26 September Tuesday

അരങ്ങിന‌് പുത്തൻ അനുഭവമാകാൻ ‘ഛായ’ വരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019


പെരുമ്പാവൂർ> നാടകാസ്വാദകർക്ക് പുതിയ കാഴ്ചകൾ സമ്മാനിച്ച വളയൻചിറങ്ങര സുവർണ തിയറ്റേഴ്സ് ചക്രക്കസേരകളിലെ അഭിനേതാക്കൾക്ക് വേദിയൊരുക്കുകയാണ‌് ‘ഛായ’ നാടകത്തിലൂടെ. അതിജീവനത്തിന്റെ അർഥം ജീവിതംകൊണ്ട് കാണിച്ചുകൊടുത്ത ഒമ്പതുപേരാണ് നാടകത്തിൽ ചായമിടുന്നത്.

വളയൻചിറങ്ങര സുവർണ തീിയറ്റേഴ്സ് കൊച്ചിൻ ഷി‌പ‌്‌യാർഡിന്റെ സഹകരണത്തോടെയാണ് ചക്രക്കസേരകളിൽ ജീവിക്കുന്ന ഭിന്നശേഷിക്കാർ വേഷമിടുന്ന നാടകമൊരുക്കുന്നത്.
തണൽ ഫ്രീഡം ഓൺ വീൽസ് എന്നപേരിൽ ചക്രക്കസേരകൾ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരായ കരോക്കെ ഗാനസംഘാംഗങ്ങളാണ‌് നാടകത്തിലെ അഭിനേതാക്കൾ. സുവർണയുടെ പ്രസിഡന്റ് കെ കെ ഗോപാലകൃഷ്ണൻ, സെക്രട്ടറി എൻ എം രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നാടകപരിശീലനം മുന്നേറുന്നത്. ഡോ. ബിനോയി പീറ്റർ, പ്രോജക്ട് ഓഫീസർ എ കെ യൂസഫ് എന്നിവരുടെ സഹായവുമുണ്ട‌്. സുവർണ ജോയിന്റ‌് സെക്രട്ടറിയായ വി ടി രതീഷ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കാമെന്നേറ്റതോടെ ഛായയുടെ രംഗങ്ങളിലേക്ക് ചക്രങ്ങൾ ഉരുണ്ടുകയറി.

അഭിനേതാക്കളുടെ അവസ്ഥയെ അവലംബിച്ച് സഹതാപഛായയുള്ള കഥ നാടകത്തിനായി തെരഞ്ഞെടുക്കേണ്ടതില്ലെന്നു തന്നെയായിരുന്നു ആദ്യത്തെ തീരുമാനം. മറ്റു നടന്മാർ അരങ്ങിലവതരിപ്പിക്കുന്ന രീതിയിലുള്ള ഒരു മികച്ച നാടകമൊരുക്കുക തന്നെയായിരുന്നു ലക്ഷ്യം. അതിൽ നർമവും സമകാലീന ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളും ഉണ്ടാവണമെന്നും നിശ്ചയിച്ചു. ചക്രക്കസേരകൾ ഉപയോഗിച്ച് നാടകത്തിന് യോജിച്ച രീതിയിൽ  ചലനങ്ങളൊരുക്കി കാഴ്ചയുടെ പുതിയൊരു വ്യാകരണത്തിന് തുടക്കമിടണമെന്ന ബോധ്യത്തിൽ വി ടി രതീഷ് തിരക്കഥ പൂർത്തീകരിച്ചു.

റിഹേഴ്സൽ ക്യാമ്പ് ഒരുക്കുക എന്ന ശ്രമകരമായ ദൗത്യം സുവർണയുടെ സംഘാടനത്തിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞ ഘട്ടമായി. അംഗപരിമിതരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഓഡിറ്റോറിയങ്ങളും ഹാളുകളും കണ്ടെത്താൻ ആദ്യഘട്ടത്തിൽ പ്രയാസമായിരുന്നു.

പല കെട്ടിടങ്ങളും ചക്രക്കസേരകൾ കടന്നുചെല്ലാൻ കഴിയാത്തവയായിരുന്നു. അന്വേഷണങ്ങൾ വെങ്ങോലയിലെ സമൃദ്ധി ഓഡിറ്റോറിയത്തിലാണ് അവസാനിച്ചത്. ഒരു മാസക്കാലത്തെ റിഹേഴ്സൽ ക്യാമ്പിന്റെ ആദ്യഘട്ടം സമൃദ്ധിയിൽ ആരംഭിച്ചു. പ്രകൃതിയോട‌് ഇണങ്ങിനിൽക്കുന്ന ആശ്രമസമാനമായ അന്തരീക്ഷം നാടകപരിശീലനത്തിന് അനുയോജ്യമായി. ശരത് പടിപ്പുര, മാർട്ടിൻ നെട്ടൂർ, അഞ്ജുറാണി, ധന്യ ഗോപിനാഥ്, ഷാനു നവാസ്, സുനിൽ മൂവാറ്റുപുഴ, രഞ്ജിത്ത് പിറവം, സജി വാഗമൺ, ഉണ്ണി മാക്സ് എന്നിവരാണ് അഭിനേതാക്കൾ.
 ഏറ്റവും മികച്ച പ്രതികരണമാണ് അവരിൽനിന്നുണ്ടായതെന്ന് സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു ചിത്രകാരൻ പ്രത്യേക സാഹചര്യത്തിൽ അനുഭവിക്കുന്ന മാനസികസംഘർഷങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം.  സെറ്റ് ഡിസൈനർ ആർഎൽവി അജയും ലൈറ്റ് ഡിസൈനർ അനൂപ് പൂനെയുമാണ്. ഈ മാസം അവസാനം നാടകം അരങ്ങിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top