കുന്ന കാര്യമല്ല.

പ്രഭാകരൻ കൂടുതലായി ഉപയോഗിച്ചുകാണുന്ന തവിട്ടുനിറം ചിത്രങ്ങളുടെ അസൗമ്യ ഭാവത്തെ പോഷിപ്പിക്കുവാൻ സഹായിക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഉടൽവർണമായ് തീരുന്ന തവിട്ടുനിറം പുരുഷ ശരീരാകൃതികളെ പരുക്കനാക്കുന്നതായി കാണാം. പ്രഭാകരന്റെ പെൺശരീരങ്ങളാവട്ടെ, തവിട്ടു നിറത്തിന്റെ പിന്തുണയാൽ വർധിത കരുത്തോടെ എന്തിനേയും അതിജീവിക്കാൻ തയ്യാറായി നിൽക്കുന്നവരായിട്ടാണ് കാണപ്പെടുന്നത്.

പ്രഭാകരൻ കൂടുതലായി ഉപയോഗിച്ചുകാണുന്ന തവിട്ടുനിറം ചിത്രങ്ങളുടെ അസൗമ്യ ഭാവത്തെ പോഷിപ്പിക്കുവാൻ സഹായിക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഉടൽവർണമായി തീരുന്ന തവിട്ടുനിറം പുരുഷ ശരീരാകൃതികളെ പരുക്കനാക്കുന്നതായി കാണാം. പ്രഭാകരന്റെ പെൺശരീരങ്ങളാവട്ടെ, തവിട്ടുനിറത്തിന്റെ പിന്തുണയാൽ വർധിത കരുത്തോടെ എന്തിനേയും അതിജീവിക്കാൻ തയ്യാറായി നിൽക്കുന്നവരായിട്ടാണ് കാണപ്പെടുന്നത്.

പ്രഭാകരന്റെ പെയിന്റിങ്

പ്രഭാകരന്റെ പെയിന്റിങ്

ഗോരോചനക്കല്ലിൽ കൊത്തിവെച്ച സ്ത്രീശില്പം പോലെ തോന്നിക്കുന്ന രൂപങ്ങൾ കാണിയെ കൊത്തിവലിക്കാൻ കെൽപ്പുള്ള നോട്ടവുമായി നിൽക്കുന്ന കാഴ്‌ചകൾ. ഇത് പ്രഭാകരന്റെ സവിശേഷമായ ഒബ്സെഷൻ ആണെന്ന് തോന്നുന്നു.

ചെങ്കൽ വർണമാണ് ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന മറ്റൊരു നിറം. അപരിഷ്‌കൃതമായ ചിത്രപശ്ചാത്തലം ആവിഷ്‌കരിക്കാൻ പ്രഭാകരൻ പലപ്പോഴും ഉപയോഗിച്ചുകാണുന്നത് ഈ നിറമാണ്. ഗ്രാമ്യമായ പുറമ്പോക്കുകൾ വരയ്‌ക്കുമ്പോൾ പച്ചയെക്കാൾ  ശ്രേഷ്ഠമായ നിറം വേറെയില്ലെന്ന സാമ്പ്രദായിക  ധാരണകളെ  പ്രഭാകരന്റെ ഈ ചെങ്കൽച്ചീളുകൾ ആട്ടിയോടിക്കുന്നതായിട്ട്  തോന്നിയിട്ടുണ്ട്.
എന്നാൽ ചില ക്യാൻവാസുകളിൽ പച്ചയും നീലയും ചാലിച്ച് പ്രഭാകരൻ ഒരുക്കുന്ന വർണവിസ്‌ഫോടനങ്ങൾ കാഴ്‌ചക്കാരിൽ സൃഷ്ടിക്കുന്ന  അനന്യമായൊരു അനുഭൂതി അനുഭവിച്ചു തീരുംമുമ്പൊരു പാരിസ്ഥിതിക പ്രശ്നം ഓർമയിൽ വരും. സമാധാനത്തോടെ ആസ്വദിച്ചൊരു ചിത്രത്തെക്കുറിച്ച് അയവെട്ടുമ്പോൾ അതേ ചിത്രം തന്നെ സ്വാസ്ഥ്യം കെടുത്താൻ ഓടിയെത്തുന്ന അനുഭവം.

ആഫ്രിക്കൻ മുഖംമൂടികളോട്  ഛായാസാമ്യം തോന്നിക്കുന്ന മുഖങ്ങൾ അങ്ങിങ്ങായി കാണാറുണ്ട്. ഐമേ സെസൈർ കവിതകളും സെങ്കോർ സാഹിത്യവും നെഗ്രിറ്റ്യൂഡ് പ്രസ്ഥാനവും പരിചയമുള്ളവന്റെ ചിത്രങ്ങളിൽ അവയുടെ നിഴലാട്ടങ്ങൾ വന്നുപോകുന്നതിൽ അത്ഭുതപ്പെടാനില്ല. ആദ്യകാലങ്ങളിൽ പരന്ന ബ്രഷ് ഉപയോഗിച്ച് വരച്ച കറുത്ത രേഖകൾ പിന്നീട് മെലിഞ്ഞു വരുന്നതായി കാണാം. എന്നാൽ അവ നേർത്ത രേഖകൾ ആയിത്തീരുന്നില്ല. കഥകളുടെ ഇല്ലസ്ട്രേഷൻ നടത്തുമ്പോൾ പോലും പ്രഭാകരൻ രേഖാചിത്രങ്ങൾ കോറിയിടാറില്ല. അതുകൊണ്ടുതന്നെ ലക്ഷണമൊത്ത ചിത്രങ്ങളായി അവയെ ആസ്വദിക്കാൻ സാധിക്കാറുണ്ട്.

പ്രഭാകരന്റെ  ചാർക്കോൾ ചിത്രങ്ങളിൽ കറുപ്പിന്റെ സാധ്യതയും വൈവിധ്യവും ആഘോഷിക്കപ്പെടുന്നുണ്ട്. ഉരച്ചു വരയ്‌ക്കുമ്പോൾ ഉണ്ടാവുന്ന ഘര്‍ഷണം പോലും ചിത്ര വിഷയങ്ങൾ പ്രക്ഷേപണം ചെയ്യാറുള്ള സംഘർഷത്തിന് പരിപൂരകം ആകാറുണ്ട്. കരിക്കട്ടയുടെ പരുക്കൻ പ്രകൃതം പ്രഭാകരന്റെ ചിത്രകഥാപാത്രങ്ങൾക്ക് അനുയോജ്യമാകാറുണ്ട്.

പ്രഭാകരന്റെ ചാർക്കോൾ ചിത്രങ്ങളിൽ കറുപ്പിന്റെ സാധ്യതയും വൈവിധ്യവും ആഘോഷിക്കപ്പെടുന്നുണ്ട്. ഉരച്ചു വരയ്‌ക്കുമ്പോൾ ഉണ്ടാവുന്ന ഘര്‍ഷണം പോലും പ്രഭാകരന്റെ ചിത്ര വിഷയങ്ങൾ പ്രക്ഷേപണം ചെയ്യാറുള്ള സംഘർഷത്തിന് പരിപൂരകം ആകാറുണ്ട് എന്ന് തോന്നിപ്പോകുന്നു. കരിക്കട്ടയുടെ പരുക്കൻ പ്രകൃതം പ്രഭാകരന്റെ ചിത്രകഥാപാത്രങ്ങൾക്ക് അനുയോജ്യമാകാറുണ്ട്.

ഇരുളിമയുടെ ഒഴിയാബാധ ഈ കലാകാരനെ പിന്തുടരുന്നതായിട്ട്  തോന്നിയിട്ടുണ്ട്. ചിത്രങ്ങളിലും ജീവിതത്തിലും മരണശേഷവും.

പ്രഭാകരന്റെ പെയിന്റിങ്

പ്രഭാകരന്റെ പെയിന്റിങ്


ചരമനാളിലെ ഔപചാരിക അനുസ്മരണ പരിപാടികളുടെ അൽപ്പായുസ്സ് അറിയുന്നതുകൊണ്ടായിരിക്കാം പുരോഗമന കലാസാഹിത്യ സംഘം ഗൗരവം ചോർന്നുപോകാത്ത രീതിയിൽ പ്രഭാകരസ്മരണ നടത്തുവാൻ തീരുമാനിച്ചത്. പ്രഭാകരന്റെ ചിത്രങ്ങളുടെ ധൈഷണിക വ്യാപ്തിയും രാഷ്ട്രീയ സ്വഭാവവും ലാവണ്യഗരിമയും മനസ്സിലാക്കാൻ പ്രാപ്തിയുള്ള പ്രദർശനങ്ങളും (curated exhibitions)  ചർച്ചാ ക്ലാസ്സുകളും സെമിനാറും സിമ്പോസിയവും പരമ്പരപോലെ നടത്തുവാൻ കേരള ലളിതകലാ അക്കാദമി ആലോചിക്കുന്നുണ്ട്. പുരോഗമന കലാസാഹിത്യ സംഘവുമായി ചേർന്ന് നടത്തുന്ന ഈ പരിപാടികൾ ഓർമകളെ വീണ്ടെടുക്കുവാൻ സഹായിക്കും എന്നതിലുപരി പുതിയൊരു സാംസ്‌കാരിക പ്രയോഗമായി മാറുമെന്ന് വിശ്വസിക്കാൻ തോന്നുന്നു.

കോഴിക്കോട് നഗരത്തിൽ നിന്നും എട്ട് കിലോമീറ്റർ  അകലെ, പ്രഭാകരൻ ജനിച്ചുവളർന്ന കണ്ണാടിക്കൽ പ്രദേശത്തുനിന്നാണ് അനുസ്മരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. സമ്മേളന സ്ഥലം നോക്കാൻ പോയപ്പോഴാണ് വർണസംബന്ധിയായ വെളിപാട് ലഭിച്ചത്. കണ്ണാടിക്കൽ പ്രദേശത്തെ ചരൽമണ്ണ് നൽകിയ ദേഴാ വൂ (deja v-u.)  അതായത്, ഒരനുഭവമുണ്ടാകുമ്പോൾ, അത്‌ നേരത്തേ അനുഭവിച്ചിട്ടുണ്ട് എന്ന മിഥ്യാബോധം. വെയിലേറ്റ് കരുവാളിച്ചു കിടക്കുന്ന കണ്ണാടിക്കൽ  മണ്ണിന് കടും തവിട്ട് നിറമായിരുന്നു.

പ്രഭാകരന്റെ മിതഭാഷണ പ്രകൃതവും വിപുലമായ വ്യക്തിബന്ധങ്ങളും ദൃഢസൗഹൃദങ്ങളും വൈരുധ്യം ജനിപ്പിക്കുന്ന ഘടകങ്ങളാണ്. ബാല്യകാല ലോഹ്യക്കാരനും അയൽവാസിയുമായ അഡ്വ. ബാലകൃഷ്‌ണൻ പറയുന്നത് പ്രഭാകരൻ ചെറുപ്പത്തിൽ വാചാലനായിരുന്നു എന്നാണ്. അതും നർമരസം തുളുമ്പുന്ന സംസാരം. അധികമാരും പറഞ്ഞുകേട്ടിട്ടില്ലാത്ത പ്രഭാകരൻ എന്ന ചെറുകഥാകൃത്തിനെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ചെലവൂർ വേണു നടത്തിയിരുന്ന സൈക്കോ മാസികയിൽ അച്ചടിച്ചുവന്ന 'അവൻ രാജകുമാരൻ’, 'കറുത്ത കൃഷ്ണൻ’എന്നീ കഥകളെക്കുറിച്ച് പരാമർശിക്കുമ്പോൾ, അതിഗംഭീരം എന്ന വിശേഷണമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. നൂറിലേറെ ചെറുകഥകൾ എഴുതിയിട്ടുണ്ട് പ്രഭാകരൻ. കിട്ടാവുന്നത് സമാഹരിച്ച് പുസ്തകരൂപത്തിൽ ഇറക്കുവാനുള്ള പ്രാരംഭ നടപടി പുരോഗമന കലാ സാഹിത്യ സംഘം ആരംഭിച്ചിട്ടുണ്ട്.

ചിത്രങ്ങൾക്ക് നൽകുന്ന തലക്കെട്ടുകൾ നിരീക്ഷിച്ചാൽ അറിയാൻ സാധിക്കും പ്രഭാകരൻ സാഹിത്യ ലോകവുമായി വച്ചുപുലർത്തുന്ന അഭേദ്യബന്ധം. ശബ്ദിക്കുന്ന കലപ്പ, കിഴവനും കടലും, ലേ മിറാബ്ലെ, ഹോർ ഹെ അമാദോവിനുള്ള ആദരാഞ്ജലി  ( Homage to Jorge Amado)  എന്നിവ ഉദാഹരണങ്ങൾ മാത്രം.
കാലിഫോർണിയയിലെ മിറാമാർ സർവകലാശാലയിൽ  കലാവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് നിരാലി താക്കർ. ബറോഡയിൽ പ്രഭാകരന്റെ വിദ്യാർഥിയായിരുന്നു. ചുരുക്കം ചില സന്ദർഭങ്ങളിൽ നടന്ന സ്വകാര്യ സംഭാഷണങ്ങളിൽ നിന്നും ആരാണ് താൻ എന്ന് കൃത്യമായി വിലയിരുത്തുവാൻ സഹായിച്ച അധ്യാപകനെ സ്മരിക്കുമ്പോൾ അവർ കരഞ്ഞുപോകുന്നുണ്ട്.

കോഴിക്കോട് ലളിതകലാ ആർട് ഗ്യാലറിക്ക് പിറകിൽ പെട്ടിക്കട നടത്തുന്ന മധ്യവയസ്‌കൻ ദീർഘനിശ്വാസം വിട്ട്‌ പറയുന്നു, ‘ഇമ്പളെ ഹോചീ മീൻ പോയി ല്ലേ.’  വിശ്രുത സംഗീതജ്ഞനും ഗായകനുമായ ഷഹബാസ് അമൻ ഓർക്കുന്നു. കബിതയും പ്രഭാകരനും അവരുടെ ജുഗൽബന്ദി പ്രദർശനമായ മഹായാനവുമായി മലപ്പുറത്ത് വന്ന നാളുകൾ. സായാഹ്ന സംഗീത സദസ്സിൽ വെച്ച് ഷഹബാസ് പാടുന്നു.'എങ്ങിനെ നീ മറക്കും കുയിലേ...’ ഗാനം അവസാനിക്കുമ്പോൾ പ്രഭാകരൻ ഒരു ചിത്രം പാട്ടുകാരന് സമ്മാനിക്കുന്നു. ഒരു പുള്ളിക്കുയിലിന്റെ ചിത്രം. ശബ്ദം ഇടറി ഷഹബാസ് പറയുന്നു, ' ഒരേസമയം ഹൃദയത്തിൽനിന്നും മടിക്കുത്തിൽനിന്നുമാണ് പ്രഭാകരൻ ആ ചിത്രം പറിച്ചെടുത്ത് സമ്മാനിച്ചത്.’
കണ്ണാടിക്കൽ അങ്ങാടിയിൽ ചായവിൽക്കുന്ന ശശി പറയുന്നു, ' മൂപ്പര് അവസാനം കുടിച്ച ചായെന്റെ പൈശ തന്നപ്പൊ ബാക്കികൊടുക്കാൻ ഇല്ലാണ്ടായിപ്പോയി...’

പ്രഭാകരൻ എന്ന മനുഷ്യൻ ഇല്ലാതായിട്ടും ബാക്കിനിൽക്കുന്നത്  വിശാലമായ സുഹൃദ്‌വലയമാണ്. പ്രഭാകരൻ എന്ന കലാകാരൻ ബാക്കി വെച്ചുപോയത് ഓർമകളും കഥകളും ചിത്രങ്ങളുമാണ്.
സഹധർമിണിയും ചിത്രകാരിയുമായ കബിത മുഖോപാധ്യായ ഉയർത്തിയ  ഉത്‌കണ്‌ഠ പ്രഭാകരന്റെ ചിത്രങ്ങളുടെ പരിരക്ഷയെ ക്കുറിച്ചായിരുന്നു.

പ്രഭാകരനും ഭാര്യ കബിത മുഖോപധ്യായയും

പ്രഭാകരനും ഭാര്യ കബിത മുഖോപധ്യായയും

ചോരുന്ന ‘ഗ്രാന്മ’യുടെ ഈർപ്പം ഉണങ്ങാത്ത ചുവരുകൾ അമൂല്യമായ വർക്കുകളെയാണ് നശിപ്പിക്കുന്നത് എന്നുപറഞ്ഞപ്പോൾ അവരുടെ ഇംഗ്ലീഷും മുറിമലയാളവും കലർന്ന ഭാഷയിൽ നിസ്സഹായതയും നീരസവും കൂടിക്കലർന്ന മിശ്രഭാവം ശ്രദ്ധിക്കാൻ കഴിഞ്ഞു. സമൂഹത്തോട് ഇത്രയേറെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ച കലാകാരനോട് മരണാനന്തരമെങ്കിലും നീതി കാണിക്കുവാൻ സമൂഹം ബാധ്യസ്ഥരാണ് എന്ന മിനിമം നൈതികത; ആ ബോധം  കടുത്ത തവിട്ടു നിറമുള്ള കണ്ണാടിക്കൽ ചരൽമണ്ണിൽ തലപൂഴ്‌ത്തി വെക്കില്ല എന്ന് വിശ്വസിക്കാം.

കലാനിരൂപണ രംഗം അടക്കിവാഴുന്ന പ്രമാണിവർഗം ഉറപ്പായിട്ടും  പ്രഭാകരന്റെ (അ) വർണരാജികളെ തള്ളിപ്പറയും. ക്യാൻവാസുകളിൽ നിറഞ്ഞുനിൽക്കുന്ന മ്ലേച്ഛമുഖങ്ങളെ നോക്കി വരേണ്യ ഗാലറി മുതലാളിമാർ മുഖം ചുളിക്കും. എലീറ്റിസ്റ്റ് ബുദ്ധിജീവികളുടെ ആർഭാടവീടുകളിൽ പ്രഭാകരച്ചിത്രങ്ങൾക്ക്‌ ഇടം കാണില്ല.
സാധാരണത്വം ജീവിതത്തിലും കലയിലും അനാർഭാടമായി ആഘോഷിച്ച അസാധാരണ പ്രതിഭയാണ്  പ്രഭാകരൻ.വർഷങ്ങൾക്ക് മുമ്പ്‌ നടന്ന ഒരു സാധാരണ സംഭവം:
രാവേറെ ആയിട്ടുണ്ട്. ആഘോഷം കഴിഞ്ഞ് ഞങ്ങൾ ബൈക്കിൽ കണ്ണാടിക്കലിലേക്ക്‌  കുതിക്കുകയാണ്. പ്രഭാകരനും മൂത്ത മകൻ കണ്ണയ്യനും ഞാനും. ഞങ്ങൾക്കിടയിൽ അമർന്നിരുന്ന് മയങ്ങുകയാണ് കുഞ്ഞ്.
'കണ്ണയ്യൻ സാൻഡ്‌വിച്ച് ആയല്ലോ പ്രഭാകരാ.’

മിണ്ടാട്ടമില്ല... അവധൂത മൗനം.
'നിനക്കൊരു ചെറിയ വണ്ടി വാങ്ങിക്കൂടെ?’
മൗനം മുറിയുന്നു...
'നിനക്ക് വണ്ടിയുള്ളപ്പൊ എനിക്കെന്തിനാ വണ്ടി.’

പ്രഭാകരന്റെ വാക്കുകളിലെ ദാർശനിക മാനവും രാഷ്ട്രീയ പരിപ്രേക്ഷ്യവും  മനസ്സിലാക്കുവാൻ ഒരുകാലം മുഴുവൻ വേണ്ടിവന്നു.
സമകാലിക ഇന്ത്യൻ അവസ്ഥകളെ കലാപ്രവർത്തകർ അഭിസംബോധന ചെയ്യേണ്ടി വരുമ്പോൾ ‌35 വർഷം മുമ്പ്‌ ഒരു കൂട്ടം കലാപകാരികൾ വിളിച്ചുകൂവിയ മുദ്രാവാക്യം പ്രസക്തമാണെന്ന് തോന്നുന്നു.
'കലയ്‌ക്ക്‌ ഇനിയുള്ള കാലം  അരാഷ്ട്രീയമായി തുടരാൻ കഴിയില്ല’.  
അരാജകവാദികളുടെ കാൽപ്പനിക വിപ്ലവജൽപ്പനം എന്ന് മുദ്രകുത്തി അതിനെ തള്ളിക്കളയാം. കമ്പോള യുക്തികളെ പരിലാളിച്ച് ആത്മീയതയുടെ പരിവേഷങ്ങളും പെണ്ണുടലിൻ ലാസ്യ പോസുകളും വരച്ചുകൂട്ടാം. ആരും ആരെയും വിമർശിക്കില്ല. പ്രായോഗികവാദികൾ ആഘോഷിക്കപ്പെടുന്ന കാലമാണ്. എന്നിട്ടും പ്രഭാകരാ, നിന്റെ ക്യാൻവാസുകളിൽ കാതുപൊട്ടിക്കുന്ന ആ പഴയ മുദ്രാവാക്യം.'ഇനിയുള്ള കാലം  അരാഷ്ട്രീയമായി തുടരാൻ കഴിയില്ല, കലയ്‌ക്ക്‌  കഴിയില്ല’.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top