25 April Thursday

സൌഹൃദം പൂക്കുന്ന ആകാശനീല

എം എസ് അശോകന്‍Updated: Sunday Mar 5, 2017

ഊഷ്മളമായ നീലവര്‍ണത്തില്‍ വരച്ചിട്ട ചെ ഗുവേരയുടെ ചിത്രത്തിനു കീഴില്‍ കാജല്‍ ദത്ത് ഇങ്ങനെ കുറിക്കുന്നു. ചെ... പോരാട്ടങ്ങള്‍ നിറച്ച നിന്റെ യൌവനത്തോടുള്ള ഞങ്ങളുടെ ഇഷ്ടത്തിന് അന്ത്യമില്ല. മുതലാളിത്തത്തിനും അതിന്റെ ചൂഷണവ്യവസ്ഥകള്‍ക്കുമെതിരായ ഞങ്ങളുടെ പോരാട്ടങ്ങള്‍ക്കൊപ്പം എന്നും നീ ജീവിക്കുന്നു... കാജല്‍ ദത്ത് എന്ന യുവ ചിത്രകാരിയുടെ പോര്‍ട്രെയിറ്റ് പരമ്പര ചിത്രങ്ങളിലെ ഒന്നാമത്തെ ചിത്രം ചെ ഗുവേരയുടേതാണ്. ഈ പരമ്പരയില്‍ സമരവും സൌഹൃദവും രാഷ്ട്രീയവുമൊക്കെ ചാലിച്ച ചിത്രങ്ങള്‍ വേറെയുമുണ്ട്.

കാജല്‍ ദത്ത്

കാജല്‍ ദത്ത്

ചേര്‍ത്തല സ്വദേശി കാജല്‍ ദത്ത് എസ്എന്‍ കോളേജിലെ പഠനത്തിനുശേഷം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്നാണ് പെയ്ന്റിങ്ങില്‍ ബിരുദം നേടിയത്. അല്‍പ്പകാലം കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസൈന്‍ തയ്യാറാക്കുന്ന ജോലിചെയ്തു. കാണാത്ത കരകളോടുള്ള അഭിനിവേശത്തില്‍ സൌഹൃദങ്ങളുടെ ഊഷ്മളത നുകര്‍ന്നുള്ള യാത്രകളെ ഇഷ്ടപ്പെടുന്ന കാജല്‍ ചിത്രകാരി എന്ന നിലയിലും വേറിട്ട വഴികളെ അന്വേഷിക്കുന്നു. മുഴുവന്‍സമയ ചിത്രരചനയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ത്തന്നെ വാര്‍ത്തകളില്‍നിന്നും വ്യവഹാരങ്ങളില്‍നിന്നും സ്വയം ഉള്‍വലിഞ്ഞുനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. അത്തരം ഉള്‍വലിയല്‍ രചനാപരമായ അനിവാര്യതയാണെന്ന വരികള്‍ അന്തരിച്ച ചിത്രകാരി മഹിജയുടെ പോര്‍ട്രെയിറ്റിനൊപ്പം കുറിക്കുന്നു.

കഴിഞ്ഞവര്‍ഷമാണ് കാജല്‍ പോര്‍ട്രെയിറ്റ് പരമ്പരയില്‍ ചിത്രങ്ങള്‍ വരച്ചുതുടങ്ങിയത്. സമകാലത്തെയും സ്ഥലങ്ങളെയും സൌഹൃദത്തെയും രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വരയ്ക്കുന്ന ചിത്രങ്ങള്‍ ഫെയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ജലച്ചായത്തില്‍ നീലയുടെ ഊഷ്മളതയാകെ ഉള്‍ച്ചേര്‍ത്തതാണ് ഈ പരമ്പരയിലെ ചിത്രങ്ങള്‍.

ചെറുതല്ലാത്ത കുറിപ്പുകളും ചിത്രത്തോടൊപ്പമുണ്ട്. ചിത്രകാരി ഏറെ വിലമതിക്കുന്ന സൌഹൃദങ്ങുടെ ശ്രേണിയില്‍ത്തന്നെയാണ് ഈ പരമ്പരയില്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ചിത്രവും സ്ഥാനംപിടിച്ചിരിക്കുന്നത്. കുരുവി പറന്നിരിക്കുന്ന ഹാന്‍ഡിലോടുകൂടിയ എന്‍ഫീല്‍ഡിന്റെ പോര്‍ട്രെയിറ്റ്. കുട്ടിക്കാലംമുതല്‍ ആ വാഹനത്തോട് തനിക്കുള്ള അഭിനിവേശവും പിന്നീട് അതിലെ യാത്രകള്‍ നല്‍കിയ സാഹസികത ചാലിച്ച സംതൃപ്തിയുമെല്ലാം ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ വായിക്കാം. താന്‍ എന്‍ഫീല്‍ഡ് ഓടിച്ച് സ്ഥിരമായി യാത്രകള്‍ പോകാറുണ്ടെന്നും ചിത്രകാരി.

ചെ ഗുവേരയെച്ചൊല്ലി അടുത്തിടെയുണ്ടായ വിവാദങ്ങളും പോരാളികളുടെ എക്കാലത്തെയും പ്രചോദനമായ ചെയെക്കുറിച്ച് പുതുതലമുറയ്ക്കുള്ള അജ്ഞതയുമാണ് ആ പോര്‍ട്രെയിറ്റ് വരയ്ക്കാനുള്ള പ്രേരണയെന്ന് കാജല്‍ പറഞ്ഞു. ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ ചെയുടെ പോരാട്ടവും ജീവിതവും സൂക്ഷ്മാംശങ്ങള്‍പോലും വിടാതെ ചേര്‍ത്തിട്ടുണ്ട്. പോര്‍ട്രെയിറ്റ് കണ്ട ചിലര്‍ ചെയെക്കുറിച്ച് ഇതുവരെ അവര്‍ക്കുണ്ടായിരുന്ന അജ്ഞത വെളിപ്പെടുത്തിയതായും കാജല്‍ പറഞ്ഞു.

പോര്‍ട്രെയിറ്റ് പരമ്പരയില്‍ ഫോര്‍ട്ട്കൊച്ചിയിലെ ഡേവിഡ് ഹാളും വെണ്ടുരുത്തിപ്പാലവും സിനഗോഗുമൊക്കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൂമ്പാപ്പണിക്കാരന്‍ പാപ്പന്‍ചേട്ടന്റെ ചിത്രം മണ്ണിനെ അറിയുന്ന നാട്ടുമ്പുറത്തുകാരന്‍ കര്‍ഷകത്തൊഴിലാളിയെ പരിചയപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. വെയില്‍ക്കീറുപോലുള്ള പുഞ്ചിരി ചുണ്ടിലും കണ്ണിലും പ്രകാശിപ്പിക്കുന്ന പാപ്പന്‍ചേട്ടനിലൂടെ ഭൂമിയുടെ നേരവകാശികളെ നിഴല്‍പ്പാടുകളില്‍നിന്ന് വെട്ടത്തിലേക്ക് വിളിച്ചുനിറുത്തുകകൂടിയാണ് ചിത്രകാരി.

കേരളത്തിനകത്തും പുറത്തും പ്രമുഖ ഗ്യാലറികളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള കാജലിന് ഇപ്പോള്‍ ഗ്യാലറിവ്യവഹാരങ്ങളില്‍ താല്‍പ്പര്യമില്ല. സ്വതന്ത്ര ചിത്രകാരി എന്ന നിലയിലുള്ള നിലനില്‍പ്പിന്റെ സാധ്യതകളാണ് അന്വേഷിക്കുന്നത്.

 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top