17 April Wednesday

പ്രശാന്തിന്റെ ക്ലിക്കിൽ 
പ്രാണികളുടെ ക്ലോസപ്പ്

ശ്രീരാജ്‌ ഓണക്കൂർUpdated: Saturday Aug 14, 2021


കൊച്ചി> പ്രാണികളുടെ ഫോട്ടോ എടുക്കണമെന്ന മോഹവുമായി ആലുവ സ്വദേശി പ്രശാന്ത്‌ ചെന്നുകയറിയത് കടന്നൽക്കൂട്ടിൽ. ക്യാമറബാഗിൽനിന്ന്‌ മാക്രോ ലെൻസെടുത്ത്‌ ക്ലിക്ക്‌ ചെയ്‌തു. എന്നാൽ കടന്നലുകൾ പൊതിഞ്ഞു. നീരുവന്നു വീർത്ത കൈകളുമായി വീണ്ടും ക്യാമറ കൈയിലെടുത്തു.

കടന്നലുകൾ മാത്രമല്ല ചിലന്തി, കൊതുക്‌, ഈച്ച, തുമ്പി, പുൽച്ചാടി, പൂമ്പാറ്റ തുടങ്ങിയവയെല്ലാം പ്രശാന്തിന്റെ ക്യാമറയ്‌ക്കുമുന്നിൽ പോസ്‌ ചെയ്യാൻ തുടങ്ങി. രണ്ട്‌ അടച്ചിടലിൽ പ്രശാന്ത് ചന്ദ്രൻ പകർത്തിയത്‌ നൂറ്റമ്പതോളം പ്രാണികളുടെ എക്‌സ്ട്രീം ക്ലോസപ് ചിത്രങ്ങളാണ്. ഗെറ്റി ഇമേജസ്‌ എന്ന ഫോട്ടോ വിൽപ്പന പ്ലാറ്റ്‌ഫോമിൽ പ്രശാന്തിന്റെ ചിത്രങ്ങൾ വാങ്ങിയവരിൽ ഓക്‌സ്‌ഫോർഡ്‌, കേംബ്രിഡ്‌ജ്‌ സർവകലാശാലകൾ ഉൾപ്പെടും.

മൈക്രോസോഫ്‌റ്റും ബിബിസിയും ചൈന ഫോട്ടോ പ്രസ്സും ചിത്രങ്ങൾ സ്വന്തമാക്കി. ആദ്യ അടച്ചിടൽമുതലാണ്‌ ആലുവ തോട്ടക്കാട്ടുകര മധുരിമയിൽ പ്രശാന്ത്‌ ചന്ദ്രൻ ‘ഇൻസെക്ട്‌ ഫോട്ടോഗ്രഫി’ ആരംഭിച്ചത്‌. എകസ്‌ട്രീം മാക്രോ ഫോട്ടോഗ്രഫി എന്നതാണ്‌ ഈ മേഖലയുടെ യഥാർഥ പേരെന്ന്‌ പ്രശാന്ത്‌. ഒരിക്കൽ ചിലന്തിയുടെ ഫോട്ടോയെടുത്തതോടെയാണ്‌ പ്രകൃതിയിലെ ചെറുചലനങ്ങളിലേക്ക്‌ പ്രശാന്ത്‌ ക്യാമറ തിരിച്ചത്‌. 

കാട്ടിലും മേട്ടിലും വീട്ടിലുമൊക്കെ പ്രാണിസാന്നിധ്യം തിരിച്ചറിഞ്ഞാൽ ആദ്യം ക്യാമറയെടുക്കാൻ ഓടും. കൂടുതൽ പകർത്തിയത്‌ വീട്ടുപരിസരത്തുനിന്നുതന്നെ. ചിലപ്പോൾ ഒരു ഫോട്ടോ സെഷൻതന്നെ നടത്തും. രാത്രി വെളിച്ചമൊക്കെയൊരുക്കി പ്രാണികളെ ആകർഷിക്കും. ശേഷം പുലരുംവരെ ചിത്രങ്ങൾ പകർത്തും. പല പ്രാണികളുടേയും ലൈഫ്‌സൈക്കിൾ പകർത്തിയിട്ടുണ്ട്.

ഉച്ചമയക്കം മനുഷ്യനു മാത്രമല്ല പ്രാണികൾക്കുണ്ടെന്നു പ്രശാന്ത്പറയുന്നു.
   പലപ്പോഴും ഈച്ചയും കൊതുകുമൊക്കെ ഉച്ചസമയങ്ങളിലാണ് ഇലയുടെ അടിയിലും മറ്റും പറ്റിച്ചേർന്നു കിടക്കുന്നത്. ഈ സമയങ്ങളിലാണ് ചിത്രങ്ങളധികവും പകർത്തിയിട്ടുള്ളത്. ഭാര്യ ലീനയും മകൾ ആറുവയസ്സുകാരി ഉത്തരയും എല്ലാ സഹായവുമായി ഒപ്പമുണ്ട്‌.

ഗുൾഫു ഫോട്ടോഗ്രഫി എന്ന എഫ്‌ബി–-ഇൻസ്‌റ്റഗ്രാം പേജുകളിൽ പ്രശാന്തിന്റെ ചിത്രങ്ങൾ കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top