10 June Saturday

പഴകിയത് മനുഷ്യത്വമാണ്

കെ ഗിരീഷ്Updated: Sunday Feb 12, 2017

'ബോംബെ ടെയ്ലേഴ്സ്' എന്ന നാടകത്തില്‍നിന്ന്

എന്തൊക്കെയാണ് പഴകിയത്. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കുമുന്നില്‍ പഴയ തയ്യല്‍ക്കടകള്‍, പുതിയ സിഗാറുകള്‍ക്കു മുന്നില്‍ പഴയ ബീഡിക്കമ്പനികള്‍ അങ്ങനെയങ്ങനെ ഒരുപാടൊരുപാട്. ഇവയോടൊപ്പം നഷ്ടമായ ഒന്ന് മനുഷ്യത്വംകൂടിയാണ്. തയ്യല്‍ക്കടകളിലും ബീഡിക്കമ്പനികളിലും ബാര്‍ബര്‍ ഷോപ്പുകളിലും നാട്ടുചായക്കടയിലും വെറും വ്യാപാരംമാത്രമായിരുന്നില്ല. അവിടെ മാനവികതയുടെ ലോകമുണ്ടായിരുന്നു. അവയെല്ലാം അപ്രത്യക്ഷമാകുന്നതോടൊപ്പം ഈ മാനവികതകൂടിയാണ് പടിയിറങ്ങിയത്. മനുഷ്യന്റെ ഊരുംപേരും മുജ്ജന്മത്തിലെ ജാതിയുംതേടി വേട്ടയാടുന്ന കാലത്തേക്കാണ് മനുഷ്യസമൂഹം വളര്‍ന്നത്. അവന്റെ നന്മമാത്രം തേടിയിരുന്ന കാലത്തുനിന്ന് വളര്‍ന്നുവളര്‍ന്ന് മനുഷ്യന്‍ എത്തിച്ചേരുന്നത് വിഷലിപ്തമായ മനസ്സുകളുടെ ഒരിടത്തിലേക്കാണ്.
 

ഈ കഥയാണ് എറണാകുളം ഇടപ്പിള്ളി അതീതി സ്കൂള്‍ ഓഫ് പെര്‍ഫോമന്‍സിന്റെ 'ബോംബെ ടെയ്ലേഴ്സ്' പറയുന്നത്. നാടകം വീരുഭായിയുടെ കഥയാണ്. അനാഥനെപ്പോലെ അലയുന്ന വിരുഭായിയുടെ കഥ. പഴയ ബോംബെ ടെയ്ലേഴ്സ് വീരുഭായിയുടെ കഥ. വീരുവിനെ ഡോക്ടറാക്കാന്‍ കൊതിച്ച് അച്ഛനും അമ്മയും. എന്നാല്‍, കുപ്പായംതുന്നുന്ന വലിയ ഒരു തുന്നല്‍ക്കാരനാകാനായിരുന്നു വീരുവിന് മോഹം. അവന്‍ വീടുവിട്ടിറങ്ങി. മുംബൈയിലെത്തി. പിന്നെ നാട്ടിലെത്തുന്നത് വലിയ തുന്നല്‍ക്കാരനായാണ്. നിന്നുതിരിയാന്‍ സമയമില്ലാതെ ബോംബെ ടെയ്ലേഴ്സില്‍ വിരുഭായ് പണിയെടുത്തു. ഒറ്റനോട്ടംകൊണ്ട് അളവെടുക്കുന്ന വീരുഭായ്. വിരുഭായ് ഒരു കാലത്തിന്റെ ഫാഷനായി. അങ്ങനെയങ്ങനെ ഈ തുന്നല്‍വിരുതില്‍ കാമുകിയുണ്ടായി. വിവാഹമുണ്ടായി. പക്ഷേ, വീരു ഒന്നും സമ്പാദിച്ചില്ല. അന്നത്തിന് വകയില്ലാതെ അലയുന്ന വീരുവിന്റെ വീട് തേടി ഇന്‍കംടാക്സുകാര്‍ എത്തുന്നു. പിന്നെ രഹസ്യപൊലീസെത്തുന്നു, അവര്‍ വിളിച്ചുപറയുമ്പോഴാണ് വീരു ആ കഥയറിയുന്നത്. തന്റെ അച്ഛനുമമ്മയും കര്‍ണാടകത്തില്‍നിന്ന് കുടിയേറിയവരാണ്. അപ്പൂപ്പന്‍ മുസല്‍മാനായിരുന്നു. അതേ, അതാണ് പ്രശ്നം. വീരുവിന്റെ അപ്പൂപ്പന്മാര്‍ മുസല്‍മാന്‍മാരായിരുന്നു.

വിനോദ്കുമാര്‍

വിനോദ്കുമാര്‍

വര്‍ണാഭവും ആഘോഷഭരിതവുമായ അന്തരീക്ഷമാണ് നാടകം കാഴ്ചവയ്ക്കുന്നത്. കണ്ണിനെ മടുപ്പിക്കാത്ത ദൃശ്യഭംഗിയോടൊപ്പം അഭിനയത്തിന്റെ എല്ലാ സാധ്യതകളും പുറത്തെടുത്ത് നാടകത്തിലെ അഭിനേതാക്കളായ കുട്ടികള്‍പോലും. എല്ലാറ്റിനുമുപരി ലക്ഷണമൊത്ത രചനയുടെ സര്‍വഗുണവും നാടകത്തില്‍ നിറഞ്ഞുനിന്നു. ഒപ്പം രചനയുടെയും അഭിനേതാക്കളുടെയും എല്ലാ ശേഷിയും കണ്ടറിഞ്ഞ സംവിധായകന്റെ സാന്നിധ്യവും നാടകത്തിലുടനീളമുണ്ടായി. ഒട്ടുംതന്നെ മടുപ്പിക്കാതെ ആദ്യവസാനം കണ്ടുപോകുന്ന നാടകമൊരുക്കിയാണ് അതീതി തിളങ്ങിയത്.

സംഗീതനാടക അക്കാദമി നാടകമത്സരത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് സുരഭി ലക്ഷ്മിക്കും മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ബിനോയ്ക്കും മികച്ച രണ്ടാമത്തെ രചനയ്ക്കുള്ള അവാര്‍ഡ് വിനോദ്കുമാറിനും ലഭിച്ചു. മികച്ച രണ്ടാമത്തെ നാടകവും ബോംബെ ടെയ്ലേഴ്സായിരുന്നു. വിനോദ്കുമാര്‍തന്നെയായിരുന്നു നാടകത്തിന്റെ സംവിധാനവും. സംഗീതം: തോമസ് ജോ. കോസ്റ്റ്യൂം: അമലു സി എസ്. ലൈറ്റ:് ഷെറിന്‍ സോമന്‍, അനൂപ് പൂന. കലാസംവിധാനം: ദില്‍ജിത് എം ദാസ്. മേക്കപ്: പട്ടണം ഷാ, ബൈജു സി ആന്റണി എന്നിവരാണ് നിര്‍വഹിച്ചത്.

ബിനോയ് നമ്പള, സുരഭി ലക്ഷ്മി, എന്‍ ജി കൃഷ്ണന്‍കുട്ടി, ആര്യ വിനോദ്, ചൊവ്വര ബഷീര്‍, എ എച്ച് ഷാനവാസ്, എം എസ് അഷ്റഫ്, സി വി ദിനേഷ്, മാര്‍ട്ടിന്‍ ഡ്യൂറോ, ആന്റണി, വാസുദേവന്‍, ജംഷിദ് ജമാല്‍, അനന്തു, അദിത്, ആദര്‍ഷ്, അരുണ്‍ജിത്, ആര്‍ച്ച അനില്‍കുമാര്‍, നിയ ദിനേഷ്, ആര്‍ദ്ര പത്മദാസ്, അദ്രിജ കേശവ്, അതുല്‍ കേശവ്, ആര്‍ വി അനുഗ്രഹ, അതീത് ആര്യ വിനോദ് എന്നിവരാണ് അരങ്ങില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top