25 April Thursday

നാടകപ്പെരുമയില്‍ മേമുണ്ട: 'അന്നപ്പെരുമ'യ്ക്ക് മികച്ച നേട്ടം

സ്വന്തം ലേഖകന്‍Updated: Tuesday Jan 9, 2018

വടകര> സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തില്‍ എ ഗ്രേഡും,  മികച്ച നടനുള്ള അംഗീകാരവും നേടി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാടിന് അഭിമാനമായി. സ്കൂളിലെ വിദ്യാര്‍ഥികര്‍ അവതരിപ്പിച്ച 'അന്നപ്പെരുമ' എന്ന നാടകത്തിനാണ് എ ഗ്രേഡ് ലഭിച്ചത്. നാടകത്തില്‍ ബീഹാര്‍ തൊഴിലാളിയെ അവതരിപ്പിച്ച അഷിന്‍ മികച്ച നടനായും തെരഞ്ഞെടുത്തു.  

സാധാരണക്കാരന്റെ വിശപ്പിന്റെ വേദനയും, മലയാളികളുടെ പൊങ്ങച്ചവും ആര്‍ഭാടവും ഭക്ഷണം പാഴാക്കുന്ന ശീലവും പ്രമേയമാക്കിയ സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' എന്ന കഥയാണ് നാടകമാക്കി വിദ്യാര്‍ഥികള്‍ അരങ്ങിലെത്തിച്ചത്. നിറഞ്ഞ കണ്ണുകളോടെയും തേങ്ങലോടെയുമാണ് സദസ്സ് നാടകം കണ്ടുതീര്‍ത്തത്. ഉള്ളു പൊള്ളിക്കുന്ന വേദനയോടെ കാണികള്‍ കൈയടിക്കുന്ന കാഴ്ചക്ക് നാടക ഹാള്‍ സാക്ഷിയായി. വിശപ്പെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള കഥ പറച്ചിലും അവതരണ മികവും കുട്ടികളുടെ അസാധാരണ അഭിനയവും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ നാടകം ആസ്വാദകര്‍ക്ക്  അനുഭവമായി മാറുകയായിരുന്നു.  

നാടകം അവസാനിച്ചതോടെ സദസ്സ് ഏറെ നേരം എഴുന്നേറ്റ് നിന്ന് നിര്‍ത്താതെ കൈയ്യടിക്കുകയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളിയായി വേഷമിട്ട അഷിനും കലന്തന്‍ ഹാജ്യാരെ അവതരിപ്പിച്ച സൂരജും കാണികളുടെ പ്രശംസ ഏറ്റുവാങ്ങി. ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന മേമുണ്ട അപ്പീലിലൂടെയാണ് സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തത്. റഫീക്ക് മംഗലശ്ശേരിയാണ്  നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. 2016 ല്‍ റഫീക്ക് സംവിധാനം ചെയ്ത 'ഭ്റര്‍' എന്ന നാടകം മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റഫീക്ക് സംവിധാനം ചെയ്ത ജയ്ഹെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top