26 April Friday

കടൽക്കാക്ക പറന്നപ്പോൾ-ആന്റൺ ചെഖോവിന്റെ കടൽക്കാക്ക എന്ന നാടകം അരങ്ങിലെത്തിയിട്ട് 125 വർഷങ്ങൾ

പി എസ് പ്രദീപ്Updated: Tuesday Apr 4, 2023

മോസ്‌കോ ആർട്‌ തിയറ്റർ ഗ്രൂപ്പിലെ കലാകാരന്മാരെ ആന്റൺ ചെഖോവ്- കടൽക്കാക്ക വായിച്ച്‌ കേൾപ്പിക്കുന്നു

വിശ്വവിഖ്യാത കഥാകാരനും നാടകകൃത്തുമായ ആന്റൺ ചെഖോവിന്റെ കടൽക്കാക്ക (sea gull) എന്ന അനശ്വര നാടകം മോസ്കോ ആർട്ട് തിയറ്റർ വേദിയിൽ അവതരിപ്പിച്ചിട്ട് 125 വർഷം തികയുകയാണ്. 1898 ലാണ്‌ കോൺസ്റ്റാന്റിൻ സ്റ്റാനിസ്ലാവ്സ്കി (Konstantin Stainslavsky) എന്ന മഹാനായ നാടകാചാര്യന്റെ നേതൃത്വത്തിൽ കടൽക്കാക്ക പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ചുകീഴടക്കിയത്. റഷ്യൻ നാടകവേദിയിലെ മാത്രമല്ല, ലോക നാടകവേദിയുടെതന്നെ ചരിത്രത്തിൽ ഒരു വഴിത്തിരിവായി കടൽക്കാക്കയുടെ അവതരണം ഓർമിക്കപ്പെടുന്നു.


പ്രശസ്തിയോ കീർത്തിയോ ഒന്നുമല്ല ഒരു എഴുത്തുകാരനിൽ, കലാകാരനിൽ ഞാൻ സ്വപ്നം കാണുന്നത്. സഹനത്തിനുള്ള കഴിവാണ്, കുരിശേന്തുവാനുള്ള ആത്മശക്തിയും ദൃഢനിശ്ചയവുമാണ്... എന്റെ ജീവനത്തെക്കുറിച്ചുചിന്തിക്കുമ്പോൾ,

ആന്റൺ ചെഖോവ്-

ആന്റൺ ചെഖോവ്-

ഞാൻ വേദന സഹിക്കാൻ ശീലിച്ചുകഴിഞ്ഞു, ഇപ്പോൾ ഞാൻ ജീവിതത്തെ ഭയക്കുന്നേയില്ല (കടൽകാക്കയിലെ നായിക നീന യുവനാടകകൃത്തായ നായകൻ കോൺസ്റ്റന്റീനോട് പറയുന്നത്)

ആന്റൺ ചെഖോവിന്റെ ഈ നാടകത്തിന്റെ സെന്റ് പീറ്റേഴ്സ് ബർഗിലെ ആദ്യ അരങ്ങേറ്റം ഒരു ദുരന്തമായിരുന്നു. ഏതൊരു നാടകകൃത്തും മറക്കാനാഗ്രഹിക്കുന്ന ഒരു കാളരാത്രി. നാടകത്തിൽ റോളൊന്നുമില്ലാതിരുന്നിട്ടും അക്കാലത്തെ ഒരു ജനപ്രിയ നടിയെ പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ ചെഖോവ് ക്ഷണിച്ചതും വിനയായി. നാടകം കാണാനെത്തിയ കാണികൾ ബഹുഭൂരിപക്ഷവും അവരുടെ ആരാധകരായിരുന്നു.

സ്വന്തം ആരാധനാപാത്രത്തിന്‌ നാടകത്തിൽ റോളൊന്നുമില്ലെന്നു കണ്ട പ്രേക്ഷകർ പ്രതിഷേധിച്ചു. നാടകത്തിലെ മുഖ്യകഥാപാത്രവും കലാകാരിയുമായ നീനയുടെ ശ്രദ്ധേയമായ സംഭാഷണങ്ങൾ ആരവത്തിൽ മുങ്ങിപ്പോയി. നീനയുടെ ഭാഗം അഭിനയിച്ച നടിയുടെ ശബ്ദം നഷ്ടപ്പെട്ടു. അന്തരീക്ഷം കൂക്കുവിളിയാൽ മുഖരിതമായി. ക്ഷുഭിതരും ആക്രമണകാരികളുമായ ഒരു വിഭാഗം ആളുകൾ തമ്മിലടിച്ചു.

 ഒരു സീനിൽ ചത്ത കടൽക്കാക്കയെ രംഗത്തുകൊണ്ടുവന്നപ്പോൾ നാടക പ്രേമിയായ ഒരു രസികൻ കമന്റടിച്ചു. അപ്പോളൊനെസ്കി (നായകനെ അവതരിപ്പിച്ച നടൻ) എന്തിനാണ് ഈ ചത്ത താറാവിനെയും തൂക്കി നടക്കുന്നത് (ഇബ്സന്റെ കാട്ടുതാറാവ് (Wild Duck) എന്ന പ്രശസ്ത നാടകം ഇവിടെ സ്മരണീയമാണ്) നാടകം അക്ഷരാർഥത്തിൽ തകർന്ന് തരിപ്പണമായി.

ഇബ്‌സൻ

ഇബ്‌സൻ

ക്ഷുഭിതരായ കാണികൾതന്നെ ശാരീരികമായി ഉപദ്രവിക്കുമോ എന്ന് ഭയന്ന്‌ ചെഖോവ്‌ ഗ്രീൻറൂമിൽ അഭയം തേടി. കടുത്ത ക്ഷയരോഗിയായിരുന്ന അദ്ദേഹം അവിടെ ചുമച്ചുചുമച്ച്‌ ചോര ഛർദിച്ചു. അടുത്ത നൂറ്റാണ്ടുകൾ ജീവിച്ചാലും ഞാനിനി നാടകമെഴുതില്ല ‐ അദ്ദേഹം ശപഥം ചെയ്തു. പാരാജയപ്പെട്ട നാടക രചയിതാവിന്റെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു, ഇത്; ചെഖോവ് വീണ്ടും നാടകങ്ങളെഴുതി.

ഷേക്സ്‌പിയർ കഴിഞ്ഞാൽ മഹാനായ നാടകകൃത്ത് എന്നുവരെ വിശേഷിപ്പിക്കപ്പെട്ടു.  കടൽക്കാക്കപോലുള്ള ചെഖോവിന്റെ ക്ലാസിക്‌ നാടകങ്ങൾ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും അവതരിപ്പിക്കപ്പെടുന്നു. പലതിനും ചലച്ചിത്രാവിഷ്കാരങ്ങളും ഉണ്ടായി. വിഖ്യാത നാടകകൃത്തായ ബർണാർഡ്ഷായെപ്പോലുള്ളവർക്ക് ഈ നാടകങ്ങൾ വഴികാട്ടിയായി.

ആന്റൺ ചെഖോവ് എന്ന മഹാപ്രതിഭയുടെ മനസ്സിൽ കുട്ടിക്കാലംമുതൽ നാടകത്തോട് അഭിനിവേശവും ആശങ്കയും കലർന്ന ഒരു മനോഭാവമായിരുന്നു. നാടകത്തെവാരിപ്പുണരുകയും പെട്ടെന്ന് വലിച്ചെറിയുകയും ചെയ്യുന്ന ശീലമായിരുന്നു അദ്ദേഹത്തിന്റേത്.

കുട്ടികൾക്ക് സ്കൂൾ അധികൃതരുടെ അനുവാദമില്ലാതെ തിയറ്ററിൽ പ്രവേശനമില്ലാത്തതിനാൽ അച്ഛന്റെ കുപ്പായവും കറുത്ത ഗ്ലാസ്സും ധരിച്ച് വേഷപ്രച്ഛന്നനായി ഷേക്സ്പിയറുടെ ഹാംലറ്റും ഗൊഗോളിന്റെ ഗവൺമെന്റ് ഇൻസ്പെക്ടറും കണ്ട നാടകപ്രേമിയായ വിദ്യാർഥിയായിരുന്ന ചെഖോവിനെക്കുറിച്ച് ജീവചരിത്രകാരന്മാർരേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടികൾക്ക് സ്കൂൾ അധികൃതരുടെ അനുവാദമില്ലാതെ തിയറ്ററിൽ പ്രവേശനമില്ലാത്തതിനാൽ അച്ഛന്റെ കുപ്പായവും കറുത്ത ഗ്ലാസ്സും ധരിച്ച് വേഷപ്രച്ഛന്നനായി ഷേക്സ്പിയറുടെ ഹാംലറ്റും ഗൊഗോളിന്റെ ഗവൺമെന്റ് ഇൻസ്പെക്ടറും കണ്ട നാടകപ്രേമിയായ വിദ്യാർഥിയായിരുന്ന ചെഖോവിനെക്കുറിച്ച് ജീവചരിത്രകാരന്മാർരേഖപ്പെടുത്തിയിട്ടുണ്ട്. നാടകത്തോടുളള ഈ നൈരന്തര്യമില്ലാത്ത ബന്ധം ചെറുകഥയെന്ന സാഹിത്യ പ്രസ്ഥാനത്തിനു പക്ഷേ, ഗുണംചെയ്തു.

അദ്ദേഹം നിരന്തരം അനുപമ സുന്ദരങ്ങളായ കഥകൾ രചിച്ചു. അവയിൽ പലതും കാലത്തെ അതിജീവിച്ചു. റഷ്യയിൽ മാത്രമല്ല ലോകസാഹിത്യത്തിലെതന്നെ ഏറ്റവും ഉന്നതനായ കഥാകാരനായി. ടോൾസ്റ്റോയിയും മാക്സിം ഗോർക്കിയും

ലെനിൻ

ലെനിൻ

മഹാത്മാഗാന്ധിയും ബർണാർഡ്ഷായും ഹെമിങ്വേയും ചെഖോവിന്റെ കഥകളുടെ ആരാധകരായിരുന്നു. അദ്ദേഹത്തിന്റെ ആറാംവാർഡെന്ന അനശ്വര രചന വായിച്ചിട്ടാണ് താൻ വിപ്ലവകാരിയായതെന്ന് മഹാനായ ലെനിൻ ഒരിക്കൽ പറഞ്ഞു. വാർഡ് നമ്പർ ആറിൽ ഒരു തടവുകാരനായിത്തീർന്ന തീവ്രാനുഭൂതിയായിരുന്നു ആ കഥ വായിച്ചപ്പോഴെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്.

കഥകളിലൂടെ, നാടകങ്ങളിലൂടെ റഷ്യയുടെ ആത്മാവു കണ്ടെത്തുകയായിരുന്നു ചെഖോവ്. ടോൾസ്റ്റോയിയുടെയും ചെഖോവിന്റെയും സാഹിത്യസൃഷ്ടികളാണ് യഥാർഥ റഷ്യയെ മനസ്സിലാക്കുവാൻതന്നെ സഹായിച്ചതെന്ന് മാക്സിംഗോർക്കിപറഞ്ഞു. പാവങ്ങൾക്ക് സൗജന്യ ചികിത്സ നൽകിയ മനുഷ്യസ്നേഹിയായ ഡോക്ടർ ആയിരുന്നു ചെഖോവ്. രോഗചികിത്സ തന്റെ നിയമാനുസൃത ഭാര്യയും എഴുത്ത് കാമുകിയുമാണെന്നും ചെറുകഥ പ്രിയതമയും നാടകം പ്രണയിനിയുമാണെന്നും ചെഖോവ് നർമരൂപേണ പറഞ്ഞിട്ടുണ്ട്.

ഇവനോവ്  ,കടൽക്കാക്ക, അങ്കിൾ വാന്യ, മൂന്നുസഹോദരിമാർ, ചെറി ഓർച്ചാർഡ് എന്നീ നാടകങ്ങൾ എക്കാലത്തെയും ക്ലാസിക്കുകളാണ്. ഇവയിൽ മൂന്നുസഹോദരിമാർ, ചെറിഓർച്ചാർഡ് എന്നീ നാടകങ്ങളെ ഷേക്സ്പിയറുടെ ക്ലാസിക് നാടകങ്ങളുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്.

കടൽക്കാക്ക ചെഖോവിന്റെ നാടക ജീവിതത്തിലും കുടുംബ ജീവിതത്തിലും വഴിത്തിരിവായി. ആധുനിക നാടകചരിത്രത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നാടകത്തിലെ നായികയെ അവതരിപ്പിച്ച ഓൾഗ നിപ്പർ എന്ന നടി പിന്നീട് ചെഖോവിന്റെ പ്രണയിനിയും ഭാര്യയുമായിത്തീർന്നു.

കടൽക്കാക്ക ചെഖോവിന്റെ നാടക ജീവിതത്തിലും കുടുംബ ജീവിതത്തിലും വഴിത്തിരിവായി. ആധുനിക നാടകചരിത്രത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നാടകത്തിലെ നായികയെ അവതരിപ്പിച്ച ഓൾഗ നിപ്പർ എന്ന നടി പിന്നീട് ചെഖോവിന്റെ പ്രണയിനിയും ഭാര്യയുമായിത്തീർന്നു. 1901‐ലാണ് അവർ വിവാഹിതരായത്.

കടൽക്കാക്ക വിജയകരമായി നാടകവേദിയിൽ അവതരിപ്പിക്കപ്പെട്ടു, വിശ്വനാടക ചരിത്രത്തിലേക്ക് കുതിച്ചുയർന്നത് 1898‐ലാണ്. 1896‐ലെ ആദ്യ അരങ്ങേറ്റത്തിലെ ദയനീയ പരാജയം ക്ഷയരോഗിയായ ചെഖോവിന്റെ രോഗം മൂർച്ഛിക്കുവാൻ കാരണമായി. 1897‐ൽ യാൾട്ടയിലുള്ള ചികിത്സാകേന്ദ്രത്തിലേക്ക് അദ്ദേഹം മാറ്റപ്പെട്ടു. പിന്നീട് നടന്നത് പ്രതിഭയുടെ അപ്രതിഹതമായ പുനർജനിയായിരുന്നു. 1898‐ൽ രൂപീകരിച്ച മോസ്കോ ആർട്‌ തിയറ്റർ കടൽക്കാക്കയെ ഏറ്റെടുത്തു.

തിയറ്ററിന്റെ സംഘാടകരിലൊരാളും നാടകസംവിധായകനും നാടക സൈദ്ധാന്തികനുമായ കോൺസ്റ്റാന്റിൻ സ്റ്റാനിസ് ലാവ്‌സ്കിയും ഡാൻചെങ്കോ എന്ന നാടക രചയിതാവും ചെഖോവിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞു. 1898‐ൽ നാടകം അതിഗംഭീരവിജയമായി അരങ്ങേറി ചരിത്രം സൃഷ്ടിക്കപ്പെട്ടു. ആ സമയത്ത് ചെഖോവ് ചികിത്സാകേന്ദ്രത്തിൽ രോഗവുമായി മല്ലടിക്കുകയായിരുന്നു.

സ്റ്റാനിസ് ലാവ്‌സ്കി

സ്റ്റാനിസ് ലാവ്‌സ്കി

സ്റ്റാനിസ് ലാവ്‌സ്കി ട്രിഗോറിൻ എന്ന പ്രശസ്ത സാഹിത്യകാരനെ അവതരിപ്പിച്ചു. നാടകത്തെ നീണ്ടുനിൽക്കുന്ന കരഘോഷത്തോടെ കാണികൾ സ്വീകരിച്ചു. ഒരു മഹാസ്ഫോടനംപോലെ ഒരു അണക്കെട്ടുതകർന്ന പ്രവാഹംപോലെ ആ ഹർഷാരവം തനിക്കനുഭവപ്പെട്ടുവെന്ന് പിന്നീട് സ്റ്റാനിസ് ലാവ്‌സ്കി രേഖപ്പെടുത്തിയിട്ടുണ്ട്. ആനന്ദാശ്രുക്കൾക്കപ്പുറം ചെഖോവിനെയോർത്ത് ഓൾഗാ നിപ്പർ പൊട്ടിക്കരയുകയായിരുന്നു.

അടക്കാനാകാത്ത സന്തോഷത്താൽ താൻ നൃത്തമാടിപ്പോയെന്ന് സ്റ്റാനിസ് ലാവ്‌സ്കി തന്റെ സ്മരണകളിലെഴുതി. ആത്മനിർവൃതിയോടെ അവർ ചെഖോവിന് നാടകം മഹത്തായ വിജയമെന്ന് സന്ദേശമയച്ചു. തന്റെ സ്വന്തം  കടൽക്കാക്ക  പ്രശസ്തിയിലേക്കുയരുന്നത് ചെഖോവ് ആശുപത്രിക്കിടക്കിയിൽ വേദനയിൽ പുളഞ്ഞ് കിടന്ന് ഭാവനയിൽ കണ്ടു. നാടകം പിന്നീട് ഒരു സ്വകാര്യ അവതരണത്തിൽ കണ്ടപ്പോൾ ചെഖോവ് സ്റ്റാനിസ് ലാവ്‌സ്കിയെ അഭിനന്ദിച്ചു. നൂതന രംഗാവതരണ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തി സ്റ്റാനിസ് ലാവ്‌സ്കി നാടകത്തെ പുനരാവിഷ്കരിക്കുകയായിരുന്നു.

നാടകത്തിന്റെ ക്രിയാംശം ആന്തരികസത്തയെ ജ്വലിപ്പിച്ച് അതിനെ രംഗസ്ഥലത്ത് സംവേദന ക്ഷമതയോടെ അവതരിപ്പിച്ചതുകൊണ്ടാണ്‌ നാടകം ഉജ്ജ്വലവിജയമായതെന്ന് ചെഖോവിനെ അദ്ദേഹം ബോധ്യപ്പെടുത്തി പിന്നീട് ചെഖോവിന്റെ മറ്റുനാടകങ്ങളും മോസ്കോ തിയറ്റർ ഏറ്റെടുത്ത് അവതരിപ്പിച്ചു. ചെഖോവും സ്റ്റാനിസ് ലാവ്‌സ്കിയുമായുളള ആത്മീയ ഐക്യവും വിയോജിപ്പുകളും ചരിത്രത്തിന്റെ ഭാഗമായി മാറി.

നീണ്ടുനിന്ന ചർച്ചകളിലൂടെ പ്രതിഭാശാലികളായ നാടകകൃത്തും സംവിധായകനും പരസ്പരം തിരിച്ചറിയുകയും ആദരിക്കുകയുമായിരുന്നു. ഒരു സാഹിത്യ സൃഷ്ടിയെന്ന നിലയിൽ കടൽക്കാക്ക ചെഖോവെന്ന പ്രതിഭാശാലിയുടെ ആത്മാവിന്റെ സ്പന്ദനങ്ങൾ രേഖപ്പെടുത്തുന്ന ഉജ്ജ്വല കലാസൃഷ്ടിയാണ്. ഈ നാടകത്തിന്റെ ഓരോ അണുവിലും നിശ്വാസത്തിലും ചെഖോവിന്റെ സർഗ സാന്നിധ്യമുണ്ട്. ഇതിലെ കഥാപാത്രങ്ങൾ ചെഖോവിന്റെ വൈവിധ്യമാർന്ന ജീവിത വ്യാഖ്യാനത്തിന്റെ പ്രകാശിക്കുന്ന പ്രതീകങ്ങളും പ്രതിരൂപങ്ങളുമാകുന്നു.

പ്രണയവും സർഗാത്മകതയും ഈ നാടകത്തിന്റെ മഷിയും രക്തവുമാകുന്നു. ചില നേരങ്ങളിൽ ഇതിലെ സംഭാഷണങ്ങൾ വെളിപാടുകൾപോലെ അഗാധവും കാവ്യാത്മകവുമാണ്. കലാകാരന്മാരും എഴുത്തുകാരും പ്രണയിതാക്കളുമായ കഥാപാത്രങ്ങൾ രസകരമായും ഭ്രാന്തമായും സർഗാത്മകമായും ഹിംസാത്മകമായും പെരുമാറുന്ന മുഹൂർത്തങ്ങളുണ്ട്. നാലുഭാഗങ്ങളുള്ള കോമഡിയുടെ രൂപത്തിലെഴുതപ്പെട്ട ഈ നാടകം കുടുംബാന്തരീക്ഷത്തിലുള്ള സ്നേഹവിദ്വേഷങ്ങളിലൂടെ, പ്രണയനൈരാശ്യങ്ങളിലൂടെ ഒഴുകിയൊഴുകി, അന്ത്യരംഗത്ത് ദുരന്തത്തിന്റെ കരിനീലത്തടാകത്തിൽ പതിക്കുന്നു.

ഇതിലെ കടൽക്കാക്ക നാടകത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന ഒരു പ്രതീകമാണ്; ഷേക്സ്പിയറുടെ ഒഥെല്ലോയിലെ തൂവാലപോലെ, ഇബ്സന്റെ കാട്ടുതാറാവുപോലെ, ഭൂതംപോലെ  കടൽക്കാക്ക എന്ന രൂപകം പ്രണയമായും സർഗാത്മകതയായും ഒടുവിൽ മരണമായും ഈ നാടകത്തിന് കാവ്യാത്മകമായ നവീന മാനങ്ങൾ പകരുന്നു.

ഇതിലെ കടൽക്കാക്ക നാടകത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന ഒരു പ്രതീകമാണ്; ഷേക്സ്പിയറുടെ ഒഥെല്ലോയിലെ തൂവാലപോലെ, ഇബ്സന്റെ കാട്ടുതാറാവുപോലെ, ഭൂതംപോലെ  കടൽക്കാക്ക എന്ന രൂപകം പ്രണയമായും സർഗാത്മകതയായും ഒടുവിൽ മരണമായും ഈ നാടകത്തിന് കാവ്യാത്മകമായ നവീന മാനങ്ങൾ പകരുന്നു. നാടകത്തിന്റെ ആദ്യരംഗത്തിന്റെ രംഗവിതാനത്തിന് ഒരു വേട്ടയാടുന്ന നിശ്ചലചിത്രത്തിന്റെ അഗാധ സൗന്ദര്യമാണ്; നാടകത്തിനുള്ളിലെ നാടകമാണിത്. മനോഹരമായ ഉദ്യാനവും തടാകവും വീതി കൂടിയ നടപ്പാതയും പൂർത്തിയാകാത്ത,പണിനടന്നുകൊണ്ടിരിക്കുന്ന നാടകവേദിയും ചുറ്റിനും കുറ്റിക്കാടും നടുവിലായി കസേരകളും മേശയുമാണുള്ളത്.

നാടകത്തിലെ ഒരു പ്രധാന കഥാപാത്രമായ സോറിന്റെ നാട്ടിൻപുറത്തുള്ള എസ്റ്റേറ്റിന്റെ പരിസരത്തുള്ള വസതിയിലാണ് നാടകം അരങ്ങേറുന്നത്. സോറിന്റെ സഹോദരിയും അഭിനേത്രിയുമായ ഐറീന എന്ന നാല്പത്തിമൂന്നുകാരി, ഐറീനയുടെ മകനും ഇരുപത്തിയഞ്ചുവയസ്സുകാരനും നാടകവേദിയിൽ പരീക്ഷണങ്ങൾ നടത്തുന്നയാളുമായ കോൺസ്റ്റന്റിൻ ട്രെപ്ലയോവ്, (ഇതിലെനായകൻ), പ്രശസ്ത സാഹിത്യകാരനും മുപ്പത്തഞ്ചുകാരനുമായ ബോറിസ് ട്രിഗോറിൻ, ധനികനായ ഒരു ഭൂവുടമയുടെ മകളും നടിയുമായ നീന (നായികയും ട്രെപ്ലയോവിന്റെ കാമുകിയും) ഡോക്ടർ ഡോണുമാണ് ഇതിലെ പ്രധാനകഥാപാത്രങ്ങളെങ്കിലും മാഷയെപ്പോലെ പ്രണയത്തിന് നിഷ്കളങ്കതയുടെ മാനങ്ങൾ നൽകുന്ന കഥാപാത്രങ്ങൾ ഈ നാടകത്തിലുണ്ട്.

സ്വന്തം കാമുകിയും നടിയുമായ നീനയെ പ്രധാന കഥാപാത്രത്തിന്റെ റോളുനൽകി, സ്വന്തംകുടുംബാംഗങ്ങൾക്കുമുമ്പിൽ ട്രെപ്ലയോവ് അവതരിപ്പിക്കുന്ന പരീക്ഷണസ്വഭാവമുള്ള നാടകം ഉൾക്കൊള്ളാനോ അംഗീകരിക്കാനോ മുതിർന്ന അഭിനേത്രി കൂടിയായ അയാളുടെ അമ്മപോലും തയ്യാറാവുന്നില്ല. മാത്രമല്ല കഴിവുകെട്ടവൻ എന്ന പേരിൽ ആ യുവപ്രതിഭ അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. തന്നെ അംഗീകരിക്കാത്തവളും, പ്രശസ്ത നടിയും സുന്ദരിയും താൻ വെറുക്കുന്ന ട്രിഗോറിന്റെ കാമുകിയും യുവത്വം ചമഞ്ഞുനടക്കുന്നവളും സ്നേഹരഹിതയുമായ അമ്മയോട് ട്രെപ്ലയോവിന് വെറുപ്പും അമർഷവുമാണ്.

പ്രണയത്തിൽ മുഴുകിയ രണ്ടുപേരുടെയും മാതൃപുത്ര ബന്ധം ഇവിടെ ശിഥിലമാണ്. അമ്മയും മകനുമായുള്ള ബന്ധത്തിന് ഒരു ഇഡിപ്പസ് ദുരന്തസ്പർശമുണ്ട്. നാടകത്തിന്റെ പരാജയം മാത്രമല്ല അഭിനേത്രിയും കാമുകിയുമായ നീനയുടെ അവഗണനയും അയാളെ ഭ്രാന്തിന്റെ അവസ്ഥയിലെത്തിക്കുന്നു. വെടിവച്ചുകൊല്ലുന്ന കടൽക്കാക്കയെപ്പോലെ, അയാൾ സ്വയം വെടിവെച്ചുമരിക്കുന്നു.

പ്രതിഭാശാലിയും ഉൽപ്പതിഷ്ണുവുമായ ആ ചെറുപ്പക്കാരനെ ഹാംലെറ്റിന്റെ മാതൃകയിലാണ്‌ ചെഖോവ്

ചെഖോവ്

ചെഖോവ്

രൂപപ്പെടുത്തിയിരിക്കുന്നത്. യാഥാസ്ഥിതികത്വത്തിനെതിരെ നിർഭയം തൂലിക ചലിപ്പിക്കുന്ന കലാകാരൻ സമൂഹത്തിൽ ഒറ്റപ്പെടുന്നു, അയാളുടെ പതനമാണ്‌ ഈ കഥാനായകന്റെ അന്ത്യം. കഠിനമായ വിമർശനവും അവഗണനയും അയാളെ തളർത്തുന്നു. അപകർഷതാബോധവും ആത്മനിന്ദയും കലർന്ന സ്വരത്തിൽ അയാൾ സ്വയം വിലയിരുത്തുന്നതു നോക്കുക: ഞാനാരാണ്? സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കാത്ത ഒരാൾ ഒരു കഴിവുമില്ലാത്തവൻ സ്വന്തമായി വരുമാനമില്ലാത്തവൻ.

പാസ്പോർട്ട് രേഖകളിൽ ഒരു പെറ്റിബൂർഷ്വാ... ഒരു പ്രസിദ്ധനടനായിരുന്ന പെറ്റിബൂർഷ്വായുടെ മകൻ... പേരുകേട്ട നടിയായ അമ്മയുടെ സ്വീകരണ മുറിയിലെ പ്രശസ്തരായ നടീനടന്മാരുടെയും എഴുത്തുകാരുടെയും കണ്ണുകളിൽ രണ്ടു പ്രശസ്തരുടെ കഴിവുകെട്ട പുത്രൻ...ഞാനവരുടെ അവജ്ഞയോടെയുള്ള നോട്ടങ്ങൾ വായിക്കുകയും അപമാനിതനായി തലകുനിക്കുകയും ചെയ്യുമായിരുന്നു. കഥാപാത്രങ്ങളുടെ മനസ്സിന്റെ അടിത്തട്ടുകളിലെ ചിന്തകളെ അവരിലൂടെതന്നെ അവതരിപ്പിക്കുന്ന മനഃശാസ്ത്രപരമായ ഒരു തലം ഈ നാടകത്തിലുണ്ട്.

ട്രിഗോറിൻ എന്ന പ്രശസ്തനായ എഴുത്തുകാരൻ തന്നെപ്പറ്റി എങ്ങനെ വിലയിരുത്തുന്നുവെന്നു നോക്കുക: ഞാനെഴുതിയത്‌ വായിക്കുമ്പോൾ വായനക്കാർ പറയും, കൊള്ളാം... പക്ഷേ ടോൾസ്‌ റ്റോയിയേക്കാൾ എത്രയോ പിന്നിലാണിയാളുടെ സ്ഥാനം... ഞാൻ മരിച്ചുകഴിയുമ്പോൾ ശവകുടീരത്തിനരികിൽ വന്നിരുന്ന് അവർ അഭിപ്രായപ്പെടും, നല്ല എഴുത്തുകാരൻ. പക്ഷേ തർജനേവുതന്നെയാണ് കേമൻ... ട്രിഗോറിൻ ചെഖോവിനെപ്പോലെ അപ്പപ്പോൾ നോട്ട് ബുക്കിൽ സംഭവങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. സ്റ്റാനിസ് ലാവ്‌സ്കി അവതരിപ്പിച്ച ഈ കഥാപാത്രം വിശ്വനാടകവേദിയിലെ അനശ്വര കഥാപാത്രങ്ങളിലൊന്നാണ്. ടെന്നസി വില്യംസ് ട്രിഗോറിന്റെ ജീവിതത്തെ പുനരാവിഷ്കരിച്ചിട്ടുണ്ട്.

തന്റെ മരണശേഷം ഇങ്ങനെ വായനക്കാർ പറയുമെന്ന് ചെഖോവ് സ്വന്തം ജീവിതത്തിൽ തമാശരൂപണേ പറയാറുണ്ടായിരുന്നു. നടിയും ധനിക കുടുംബാംഗവുമെങ്കിലും അമ്മ കുട്ടിക്കാലത്തു മരിച്ചവളും പിതാവിനാൽ നിർദയം ഉപേക്ഷിക്കപ്പെട്ടവളുമാണ് ഇതിലെനായിക നീന. ട്രെപ്ലയോവിന്റെ കാമുകിയെങ്കിലും ട്രിഗോറിനോടുള്ള ആരാധനമൂത്ത് അയാളോടൊപ്പം ജീവിക്കുവാൻ നാടുവിടുന്ന നീന ട്രിഗോറിൽനിന്നും ഒരു കുട്ടിയുടെ അമ്മയാകുന്നു. ദുരന്തമാകുന്ന ആ ജീവിതവുമുപേക്ഷിച്ച് തിരികെയെത്തുന്നു.

ഉന്മാദാവസ്ഥയിൽ, അനാഥയെപ്പോലെ ഒളിവിലും തെളിവിലും നാട്ടിൽ ജീവിക്കുന്ന നീന ഒരു കഥാപാത്രമെന്ന നിലയിൽ ക്രൂരമായ അനുഭവങ്ങളുടെ അഗ്നിയിലൂടെ ഉരുകി സ്ഫുടം ചെയ്യപ്പെടുന്ന അഗ്നിപുത്രിയാണ്. നീനയുടെ സ്ഫോടനാത്മകമായ ജീവിതദർശനം നാടകത്തിന്റെ ജ്വലിക്കുന്ന ആഗ്നേയ ഭാവുകത്വമാണ്. 

1898 ൽ കടൽക്കാക്ക വേദിയിൽ അവതരിപ്പിച്ചപ്പോൾ

1898 ൽ കടൽക്കാക്ക വേദിയിൽ അവതരിപ്പിച്ചപ്പോൾ

ഒരെഴുത്തുകാരിയോ കലാകാരിയോ ആയി അറിയപ്പെടുവാൻ കുടുംബത്തിന്റെ എതിർപ്പോ, ദാരിദ്ര്യമോ, നൈരാശ്യ ബോധമോ ഞാൻ പ്രശ്നമാക്കുന്നില്ല. കുടിലിൽ കഴിയുവാനും ഉണക്കറൊട്ടി തിന്നുവാനും ഞാൻ തയ്യാറാണ്. സ്വയം ത്യജിക്കുവാനും യാതനകൾ അനുഭവിക്കുവാനും ഞാനൊരുക്കമാണ്... എനിക്ക്‌ വലിയ കലാകാരിയാകണം. ആൾക്കൂട്ടത്തിനുനടുവിൽ ഹർഷാരവത്തോടെ ഉയർന്നു നിൽക്കുന്ന അഭിനയപ്രതിഭയാവുകയാണ് അവളുടെ സ്വപ്നം.

ട്രിഗോറിന് സ്ത്രീയെക്കുറിച്ചുള്ള നോവലെഴുതുവാൻ സ്വന്തം ജീവിതം തന്നെ സമർപ്പിക്കുന്ന നീന പക്ഷേ, പ്രശസ്തിയാൽ ലാളിച്ചുനശിപ്പിക്കപ്പെട്ട കപട ജീവിതമാണ് അയാളുടേതെന്ന് തുറന്നടിച്ച് ആക്ഷേപിക്കുന്നു. മറിച്ച് താൻ എഴുത്തുകാരനായി സ്വയം അംഗീകരിക്കുന്നില്ലെന്നാണ് സമൂഹം ആദരിക്കുന്ന ആ എഴുത്തുകാരൻ പറയുന്നത്.

കേവലം സൗന്ദര്യാരാധകനായ എഴുത്തുകാരനെന്നതിനപ്പുറം കഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതങ്ങളെക്കുറിച്ച് മനുഷ്യന്റെ ഭാവിയെക്കുറിച്ച് പാവങ്ങൾ നേരിടുന്ന യാതനകളെക്കുറിച്ച് അനീതികളെക്കുറിച്ച് ശക്തവും വ്യക്തവുമായ ഭാഷയിൽ എഴുതാൻ കഴിയുമ്പോൾ മാത്രമേ ഒരാൾ യഥാർഥ എഴുത്തുകാരനാവുന്നുള്ളുവെന്നും താനെഴുതുന്നത് മൂടൽമഞ്ഞുപോലെ അവ്യക്തമാണെന്നും അയാൾ സ്വയം വിമർശിക്കുന്നുണ്ട്.

മനുഷ്യസ്നേഹത്തിന്റെ ഭാഷയിൽ കഥകളും നാടകങ്ങളുമെഴുതിയ ചെഖോവിന്റെ ആത്മദർശനത്തിന്റെ മിന്നൽപ്പിണരുകളാണ്, ആത്മഭാഷണങ്ങളാണ് ഈ നാടകത്തെ പ്രകാശമാനമാക്കുന്നത്. പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യ ചികിത്സ നടത്തിയ ഡോക്ടറായിരുന്നു അദ്ദേഹം.

മനുഷ്യസ്നേഹത്തിന്റെ ഭാഷയിൽ കഥകളും നാടകങ്ങളുമെഴുതിയ ചെഖോവിന്റെ ആത്മദർശനത്തിന്റെ മിന്നൽപ്പിണരുകളാണ്, ആത്മഭാഷണങ്ങളാണ് ഈ നാടകത്തെ പ്രകാശമാനമാക്കുന്നത്. പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യ ചികിത്സ നടത്തിയ ഡോക്ടറായിരുന്നു അദ്ദേഹം. ദുരിതമനുഭവിക്കുന്നവർക്കായി കഥകളെഴുതിയ മഹാനായ മനുഷ്യ സ്നേഹിയായിരുന്ന ചെഖോവിന്റെ മനസ്സിലെ സർഗപരിണാമങ്ങളുടെ കടലിരമ്പം കടൽക്കാക്കയിൽ കേൾക്കാം. ഒരു നാടക രചയിതാവെന്ന നിലയിൽ കൂടുതൽ അഗാധവും ചലനാത്മകവും തീക്ഷ്‌ണ സംവേദന ശക്തിയുള്ളതുമായ രംഗഭാഷ ചെഖോവ് കണ്ടെത്തിയത് കടൽക്കാക്കയിലൂടെയാണെന്നും അത് ആധുനിക നാടകഭാഷയുടെ ഭാവുകത്വ പരിണാമത്തിന് കാരണമായെന്നും വിശ്വവിഖ്യാത നാടക നിരൂപകനും ഗ്രന്ഥകർത്താവുമായ ഡേവിഡ് മഗർഷാക്ക്  പറയുന്നു.

ആന്റൺ ചെഖോവും ഓൾഗാ നിപ്പറും

ആന്റൺ ചെഖോവും ഓൾഗാ നിപ്പറും

ചെഖോവിലെ ഡോക്ടറുടെ പ്രതിപുരുഷനായി ഒരു ഡോക്ടർ അദ്ദേഹത്തിന്റെ പല രചനകളിലുമുണ്ട്.  കടൽക്കാക്കയിലെ വിവേകശാലിയായ ഡോക്ടർ ഡോൺ, ട്രെപ്ലയോവ് കോൺസ്റ്റായിന്റെ നാടകം കണ്ടതിനുശേഷം തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത് പുതിയ കാലഘട്ടത്തിന്റെ പുത്തൻ അവബോധത്തിന്റെ വക്താവായിട്ടാണ്. ട്രെപ്ലയോവ്, നീ വീണ്ടും എഴുതണം... കഴമ്പുള്ളതും കാലത്തെ അതിജീവിക്കുന്നതും മാത്രമെഴുതുക... ഞാൻ ജീവിതം കുറെ കണ്ടവനാണ്... എനിക്ക് ഈനാടകം ഇഷ്ടപ്പെട്ടു... ധീരമായ പരീക്ഷണമായിരുന്നു നിന്റെ നാടകം. ജനീവയെന്ന വിഖ്യാത നഗരത്തിലെ ആൾക്കൂട്ടിത്തിനിടയിലൂടെ സഞ്ചരിച്ചപ്പോൾ, ഏകനായി ആൾക്കൂട്ടത്തിൽ ലയിച്ചുചേർന്ന് അലഞ്ഞു തിരിഞ്ഞപ്പോൾ തനിക്ക് ആത്മീയമായ ഉണർവ്‌ ഉണ്ടായെന്നും അസാധാരണമായ ആത്മനിർവൃതി അനുഭവപ്പെട്ടുവെന്നും ഡോക്ടർ ഡോൺ പറയുന്നുണ്ട്.

1894‐ലെ ജനീവാസന്ദർശനം ഒരു സർഗാത്മക കലാകാരനെന്ന നിലയിൽ തന്റെ ജീവിതത്തിലെ പ്രചോദനാത്മകമായ അനുഭവമായി ചെഖോവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങളെ വിവേചനബുദ്ധിയോടെ കാണുന്ന വിവേകശാലിയായ പക്വതയാർന്ന ഒരു വ്യക്തിത്വമാണ് ചെഖോവിന്റെ ഡോക്ടർ. ആദ്യ രംഗത്തിൽ ഒരു പുതിയ നാടകസംസ്കാരത്തിന്റെ ഉദയംപോലെ നവീന നാടക ഭാവുകത്വത്തിന്റെ ഉപോദ്ഘാതംപോലെ ദൃശ്യമാകുന്ന പണിതീരാത്ത നാടകരംഗഭൂമി അന്ത്യരംഗത്തിൽ ശോകമയവും ഇരുൾ പരന്നതുമായി പരിണമിക്കുന്നു. നിശ്ശബ്ദമായി സംവദിക്കുന്ന ഈ ദൃശ്യാനുഭവം നാടകമെന്ന കലാരൂപത്തെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.

ഉദ്യാനം ഭീകരവും അന്ധകാരമയവുമായിരുന്നു. നാടകവേദി ഒരു തകർന്ന അസ്ഥികൂടം പോലെ തൂങ്ങിക്കിടന്നു. യവനിക കീറിപ്പറിഞ്ഞ് കാറ്റിലാടി. പശ്ചാത്തലത്തിൽ ക്ഷുഭിതയായ കരിനീല തടാകത്തിന്റെ തിരയടിയൊച്ചകൾ... ഉപേക്ഷിക്കപ്പെട്ട ഏതോ പെൺകുട്ടിയുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ... വീട്ടുകാരാലും കാമുകനാലും ഉപേക്ഷിക്കപ്പെട്ട്, സ്ത്രീത്വം ചൂഷണം ചെയ്യപ്പെട്ട്, ഏകയായി അലഞ്ഞുതിരിയുന്ന നാടകത്തെ പ്രണയിച്ച നാടകത്തിനായി ജീവിതം ഹോമിച്ച യഥാർഥ കലാകാരിയുടെ തേങ്ങലുകളാണ് കേട്ടതെന്ന് നാം പിന്നീട് അറിയുന്നു. നീനയാണ് ഈ നാടകത്തിനെ കാലാതീതമാക്കുന്ന കഥാപാത്രം. ഉന്നതകലാകാരനും ദുർബല വ്യക്തിത്വവുമായ ട്രിപ്ലയോവും ധീരയായ കലാകാരിയും അസാധാരണ വ്യക്തിസത്തയുടെ ഉടമയുമായ നീനയും തമ്മിലുള്ള അവസാന കൂടിക്കാഴ്ചയിൽ കടൽക്കാക്ക കാവ്യാനുഭൂതിയുടെ തലത്തിലേക്കുയരുന്നു.

ആത്മാവിൽ കവിത വീഴുന്നതുപോലെ എണ്ണമറ്റ കഥകളും കുറച്ചു നാടകങ്ങളെഴുതിയ ചെഖോവിന്റെ 44‐ാം വയസ്സിലെ (ജൂലൈ 2, 1904) അന്ത്യവും സർഗാത്മകമായിരുന്നു. ജർമനിയിലുള്ള ബ്ലാക്ഫോറസ്റ്റിലെ ചികിത്സാകേന്ദ്രത്തിൽ പ്രിയതമയായ ഓൾഗ അരികിലുണ്ടായിരുന്നു. ഓൾഗയോട് ചെഖോവ് എഴുതുവാൻ പോകുന്ന രസകരമായ കഥകളുടെ കഥകൾ പറഞ്ഞുകൊണ്ടിരുന്നു.

മാക്സിംഗോർക്കി

മാക്സിംഗോർക്കി

വാർഡ് നമ്പർപോലുള്ള ക്ലാസിക് കഥകളുടെ രചനാ വേളകളുടെയും വായനക്കാരുടെ പ്രതികരണങ്ങളുടെയും ഓർമകളിൽ അദ്ദേഹം മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് നാവികൻ യാത്രയായോ എന്ന് അദ്ദേഹം ചോദിച്ചു. റഷ്യയും ജപ്പാനുമായി അപ്പോൾ യുദ്ധം നടക്കുന്ന സമയമായിരുന്നു.

യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളും ഉത്‌കണ്ഠകളും വിറയാർന്ന സ്വരത്തിൽ പ്രകടിപ്പിച്ചു. മരിക്കാൻ പോവുകയാണെന്നുള്ള മുന്നറിയിപ്പുകൾ അന്തർദർശനമായി ലഭിച്ചുകൊണ്ടിരുന്നു. ഡോക്ടറോട് ഓക്സിജൻവേണ്ടെന്നും അത്‌ വരുന്നതിനുമുമ്പ് താൻ ശവശരീരമാകുമെന്നും പറഞ്ഞു. ഞാൻ മരിക്കാൻ പോവുകയാണെന്ന് മാതൃഭാഷയായ റഷ്യനിലും പ്രിയപ്പെട്ട ജർമൻ ഭാഷയിലും ശക്തവും വ്യക്തവുമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മുഖം ഒരു യുവാവിന്റേതുപോലെ പ്രസാദാത്മകവും ഒരു കൊച്ചുകുട്ടിയുടേതുപോലെ നിഷ്കളങ്കവുമായിരുന്നുവെന്ന് ഓൾഗ ഓർമിക്കുന്നു,  എങ്കിലും മരണം അപ്രതീക്ഷിതമായിരുന്നു.

ആൾക്കൂട്ടത്തെ സ്നേഹിച്ച ചെഖോവിന്റെ അന്ത്യയാത്രയ്ക്ക് പക്ഷേ, ആൾക്കൂട്ടം നന്നെ കുറവായിരുന്നു. ചെഖോവിന്റെ ജീവചരിത്രകാരനായ വിഖ്യാത കഥാകൃത്ത് വി എസ് പ്രിച്ചറ്റ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ശ്മശാനത്തിലേക്കുള്ള യാത്രക്കിടയിൽ മറ്റൊരു വിലാപയാത്ര കൂടി വിലക്ഷണമായി അതിനുള്ളിൽ കടന്നു കൂടി. അത് ഒരു പട്ടാള മേധാവിയുടേതായിരുന്നു. അദ്ദേഹത്തിനായി മുഴങ്ങിയ മിലിട്ടറി ബാൻഡ്മേളം ചെഖോവിന്റേതാണെന്ന് ചിലർ തെറ്റിദ്ധരിച്ചു.

ചെഖോവിന്റെ അന്ത്യയാത്രയും ഒരു ചെഖോവ് കഥപോലെ അലങ്കാരരഹിതവും അസാധാരണവുമായിരുന്നു. അന്ത്യയാത്രയിലെ ശുഷ്കമായ ജനപ്രാതിനിധ്യം കണ്ട് ക്ഷുഭിതനായ മഹാനായ നോവലിസ്റ്റ് മാക്സിം ഗോർക്കി ഇങ്ങനെ പ്രതികരിച്ചു ‐  ഇങ്ങനെയൊെക്കയാണ് നാം നമ്മുടെ മഹാപ്രതിഭകളെ ആദരിക്കുന്നത്.

ചെഖോവിന്റെ അന്ത്യയാത്രയും ഒരു ചെഖോവ് കഥപോലെ അലങ്കാരരഹിതവും അസാധാരണവുമായിരുന്നു. അന്ത്യയാത്രയിലെ ശുഷ്കമായ ജനപ്രാതിനിധ്യം കണ്ട് ക്ഷുഭിതനായ മഹാനായ നോവലിസ്റ്റ് മാക്സിം ഗോർക്കി ഇങ്ങനെ പ്രതികരിച്ചു ‐  ഇങ്ങനെയൊെക്കയാണ് നാം നമ്മുടെ മഹാപ്രതിഭകളെ ആദരിക്കുന്നത്. അങ്ങനെ കടൽക്കാക്ക അനന്തനീലിമയിലേക്ക് പറന്നുയർന്നു.

ഇന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വിവിധ ഭാഷകളിൽ ചെഖോവിന്റെ നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്നു. നിരവധി ചലച്ചിത്രാവിഷ്കാരങ്ങളും ഉണ്ടായിട്ടുണ്ട്. ചെഖോവിന്റെ പ്രകൃഷ്ട കൃതിയെന്ന് നിരൂപകരാൽ വാഴ്ത്തപ്പെടുന്ന അവസാനത്തെ നാടകമായ ചെറി ഓർച്ചാർഡിലെ (1904) ഫിർസ് എന്ന ഭൃത്യന്റെ വാക്കുകൾ ഇവിടെ സ്മരണീയമാണ്. യുവാക്കളേ, ജീവിതം പോയിക്കഴിഞ്ഞു... ഞാൻ ജീവിച്ചുവെന്ന് ഇപ്പോൾ തോന്നുന്നില്ല... ഞാനൊന്നു കിടന്നോട്ടെ... ഈ നാടകം റഷ്യൻ ജനതയോടും സ്വന്തം പ്രതിഭയോടുമുള്ള ഒരു മഹാപ്രതിഭയുടെ യാത്രാമൊഴിയായിരുന്നുവെന്ന് ചെഖോവിന്റെ സർഗാത്മക പരിണാമത്തെക്കുറിച്ച് ചെഖോവ് ദി ഇവല്യൂഷൻ ഓഫ് ഹിസ് ആർട് (Checkov the evolution of his art) എന്ന ഗ്രന്ഥത്തിൽ പ്രൊഫ. റേഫീൽഡ് (Rayfield) രേഖപ്പെടുത്തിയിട്ടുണ്ട്  .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top