02 July Wednesday

പഞ്ചതന്ത്രം കഥ ഇനി ഭരതനാട്യ മുദ്രകളില്‍; വേറിട്ട നൃത്താവിഷ്‌കാരവുമായി രാജശ്രീ വാര്യര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2017

കൊച്ചി > ഭരതനാട്യത്തില്‍ വേറിട്ട പ്രമേയവും വ്യത്യസ്തമായ നൃത്ത ശൈലിയുമൊരുക്കി പ്രശസ്ത നര്‍ത്തകി രാജശ്രീ വാര്യര്‍. പഞ്ചതന്ത്രം കഥകളുടേയും ബൗദ്ധസാഹിത്യത്തിലെ പ്രധാന വിഭാഗമായ ജാതക കഥകളുടേയും നൃത്താവിഷ്‌കാരം അരങ്ങിലെത്തിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍ രാജശ്രീ. ഭരതനാട്യത്തിലൂടെ പ്രത്യേകം രൂപപ്പെടുത്തിയ മുദ്രകളടക്കം ഉപയോഗിച്ച് കഥപറയുന്ന രീതിയാണ് രാജശ്രീ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന കലാരൂപം ഇന്‍വിസ്‌  മള്‍ട്ടി മീഡിയ അടുത്ത് തന്നെ ഓണ്‍ലൈനിലൂടെ പുറത്തിറക്കും. 

കഥ പറച്ചിലിന്റെ പുതിയ രീതി കുട്ടികളിലേക്കെത്തുമെന്നതിനോടൊപ്പം നൃത്ത ഭാഷയുമായി അവരെ കൂടുതല്‍ അടുപ്പിക്കുക എന്ന പ്രധാന ലക്ഷ്യമാണ് തനിക്കുള്ളതെന്ന്  രാജശ്രീ പറഞ്ഞു. മുദ്രകള്‍ എങ്ങിനെ ഉപയോഗിക്കും എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഭരതനാട്യത്തില്‍ ഓരോ മുദ്രകളും ഓരോ മൃഗങ്ങളെ സൂചിപ്പിക്കാനുള്ളതാണ്. എന്നാല്‍ തെരഞ്ഞെടുത്തിരിക്കുന്ന കഥയില്‍ പൂച്ച, സിംഹം, പന്നി, കാട്ടുപോത്ത് എന്നിവയെല്ലാം കടന്നുവരുന്നുണ്ട്. വൈകാരികത നിറഞ്ഞുനില്‍ക്കുന്നതും നിരവധി ജീവിവര്‍ഗ്ഗങ്ങളേയുമെല്ലാം കഥയുടെ ഭാഗമാക്കേണ്ടതുണ്ട്. അതിനാല്‍ ഭരതനാട്യത്തില്‍ നിലവിലുള്ള മുദ്രകള്‍കൊണ്ട് അത് സാധ്യമാകുന്നില്ലെന്നും പ്രത്യേകമായി മുദ്രകള്‍ തന്നെ രൂപ്പെടുത്തിയിട്ടുണ്ടെന്നും നര്‍ത്തകി വ്യക്തമാക്കി.



അറുപത് കഥകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അതില്‍ 20 എണ്ണം നാട്യത്തിനും 20 എണ്ണം നൃത്തത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഥകളിലെ പ്രത്യേകമായ ഒരു സംഭവം തെരഞ്ഞെടുത്ത് വിശദമായി അത്‌ വിവരിക്കുന്ന വിധമാണ് ബാക്കി 20 കഥകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഏറെ പുതുമ നിറഞ്ഞുനില്‍ക്കുന്ന കലാവിരുന്നനായി സംഗീത ഉപകരണങ്ങള്‍ ഒന്നും ഇല്ലെന്നും ഒരു പ്രത്യേക താളത്തിന്റെ അകംബടിയോടെ കഥപറഞ്ഞ് പോകുകയാണെന്നും രാജശ്രീ വിശദീകരിച്ചു.

അക്‌‌ബര്‍, ബീര്‍ബല്‍, തെന്നാലി രാമന്‍ എന്നിവരുടെ കഥകളും നൃത്ത രൂപത്തില്‍ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നതായും രാജശ്രീ പറഞ്ഞു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top