08 December Friday

സാലഭഞ്ജികമാർ കഥ പറയുമ്പോൾ- കലാമണ്ഡലം സൈലസലീഷ്‌ സംഘത്തിന്റെ നടനത്തെക്കുറിച്ച് പി പി ഷാനവാസ്

പി പി ഷാനവാസ്‌Updated: Thursday Mar 2, 2023

കലാമണ്ഡലം സൈല സലീഷ്‌-ഫോട്ടോ: രാജേഷ്‌ മണാശ്ശേരി

സംഘകാല കൃതികളിലെ അകം കവിതയിലെ സ്ത്രീ പുരുഷ ബന്ധത്തിലെ ഭാവ പകർച്ചകളിൽ, പ്രശസ്ത നർത്തകി അലമേർ വള്ളി അവതരിപ്പിച്ച നൃത്താവതരണംപോലെ, സ്ത്രീയുടെ തീവ്രമായ ഹൃദയഭൂമികയെ  ആവിഷ്കരിക്കുന്നതിൽ കലാമണ്ഡലം സൈല സലീഷിന്റെയും സംഘത്തിന്റെയും നടനം ലക്ഷ്യം കണ്ടു.

സാലഭഞ്ജികമാർ പറഞ്ഞ കഥ പോലെ, ഉജ്ജയിനിയിൽ നടന്ന ഒരു പൗരാണിക നാടകം പോലെ, മോയിൻകുട്ടി വൈദ്യരുടെ പ്രണയ കാവ്യത്തിന് ജന്മനാടായ കൊണ്ടോട്ടിയിൽ നൃത്താവിഷ്കാരം. 2023 ജനുവരി 29ന് മകരഭരണി നാളിൽ, വാസന്തപഞ്ചമി കഴിഞ്ഞ്‌ മൂന്നാം ദിനം, അഷ്ടമി ചന്ദ്രനെ സാക്ഷിനിർത്തി നടന്ന അവതരണം ഒരിക്കൽകൂടി കാണാൻ പ്രേക്ഷകർ കൊതിച്ചു. 

ജിന്നിന്റെയും ഇഫ്രീത്തിന്റെയും ലോകം അവതീർണമായ രാത്രി. പ്രേമത്തിന്റെയും ചതിയുടെയും മത്സരത്തിന്റെയും അഭിനിവേശത്തിന്റെയും കുടിലതകൾ. പ്രണയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും വിശുദ്ധി. വിരഹത്തിന്റെ പരകോടി. കേവലമായ ഒരു പ്രണയ കഥയ്‌ക്കപ്പുറം സത്യവും സൗന്ദര്യവും മിസ്റ്റിക്കൽ അർഥതലങ്ങൾ തീർക്കുന്ന കൃതിയാണ് വൈദ്യരുടെ ഈ അനശ്വര പ്രണയകാവ്യം എന്ന ഉള്ളറിവ്.

എഴുത്തുകാരി സുഫാന ആനക്കച്ചേരി ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ എഴുതി:  As the half moon poured its ethereal glow into the ultramarine hued night sky, twinkling stars blinked curiously waiting just like the audience. What happened following the brief outline and introduction to the performance will forever be engraved in the history. Be it the mystical lightings that align with the emotions, expressions and sequenced scenes or the background score that embrace the choreography; they transcended us to a magical realm gracefully and effortlessly. Vague memories of listening to elders narrating the story of ‘Husnul Jamal' & ‘Badarul Muneer' and nostalgic smell of father's library might have influenced my perceptions, however, being able to witness the epic Arabi-Malayalam legendary poet Moyinkutty Vaidyar's work revisualised through Bharatanatyam by Kalamandalm Saila Saleesh and co-artists was indeed a blessing. Whole heartedly thanking each and everyone who worked sincerely and skillfully to portray it beautifully without compromising the true essence. As the performance ends, it leaves us wondering deeply about the veiled symbolism.

മിസ്റ്റിക്കൽ ആയ ഒരു കാവ്യത്തിന് ഉചിതമായ വ്യാഖാനം നൽകിക്കൊണ്ട്, കൃതിയുടെ ആത്മാവിനെ തൊട്ടുണർത്തുന്ന അവതരണം. മലയാളത്തിന്റെ നൃത്ത കലാചരിത്രത്തിൽ ആദ്യത്തെ സംരംഭം. ഹുസുനുൽ ജമാൽ ബദറുൽ മുനീർ എഴുതപ്പെട്ട് നൂറ്റിയമ്പത് വർഷത്തിനുശേഷം ലഭിക്കുന്ന ആദ്യത്തെ ക്ലാസിക്കൽ നൃത്ത വ്യാഖ്യാനം. സംഘകാല കൃതികളിലെ അകം കവിതയിലെ സ്ത്രീ പുരുഷ ബന്ധത്തിലെ ഭാവ പകർച്ചകളിൽ, പ്രശസ്ത നർത്തകി അലമേർ വള്ളി അവതരിപ്പിച്ച നൃത്താവതരണംപോലെ, സ്ത്രീയുടെ തീവ്രമായ ഹൃദയഭൂമികയെ  ആവിഷ്കരിക്കുന്നതിൽ കലാമണ്ഡലം സൈല സലീഷിന്റെയും സംഘത്തിന്റെയും നടനം ലക്ഷ്യം കണ്ടു.

കേരളീയ സുകുമാര കലകളുടെ എല്ലാ അംശങ്ങളും വിളക്കിച്ചേർത്ത് തീർത്ത ഈ നൃത്ത സംഗീത ശില്പം, സൈലയുടെ ഇരുപതുവർഷത്തെ നൃത്തസപര്യയുടെ നാഴികക്കല്ലാണ്. രണ്ടര മാസത്തെ കഠിനമായ കൂടിയിരുപ്പ്, അവതരണത്തിന്റെ തൊട്ടുതലേന്ന് സ്റ്റേജിൽ നടത്തിയ അവസാന റിഹേഴ്സലടക്കം പൂർത്തിയാക്കി, എല്ലാ തടസ്സങ്ങളെയും അതിജീവിച്ചു സാക്ഷാത്കരിക്കാനായത് ചരിത്ര നിമിഷം.

മ്യൂസിക് കമ്പോസ് ചെയ്ത ബിജീഷ് കൃഷ്ണ, മോയിൻകുട്ടി വൈദ്യർ കെട്ടിയ ഇശലുകളുടെ സംഗീത സാധ്യതകളെ ശരിയായി തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ്, ഈ സംരംഭം സാധ്യമായത്.

മ്യൂസിക് കമ്പോസ് ചെയ്ത ബിജീഷ് കൃഷ്ണ, മോയിൻകുട്ടി വൈദ്യർ കെട്ടിയ ഇശലുകളുടെ സംഗീത സാധ്യതകളെ ശരിയായി തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ്, ഈ സംരംഭം സാധ്യമായത്. ഇതുവരെ ചൊല്ലിക്കേട്ട ഇശലുകളുടെ നാടോടി ഈണങ്ങൾ അടിയിൽ ഒഴുക്കായി നിലനിർത്തികൊണ്ട്, കർണാടക ക്ലാസ്സിക്കൽ സംഗീതത്തിന്റെ ഭാവോന്മീലന വൈവിധ്യങ്ങളെ സമൃദ്ധമായി ഉപയോഗിച്ച്‌, ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലയസാധ്യതകളിലേക്ക് വികസിക്കുന്ന ബിജീഷിന്റെ മ്യൂസിക് കമ്പോസിഷനാണ് ഈ നൃത്ത ശില്പത്തിന് തിരക്കഥ തീർത്തത്. ആ ആലാപനം കൃതിയുടെ നട്ടെല്ലും.

മോയിൻകുട്ടി വൈദ്യരുടെ കൃതിയുടെ അന്തഃസാരവും ഗഹനതയും ഉൾക്കൊണ്ടുചെയ്ത ഈ സംഗീതകൃതി, വൈദ്യർ ആലാപനത്തിന് പുതിയൊരു രീതിശാസ്ത്രം നൽകുന്നു. വൈദ്യരുടെ പദപ്രയോഗങ്ങൾ ആത്മീയ ദർശനങ്ങളുടെ ഗൂഢാർഥങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും അവ ആലാപനം ചെയ്യുമ്പോൾ സ്വരവിസ്താരത്തിലൂടെ നൽകാനാവുന്ന പരമാവധി വ്യാഖ്യാനം എന്തെന്നും തിരിച്ചറിഞ്ഞു, നൃത്തത്തിന്റെ താളബദ്ധതയ്ക്കും അവതരണത്തിന്റെ കെട്ടുറപ്പിനും ഭംഗമാകാതെ നിർമിച്ച ഈ കമ്പോസിഷൻ വൈദ്യർ കൃതികളുടെ സംഗീത പരാവർത്തനങ്ങൾക്ക് ആമുഖമായിത്തീരുന്നു.

കൃതിയുടെ ബാഹ്യാർഥത്തിൽ, ഒരു പ്രണയകഥയിലെ കാല്പനികമായ വഴിഞ്ഞൊഴുക്കിലേക്ക് വഴുതി വീഴാനുള്ള സാധ്യതയെ, ഭാവാത്മകത ഒട്ടും ചോരാതെ, ഭരതനാട്യത്തിന്റെ ചിട്ടയിലും ക്ലാസിക്കൽ നിലനിൽപ്പിലും നിലകൊള്ളുന്ന കരുത്തുള്ള കാവ്യശില്പമാക്കി തീർത്തതിൽ കൈവരിച്ച വിജയത്തിൽ നൃത്തസംഘത്തിന് അഭിമാനിക്കാം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസിക്കൽ അവതരണ കലകളുടെ നാട്യ സങ്കേതങ്ങൾ, വേഷങ്ങൾ, നാടോടി നൃത്തത്തിന്റെയും ഒപ്പനയുടെയും ശൈലികൾ, മലയാള സിനിമയിലെ മരംചുറ്റി നടനത്തിന്റെ മാതൃകകൾ വരെയുള്ള, ക്ലാസിക്കലും പോപ്പുലറുമായ മലയാളത്തിന്റെ നൃത്തരൂപങ്ങളുടെ ശൈലികളാകെ, ഈ അമ്പത്തെട്ട് മിനിറ്റ്‌ കോറിയോഗ്രഫിയിൽ മിന്നലാട്ടം നടത്തുന്നു.

ഹുസുനുൽ ജമാൽ ബദറുൽ മുനീർ  നൃത്ത സംഗീത ശിൽപ്പത്തിൽ  സൈല സലീഷും സംഘവും

ഹുസുനുൽ ജമാൽ ബദറുൽ മുനീർ നൃത്ത സംഗീത ശിൽപ്പത്തിൽ സൈല സലീഷും സംഘവും

സാലഭഞ്ജികരായ നർത്തകർ വന്ന്, കരുണാനിധിയും കാരുണ്യവാനും, ആദിയിൽ ഉള്ളവനും എന്നും നിലനിൽക്കുന്നതുമായ അസ്തിത്വത്തിന്റെ ഉണ്മയ്ക്കുമുമ്പിൽ, ദാർവീഷുകളെപ്പോലെ ഉടൽചുറ്റിക്കറങ്ങി നമസ്കരിച്ചുവീണ് ആരംഭിച്ച രംഗം, 'പൂമകളാണ് ഹുസുനുൽ ജമാൽ’ എന്ന് പ്രസിദ്ധമായ ഇശലിൽ, ഹുസുനുൽ ജമാലിനേയും ബദറുൽ മുനീറിനേയും പരിചയപ്പെടുത്തുന്ന ഖണ്ഡത്തോടെ കഥനം ആരംഭിക്കുന്നു.

ഇരുവരും പ്രേമം പ്രഖ്യാപിച്ച്‌ നാടു വിടാൻ തീരുമാനിക്കുന്ന കാര്യം ഒളിച്ചുകേൾക്കുന്ന അബു സ്വയ്യാദ് നൽകുന്ന വിവരപ്രകാരം, മന്ത്രിപുത്രനായ ബദറുൽ മുനീറിനെ പിതാവ് തടങ്കൽവെക്കുന്നു. കുതിരപ്പുറത്ത് എത്തിയ അബൂ സ്വയ്യാദിനൊപ്പം ആളറിയാതെ പുറപ്പെട്ട ഹുസുനുൽ ജമാൽ, സൂര്യൻ ഉദിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. കോപാകുലയായ ഹുസുനുൽ ജമാൽ നടത്തുന്ന തുടർയാത്രയുടെ രംഗങ്ങൾ. വജ്രങ്ങളും മുത്തുകളും മൂല്യം തിരിച്ചറിഞ്ഞ്‌ വിലകെട്ടൽ. ശത്രുക്കളുമായുള്ള യുദ്ധം.

ഒടുവിൽ ശരീരത്തിനും മനസ്സിനും മുറിവേറ്റ്, മുഷ്താഖ് എന്ന ജിന്നിന്റെ ഉടമസ്ഥതയിൽപ്പെട്ട ഭാഗ്‌സുറൂർ തോട്ടത്തിൽ അൽപ്പനേരം മയങ്ങുന്നു. ബദറുൽ മുനീറിനെ സ്വപ്നം കാണുന്നു. സ്വപ്നത്തിന്റെ മൂർച്ഛയിൽ ഇരുവരും ഇരുന്നാനന്ദിക്കുന്ന മരക്കൊമ്പ് ഇടിഞ്ഞു വീഴുന്നു. സ്വപ്നം ഞെട്ടി ഉണരുന്നു. അപ്പോൾ ഒരു അസാധാരണ ശബ്ദംകേട്ട് അവൾ ബോധരഹിതയാകുന്നു.

അൽപ്പനേരം കഴിഞ്ഞുണർന്ന്, മുമ്പ് മരക്കൊമ്പിൽ തൂക്കിയിട്ട മാലകൾ എടുത്തണിയുന്നു. കൂട്ടത്തിൽ വില പിടിച്ച ഒരു മാല കാണാനില്ല. ചുറ്റും നോക്കി. ഒരു പുരുഷൻ. ജിന്നു ലോകത്തുള്ള മുഷ്താഖ് ആണയാൾ. അയാളുടേതായിരുന്നു ആ ശബ്ദം. 'നീയെടുത്തോ മാല? എങ്കിൽ മാല തരിക’. അവൾ മുഷ്താഖിനോട് കയർത്തു.

'തന്നോട് കളിക്കാൻ വരേണ്ട. അരിശത്തിന്റെ കുതിരപ്പുറത്തണഞ്ഞവളാണുതാൻ. ദൈവവിധിയെ പടച്ചട്ടയാക്കിയവൾ. തീരുമാനിച്ചുറച്ച്‌ ചോരക്കളത്തിലിറങ്ങിയവൾ. മാണിക്യം നഷ്ടപ്പെട്ട സർപ്പത്തെപ്പോലെ എല്ലാം കയറിക്കടിക്കുന്നവൾ’.

ഹുസുനുൽ ജമാൽ തന്റെ രൗദ്രഭാവം മുഴുവൻ പുറത്തെടുക്കുന്നു. എന്നാൽ നല്ലവനായ മുഷ്താഖ് താൻ മാല എടുത്തിട്ടില്ല എന്നും തന്റെ കൂടെ വന്നാൽ വിലപിടിപ്പുള്ള ഏറെ മാലകൾ തരാമെന്നും പറയുന്നു. തനിക്ക് ഹുസുനുൽ ജമാലിനോടുള്ള അഭിനിവേശം അറിയിക്കുന്നു. അവളെ അവൻ ജിന്ന് ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോവുന്നു.  ഒരു കുളത്തിൽ മുക്കിനിവർത്തി ദേഹത്തുള്ള മുറിവുകൾ മാറ്റിക്കൊടുക്കുന്നു. ആരെയും ഭയപ്പെടാതെ മനസ്സ് കലങ്ങിടാതെ കഴിഞ്ഞുകൊള്ളാൻ പറയുന്നു.

'കരയണ്ടാ മനസ്സ് ബെന്ദുരുകണ്ടാ
തിരുമുകം കലങ്ങണ്ടാ
ബെറുഫൊന്നും ബിജാരിക്കണ്ടാ
ഖ്വസ്വ്റിന്നിറങ്ങണ്ടാ ഒരുത്തെരെ ബയെഫെടണ്ടാ’
തന്റെ ആത്മ രഹസ്യങ്ങൾ അവൾ ഉള്ളിലൊതുക്കുന്നു. ഇരുവരും ചതുരംഗം കളിച്ചും സന്തോഷിച്ചും കഴിയവേ, ഒരുനാൾ തമ്മിലടുക്കുന്നു. എന്നാൽ പൊടുന്നനെ ബോധത്തിലേക്കുണർന്ന് തനിക്ക് ശാരീരിക സല്ലാപത്തിനുപറ്റാത്ത ഒരു രോഗമുണ്ടെന്ന് മുഷ്താഖിനെ അറിയിക്കുന്നു. അപ്പോൾ നിന്റെ അനുമതി കിട്ടാതെ താൻ സംഗമം ചെയ്യില്ല എന്ന് മുഷ്താഖ് വാഗ്ദാനം നൽകുന്നു.

ഫുവേ നിൻ ബരുത്തം ഫൊറുേഫാളം
ഫൊറുത്തില്ലയെങ്കിൽ മരിഫോളം
തുവ്വെ സംഗം ഞാൻ ചെയ്യുന്നതല്ല
തുമൈ ഒന്നിച്ചിരിഫാെയ്യെ ചൊല്ലാൻ
ഒടുവിൽ ബദറുൽ മുനീറൊഴികെ ആരും തന്റെ തടി പുൽകരുത്, മെഹബൂബിന്റെ ഇഷ്‌ഖിന് മെഹറാക്കിയതാണ് ഈ ശരീരം എന്ന ആത്മഗതം നിറയുന്ന ഇശലിന്റെ പശ്ചാത്തലത്തിൽ ഹുസുനുൽ ജമാൽ തനിച്ചാകുന്നു.

“അകത്തെൻ ബദ്റുൽ മുനീറാെയ്യെ
ആരും ചേരരുദെന്നുടെ മെയ്യെ
മഹ്റൂം തടി നിച്ചയമാക്കി
മഹ്ബൂബിനെ ബെത്ത് ഞാൻ ഇശ്ഖ്വിൽ...”
മുഷ്താഖും ബദറുൽ മുനീറും രംഗം വിടുന്നു. ഹുസുനുൽ ജമാൽ മാത്രം ബാക്കിയാവുന്നു.  വിലയത്തിന്റെ തൊട്ടുമുമ്പിലെ തീവ്രവിരഹം. സക്കറാത്തുൽ മൗത്ത്. പ്രണയിനിയും മാഞ്ഞു പ്രണയം മാത്രം ബാക്കിയാവുന്ന അദ്വൈതം. പക്ഷേ നൃത്തം നിർത്തേണ്ടിടത്ത് നിർത്തുന്നു. ശില്പങ്ങൾ കഥ പറയുംപോലെ. ഭരതനാട്യത്തിന്റെ ശില്പചാരുതകൾ ഭാരതീയ ശില്പശാസ്ത്രവുമായി സമന്വയം കണ്ടെത്തുന്ന പോസ്ച്ചറുകൾ.

അഞ്ഞൂറുവർഷത്തെ അധിനിവേശ ചരിത്രത്തിൽ ബ്രിട്ടീഷ് മേൽക്കോയ്മ പകർന്ന വിക്‌ടോറിയൻ സദാചാരത്തോടും കൊളോണിയൽ നീതിശാസ്ത്രത്തോടും ഉള്ള കവിയുടെ സൗന്ദര്യശാസ്ത്രപരമായ ഈ പ്രതികരണം കാവ്യചരിത്രമായത് മറ്റൊന്നും കൊണ്ടല്ല.

അഞ്ഞൂറുവർഷത്തെ അധിനിവേശ ചരിത്രത്തിൽ ബ്രിട്ടീഷ് മേൽക്കോയ്മ പകർന്ന വിക്‌ടോറിയൻ സദാചാരത്തോടും കൊളോണിയൽ നീതിശാസ്ത്രത്തോടും ഉള്ള കവിയുടെ സൗന്ദര്യശാസ്ത്രപരമായ ഈ പ്രതികരണം കാവ്യചരിത്രമായത് മറ്റൊന്നും കൊണ്ടല്ല. വിക്‌ടോറിയൻ സദാചാരത്തോടും തുർക്കി മദ്രസാ വിദ്യാഭ്യാസ മതിലകത്ത് നിന്ന് ശീലിച്ചുവശായ സംഗമ ശീലുകളോടും എതിരിടുന്ന കൃതിയുടെ ഭാവുകത്വ പരിസരത്തോട് സൂക്ഷ്മമായ നിലയിൽത്തന്നെ പ്രതികരിക്കാൻ നൃത്ത ശില്പത്തിനുകഴിഞ്ഞു.

കാല്പനികത വഴിയുന്ന, വിചാര ലോകങ്ങളെ ഭാവനയുടെ ലക്ഷണമൊത്ത ഇമേജറികളുടെ ലോകത്തേക്ക് വിന്യസിപ്പിക്കുന്ന, ഇന്ത്യൻ മിനിയേച്ചർ പെയിന്റിങ്ങിലെ രാഗമാലികാ ചിത്രീകരണത്തിന്റെ  അനുഭവംപോലുള്ള ഈ മഹാകാവ്യത്തെ, നൃത്തശില്പം എല്ലാ നിലയിലും അതിന്റെ ശൈലീ വല്ലഭത്വത്തിൽ സന്നിവേശിപ്പിച്ചു. സന്നിവേശങ്ങളുടെ പുതിയ കലാരൂപമായി കോറിയോഗ്രഫിയുടെ സാധ്യതകൾ ഇവിടെ അനന്തമായി നിലകൊള്ളുന്നു.

നന്ദി സൈല, നന്ദി ബിജീഷ്. സംസ്കൃതിയുടെ ഒരു മഹത്തായ ഈടുവയ്‌പിനെ തിരിച്ചറിഞ്ഞതിന്. നമ്മുടെ പ്രാദേശിക ജീവിത സമ്പന്നതകളെ ക്ലാസിക്കലാക്കി അനശ്വരമാക്കിയതിന്. മൃതപ്രായമായിക്കൊണ്ടിരിക്കുന്ന ഒരു സൗന്ദര്യാനുഭവത്തെ പുനഃസൃഷ്ടികൊണ്ട് പുനർജന്മം നൽകിയതിന്. നന്ദി ശ്രീക്കുട്ടൻ, അർജുൻ, സബിത, സലീഷ്, ആവാസ്... നന്ദി  .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top