23 April Tuesday

റാക്കും തോക്കും പകയും വിളയുന്ന 'പൊനം'

ഡോ. സ്വരാജ് എം കുണ്ടംകുഴിUpdated: Monday Aug 29, 2022

ജന്മനാടിനെ പറ്റിയുള്ള ചില പുസ്തകങ്ങള്‍ നമ്മളില്‍ കുളിരേകുന്നതാണ്‌.  ചിലത് നമ്മെ അലോസരപ്പെടുത്തും. മറ്റുചിലതു നമ്മെ അസ്വസ്ഥരാക്കും. ചിലതാകട്ടെ, അവ ജനിച്ചുവീണ നിമിഷത്തില്‍ തുടങ്ങി തലമുറകളിലേക്കുള്ള യാത്രയിലൂടെ ചുറ്റുമുള്ള ജീവിതങ്ങള്‍ നിരീക്ഷിച്ചു പുതിയ ഒരു ലോകം വായനക്കാരന് സമ്മാനിക്കുന്നു.

ഇതിനൊക്കെ അപ്പുറത്ത്,  വായനയ്ക്കു ശേഷവും ബാക്കിയാവുന്ന അടങ്ങാത്ത പകയും വിദ്വേഷവും, അറിവുകളെക്കാള്‍ തിരിച്ചറിവുകളിലേയ്ക്കും ആഴമേറിയ നിശ്ശബ്ദ സഞ്ചാരങ്ങളിലേയ്ക്കും നമ്മെ നയിക്കുന്ന പുസ്തകങ്ങളുണ്ട്. അത്തരമൊരു പുസ്തകമാണ് കെ എന്‍ പ്രശാന്തിന്റെ ആദ്യ നോവലായ 'പൊനം'.

ചുരം കയറിയ ബസ്സില്‍ നിന്നും താഴെ ഇളം നീലത്തുണി നിവര്‍ത്തിയിട്ടപോലെ ഒഴുകുന്ന പുഴയ്ക്കിരുവശവും നിബിഡവനമെന്നു തോന്നിക്കുന്ന പച്ചപ്പ് കണ്ടതുമുതല്‍ ആ വഴിയെ,  അതു കടന്നുചെന്നാല്‍ എത്തുന്ന നാടിനെ, സ്‌നേഹിച്ചുതുടങ്ങിയെന്ന് രേഖപ്പെടുത്തിക്കൊണ്ട് എഴുത്തുകാരനിലും ആ ദേശത്തിലും പൊനം വേരാഴ്ത്തുന്നു.

സപ്തഭാഷകള്‍ കൊണ്ട് സമ്പന്നമായ കാസറഗോഡ് ജില്ലയിലെ കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വനപ്രദേശമാണ് നോവലിലെ കരിമ്പുനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ, രാഹുല്‍ യാദവില്‍ നിന്നും കരിമ്പുനത്തെ കേള്‍ക്കുന്ന യുവാവ്, കരിയനിലൂടെ കരിമ്പുനത്തെ കൊലപാതക ചരിത്രത്തിലേക്ക് വഴിവെട്ടുന്നു. സിനിമയ്ക്കു കഥ എഴുതാനെന്ന വ്യാജേന, കരിമ്പുനത്തിന്റെ  നിഗൂഢതകളിലേക്ക് ഇറങ്ങുന്നതോടെ പൊനം നിവരുന്നു.

സമ്പത്തിന്റെയും അധികാരത്തിന്റെയും കൈയൂക്കുള്ള ഭരണഘടനയില്‍ കൊന്നും, കൊടുത്തും, കൊണ്ടും, ചത്തുമലച്ചും തീര്‍ന്നുപോവുന്ന 'മനുഷ്യ' ജന്മങ്ങളുടെ ദുരയും ദുരന്തവും.. അതിന്റെ തലമുറകളോളമുള്ള തുടര്‍ച്ചയിലാണ് പൊനം ചലനാത്മകമാകുന്നത്. അതുകൊണ്ട് തന്നെ ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ട്, നോവല്‍ വായനക്കാരന് ഒറ്റയിരുപ്പില്‍ വായിക്കാനാകുന്നുണ്ട്.

അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളിലൂടെ നോവല്‍ പുരോഗമിയ്ക്കുന്നു.

'പക അതാത് കാലത്തു കെട്ടടങ്ങണം അല്ലെങ്കില്‍ കാര്യമെന്തെന്നുപോലും അറിയാത്ത പുതിയ തലമുറയ്ക്ക് അതിന്റെ ഇരകളാകേണ്ടിവരും. യുദ്ധം തുടങ്ങുമ്പോള്‍ ജനിച്ചിട്ട് കൂടി ഇല്ലാത്തവര്‍ പിന്നീട് അതിന്റെ ഭാഗമാവുന്നതിലും വലിയ അസംബന്ധം ഭൂമിയില്‍ വേറെ എന്താണുള്ളത്.'
'പക' എന്ന കലര്‍പ്പേതുമില്ലാത്ത മനുഷ്യ വികാരത്തെ പ്രാദേശിക ദേശവുമായി ബന്ധിപ്പിച്ച് കഥാപാത്രങ്ങളെ വിന്യസിക്കുകയാണ് പൊനത്തില്‍.

ശേഖരന്റെയും ഗണേശന്റെയും പകയുടെ വന്യത കാടിന്റെ നിഗൂഡത പോലെ വായന അവസാനിച്ചാലും അവസാനമില്ലാതെ കിടക്കുന്നു. കള്ളക്കടത്തും കോഴിപ്പോരും വാറ്റു ചാരായവും കാമവെറിയും കൊണ്ട്, നിലാവില്ലാത്ത രാത്രിയിലെ കാടിനേക്കാള്‍ മൂന്നിരട്ടി കാടായി മാറുകയാണ് പൊനം.
 
ആണധികാരവും, റാക്കും, രതിയും, നായാട്ടും, കൊള്ളയും, കൊലപാതകവും, പ്രതികാരവും പുനയുന്ന രാത്രികളാല്‍ ആളിക്കത്തുന്ന കരിമ്പുനത്തിന്റെ ഇരുട്ടില്‍ നാലു തലമുറയുടെ പെണ്ണുശിരുകള്‍. ഉച്ചിരി, ചിരുത, പാര്‍വ്വതി, രമ്യ .... അവരില്‍ ലയിച്ചു ചേരുന്ന നായ്ക്കനോ, ഗൌഡയോ, പൂജാരിയോ, നമ്പ്യാരോ, നായരോ, ഹാജിയോ, നായാടിയോ,  നസ്രാണിയോ എന്നില്ലാതെ അനന്തമായി നീളുന്ന ജീവിതങ്ങള്‍. 'കാമമൊഴിഞ്ഞ പുരുഷനോളം നിസ്സാഹായനായ മറ്റൊരു ജന്തുവില്ല' എന്ന ബോധ്യത്തോടെ ആണഹങ്കാര ഹുങ്കത്തരങ്ങളെ കരിച്ചുകളഞ്ഞ് അതിര് കടന്ന പൗരുഷത്തിന്റെ പൊന്തലുകള്‍ക്കു നേരെ  എന്തിനും പോന്ന ചങ്കുറപ്പുള്ളവരാണവര്‍.

കാസറഗോഡിന്റെ ദേശപരവും ഭാഷാപരവും സാമൂഹിക-സാംസ്‌കാരികപരവുമായ സവിശേഷതകള്‍ പൊനത്തിന്റെ ഇടവഴികളില്‍ കാണാം. തുളു, കന്നട, മലയാളം, തുടങ്ങിയ പ്രാദേശിക ഭാഷകളുടെ നേര്‍സാക്ഷ്യം നോവലില്‍ വാക്കുകളായി അടര്‍ന്നു വീഴുന്നുണ്ട്. ഊക്ക്, കൂച്ച്, ബിങ്ങല്‍, സൂള, നക്കേറ്റം, ബപ്പിടല്‍, ചള്ള്, ബെര്ന്ന്, വൈതോയി, വയി, ഇബറെ, ആയിറ്റ, മംഗലം, ഞാങ്ങ, തുടങ്ങിയ വാക്കുകള്‍ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ ഉടനീളം തത്തിക്കളിക്കുന്നു. തൊണ്ടച്ചനും, കണ്ടനാര്‍ കേളനും, വയനാട്ടുകുലവനും, പഞ്ചുരുളി തെയ്യങ്ങളും, കൊറഗറുടെ വേഷവുമടങ്ങിയ മിത്തുകളും ഇതില്‍ ലയിച്ചുചേരുന്നു. തുളു നാടിന്റെ അവശേഷിപ്പ് ഓര്‍മിപ്പിച്ചുകൊണ്ട് തുളു താരാട്ടുപാട്ടും നോവല്‍ പതിയെ കേള്‍പ്പിക്കുന്നുണ്ട്.  

കിഴക്ക്  പശ്ചിമ ഘട്ടത്തിന്റെ ചരിവിടങ്ങളിലെ കാടുകളിലും പടിഞ്ഞാറു അറബിക്കടലിലേക്ക് ഒഴുകിയെത്തുന്ന പുഴക്കരകളിലും മദിക്കുന്ന ആസക്ത ജീവിതയിടങ്ങള്‍. ജാല്‌സൂര്‍, സുളള്യ, തോണിക്കടവ്, മണ്ടക്കോല്‍, പനത്തടി, എരഞ്ഞിപ്പുഴ, ഇരിയണ്ണി, അടൂര്‍, കുണ്ടാര്‍, കാനത്തൂര്‍, കൊളത്തൂര്‍, പെര്‍ളടുക്കം, കരിച്ചേരി, ദര്‍ബോണി,  തുടങ്ങി ജില്ലയിലെ പ്രധാന സ്ഥലങ്ങളും  കഥാഖ്യാനവും തമ്മിലുള്ള സവിശേഷ ബന്ധം നോവലില്‍ കാണാം.  സ്ഥലപരതയിലുള്ള നോവലിസ്റ്റിന്റെ ബോധം ഒരു പ്രത്യേക ദേശത്തിന്റെ ചരിത്രമോ സാംസ്‌കാരിക സവിശേഷതകളോ മാത്രം വിപുലീകരിക്കുന്നതിനു വേണ്ടിയുള്ളതല്ല. അധികാരത്തോടും സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ സമ്പദ്ഘടനകളോടും കൂടിയാണ് ഇതിലെ ദേശവല്‍ക്കരണം കടന്നുവരുന്നത്.

'കഥയും റാക്കും ഒരുപോലെയാണ്, പഴകും തോറും അവക്ക് വീര്യം കൂടും' എന്ന് അന്വര്‍ത്ഥമാക്കി മഴയുടെ ആര്‍പ്പുവിളികളില്‍ ഒരു ഭീകരനായി വളര്‍ന്ന്, മലയാള നോവലുകള്‍ക്കിടയില്‍ ആത്മവീര്യത്തോടെ  തലയുയര്‍ത്തി നില്‍ക്കുന്ന, മികച്ച വായാനാനുഭവം നല്‍കുന്ന നോവലാണ് 'പൊനം'.
പക കെട്ടടങ്ങാത്തതുപോലെ, കോടയുടെയും ഗാളിമുഖയുടെയും ആരാന്റെയും ചുടലയുടെയും പെരടിയുടെയും  തൊണ്ടച്ചന്റെയും സൃഷ്ടാവായ കെ എന്‍ പ്രശാന്തിന്റെ പൊനവും വായിക്കപ്പെട്ടുകൊണ്ടേയിരിക്കട്ടെ.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top