20 April Saturday

കല്ലിലെഴുതിയ തൂവല്‍ച്ചിത്രങ്ങള്‍

എം എസ് അശോകന്‍Updated: Sunday Jan 1, 2017

ചിത്രരചനയെ വ്യത്യസ്തരീതിയില്‍ സമീപിക്കുന്ന കലാകാരിയാണ് മലപ്പുറം നിലമ്പൂര്‍ സ്വദേശി ശ്രീജ കളപ്പുരയ്ക്കല്‍. നിത്യജീവിതത്തിലെ ഇടവേളകളെ സമ്പന്നമാക്കാന്‍ പരിശീലിച്ച ചിത്ര-കരകൌശലവിദ്യ നിരന്തരസപര്യയിലൂടെ ഈ യുവചിത്രകാരിക്ക് നേട്ടങ്ങളിലേക്ക് പുതിയ വഴികള്‍ തുറന്നുകൊടുത്തു. ചിത്രരചനയില്‍ കനപ്പെട്ട അക്കാദമിക് പരിശീലനമാന്നും നേടിയിട്ടില്ലെങ്കിലും വ്യത്യസ്തമായും നൂതനമായും ഈ മാധ്യമത്തിലൂടെ ആസ്വാദകരുമായി സംവദിക്കാനുള്ള താല്‍പ്പര്യവും ശേഷിയും  ഈ ചിത്രകാരിയെ നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിച്ചു.

ശ്രീജ കളപ്പുരയ്ക്കല്‍

ശ്രീജ കളപ്പുരയ്ക്കല്‍

തൃശൂരിലെ സ്വകാര്യ സ്കൂളില്‍ ചിത്രകലാധ്യാപികയായ ശ്രീജയ്ക്ക് കുട്ടിക്കാലംമുതല്‍ ചിത്രകലയോട് ആഭിമുഖ്യമുണ്ട്. വിവാഹശേഷം ഒഴിവുവേളകളില്‍ ക്രാഫ്റ്റുകള്‍ പരീക്ഷിച്ചു. പാവനിര്‍മാണം പോലുള്ളവ. ഭാരതീയ വിദ്യാഭവനുകീഴിലെ കലാകേന്ദ്രയിലെ പഠനം അതിന് സഹായകമായി. ചായങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രരചനയിലെ താല്‍പ്പര്യം എണ്ണച്ചായത്തില്‍ ആദ്യപരീക്ഷണത്തിന് കരുത്തായി. നാട്ടുപൂവുകളെ പകര്‍ത്തിയ 65 ക്യാന്‍വാസുകളാണ് ആദ്യമായി ആസ്വാദകര്‍ക്കുമുന്നില്‍ എത്തിച്ചത്. പ്രമേയപരമായ പുതുമയും ആവിഷ്കാരത്തിലെ തനിമയും ആ പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കി. രചനയില്‍ പ്രകൃതിയോട് പുലര്‍ത്തിയ അനുഭാവവും ഐക്യദാര്‍ഢ്യവും ശ്രീജയുടെ പില്‍ക്കാലചിത്രങ്ങളിലും മാറ്റമില്ലാത്ത അടിയൊഴുക്കായി തുടരുന്നു.

രാജ്യത്തെ പാരമ്പര്യ ചിത്രരചനാരീതികളെ അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായി പിറന്ന ശിലാചിത്രങ്ങളാണ് ശ്രീജയുടെ ആവിഷ്കാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്. കേരളത്തിലെ ചുമര്‍ ചിത്രരചനയും കളമെഴുത്തും തെയ്യവും കഥകളിയുമുള്‍പ്പെടെ കലാരൂപങ്ങളിലെ മുഖമെഴുത്തും മുതല്‍ നമ്മുടെ സ്വന്തം ഓണപ്പൂക്കളം വരെയുള്ള പരമ്പരാഗത ചിത്രീകരണങ്ങള്‍മുതല്‍ രംഗോലിവരെയുള്ളവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. അറിഞ്ഞാലുംതീരാത്ത രാജ്യത്തെ ഇത്തരം പാരമ്പര്യ ആവിഷ്കാരശൈലികളില്‍നിന്ന് തെരഞ്ഞെടുത്ത നൂറോളം രചനാരീതികളെ പ്രാഥമികമായി പരിചയപ്പെടുത്തലായിരുന്നു കല്ലിലെ ചിത്രംവര. ആകൃതിയൊത്ത ചെറുകല്ലുകളിലെ മിനുത്ത പ്രതലത്തില്‍ അക്രിലിക്കിലായിരുന്നു വര. ഓരോ ശൈലിയിലുമുള്ള ചിത്രങ്ങളുടെ മിനിയേച്ചറുകള്‍ ഉള്ളംകൈയില്‍ ഒതുങ്ങാവുന്ന കല്ലുകളില്‍ വരച്ചുതീര്‍ത്തപ്പോള്‍ ഇന്ത്യന്‍ പാരമ്പര്യ ചിത്രരചനാശൈലികളുടെ അമൂല്യസമാഹാരമായി അതുമാറി. ഈവഴിക്ക് ശ്രീജ ഒരു ഗ്രന്ഥരചനയ്ക്കും തുടക്കമിട്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല.

പക്ഷിത്തൂവലുകള്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് ശ്രീജയുടെ മറ്റൊരു പരീക്ഷണം. അഞ്ഞൂറോളം വളര്‍ത്തുപക്ഷികളുടെ തൂവലുകളുടെ ശേഖരം സ്വന്തമായുണ്ടായിരുന്നതില്‍നിന്ന് തെരഞ്ഞെടുത്ത നൂറോളം തൂവലുകളാണ് ഇതിനായി ഉപയോഗിച്ചത്. പല വര്‍ണത്തിലും ആകൃതിയിലും വലിപ്പത്തിലുമുള്ള തൂവലുകള്‍ ക്യാന്‍വാസില്‍ വച്ച വര്‍ണങ്ങളുടെ ഭാഗമാക്കി ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കുന്ന രചനാരീതിയാണ് ഇതില്‍ സ്വീകരിച്ചത്.

ശ്രീജയുടെ ചിത്ര-കലാ പരീക്ഷണങ്ങള്‍ക്ക് ദേശീയ-അന്തര്‍ദേശീയ റെക്കോഡുകളുടെ തിളക്കംകൂടിയുണ്ട്. ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യന്‍, ഏഷ്യ ബുക് ഓഫ് റെക്കോഡ്സ് എന്നിവ ഉള്‍പ്പെടെ പത്തൊമ്പത് വ്യത്യസ്ത റെക്കോഡുകള്‍ ശ്രീജയ്ക്ക് സ്വന്തം. കല്ലുകളിലെ ചിത്രരചനയ്ക്കും പക്ഷിത്തൂവലുകള്‍ ഉപയോഗിച്ചുള്ള ചിത്രരചനയ്ക്കുമാണ് റെക്കോഡുകള്‍.

 ശ്രീജ പുതിയൊരു റെക്കോഡുകൂടി ലക്ഷ്യമിട്ടുള്ള പുതിയ കലാ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. റെക്കോഡ് ലക്ഷ്യമിടുന്നതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്ന് ചിത്രകാരി പറയുന്നു. ലൂമിനസ് എന്ന പേരില്‍ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തൃശൂരില്‍ താമസം. ഭര്‍ത്താവ്: സത്യന്‍ കളപ്പുരയ്ക്കല്‍. മകന്‍: മഹേശ്വര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top