20 April Saturday

കാഴ്ചകളുടെ മറുപുറം

എം എസ് അശോകന്‍Updated: Sunday Nov 13, 2016

ലളിതകലാ അക്കാദമിയുടെ മഹാഭാരതവിചാരം ക്യാമ്പില്‍ മഹാപ്രസ്ഥാനത്തെയാണ് പ്രേംജി വരച്ചത്. നായുടെ അകമ്പടിയില്‍ പാഞ്ചാലിയുമൊത്ത് പാണ്ഡവര്‍ പുറപ്പെടുന്ന മഹായാത്ര. അക്രിലിക്കില്‍ വലിയ ക്യാന്‍വാസില്‍ പൂര്‍ത്തിയായ ചിത്രം തൃശൂര്‍ അക്കാദമി ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തിലുണ്ട്. തൃശൂര്‍ ഫൈനാര്‍ട്സ് കോളേജില്‍ ശില്‍പ്പകല അഭ്യസിച്ച ഇരിങ്ങാലക്കുടക്കാരന്‍ ടി പി പ്രേംജിയുടെ ഏറ്റവും പുതിയ രചനയാണ് മഹാപ്രസ്ഥാനം.ചിത്രവും ശില്‍പ്പവും ഒരുപോലെ വഴങ്ങുന്ന പ്രേംജി രണ്ടും ചേര്‍ത്തുള്ള പ്രദര്‍ശനത്തിനുള്ള ശ്രമത്തിലാണ്.

മഹാഭാരത വിചാരത്തില്‍ പിറന്ന പ്രേംജിയുടെ മഹാപ്രസ്ഥാനത്തിന് ഭാരതയുദ്ധ പൂര്‍വ ഇതിഹാസ മുഹൂര്‍ത്തത്തിന്റെ ചിത്രണമെന്നതിനപ്പുറം രാഷ്ട്രീയമാനങ്ങളുണ്ട്. തൊഴിലാളികളുടെയും സാധാരണ മനുഷ്യരുടെയും പ്രതിഛായകളില്‍നിന്ന് തന്റെ രചനയ്ക്ക് പ്രമേയപരമായ കരുത്ത് കണ്ടെത്തുന്ന കലാകാരന്‍ എന്ന നിലയ്ക്ക് പ്രത്യേകിച്ചും. സര്‍വൈവല്‍ എന്ന ടൈറ്റിലില്‍ ചെയ്തിട്ടുള്ള ആമകളുടെ ശില്‍പ്പവും വിസ്പറിങ് എര്‍ത്ത് എന്ന താറാവ് കൂട്ടത്തിന്റെ ശില്‍പ്പവും സംസാരിക്കുന്നതും മറ്റൊന്നല്ല. പുറന്തോടുകുത്തി മലര്‍ന്നുവീണിടത്തുനിന്ന് നാലുകാലില്‍ നിവര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്ന ആമകളാണ് സര്‍വൈവല്‍ എന്ന ശില്‍പ്പത്തില്‍.അന്ധമായ അനുയാത്രയിലാണ് താറാക്കൂട്ടം. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയുടെ സാമൂഹ്യ രാഷ്ട്രീയമാനങ്ങളെ പിന്‍പറ്റി പുരോഗമന കലാസാഹിത്യസംഘം സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ശില്‍പ്പത്തില്‍ പ്രേംജി സന്നിവേശിപ്പിച്ചതും ഇതേ രാഷ്ട്രീയമായിരുന്നു. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ കവാടത്തില്‍ സ്ഥാപിച്ച ശില്‍പ്പം അജ്ഞാതര്‍ തകര്‍ത്തതും അതുകൊണ്ടുതന്നെ. ഗുരുവിന്റെ സാമൂഹ്യപരിഷ്കരണ ശ്രമങ്ങളും അവയ്ക്ക് മാര്‍ക്സിസ്റ്റ് ചിന്താധാരകളോടുള്ള ആഭിമുഖ്യവുമാണ് അരുവിപ്പുറം പ്രതിഷ്ഠാശില്‍പ്പത്തിലൂടെ പ്രേംജി ആവിഷ്കരിച്ചത്.

വെങ്കലത്തിലാണ് പ്രേംജിയുടെ ശില്‍പ്പങ്ങള്‍ ഏറെയും. താറാവുകളുടെ ശില്‍പ്പനിര്‍മാണത്തിന് 300 കിലോയോളം വെങ്കലം ഉപയോഗിച്ചു. അറുപതോളം താറാവുശില്‍പ്പങ്ങള്‍ ചേര്‍ന്നതാണ്് ഈ സൃഷ്ടി. മറ്റു ശില്‍പ്പികളെപ്പോലെ ശില്‍പ്പങ്ങള്‍ ചെയ്യുന്നതിന് പ്രായോഗിക പ്രയാസങ്ങള്‍ പ്രേംജിയും നേരിടുന്നുണ്ട്. അതൊന്നും ആ മാധ്യമത്തോടും ശില്‍പ്പരചനയോടുമുള്ള താല്‍പ്പര്യത്തിന് തടസ്സമാകുന്നില്ലെന്നുമാത്രം. അക്രിലിക്കിലാണ് ചിത്രരചന. പെയ്ന്റിങ്ങിന് സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. ലണ്ടനില്‍ റസിഡന്‍സി പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുള്ള പ്രേംജി ബറോഡയിലും ഡല്‍ഹിയിലും താമസിച്ചും രചനകള്‍ നടത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ അവതരിപ്പിച്ച ഖസാക്ക് നാടകത്തിന്റെ ഭാഗമായി പ്രേംജിയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ പ്രദര്‍ശനമൊരുക്കിയിട്ടുണ്ട്്. ബോസ് കൃഷ്ണമാചാരി ക്യുറേറ്റ് ചെയ്ത ഡബിള്‍ എന്‍ഡേഴ്സ് പ്രദര്‍ശനത്തിന്റെയും ഭാഗമായിരുന്നു.

പ്രേംജിയുടെ ശില്‍പ്പം

പ്രേംജിയുടെ ശില്‍പ്പം

പ്രേംജിയുടെ ചിത്രങ്ങളും ശില്‍പ്പങ്ങളും ആസ്വാദകനിലേക്ക് കാഴ്ചയുടേതായ വിശ്രാന്തിയാണ് ആദ്യനോട്ടത്തില്‍ പകരുന്നതെങ്കിലും അവയിലെ രാഷ്ട്രീയമാനങ്ങളിലേക്കുള്ള യാത്ര അലോസരപ്പെടുത്തുന്നു. നാട്ടിലും മറുനാടുകളിലുമായി പ്രേംജി നടത്തിയ ചിത്ര ശില്‍പ്പയാത്രകളും അവയിലൂടെ അരിച്ചിറങ്ങിയ തിരിച്ചറിവുകളുമാകണം ഈ രചനകളെ സുന്ദരവും ദൃഢവുമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top