30 May Tuesday

സ്വന്തം നാട്ടുകാരുടെ ദുരിതം ബിനാലെ കലാസൃഷ്ടിയാക്കി പ്രഭാകര്‍ പച്പുടെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 7, 2019

കൊച്ചി> മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ ചന്ദര്‍പൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ കഥ ഇന്ന് ഇന്ത്യയിലെ പല പ്രദേശങ്ങളിലെയും നേര്‍സാക്ഷ്യമാണ്. വികസനത്തിന്റെ പേരിലെ അത്യാഗ്രഹം രാജ്യത്തെ കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കുന്ന സ്ഥിതി വിശേഷം കലാസൃഷ്ടിയുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചന്ദര്‍പൂര്‍ സ്വദേശിയായ കലാകാരന്‍ പ്രഭാകര്‍ പച്പുടെ.

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിൽ വിദർഭയിൽ നിന്നുള്ള കലാകാരൻ പ്രഭാകർ പച്പുടെ മട്ടാഞ്ചേരി ആനന്ദ് വെയർ ഹൗസിൽ ഒരുക്കിയ കലാസൃഷ്ടി

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിൽ വിദർഭയിൽ നിന്നുള്ള കലാകാരൻ പ്രഭാകർ പച്പുടെ മട്ടാഞ്ചേരി ആനന്ദ് വെയർ ഹൗസിൽ ഒരുക്കിയ കലാസൃഷ്ടികൊച്ചി- മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദിയായ മട്ടാഞ്ചേരി ആനന്ദ് വെയര്‍ ഹൗസിലാണ് പ്രഭാകര്‍ പച്പുടെയുടെ സൃഷ്ടി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കരിയും അക്രിലിക് നിറവും ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലും രാജസ്ഥാനിലും തമിഴ്നാട്ടിലും നടന്ന കര്‍ഷകര സമരത്തിന്റെ പശ്ചാത്തലമാണ് ഈ പ്രതിഷ്ഠാപനത്തിനുള്ളത്. റെസിലിയന്റ‌് ബോഡീസ് ഇന്‍ ദി ഇറ ഓഫ് റെസിസ്റ്റന്‍സ്(പ്രതിരോധത്തിന്റെ കാലത്തെ പിന്‍വലിയുന്ന ശരീരങ്ങള്‍) എന്നാണ് ഈ സൃഷ്ടിക്ക് അദ്ദേഹം പേരു നല്‍കിയിരിക്കുന്നത്.

ആനന്ദ് വെയര്‍ ഹൗസിലെ മുറിയുടെ മൂലയ്ക്ക് ഒരു കാളയുടെ പ്രതിമയും പ്രഭാകര്‍ നിര്‍മിച്ചിട്ടുണ്ട്. അതിന്റെ മുഖം മുഷ്ടി ചുരുട്ടി നില്‍ക്കുന്നതു പോലെയും വാല് കലപ്പയുമാണ്. കാലങ്ങളായി കര്‍ഷകരെ അവഗണിച്ചു വരുന്ന അധികാരി വര്‍ഗത്തോടുള്ള പ്രതിഷേധമായും ഇതിനെ കാണാം.

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിൽ വിദർഭയിൽ നിന്നുള്ള കലാകാരൻ പ്രഭാകർ പച്പുടെ മട്ടാഞ്ചേരി ആനന്ദ് വെയർ ഹൗസിൽ ഒരുക്കിയ കലാസൃഷ്ടി

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിൽ വിദർഭയിൽ നിന്നുള്ള കലാകാരൻ പ്രഭാകർ പച്പുടെ മട്ടാഞ്ചേരി ആനന്ദ് വെയർ ഹൗസിൽ ഒരുക്കിയ കലാസൃഷ്ടിരാജസ്ഥാനില്‍ 2017 ല്‍ നടന്ന കര്‍ഷക സമരമാണ് പ്രഭാകര്‍ പച്പുടെയുടെ ചിത്രത്തിനാധാരം. പകുതി ശരീരം മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് കര്‍ഷകര്‍ സമരം ചെയ്തത്. പച്പുടെ വരച്ച ചിത്രത്തില്‍ കര്‍ഷകര്‍ ചാക്കിനുള്ളില്‍ കയറിയ നിലയിലാണ്. എല്ലാവരുടെയും മുഖത്തെ ദൈന്യത വ്യക്തമായി തിരിച്ചറിയാം. എങ്ങിനെയാണ് കര്‍ഷകര്‍ പ്രതിഷേധത്തിനായി തങ്ങളുടെ ശരീരങ്ങളെ ഉപയോഗിക്കുന്നതെന്ന് താന്‍ തിരയുകയാണെന്ന് 32 കാരനായ പച്പുടെ പറഞ്ഞു. പരുത്തി, ചോളം, നെല്ല് എന്നിവ വിളഞ്ഞു കൊണ്ടിരുന്ന ചന്ദര്‍പൂരില്‍ ഇപ്പോള്‍ നടക്കുന്നത് വന്‍തോതിലുള്ള ഖനനമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം സമരം രേഖപ്പെടുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷിയായിരുന്നു ഉപജീവനമാര്‍ഗമാക്കിയിരുന്നതെന്ന് പ്രഭാകര്‍ പറഞ്ഞു. എന്നാല്‍ കാലക്രമേണ കൃഷി ലാഭകരമല്ലാതാവുകയും ജനങ്ങള്‍ ഭൂമി കല്‍ക്കരി ഖനനത്തിനായി നല്‍കി. കര്‍ഷകര്‍ ഖനന തൊഴിലാളികളായി മാറേണ്ടി വന്നു. ഇതെല്ലാം തന്നെ അലട്ടുന്നുണ്ട്. പഴയ പാണ്ടികശാലയായ ആനന്ദ് വെയര്‍ ഹൗസില്‍ തന്നെയാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നത് വിധിവൈപരീത്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവുമധികം കര്‍ഷക സമരം കണ്ട വര്‍ഷങ്ങളായിരുന്നു 2017, 2018 എന്നിവ. ഇതിനാല്‍ തന്നെ ഈ പ്രതിഷ്ഠാപനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പച്പുടെ പറഞ്ഞു. കര്‍ഷകര്‍ രാജ്യത്തിന്റെ അന്നദാതാക്കളാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നതിനു പകരം അവരെ തകര്‍ക്കാനാണ് അധികാരി വര്‍ഗം ശ്രമിക്കുന്നതെന്നും പച്പുടെ പറഞ്ഞു. മനുഷ്യരുടെ മുന്‍ഗണനയ്ക്കും മൂല്യങ്ങള്‍ക്കുമിടയില്‍ വലിയ അന്തരം നിലനില്‍ക്കുന്നു. നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയിലെ വ്യതിയാനം ആശങ്കയുളവാക്കുന്നുണ്ട്. പക്ഷെ നാം നിസ്സഹായരാണെന്നും പച്പുടെ കൂട്ടിച്ചേര്‍ത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top