29 March Friday

കറുത്ത മഷിപ്പേരുള്ള പുസ്‌തകം

നീനാപ്രസാദ്Updated: Wednesday Oct 5, 2016

സാമാന്യലോകത്ത് അസാമാന്യമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് കലാകാരന്മാര്‍. ഒരു ജീവിതത്തിനകത്തു ജീവിക്കുന്ന ഈ  അപരജീവിതത്തിന്റെ ലോകം മറ്റുള്ളവര്‍ക്കുമിഥ്യയും അവര്‍ക്ക് യഥാര്‍ഥ്യത്തിലും വലിയ വാസ്തവവുമാണ്. ശാന്താറാവുവിന്റെ രഹസ്യാത്മകജീവിതത്തിന് കലാത്മകമായ ഏതെല്ലാമോ നീതികളുണ്ടായിരുന്നിരിക്കാം. ഏതായാലും പുറമെ അവര്‍ നിഗൂഢതകളുടെ കൊട്ടാരമായിരുന്നു.

'ശാന്താറാവു'.....
അന്ന് ആ പേര് ലക്ഷ്മണ്‍ മാസ്റ്റര്‍ പറഞ്ഞ മാത്രയില്‍ ഞാനൊന്നുകൂടി ആ മുഖത്തേക്കുറ്റു നോക്കി. ചിലപ്പൊഴങ്ങനെയാണ.് ഹൃദയത്തിന്റെ ബി നിലവറയിലൊളിപ്പിച്ച മോഹങ്ങളും മോഹഭംഗങ്ങളും ആകസ്മികമായൊരു അപ്രതീക്ഷിത നിമിഷത്തില്‍ തനിയെ വാതില്‍ തുറന്നുപുറത്തു വരും. ഗവേഷണങ്ങളില്‍ ഇത്തരമനുഭവങ്ങള്‍ സമൃദ്ധമാണ്. നമ്മള്‍ തേടിനടക്കുന്നവ ഇപ്പോള്‍ കാണുമെന്ന തോന്നലുളവാക്കി മറഞ്ഞിരിക്കുകയും ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യും. അപ്രതീക്ഷിതങ്ങളുടെ യാദൃശ്ചികശോഭയാണ് ഗവേഷകജീവിതം.

കലാമണ്ഡലത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ മോഹിനിയാട്ടത്തിന്റെ നഷ്ടജാതകം തിരുത്തിയെഴുതപ്പെട്ട ചരിത്രസന്ദര്‍ഭത്തിലെ കലാകാരികളിലൊരാളായ ശാന്താറാവു അന്നും ജീവിച്ചിരിപ്പുണ്ടെന്നുപോലും എനിക്കറിയുമായിരുന്നില്ല. ഉദ്വേഗത്തോടെ ഞാന്‍ മാസ്റ്ററോട് ചോദിച്ചു:
"മാസ്റ്റര്‍, അവര്‍ മോഹിനിയാട്ടത്തിലെ പഴയ നര്‍ത്തകിമാരിലൊരാളായിരുന്നു. അവര്‍ മദ്രാസിലായിരുന്നോ?''”
"എന്നെടീ ശാന്താറാവു ഉയിരോടെയിറുക്കേ, ബാംഗ്ളൂരിലെ. പാക്കമുടിയുമാ തെരിയാത്. നീ കേട്ടുക്കോ.''”
ഞാന്‍ തരിച്ചിരുന്നു. എങ്കിലിതുവരെ ആരും അവരെക്കുറിച്ച് പറയാത്തതെന്ത്? ഒരു വേദിയിലും അവരെ കാണാത്തതെന്ത്? ആരോഗ്യപരമായ പ്രശ്നങ്ങളാവുമോ? അതോ അജ്ഞാതമായ എന്തെങ്കിലും കാരണങ്ങളുണ്ടാവുമോ? അവരിപ്പൊഴും നര്‍ത്തകിയായി ജീവിക്കുന്നുണ്ടാവുമോ? അനേകം ചോദ്യത്തിരമാലകള്‍ ഒന്നിച്ചു പൊങ്ങിവന്നു. ഉത്തരം തേടണമെന്നു മനസ്സിലുറപ്പിച്ചു.

നിഗൂഢതകളുടെ രാജ്ഞി

സാമാന്യലോകത്ത് അസാമാന്യമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് കലാകാരന്മാര്‍. ഒരു ജീവിതത്തിനകത്തു ജീവിക്കുന്ന ഈ അപരജീവിതത്തിന്റെ ലോകം മറ്റുള്ളവര്‍ക്ക് മിഥ്യയും അവര്‍ക്ക് യഥാര്‍ഥ്യത്തിലും വലിയ വാസ്തവവുമാണ്. ശാന്താറാവുവിന്റെ രഹസ്യാത്മകജീവിതത്തിന് കലാത്മകമായ ഏതെല്ലാമോ നീതികളുണ്ടായിരുന്നിരിക്കാം. ഏതായാലും പുറമെ അവര്‍ നിഗൂഢതകളുടെ കൊട്ടാരമായിരുന്നു. ശാന്താറാവുവിനെക്കുറിച്ച് ആധികാരികരേഖകള്‍ ഇന്ന് വളരെക്കുറച്ചേയുള്ളൂ. അവര്‍ക്കു മുന്‍തലമുറയിലെ കലാകാരികളെക്കുറിച്ചുവരെ ഇതില്‍ക്കുടുതല്‍ വിവരങ്ങള്‍ ഇന്നു വിരല്‍ത്തുമ്പത്തുലഭിക്കും. എല്ലാ പ്രകടനപരതകള്‍ക്കും എതിര്‍നിന്ന്, ഫോട്ടോകളും വീഡിയോകളും വരെ പരമാവധി നിഷേധിച്ചുജീവിച്ച ശാന്താറാവു അവരുടെ ആഗ്രഹം പോലെത്തന്നെ മണ്ണില്‍ അലിഞ്ഞുപോയി. ഇനിയൊരു കാലത്ത് ചരിത്രത്തിന്റെ അറിയാപ്പുറങ്ങള്‍ അന്വേഷിച്ചുപോകുന്ന കലാവിദ്യാര്‍ഥികള്‍ക്കോ ഗവേഷകര്‍ക്കോ മുന്നില്‍ മറ്റാരെയും പോലെ ശാന്താറാവു തെളിഞ്ഞുനില്‍ക്കില്ല. സ്വയം തീന്‍മേശയില്‍ വിളമ്പിവയ്ക്കുന്നവരുടെ ഇടയില്‍ തല്‍ക്കാലത്തിന്റെ മാത്രം രാജ്ഞിയായി അവര്‍ മറഞ്ഞു. തിരുശേഷിപ്പുകളില്‍ അവിശ്വാസവും നിസ്സാരതയും ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നുവോ ശാന്താറാവുവിന്?  ഉത്തരമില്ലാച്ചോദ്യങ്ങളുടെ പരമ്പരകള്‍ ബാക്കിയാക്കുകയേ നിവൃത്തിയുള്ളൂ.

കേരളത്തിലെ കലാപ്രത്യക്ഷങ്ങളെ പഴയ വിഘടിതാവസ്ഥയില്‍ നിന്ന് ആധുനികകാലത്തിലേക്കു സ്ഥാപനവല്‍ക്കരിച്ചത് കലാമണ്ഡലത്തിലൂടെയായിരുന്നു.അനിതരസാധാരണമായ സൌന്ദര്യബോധമുണ്ടായിരുന്ന മഹാകവി വള്ളത്തോള്‍, സ്ത്രൈണസൌന്ദര്യവും ഭാവനകളും ആവിഷ്കരിക്കുന്ന, ശ്രദ്ധാര്‍ഹമായ കലാരൂപമായി മോഹിനിയാട്ടത്തെ തിരിച്ചറിയുകയും കലാമണ്ഡലത്തില്‍ അഭ്യസനമാരംഭിക്കുകയും ചെയ്തപ്പോഴുള്ള ആദ്യകാല വിദ്യാര്‍ഥിനിയാണ് ശാന്താറാവു. കഥകളി പഠിക്കാനായി കലാമണ്ഡലത്തിലെത്തിയ ശാന്താറാവു ആധുനിക കഥകളിയുടെ മഹാചാര്യനായ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ ശിഷ്യയായി. ഉഗ്രപ്രതാപിയായ രാവുണ്ണിമേനോനാശാന്റെ കളരിയില്‍ പഠിച്ചുപോന്നതിന്റെ ഗര്‍വ് എന്നും ശാന്താറാവു ആവര്‍ത്തിച്ചു. മോഹിനിയാട്ടക്കളരിയിലെ ആദ്യകാല അധ്യാപകനായ കൃഷ്ണപ്പണിക്കരാശാന്റെ കീഴില്‍ മോഹിനിയാട്ടവും ശാന്താറാവു അഭ്യസിച്ചു. പിന്നീട് തമിഴ്നാട്ടിലെത്തി, ഭരതനാട്യത്തിലെ എതിര്‍വാക്കില്ലാത്ത നട്ടുവന്‍ മീനാക്ഷിസുന്ദരം പിള്ളയില്‍ നിന്ന് ഭരതനാട്യപഠനം.

ഇരുപതാം നുറ്റാണ്ടിന്റെ അര്‍ധദശകങ്ങളില്‍ ശാന്താറാവുവിന്റെ നൃത്തപ്രസിദ്ധി അന്തര്‍ദേശീയമായി ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. ഇന്ത്യയുടെ സാംസ്കാരിക അംബാസിഡറായി യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനങ്ങള്‍ നടത്തിയ ശാന്താറാവുവിന്റെ നൃത്തത്തിന് പ്രകടമായിത്തന്നെ കഥകളിയുടെ സ്വാധീനമുണ്ടെന്ന് കലാവിചക്ഷണര്‍ അഭിപ്രായപ്പെട്ടിരുന്നു. നൃത്തത്തില്‍ പൌരുഷസ്പര്‍ശമുള്ള ഊര്‍ജസ്വലത നിലനിര്‍ത്തിയ ശാന്താറാവുവിന്റെ നൃത്തം ലാസ്യവിലാസമെന്നതിലുപരി സാമാന്യേന ഉദ്ധതമായിരുന്നു; അവരുടെ ശരീരപ്രകൃതിയെ സാധൂകരിക്കും വിധം. എന്നാല്‍ പ്രാചീനമായൊരു ക്ളാസിസിസം, ഏതു നൃത്തത്തെയും അതാക്കിത്തീര്‍ക്കുന്ന അനിര്‍വചനീയമായൊരു സങ്കേതദാര്‍ഢ്യം ശാന്താറാവുവിന്റെ നൃത്തത്തെ ചൂഴ്ന്നുനിന്നു.

ശാന്താറാവുവിന്റെ കലാമണ്ഡലക്കാലത്തു സഹപാഠിയായിരുന്ന കല്യാണിക്കുട്ടിയമ്മയുടെ പുസ്തകത്തില്‍ ആണിനെപ്പോലെ ആജാനബാഹുവായിരുന്ന ശാന്താറാവുവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. അവര്‍ തമ്മില്‍ അന്നുണ്ടായിരുന്ന സ്പര്‍ധയെക്കുറിച്ചും മറയില്ലാതെ കല്യാണിക്കുട്ടിയമ്മ വിശദീകരിച്ചിട്ടുണ്ട്. കലാമണ്ഡലത്തിന്റെ ആദ്യകാല നൃത്താധ്യാപകനായ കൃഷ്ണപ്പണിക്കരാശാനെ ശാന്താറാവു കൂട്ടിക്കൊണ്ടുപോവുകയും അവരുടെ വാക്കുകളില്‍ 'അവസാനം വരെ നോക്കുകയും' ചെയ്തു. കുച്ചിപ്പുഡിയിലെ എന്റെ ഗുരുനാഥനായ മഹാചാര്യന്‍ വെമ്പട്ടി ചിന്നസത്യം മാസ്റ്ററുമായി ശാന്താറാവുവിനുണ്ടായിരുന്ന സ്വകാര്യബന്ധത്തെക്കുറിച്ച് മറ്റു പലര്‍ക്കും അറിയാവുന്നതുപോലെ ഞാനും അറിഞ്ഞിട്ടുണ്ട്.

മറ്റാര്‍ക്കും പങ്കുവയ്ക്കപ്പെടാനുള്ളതല്ല ഈ കലയും ഈ കലാകാരനുമെന്ന മട്ടില്‍ സ്വാര്‍ഥമായി മാസ്റ്ററെ സ്നേഹിച്ചിരുന്ന ശാന്താറാവുവിനെക്കുറിച്ച് ചിന്നസത്യം മാസ്റ്റര്‍  ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്. രത്നഹാരിയായ പഴയ രാജാക്കളെപ്പോലെ, താനാഗ്രഹിക്കുന്നവയെല്ലാം തന്റേതുമാത്രമാക്കുന്ന ശാഠ്യബുദ്ധി ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഏതു കലാകാരിക്കുമുണ്ടാവും. എന്നാല്‍ ഒരു ജീവിതമൊന്നാകെ, മനസ്സ് സമതുലിതമാകേണ്ട വാര്‍ധക്യത്തില്‍വരെ അതേ സമീപനം കാത്തുസൂക്ഷിക്കപ്പെടുക എന്ന അപൂര്‍വപ്രതിഭാസമായിരുന്നു ശാന്താറാവു. ഏറ്റവും ഉത്കൃഷ്ടമായവയെ അവയര്‍ഹിക്കുന്ന എല്ലാ ആദരവോടും കൂടി അവര്‍ സ്വാംശീകരിച്ചു. എന്നിട്ട് അവയര്‍ഹിക്കുന്ന ഏറ്റവും ഉദാത്തനില തന്നിലാണെന്ന് ഉറച്ച ആത്മവിശ്വാസവും കൈക്കൊണ്ടു.
ഇന്ദിരാഗാന്ധിക്കൊപ്പം ശാന്താറാവു

ഇന്ദിരാഗാന്ധിക്കൊപ്പം ശാന്താറാവു



പോസ്റ്റ് ഡോക്ടറേറ്റ് ചെയ്യുന്ന സമയത്ത് ലണ്ടനിലെ കള്‍ച്ചറല്‍ ആന്റ് ഏഷ്യന്‍ ലൈബ്രറിയില്‍ ഞാന്‍ ബെറില്‍ ഡിസോട്ടെ എഴുതിയ വിവരണത്തില്‍ ശാന്താറാവുവിന്റെ ചേതോഹരമായൊരു വാങ്മയചിത്രം വായിച്ചു. അദ്ദേഹം കലാമണ്ഡലത്തില്‍ എത്തിച്ചേരുന്നു. അതിഥിക്കുവേണ്ടി ഒരുക്കിയ നൃത്തവിരുന്നില്‍ ശാന്താറാവു മോഹിനിയാട്ടം അവതരിപ്പിക്കുന്നു. ശ്യാമശാസ്ത്രിയുടെ കാമാക്ഷി’കീര്‍ത്തനം അവര്‍ അവതരിപ്പിക്കുന്നത് വിസ്മയത്തോടെ അദ്ദേഹം കാണുന്നു. പഴയ ശാന്താറാവുവിന്റെ നൃത്തം നേരിട്ടുകണ്ട പലരില്‍ നിന്നും ഞാന്‍ ശാന്താറാവുവിനെപ്പറ്റി കേട്ടറിഞ്ഞു. അജാനബാഹുവായ, താന്‍പോരിമയുടെ കരുത്തുള്ള, ഊര്‍ജവാഹിയായ അവരുടെ മോഹിനിയാട്ടം എങ്ങനെയായിരുന്നിരിക്കും എന്ന് അനേകതവണ ഭാവനയിലാലോചിച്ചു. നേരിട്ടൊന്നുകണ്ടാല്‍ ചോദിക്കാന്‍ എന്റെ പക്കല്‍ നൂറുചോദ്യങ്ങളുണ്ടായിരുന്നു. പണിക്കരാശാന്‍ പഠിപ്പിച്ച ഇനങ്ങള്‍…അന്നത്തെ മോഹിനിയാട്ടത്തിന്റെ സംഗീതം,ആഹാര്യം…പണിക്കരാശാന്റെ രീതികള്‍.. അങ്ങനെ നീണ്ടുപോവുന്ന ചോദ്യങ്ങള്‍. അങ്ങനെയാണ് ബാംഗ്ളൂരില്‍ അന്വേഷണം തുടങ്ങുന്നത്.

ലക്ഷ്മണ്‍ മാസ്റ്റര്‍ പറഞ്ഞത് ശരിയാണെന്ന് വൈകാതെയറിഞ്ഞു. ശാന്താറാവു ബാംഗ്ളൂരിലുണ്ട്. പക്ഷേ, ഒറ്റക്കൊരു മാളികയില്‍ താമസമാണവര്‍. ആരെയും കാണാന്‍ അനുവദിക്കാറില്ല. ഒരു പൊതുപരിപാടികളിലും പങ്കെടുക്കാറില്ല. ചിലര്‍ പറഞ്ഞു, നിങ്ങളെക്കുറിച്ചറിഞ്ഞാല്‍ ഒരുപക്ഷേ, അവര്‍ സമയം അനുവദിച്ചേക്കും. ഭാഗ്യം പരീക്ഷിച്ചോളൂ. എന്തായാലും എനിക്കവരെ കാണണമായിരുന്നു.

ബാംഗ്ളൂരിലെ ബംഗാരു ഫെസ്റ്റിവലില്‍ ഭാനുമതി എന്ന നര്‍ത്തകിയുടെ സംഘാടനത്തില്‍ ഞാന്‍ മോഹിനിയാട്ടം ചെയ്യാനായി ക്ഷണിക്കപ്പെട്ടു. ഭാനുമതിയക്ക ഭരതനാട്യത്തിന്റെ പരമ്പരാഗതശൈലി നിഷ്കര്‍ഷയോടെ കൈകാര്യം ചെയ്യുന്ന അര്‍പ്പണബോധമുള്ള കലാകാരിയാണ്. അതോടൊപ്പം തികഞ്ഞ സഹൃദയയും. ഇക്കാര്യത്തില്‍ ഞാനവരുടെ സഹായമപേക്ഷിച്ചു. ബാംഗ്ളൂരില്‍ വരുമ്പോള്‍ എങ്ങനെയെങ്കിലും ശാന്താറാവുവുമായി ഒരു നേര്‍ക്കാഴ്ചക്ക് സൌകര്യമൊരുക്കണമെന്ന എന്റെ ആവശ്യം കേട്ടപ്പൊഴേ അവര്‍ പറഞ്ഞു:
 "അയ്യോ, അവര്‍ ആരെയും കാണാന്‍ കൂട്ടാക്കില്ല. ഒരു മാളികയില്‍ തന്റെ പരിചാരകര്‍ക്കൊപ്പം ഒറ്റയ്ക്ക് താമസിക്കുകയാണവര്‍. മാത്രമല്ല, സംസാരിക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ അപമാനിതയായിപ്പോവും. മനുഷ്യത്വമില്ലാതെ അവര്‍ സംസാരിച്ചുകളയും.''”

 എനിക്കതൊന്നും വിഷയമായിരുന്നില്ല. അവരെ കാണുക മാത്രമാണ് എന്റെ ആവശ്യമെന്നും സംസാരിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ അതു ചെയ്യൂ എന്നും ഞാന്‍ വാക്കുനല്‍കി. അങ്ങനെയാണ് എനിക്കു ശാന്താറാവുനെ നേരിട്ടു കാണാനുള്ള അവസരമുണ്ടായത്. ജീവിതത്തിലാദ്യമായും അവസാനമായും.

യാഥാര്‍ഥ്യമാത്തീര്‍ന്ന സ്വപ്നം


ബാംഗ്ളൂരിലെ മല്ലേശ്വരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടം. വാതില്‍ തുറന്നത് കെയര്‍ ടേക്കറെന്നു തോന്നിപ്പിച്ചൊരു സ്ത്രീയായിരുന്നു. അവര്‍ ഞങ്ങളെ മ്യൂസിയമെന്നു തോന്നിപ്പിക്കുന്ന, വിശാലമായൊരു ഹാളിലേക്ക് ആനയിച്ചു. സമ്പന്നതയുടെ സമൃദ്ധി ഓരോ വസ്തുക്കളിലും നിറഞ്ഞിരിക്കുന്നു. വിലയേറിയ ഷാങ്ലിയറും പരവതാനിയുമടക്കം എല്ലാ അലങ്കാരവസ്തുക്കളും ഒട്ടും പൊടിയില്ലാതെ വൃത്തിയായി വെച്ചിരിക്കുന്നു. നെഞ്ചിടിപ്പോടെ കാത്തിരുന്നു. ഒടുവില്‍ ബെഡ്റൂമില്‍ നിന്ന് ശാന്താറാവു പ്രത്യക്ഷപ്പെട്ടു. എഴുന്നേറ്റ് നമസ്കാരം പറയവെ ഞാനവരെ കണ്ണിമവെട്ടാതെ നോക്കി നിന്നു. ഒത്ത ഉയരം.  ചെറിയ പാടുപോലുമില്ലാതെ തിളങ്ങുന്ന മുഖം. പരിമിതവും പ്രകൃതിദത്തവുമായ അലങ്കാരങ്ങള്‍ മാത്രം, കണ്ണെഴുതിയിട്ടുണ്ട്. രാജകീയ നീലനിറമുള്ള ഗാഗ്രചോളി പോലൊരു വേഷം അണിഞ്ഞിരിക്കുന്നു. പ്രായം തൊടാന്‍ പേടിച്ചുപോയ പ്രൌഢസൌന്ദര്യം!

'എന്താണാവോ യുവനര്‍ത്തകിക്ക് എന്നെ കാണാനാഗ്രഹമുണ്ടായത്?''”
ഞാനവരെപ്പറ്റി കെട്ടതും അറിഞ്ഞതുമെല്ലാം ചുരുക്കിപ്പറഞ്ഞു. കാണണമെന്നു വലിയ ആഗ്രഹമായിരുന്നുവെന്നും.
എന്നെ അടിമുടി നോക്കിക്കൊണ്ട് അവര്‍ പറഞ്ഞു:
"നൃത്തം ചെയ്യുക എന്നത് സത്യസന്ധമായ ഒരു വൈയക്തികാവശ്യമാണ്. അവനവന് സന്തോഷിക്കാനും അനുഭവിക്കാനും അഭിരമിക്കാനുമുള്ള ഒരു മാധ്യമാണത്. മറ്റുള്ളവര്‍ക്കായി ഞാനതുദ്ദേശിച്ചിട്ടില്ല. നോക്കൂ, ആ സത്യസന്ധതയാണ് ഈ പ്രായത്തിലും എന്നെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത്. ഞാനിപ്പോള്‍ എണ്‍പതു കടന്നിരിക്കുന്നു.''”
ഞാനവരെ നിര്‍നിമേഷയായി നോക്കി. ശരിയാണ്. ജീവിതത്തിന്റെ തൊണ്ണൂറാം ദശകം പിന്നിട്ടുകൊണ്ടിരിക്കുന്ന അവരെക്കണ്ടാല്‍ അമ്പതുകളില്‍ എത്തിച്ചേര്‍ന്നൊരു സ്ത്രീയെന്നേ ആരും പറയൂ!

ശാന്താറാവുവിന്റെ പ്രാക്ടീസ് മുറി

ശാന്താറാവുവിന്റെ പ്രാക്ടീസ് മുറി

"എന്റെ ആഭരണങ്ങളെല്ലാം അസ്സല്‍ വെള്ളിയിലും സ്വര്‍ണത്തിലും പണികഴിപ്പിച്ച ശേഖരമാണ്. അനാവശ്യമായ ചമയങ്ങളണിഞ്ഞ് ഞാനെന്റെ മുഖം മിനുക്കാറുമില്ല.'' “
 അപ്പോഴും ചുവന്നുതുടുത്തിരിക്കുന്ന ചുണ്ടുകളില്‍ എന്നോടുള്ള പരിഹാസദ്യോതകമായ ചിരി വിടര്‍ന്നു. കൃത്രിമവസ്തുക്കളില്‍ പുലര്‍ന്ന് അലസജീവിതം നയിക്കുന്ന തലമുറയുടെ പ്രതിനിധിയെന്ന നിലയില്‍ ആ പരിഹാസം എനിക്കു വിധിക്കപ്പെട്ടതെന്ന തിരിച്ചറിവോടെ ഞാന്‍ നിശ്ശബ്ദമായി ഏറ്റുവാങ്ങി.
"മോഹിനിയാട്ടമെന്ന പേരില്‍ നടക്കുന്ന എന്തോ ഒന്നിന്റെ അഭ്യാസിയാണെന്നല്ലേ പറഞ്ഞത്?''”
ഞാന്‍ ചിരിച്ചുകൊണ്ട് ‘അതെ എന്നു സമ്മതിച്ചു. യഥാര്‍ഥ മോഹിനിയാട്ടം കൃഷ്ണപ്പണിക്കരാശാന്‍ അഭ്യസിപ്പിച്ചതായിരുന്നു എന്നും അത് തനിക്കുമാത്രം ഇന്നറിയാവുന്നതാണെന്നും ആണ് വ്യംഗ്യം. പിന്നീടത് തുറന്നു പറയുകയും ചെയ്തു.
“"ഇപ്പോള്‍ മോഹിനിയാട്ടമറിയാവുന്നത് ആകെ എനിക്കാണ്. ഞാനിനി അതു ചെയ്യുകയുമില്ല. എന്നോടൊപ്പം ആ മനോഹരമായ ബാണിയും ആരും തൊട്ടറിഞ്ഞിട്ടില്ലാത്ത ആ സൌന്ദര്യവും ഈ മണ്ണില്‍ അലിഞ്ഞുപോകട്ടെ.''”

ഞാന്‍ സ്തബ്ധയായി. എന്തൊരു ശാപവാക്കുകളാണിത്! സങ്കടത്തോടെ അപ്പോള്‍ ഇത്രയെങ്കിലും പറയണം എന്നു തോന്നി. ഞാന്‍ സങ്കോചത്തോടെ പറഞ്ഞു:
"പക്ഷേ,…പക്ഷേ മോഹിനിയാട്ടം കേരളത്തില്‍ വേരുറക്കുകയും വളരുകയും ചെയ്തിട്ടുണ്ടല്ലോ.''…”
"ഇല്ല. മോഹിനിയാട്ടമെന്ന പേരില്‍ ചിലര്‍ പരുവപ്പെടുത്തിയ എന്തോ ഒരാട്ടമാണത്. അതു മോഹിനിയാട്ടമല്ല.''”
"എങ്കില്‍ എന്തുകൊണ്ട് അങ്ങ് കേരളത്തില്‍ വരുന്നില്ല? നൃത്തമവതരിപ്പിക്കുന്നില്ല? ഞാന്‍ ക്ഷണിച്ചോട്ടെ?''”
"നിങ്ങളുടെ നാട്ടിലെ ഗവണ്‍മെന്റൊഴികെ ആരു ക്ഷണിച്ചാലും ഞാന്‍ വരില്ല.''”
ഞാന്‍ കണ്ണുകള്‍ താഴ്ത്തി.

പിന്നീടെന്നോട് എന്തൊക്കെ അടിസ്ഥാന ഇനങ്ങള്‍ പഠിച്ചിട്ടുണ്ട് എന്നു ചോദിച്ചു. ഞാന്‍ പഠിച്ചവ  പറഞ്ഞു. അടിസ്ഥാന ഇനങ്ങള്‍ എല്ലാം പാരമ്പര്യത്തിലൂന്നി അതുപോലെ ചെയ്യുന്നതാണ് നല്ലത് എന്ന അവരുടെ അഭിപ്രായത്തോട് ഞാന്‍ യോജിച്ചുകൊണ്ടുതന്നെ പാരമ്പര്യം മൃതാവസ്ഥയില്‍ കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലല്ലോ എന്ന് അഭിപ്രായപ്പെട്ടുനോക്കി. അങ്ങനെ വിശ്വസിക്കുന്നതേയില്ലെന്നു ഉറപ്പിച്ചു പറഞ്ഞുകൊണ്ട് അവര്‍ കൃഷ്ണപ്പണിക്കരുടെ അടുത്തു പഠിച്ച കാലത്തെപ്പറ്റി ഓര്‍മിച്ചു. അദ്ദേഹത്തെ കലാമണ്ഡലത്തില്‍ നിന്ന് തഞ്ചാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോയതും മരണം വരെ താന്‍ നോക്കി എന്നതും തികഞ്ഞ ഊറ്റത്തോടെ അവര്‍ പറഞ്ഞു.
താന്‍ ചെയ്ത സ്കെച്ചുകളും പെയ്ന്റിങ്ങുകളും അക്കാലത്തെ നൃത്തശൈലിയെ നിശ്ചലമാക്കി വെച്ചവയാണെന്ന വിശദീകരണത്തോടെ അവര്‍ വരച്ച ചിത്രങ്ങള്‍ കാണാന്‍ എന്നെ അനുവദിച്ചു. ഒരുപാട് വിസ്മയകരമായ ചിത്രങ്ങള്‍. പഴയ ഭരതനാട്യത്തിന്റെ  നിലകളും ആഹാര്യവും. പലതും വിദേശങ്ങളില്‍ വലിയ വിലയ്ക്ക് വില്‍ക്കപ്പെടുന്നവയാണ്. പൊടുന്നനെയാണ് ശ്രദ്ധിച്ചത് ചിലതില്‍ ഒരു മൂടുപടം അണിയിച്ചു മറച്ചുവച്ചിരിക്കുന്നു.


"എന്തിനാണിവ മറച്ചുവച്ചിരി  ക്കുന്നത്? പൊടിപിടിക്കാതിരിക്കാന്‍? അതോ അപൂര്‍ണചിത്രങ്ങളാണോ?'' ഞാന്‍ ചോദിച്ചു.
"അല്ല. അവ മോഹിനിയാട്ടത്തിലെ പോസുകളാണ്. നിന്നെ അവ കാണിക്കാന്‍ ഞാനുദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് അവ മാത്രം മൂടിയിരിക്കുന്നു.''”
അന്ധാളിപ്പോടെ ഇവരെന്തൊരു സ്ത്രീയാണെന്ന ഭാവത്തില്‍ ഞാന്‍ നോക്കവേ, ബാക്കി പൂരിപ്പിക്കപ്പെട്ടു:
"എന്തായാലും മോഹിനിയാട്ടമല്ലാതെ മറ്റെന്തോ ആയിത്തീര്‍ന്ന ആ കലയിങ്ങനെ തുടരട്ടെ. എന്റെ ഈ നിലകള്‍ കൂടെ അതിനൊടൊപ്പം ചേരേണ്ടതില്ല. നിനക്ക് അവ കാണാന്‍ അടക്കാനാവാത്ത ആഗ്രഹമുണ്ട് എന്നെനിക്കറിയാം. ഞാന്‍ അതൊന്നും നിന്നെ കാണിക്കുകയുമില്ല.''”

ഒന്നും പറയാനുണ്ടായിരുന്നില്ല. എന്തൊരു ജന്മമാണിത് എന്ന പകപ്പോടെ മുന്നോട്ട് നടന്നു. പഴയ ചിലങ്കകള്‍ സൂക്ഷിച്ചിരിക്കുന്ന അലമാരയില്‍ ഒരു പഴയ പുസ്തകം ഇരിക്കുന്നത് കണ്ടു. നല്ല കനമുള്ള പുസ്തകമാണ്. കട്ടിയുള്ള സാന്‍ഡ് പേപ്പര്‍ ചട്ടയുള്ള ആ പുസ്തകത്തിന്റെ മുകളില്‍ മോഹിനിയാട്ടം എന്നു കറുത്ത മഷികൊണ്ട് എഴുതിയിരിക്കുന്നു. ഞാനത് കൈയിലെടുത്ത് തുറക്കാനായവേ; "അരുത്. നീയത് തുറക്കരുത്. ഞാന്‍ പഠിച്ച ഇനങ്ങളും നൊട്ടേഷനും വിവരണങ്ങളുമാണവ. എല്ലാം ചിട്ടയായി ഞാനഭ്യസിച്ചവയാണ്. അതെല്ലാം വൃത്തിയായി ഞാനെഴുതിവച്ചിട്ടുമുണ്ട്. എന്നാല്‍ എന്റെ മരണത്തോടൊപ്പം നശിപ്പിച്ചുകളയേണ്ട വസ്തുക്കളുടെ കൂട്ടത്തില്‍ ഇതുമുണ്ട്.''”

പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല. ഒരു കാലഘട്ടത്തിലെ മോഹിനിയാട്ടം ആലേഖനം ചെയ്തിരിക്കുന്ന പുസ്തകം ഇതാ എന്റെ കണ്‍മുന്നില്‍ ഇരിക്കുന്നു. എനിക്ക് തുറന്നുനോക്കാനാവാതെ. സങ്കടത്തോടെ ഞാനവരുടെ മുന്നില്‍ തിരികെ വന്നിരുന്നു.

"ഞാന്‍ നിങ്ങളുടെ കലാന്വേഷണങ്ങളെ ബഹുമാനത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. എന്നെ കാണാനനുവദിച്ചതില്‍ നന്ദിയുണ്ട്.'' ഞാന്‍ പറഞ്ഞു.
 അവര്‍ പെട്ടെന്ന് പ്രസന്നവദനയായി. ഞങ്ങള്‍ക്ക് ചൂടുള്ള ചായയും വെജിറ്റബിള്‍ കബാബും നല്‍കി. എല്ലാവര്‍ഷവും അവരുടെ കെട്ടിടത്തില്‍ത്തന്നെ ഭരതനാട്യവും കഥകളിയും മോഹിനിയാട്ടവും ചെയ്യാറുണ്ടെന്നും വേണമെങ്കില്‍ അന്നുവന്ന് കണ്ടോളാനും അവര്‍ അനുവദിച്ചു. എന്റെയറിവില്‍, മുന്‍പങ്ങനെ നടന്നിരുന്നെങ്കിലും പിന്നീടത് നടക്കുകയുണ്ടായില്ല. അങ്ങനെയൊരു അരങ്ങുകാഴ്ച പിന്നീടുണ്ടായതുമില്ല.
ശാന്താറാവു വരച്ച ഒരു ചിത്രം

ശാന്താറാവു വരച്ച ഒരു ചിത്രം



2007 ലെ ഒരു പ്രഭാതത്തില്‍ ശാന്താറാവു യാത്രയായി. അവിവാഹിതയായി ജീവിതമവസാനിച്ച ശാന്താറാവുവിന്റെ സാധനങ്ങള്‍ പലവഴിയില്‍ മാറ്റപ്പെട്ടു. നവോത്ഥാനകാലത്തിന്റെ അരുണോദയത്തില്‍ മഹാചാര്യന്മാരില്‍ നിന്ന് ജ്ഞാനമേറ്റുവാങ്ങിയ കലാകാരിയുടെ സ്വാര്‍ഥോന്മാദവും കലയോടുള്ള അലയൊടുങ്ങാത്ത ആസക്തിയും എതിര്‍നില്‍ക്കാനാവാത്ത പ്രതാപവും മണ്ണടിഞ്ഞു.

ശരിതെറ്റുകളുടെ കേവലഗണിതങ്ങള്‍ കൊണ്ട് കലയുടെ ഉയരങ്ങളെ വായിച്ചെടുക്കാനാവില്ല. ശാന്താറാവുവിന് അവരുടേതായ നീതിസാരങ്ങളുണ്ടായിരുന്നു. പൊരുളുമാറിമറിയുന്ന നമ്മുടെ നീതിസാരങ്ങളെക്കാള്‍ അവര്‍ക്ക് അവരുടെ നീതിയില്‍ വിശ്വാസവുമുണ്ടായിരുന്നു. ഇന്നും ആ വലിയ കെട്ടിടവും അതിനുള്ളിലെ അവരുടെ ജീവിതവും നിഗൂഢമായ ആഗ്രഹങ്ങളും ഒരു പ്രഹേളികയായി എന്നില്‍ ചുറ്റിത്തിരിയുന്നു.

എങ്കിലും, ആ സാന്‍ഡ്പേപ്പര്‍ ചട്ടയില്‍ മോഹിനിയാട്ടമെന്നു കറുത്തമഷിപ്പേരുള്ള പുസ്തകം എവിടെയായിരിക്കും? .

 

 

 

 

 

 

(ദേശാഭിമാനി വാരികയില്‍ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top