24 April Wednesday

വര്‍ണങ്ങള്‍ക്ക് കവിതയുടെ ചിറക്

എം എസ് അശോകന്‍Updated: Sunday Nov 6, 2016

ഒരുപാട് വളവുതിരിവുകള്‍ക്കൊടുവിലും താന്‍ ആഗ്രഹിച്ചതു പോലെതന്നെ ചിത്രകലയുടെ ലോകത്ത് പ്രതീക്ഷകളോടെ നില്‍ക്കുകയാണ് ഈ ചിത്രകാരി. കുട്ടിക്കാലംമുതല്‍ക്കേ ചിത്രരചനയോടുള്ള താല്‍പ്പര്യം വളര്‍ത്തിയെടുത്താണ് തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസമാക്കിയ ചേര്‍ത്തല സ്വദേശി മീര കൃഷ്ണ കുറഞ്ഞകാലത്തിനിടെ കലാരംഗത്ത് തന്റെ സ്ഥാനമുറപ്പിച്ചത്. സ്കൂള്‍ പഠനകാലത്ത് ചിത്രരചന തുടങ്ങിയ മീര പ്ളസ്ടുവിനുശേഷം ഇംഗ്ളീഷ് സാഹിത്യപഠത്തിനാണ് പോയത്. സാഹിത്യത്തോടും പ്രത്യേകിച്ച് കവിതകളോടുമുള്ള താല്‍പ്പര്യംതന്നെ കാരണം. സാഹിത്യബിരുദം നേടിയശേഷം മള്‍ട്ടിമീഡിയ പഠനത്തിലേക്ക് തിരിഞ്ഞു. അതില്‍ ഡിപ്ളോമ നേടിയശേഷമാണ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ചിത്രകല പഠിക്കാന്‍ ചേര്‍ന്നത്. ഈ വര്‍ഷം പെയ്ന്റിങ്ങില്‍ ബിഎഫ്എ നേടിയ മീര പൂര്‍ണസമയ ചിത്രരചനയിലാണ് ഇപ്പോള്‍. പെയ്ന്റിങ് പഠനത്തിനിടെ മെറ്റല്‍ എച്ചിങ്ങിലേക്കും വുഡ്കട്ടിലേക്കും താല്‍പ്പര്യം വഴിതിരിഞ്ഞു. ഇനി പ്രിന്റ് മേക്കിങ് ആന്‍ഡ് ഗ്രാഫിക്സില്‍ ഉപരിപഠനം നടത്താനാണ് ആഗ്രഹിക്കുന്നത്. ബിഎഫ്എ കോഴ്സില്‍ ഉപവിഷയമായുണ്ടായിരുന്ന എച്ചിങ്ങിലും വുഡ്കട്ടിലും മീര പ്രകടിപ്പിച്ച വൈഭവം തിരിച്ചറിഞ്ഞ അധ്യാപകരാണ് മേല്‍ പഠനത്തിന് ഈ വിഷയം എടുക്കാന്‍ നിര്‍ദേശിച്ചത്.

അക്രിലിക്കും സോഫ്റ്റ് പേസ്റ്റലും ചിത്രരചനയില്‍ മീരയ്ക്ക് നന്നായി വഴങ്ങും. ഫിഗറേറ്റീവാണ് രചനകള്‍. പ്രമേയവും വര്‍ണവിന്യാസവും ശൈലിയും ചിത്രങ്ങള്‍ക്ക് അതിമൂര്‍ത്തതയുടെ ഭാവവും മാനവും നല്‍കുന്നു. സ്ത്രീ എന്ന നിലയിലുള്ള വൈയക്തികാനുഭവങ്ങളും അനുഭൂതികളുമാണ് പ്രമേയമാകുന്നത്. മിക്ക ചിത്രങ്ങളും മീരയുടെ സെല്‍ഫ് പോര്‍ട്രെയിറ്റുകളുടെ പ്രതിനിധാനമാകുന്നു എന്നതും എടുത്തുപറയേണ്ടതാണ്. എന്നാല്‍, സ്ത്രീവിമോചനത്തിന്റെ മുദ്രാവാക്യങ്ങളോ ലിംഗപരമായ സങ്കീര്‍ണതകളോ ഈ ചിത്രങ്ങളില്‍ കടന്നുവരുന്നില്ല. തികച്ചും സ്വകാര്യമായ സ്ത്രൈണ സങ്കല്‍പ്പനങ്ങളിലാണ് അവയുടെയെല്ലാം നിലനില്‍പ്പ്.

മീരയുടെ സാഹിത്യാഭിരുചിയും ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ട്. വര്‍ണങ്ങളെയും കവിതയെയും സംയോജിപ്പിച്ചുള്ള ചിത്രപരമ്പരതന്നെയുണ്ട്. കവിതാശകലങ്ങള്‍കൂടി എഴുതിച്ചേര്‍ത്ത ഈ ചിത്രങ്ങള്‍ മീരയുടെ ആവിഷ്കാരങ്ങളെ കൂടുതല്‍ ആസ്വാദ്യവും മൌലികവുമാക്കുന്നു.

പെയ്ന്റിങ്ങോ ഡ്രോയിങ്ങോപോലെ എളുപ്പമുള്ള രചനാരീതിയല്ല എച്ചിങ്ങിന്റേത്. അതിലെ സങ്കീര്‍ണതയും ആയാസവും എന്നാല്‍ ഏറ്റവുമൊടുവില്‍ അത് തരുന്ന റിസള്‍ട്ടിന്റെ സംതൃപ്തിയുമാണ് എച്ചിങ്ങിനോട് തനിക്ക് താല്‍പ്പര്യം തോന്നാന്‍ കാരണമെന്ന് മീര പറഞ്ഞു. ലോഹത്തില്‍ ചിത്രീകരണം നടത്തിയശേഷം ആസിഡ് ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കുന്ന ചിത്രഭാഗം പിന്നീട് അച്ചടിമഷി ഉപയോഗിച്ച് കടലാസില്‍ പകര്‍ത്തുന്ന സമ്പ്രദായമാണ് മെറ്റല്‍ എച്ചിങ്. മരത്തിലും മറ്റ് കനമുള്ള മാധ്യമങ്ങളിലും തുരന്ന് ഒന്നിലേറെ നിറങ്ങളില്‍ പകര്‍പ്പെടുക്കുന്ന രീതിയുമുണ്ട്. കൂടുതല്‍ ആയാസകരമായ പരിപാടിയായതിനാല്‍ ഈ സമ്പ്രദായങ്ങള്‍ ചിത്രരചനയ്ക്ക് ഉപയോഗിക്കുന്നവര്‍ കുറവാണ്. എച്ചിങ്ങില്‍ ചിത്രങ്ങളുടെ അന്തിമ റിസള്‍ട്ട് നിര്‍ണയിക്കുന്നതില്‍ ആ മാധ്യമവും സ്വന്തമായൊരു പങ്കുവഹിക്കുന്നുണ്ട്. അത് സൃഷ്ടിയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നതുപോലെ രചന നടത്തുന്നവരെ കൂടുതല്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ലോഹ മാധ്യമത്തോടുള്ള ഇഷ്ടത്തിനു കാരണവും അതാണെന്ന് മീര പറഞ്ഞു. ലളിതകലാ അക്കദമി നടത്തിയ ഗ്രാഫിക്സ് ശില്‍പ്പശാലയില്‍ പങ്കെടുത്തും ഈ മാധ്യമത്തെ കൂടുതല്‍ അടുത്തറിയാന്‍ മീരയ്ക്ക് സഹായകമായി.

പഠനകാലത്ത് ചെയ്ത പ്രിന്റുകളുടെ ഒരു പ്രദര്‍ശനം മീര ആസൂത്രണംചെയ്യുന്നുണ്ട്. ഉപരിപഠനത്തിന് പോകുന്നതിനുമുമ്പുള്ള ഇടവേള പൂര്‍ണമായി രചനയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. ഇതോടൊപ്പമാണ് പ്രിന്റുകളുടെ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top