26 April Friday

വരമേളം

എം എസ് അശോകന്‍Updated: Sunday Apr 16, 2017

പെയ്ന്റിങ്ങും കാര്‍ട്ടൂണുമൊക്കെ ഷാജി മാത്യുവിന് തിരുത്തലിനുള്ള മാധ്യമമാണ്. പൊതുവിഷയങ്ങളോടുള്ള പ്രതികരണമായും തിന്മകള്‍ക്ക് നേരെയുള്ള ചെറുത്തുനില്‍പ്പായും അതിനെ ഫലപ്രദമായി ഉപയോഗിക്കാനാണ് പത്തനംതിട്ട മണ്ണാക്കുളഞ്ഞി സ്വദേശി ഷാജി മാത്യുവിന് ഇഷ്ടം. മൂന്ന് പതിറ്റാണ്ടോളമായി കാര്‍ട്ടൂണ്‍കാരിക്കേച്ചര്‍ രചനയില്‍ നില്‍ക്കുന്ന ഷാജി ഈ രംഗത്തെ ജനപ്രിയ പരീക്ഷണങ്ങള്‍ക്കു പിന്നാലെ പമ്പാ നദി സംരക്ഷണവുമായി ബന്ധപ്പെടുത്തി ബൃഹത്തായ ചിത്രരചനാ യാത്രയുടെ തയ്യാറെടുപ്പിലാണ്.

കാര്‍ട്ടൂണുകളോടാണ് ഷാജിക്ക് കൂടുതല്‍ ഇഷ്ടം. വര തുടങ്ങിയതും അതില്‍തന്നെ. സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചിത്രകലാ പഠനത്തെതുടര്‍ന്ന് കാര്‍ട്ടൂണുകളും കോമിക്കുകളും വരയ്ക്കാന്‍ തുടങ്ങി. മലയാളത്തിലെ ബാല പ്രസിദ്ധീകരണങ്ങളിലും ടോംസ് കോമിക്സ് ഉള്‍പ്പെടെയുള്ളവയിലും പതിവായി വരച്ചു. ബാല പ്രസിദ്ധീകരണങ്ങളിലെ വര ഇപ്പോഴും തുടരുന്നു. ബാലകഥകള്‍ക്കുള്ള ഇല്ലസ്ട്രേഷനും ചിത്രകഥകള്‍ക്കുള്ള വരയും ഇതില്‍ ഉള്‍പ്പെടും. ഇതിന്റെ തുടര്‍ച്ചയായി ബാലകഥകള്‍ സ്വയം എഴുതി വരയ്ക്കാനും തുടങ്ങി.

ഷാജി മാത്യു

ഷാജി മാത്യു

മലയാളത്തില്‍ ചിത്രകഥകളുടെയും കോമിക് പുസ്തകങ്ങളുടെയും പ്രചാരം ഇടിഞ്ഞപ്പോഴാണ് അതിവേഗവരയെ ജനമധ്യത്തിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. ചിത്രങ്ങളും പെയ്ന്റിങ്ങുകളും ആസ്വദിക്കുന്നതിനേക്കാള്‍ താല്‍പ്പര്യത്തോടെ കൂടുതല്‍പ്പേര്‍ ഇത്തരം രചനകള്‍ ആസ്വദിക്കുമെന്നതും എത്ര ക്ളിഷ്ടമായ ആശയവും ലളിതമായി പങ്കുവയ്ക്കാമെന്നതുമാണ് വരമേളം എന്ന സംരംഭത്തിന് പ്രചോദനമായത്. ആറുവര്‍ഷംമുമ്പാണ് വരമേളം എന്ന സാമൂഹ്യ കാര്‍ട്ടൂണ്‍കാരിക്കേച്ചര്‍ വരയ്ക്ക് തുടക്കമിട്ടത്. പത്തനംതിട്ടയിലെ പ്രമുഖ തിയറ്ററില്‍ രജനികാന്തിന്റെ കബാലി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ റിലീസ് നടക്കുമ്പോള്‍ പുറത്ത് ടിക്കറ്റിനായി തിരക്കുകൂട്ടിയ രജനി ആരാധകരെ ആകര്‍ഷിക്കാന്‍ കടലാസും മാര്‍ക്കറുമായി നിന്ന ഷാജിക്കായത് അതുകൊണ്ടാണ്. നൂറുകണക്കിനു രജനി ചിത്രങ്ങള്‍ക്കൊപ്പം കാര്‍ട്ടൂണ്‍ രചനയെ പ്രോത്സാഹിപ്പിച്ച് ചുറ്റുംകൂടിയ ആരാധകരുടെ ചിത്രങ്ങളും ഷാജി നിമിഷങ്ങള്‍ക്കുള്ളില്‍ വരച്ചുതീര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം ഇടിത്തീയായി സാധാരണക്കാരായ ഇന്ത്യന്‍ ജനതയുടെ തലയില്‍ പതിച്ചപ്പോള്‍ പൊതുസമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ കൂടി അതിനെതിരെ ആദ്യ പ്രതിഷേധവുമായി ഇറങ്ങിയവരില്‍ ഷാജിയും കാര്‍ട്ടൂണുകളുമുണ്ടായിരുന്നു. ബാങ്കിനു മുന്നില്‍ വരിനിന്നവരെ പ്രതിഷേധത്തിന്റെ കൂരമ്പുകളായ കാര്‍ട്ടൂണുകളിലൂടെ തലതിരിഞ്ഞ പരിഷ്കാരത്തിന്റെ യഥാര്‍ഥമുഖം കാണിച്ചുകൊടുത്തു.

വരമേളത്തിന്റെ സാന്നിധ്യംകൂടുതല്‍ ഇടങ്ങളില്‍ പ്രതികരണങ്ങള്‍ തീര്‍ത്തു. കുടിവെള്ളപ്രശ്നവും ഗതാഗത പ്രശ്നങ്ങളുമെല്ലാം ഏറ്റെടുത്ത് വരമേളം തത്സമയം പ്രതിഷേധമുയര്‍ത്തി. വിവിധ ഗ്രൂപ്പുകളുടെയും ഇവന്റുകളുടെയുമൊക്കെ ഭാഗമായും ഇപ്പോള്‍ വരമേളം ഒരുക്കിവരുന്നു. വിനോദ പരിപാടി എന്ന നിലയില്‍ മറ്റ് വിനോദമാധ്യമങ്ങളെക്കൂടി സംയോജിപ്പിച്ചും വരമേളം അരങ്ങേറുന്നു.

ചിത്രരചനയ്ക്ക് ജലച്ചായത്തോടാണ് താല്‍പ്പര്യം. ഇടയ്ക്ക് കാര്‍ട്ടൂണ്‍വരകളെ വര്‍ണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കാറുണ്ട്. ജലച്ചായരചനയില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള ശ്രമത്തിന്റെകൂടി ഭാഗമാണ് പമ്പാസംരക്ഷണത്തിന്റെ പ്രചാരണത്തിന് ചിത്ര പരമ്പര ഒരുക്കാനുള്ള നീക്കം. ശബരിമലമുതല്‍ കുട്ടനാടുവരെ പമ്പയുടെ തീരത്ത് സഞ്ചരിച്ച് ചിത്രങ്ങള്‍ വരയ്ക്കാനാണ് ആലോചിക്കുന്നത്. വരയ്ക്കൊപ്പം അതതു പ്രദേശത്തെ ജനങ്ങളുമായി പമ്പാസംരക്ഷണത്തെക്കുറിച്ച് സംവദിക്കാനും പരിപാടിയുണ്ട്. പമ്പാനദി നേരിടുന്ന പാരിസ്ഥിതികപ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഷാജി മാത്യു പറഞ്ഞു. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ക്യാമ്പയിന് പൊതു സമൂഹത്തിന്റെ പിന്തുണ നേടാനാകുമെന്നും ഷാജി കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top