25 April Thursday

ചുമര്‍ചിത്രമെഴുത്തിന്റെ പുതുമോടി

എം എസ് അശോകന്‍Updated: Sunday Jan 10, 2016

ചുമര്‍ചിത്രങ്ങളുടെ വാണിജ്യസാധ്യതയാകണം കൂടുതല്‍ പുതുതലമുറ ചിത്രകാരന്മാരെ ആ രംഗത്തേക്ക് ആകര്‍ഷിക്കുന്നത്. ചിത്രാസ്വാദകരല്ലാത്തവര്‍പോലും ചുമര്‍ചിത്രങ്ങളിലെ വര്‍ണഭംഗിയും അലങ്കാരധാരാളിത്തവും കണ്ട് അതിലേക്ക് ആകര്‍ഷിക്കപ്പെടാറുണ്ട്. സ്വന്തം വീടോ മറ്റ് വാണിജ്യ ഇടങ്ങളോ തീര്‍ക്കുമ്പോള്‍ അറപ്പില്ലാതെ മികച്ച ചുമര്‍ചിത്രങ്ങളിലൊന്ന് ചുമര്‍ അലങ്കരിക്കാന്‍ വാങ്ങുന്നവരുടെ എണ്ണവും ഏറെ. പരമ്പരാഗത പ്രമേയങ്ങളില്‍നിന്നു മാറി പുതിയ വിഷയങ്ങള്‍ സ്വീകരിച്ച് ചുമര്‍ചിത്രശൈലിയില്‍ ചിത്രരചന നടത്തിയാല്‍പ്പോലും ഈ സ്വീകാര്യത ഉറപ്പ്. ചുമര്‍ചിത്രങ്ങളുടെ ഈ വാണിജ്യസാധ്യതയില്‍ ആകര്‍ഷിക്കപ്പെട്ടല്ല പെരുമ്പാവൂര്‍ ചേലാമറ്റം സ്വദേശി രതീഷ് ചേലാമറ്റം ഈ രംഗത്തേക്ക് വന്നത് എന്നു പറഞ്ഞാല്‍ അവിശ്വസിക്കേണ്ട. രതീഷിന്റെ ചിത്രങ്ങള്‍തന്നെ സാക്ഷ്യം. ചുമര്‍ചിത്രരചനയുടെ ശൈലി പിന്തുടരുമ്പോള്‍തന്നെ കാലികവും പ്രസക്തവുമായ പ്രമേയങ്ങള്‍ രചനാവിഷയമാക്കുന്നതിലാണ് രതീഷിന് താല്‍പ്പര്യം.

ചുമര്‍ചിത്രങ്ങളുടെ വര്‍ണഭംഗിയാണ് രതീഷിനെ ആ രംഗത്തേക്ക് ആകര്‍ഷിച്ചത്. പെയിന്റിങ് പഠനത്തെതുടര്‍ന്ന് അവിടേക്ക് തിരിയാന്‍ പ്രേരിപ്പിച്ച ഘടകവും അതുതന്നെ. കാലടി സംസ്കൃതസര്‍വകലാശാലയില്‍നിന്ന് പെയിന്റിങ്ങും ചുമര്‍ചിത്രരചനയും അഭ്യസിച്ച രതീഷ് ഈ രംഗത്തെ പുതുപരീക്ഷണങ്ങള്‍ക്കാണ് കൂടുതല്‍ സമയം ചെലവിടുന്നത്. 2005ലാണ് രതീഷ് ചുമര്‍ചിത്രരചനാ പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പ്രമുഖ ചുമര്‍ചിത്രകാരന്മാര്‍ക്കൊപ്പം നീണ്ടകാലം സഹായിയായി പ്രവര്‍ത്തിച്ച് രചനയുടെ ഏണും കോണും സ്വായത്തമാക്കി. നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും ഇക്കാലത്ത് രചന നടത്തി. എവിടെയായാലും പഴയമട്ടില്‍ ഇലച്ചാറും പഴനീരും ഉപയോഗിച്ചുള്ള രചനാരീതി ഇന്നില്ല. അക്രിലിക് പോലുള്ള നിറങ്ങളാണ് പ്രധാനമായി ഉപയോഗിക്കുന്നത്. അങ്ങനെയകുമ്പോള്‍ കൂടുതല്‍ നിറവൈവിധ്യവും മറ്റും ചുമര്‍ചിത്രങ്ങളില്‍ ഉപയോഗിക്കാനാകുന്നുണ്ടെന്ന് രതീഷ് പറഞ്ഞു. മലയാളികള്‍ക്ക് ചുമര്‍ചിത്രങ്ങളോട് പ്രത്യേക മമതയുണ്ട്. പരമ്പരാഗത പ്രമേയങ്ങളും വര്‍ണങ്ങളുമാണെങ്കില്‍ കേരളത്തിനു പുറത്തുള്ളവരും താല്‍പ്പര്യം കാണിക്കുന്നു. ഓണ്‍ലൈനിലും അല്ലാതെയും ഇത്തരം ചിത്രങ്ങള്‍ക്കായി കൂടുതല്‍ ആവശ്യക്കാര്‍ സമീപിക്കുന്നുണ്ടെന്ന് രതീഷ് പറഞ്ഞു.

കാലികപ്രമേയങ്ങളും പ്രശസ്ത സാഹിത്യരചനകളും ആസ്പദമാക്കിയുള്ള ചുമര്‍ചിത്രരചന മുമ്പേ പ്രചാരത്തിലുണ്ട്. ആ രംഗത്ത് തന്റേതായ രീതികളാണ് രതീഷ് പരീക്ഷിക്കുന്നത്. ഒരേയൊരു നിറം മാത്രമുപയോഗിച്ചും അപൂര്‍വ വര്‍ണങ്ങള്‍ ഇണക്കിച്ചേര്‍ത്തും രതീഷ് ചുമര്‍ചിത്രശൈലിയില്‍ ചിത്രമെഴുതിയിട്ടുണ്ട്. ഫിഗറുകളുടെ വരയളവുകള്‍ സ്വന്തം നിലയില്‍ മാറ്റിയെഴുതുന്നു. അലങ്കാര ധാരാളിത്തം ഒഴിവാക്കുകയും പ്രമേയത്തിനനുസൃതമായി അവയെ സംവിധാനംചെയ്യുകയും ചെയ്യുന്നു. എന്നാല്‍, കറുപ്പു പുറംവര എന്ന മഷിയെഴുത്തുപോലുള്ള രീതികള്‍ ചുമര്‍ചിത്രങ്ങളിലേതു പോലെ മാറ്റമില്ലാതെ പിന്തുടരുകയും ചെയ്തിരിക്കുന്നു.

രതീഷ് ചേലാമറ്റം

രതീഷ് ചേലാമറ്റം

എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴത്തെയും പ്രശാന്ത് നാരായണന്റെ ഛായാമുഖി നാടകത്തെയും ആസ്പദമാക്കി ചെയ്ത ചിത്രപരമ്പര രതീഷിന്റെ ശ്രദ്ധേയ രചനകളില്‍പ്പെടും. പന്ത്രണ്ടോളം ചിത്രങ്ങളാണ് ഇതിലുള്ളത്. ഇതിനുപുറമെ കണ്ടംപററി ശൈലിയിലും രതീഷ് രചനകള്‍ നടത്തിയിട്ടുണ്ട്. പീക്കോക് ഡാന്‍സ് എന്ന പരമ്പരയില്‍ ചെയ്തിട്ടുള്ള ചിത്രങ്ങളും പുതിയ മേഖലകളിലേക്കുള്ള അന്വേഷണമാണ്. ചിത്രകലാധ്യാപകന്‍കൂടിയാണ് രതീഷ്. ശ്രീമൂലനഗരത്ത് സ്വകാര്യസ്ഥാപനത്തില്‍ ചിത്രകല അഭ്യസിപ്പിക്കുന്നു. പ്രധാന ഗ്യാലറികളിലെല്ലാം പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിരവധി ക്യാമ്പുകളിലും പങ്കാളിയായി.

കാലടി സര്‍വകലാശാലയില്‍ ഗവേഷകയായ പി ജെ സംഗീതയാണ് ഭാര്യ. മകള്‍: ഭാനു ലക്ഷണ.

ാമെീസാ@ഴാമശഹ.രീാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top