26 April Friday

വര്‍ണങ്ങളുടെ മഴക്കാലം

എം എസ് അശോകന്‍Updated: Sunday Dec 18, 2016

അക്കാദമി തിരസ്കരിച്ച ഒരു ചിത്രവുമായി ഉലകംചുറ്റിവന്ന ചിത്രകാരനാണ് തലശേരി സ്വദേശി കെ കെ സനില്‍കുമാര്‍. മുന്‍ അക്കാദമി ഭരണസമിതിയുടെ കാലത്താണ്. കേരള ലളിതകലാ അക്കാദമിയുടെ വാര്‍ഷിക പ്രദര്‍ശനത്തിനും അവാര്‍ഡിനും പരിഗണിക്കാനാണ് സനില്‍കുമാര്‍ മഴക്കാലം എന്ന തന്റെ ജലച്ചായാചിത്രം അയച്ചത്.

നൂറുകണക്കിനു ചിത്രങ്ങള്‍ വര്‍ഷംതോറും പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കാറുണ്ടെങ്കിലും സനില്‍കുമാറിന്റെ ചിത്രത്തിന് അക്കാദമി വിധികര്‍ത്തക്കളുടെ നോട്ടത്തില്‍ അതിനുള്ള യോഗ്യതയുണ്ടായിരുന്നില്ല. സനില്‍ അതേ ചിത്രം ക്യാമലിന്‍ ദേശീയ ചിത്രരചനാ മത്സരത്തിലേക്ക് അയച്ചു. രാജ്യത്താകമാനമുള്ള ഒമ്പതിനായിരത്തോളം ചിത്രകാരന്മാരുടെ സൃഷ്ടികള്‍ മത്സരത്തില്‍ പരിഗണിച്ചു. അതില്‍നിന്ന് തെരഞ്ഞെടുത്ത എട്ടു ചിത്രങ്ങളില്‍ ഒന്ന് സനില്‍കുമാറിന്റെ മഴയായിരുന്നു. ചിത്രം രാജ്യത്തെ പ്രമുഖ ഗ്യാലറികളില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രകാരനെ ജലച്ചായാചിത്രങ്ങളുടെ പറുദീസയായ യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും കലാകാരന്മാരുമായി സംവദിക്കാനും ക്യാമലിന്‍ അയച്ചു. പാരീസും വെനീസുമൊക്കെ സന്ദര്‍ശിച്ച സനില്‍കുമാറിന് ജലച്ചായാരചനയുടെ പുതിയ സങ്കേതങ്ങള്‍ അറിയാനും ചിത്രകാരന്മാരെ സുഹൃത്തുക്കളാക്കാനും അതുവഴി കഴിഞ്ഞു. അക്കാദമിക്ക് നന്ദി.

മാഹിയിലെ കസ്തൂര്‍ബാ ഗാന്ധി ഗവ. ഹൈസ്കൂളിലെ ചിത്രകലാ അധ്യാപകനാണ് സനില്‍. പെയ്ന്റിങ്ങിലും മലയാളസാഹിത്യത്തിലും ബിരുദാനന്തര ബിരുദമുണ്ട്. ചിത്രരചനയില്‍ അക്രിലിക്കും വഴങ്ങുമെങ്കിലും ജലച്ചായത്തോടാണ് കൂടുതല്‍ പ്രതിപത്തി. പെട്ടെന്ന് പൂര്‍ത്തിയാകുന്നതും സുതാര്യവുമായ മാധ്യമം എന്ന നിലയ്ക്കാണ് ആ ഇഷ്ടം. ജലച്ചായത്തില്‍ വേഗം പ്രധാനമാണ്. കടലാസിന്റെ വെള്ളപ്രതലത്തെ ചിത്രത്തിന്റെ ഭാഗമാക്കി നിലനിര്‍ത്തി, വര്‍ണങ്ങള്‍ കുഴയാതെ, രചനാമാധ്യമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി, സാങ്കേതികത്തികവോടെ പൂര്‍ത്തിയാക്കുന്ന ജലച്ചായാചിത്രത്തിന്റെ ആസ്വാദ്യത വലുതാണ്.



ജലച്ചായാരചനയില്‍ പരമ്പരാഗത സാങ്കേതികതകളെ അതേപടി പിന്തുടരുന്ന സനില്‍കുമാര്‍ രചനയില്‍ മൌലികത നിലനിര്‍ത്തുന്നു. പ്രകൃതിയാണ് പ്രധാന പ്രമേയം. അതിന്റെ വലുപ്പത്തിനും മായികാനുഭൂതിക്കും മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സാരന്‍ എന്ന സന്ദേശം എല്ലാ ചിത്രങ്ങളിലുമുണ്ട്. യാത്രകളും അനുഭവങ്ങളുമാണ് സനിലിന്റെ രചനകളെ പോഷിപ്പിക്കുന്ന പ്രധാനഘടകം. എത്ര വലുതായാലും അഞ്ചോ പത്തോ മിനിറ്റുകള്‍ക്കുള്ളില്‍ രചന പൂര്‍ത്തിയാക്കുന്ന രീതിയാണ്. പ്രമേയത്തിലെന്നപോലെ വര്‍ണങ്ങളുടെ തെരഞ്ഞെടുപ്പിലും സവിശേഷത സൂക്ഷിക്കുന്നു. കേരളത്തിലെ കര്‍ക്കിടകമാസ ആകാശത്തെ ചിത്രീകരിച്ച രചനയായിരുന്നു ക്യാമലിന്‍ ആര്‍ട്ട് ഫൌണ്ടേഷന്റെ യൂറോ ആര്‍ട്ട് അവാര്‍ഡ് നേടിയ മഴച്ചിത്രം. കോളുകൊണ്ട ആകാശത്തിന്റെ മൂര്‍ത്തമായ ചിത്രീകരണമെന്നു തോന്നാമെങ്കിലും കാഴ്ചയുടെ അടുപ്പം ചിത്രത്തിന് കൂടുതല്‍ ആസ്വാദ്യത പകരുന്നു. അത്തരമൊരു വ്യതിയാനം സനിലിന്റെ രചനകള്‍ക്കെല്ലാമുണ്ട്.

രാജ്യത്തെല്ലായിടത്തും പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. അധ്യാപനത്തിന്റെ തിരക്കിനിടയിലും പുതിയ രചനകള്‍ പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് സനില്‍കുമാര്‍. അവിവാഹിതനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top