24 September Sunday

അന്നദാതാവിനെ മറക്കല്ലേ

കെ എ മുരളീധരൻUpdated: Sunday Jun 4, 2023

കണക്കുനാറാപിള്ള നാടകത്തിൽ അലക്സ് വള്ളികുന്നം

കർഷകർക്കും മണ്ണിനും സ്ഥാനമില്ലാത്ത ഇടമായി മാറിയിരിക്കുന്നു മനുഷ്യമനസ്സ്. ഭക്ഷണശാലകളുടെ പകിട്ടിലാണ് നഗരവാസികൾക്ക് ഭ്രമം. ഗ്രാമത്തിൽ വസിക്കുന്നവരും അവരെ പിന്തുടരുന്നു. പട്ടണത്തിലെ ഭക്ഷണശാലകൾ ചെറുപട്ടണങ്ങളായി രൂപാന്തരപ്പെടുന്ന ഗ്രാമങ്ങളിലേക്കും അധിനിവേശം നടത്തുന്നു. വിവാഹ, അടിയന്തര ആഘോഷങ്ങളിൽ ആഹാരം വിളമ്പുന്നത് കാറ്ററേഴ്സ് ആണ്. സദ്യ, സസ്യവിഭവങ്ങളോ സസ്യേതര വിഭവങ്ങളോ ആണെങ്കിലും സ്ഥിതി ഒന്നുതന്നെ. ഇങ്ങനെ റസ്റ്റോറന്റുകളിലും കൺവൻഷൻ സെന്ററുകളിലുമെത്തി ഭക്ഷണം ആമാശയത്തിലാക്കുന്നവർക്ക് അതിന്റെ സ്രോതസ്സ് (ഉറവിടം) അന്വേഷിക്കേണ്ട കാര്യം വേണ്ടന്നോ. വയലും പറമ്പും അവിടെ വിളയുന്ന നെല്ലും ധാന്യങ്ങളും കർഷകനും കർഷകത്തൊഴിലാളിയുമൊന്നും അവരുടെ മനോമുകുരത്തിൽ തെളിയുന്നില്ലെന്നോ. കർഷകന്റെ വിയർപ്പിന്റെ ഉപ്പുരസംകൂടി കലർന്നതാണ് തങ്ങൾ ആഹരിക്കുന്നതെന്ന് അവർ ചിന്തിക്കുന്നില്ല; അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

വികസനത്തിന്റെ അജൻഡയിൽ ഇന്ന് യന്ത്രങ്ങളും പുകക്കുഴലുകളും പാലങ്ങളും നെടുമ്പാതകളുമേയുള്ളൂ. കതിരും കാളയും കലപ്പയും ചക്രവും ട്രാക്ടറുകളുമില്ല. വ്യവസായ സംരംഭകത്വവും വിദേശ പങ്കാളിത്തവും ജിഡിപിയും വളർച്ചയുമൊക്കെ ചർച്ച ചെയ്യുന്ന നക്ഷത്രവേദികളിൽ കർഷകന് സ്ഥാനവുമില്ല.  കർഷകന്റെ പ്രതിനിധിയെയാണ് അലക്സ് വള്ളികുന്നം തന്റെ "കണക്കുനാറാപിള്ള' എന്ന ഏകപാത്രനാടകത്തിലൂടെ രംഗത്തവതരിപ്പിക്കുന്നത്. "ഏകപാത്രനാടകമെന്ന സംജ്ഞയുടെ ഉപജ്ഞാതാവും ആ വിഷയത്തിൽ സ്വതന്ത്രഗവേഷണവും പഠനവും നടത്തുന്ന അലക്സ് വള്ളികുന്നം പുതുശ്ശേരി രാമചന്ദ്രന്റെ കവിതയെ ഉപജീവിച്ച് എഴുതി സംവിധാനംചെയ്ത് അഭിനയിച്ച സമ്പൂർണ ഏകപാത്രനാടകമാണത്. കർഷകന്റെ രോദനത്തിന് ചെവികൊടുക്കാതെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നു നമ്മൾ. ആസന്നഭാവിയിൽ ഭക്ഷ്യദൗർലഭ്യംമൂലം ലോകം കഷ്ടതയനുഭവിക്കുമെന്ന് ആശങ്കപ്പെടുന്നു.  "ഇനിയെങ്കിലും കർഷകർക്ക് പ്രയോജനമുള്ള ഒരു ബിൽ കൊണ്ടുവന്ന് ഞങ്ങളെ രക്ഷിക്കണേ സർക്കാരേ... അല്ല പിന്നല്ലാതെ...' എന്ന് പിറുപിറുത്തുകൊണ്ട് നിൽക്കുകയാണ് ഈ കർഷകവൃദ്ധൻ. അയാൾ നമ്മുടെ അന്നദാതാവാണ്. കർഷകരെ അവഗണിച്ചാലുണ്ടാകുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണ് തിരുവനന്തപുരം ഒരിടം തിയറ്ററിന്റെ ബാനറിൽ അലക്സ് ഒരുക്കുന്ന ഈ നാടകം. അഖിലേന്ത്യാ തലത്തിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറങ്ങിത്തിരിച്ച ഈ കർഷകൻ അരങ്ങിൽ കാഴ്ചക്കാരുടെ മുന്നിൽ ചോദ്യമാകുന്നു. ഒറ്റയാൾ അഭിനയത്തിലൂടെ വളരെ വിസ്തൃതമായ കാർഷികലോകം അനാവൃതമാക്കാനും നാടകസന്ദേശം  ശക്തമായി കാണികളിലേക്ക് എത്തിക്കാനും അലക്സിന് കഴിഞ്ഞിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top