27 February Tuesday

ഒരു ഗായകന്റെ ഓര്‍മ്മക്കായി 'ഒക്ടോബര്‍ ഒമ്പത്'

രമേശന്‍ നമ്പീശന്‍Updated: Saturday Oct 7, 2023

'കഥകളി സംഗീതത്തിന്റെ ഘടനാപരമായ പൂര്‍ണ്ണത നീലകണ്ഠന്‍ നമ്പീശനിലൂടെ പരുപക്വമായെങ്കിലും, തന്റെ ശിഷ്യന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിലൂടെ ആ ഗാനശാഖ പൂത്തുലഞ്ഞത് നമ്പീശനാശാന്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു, അതില്‍ അഭിമാനിച്ചിരുന്നു. ശിഷ്യന്റെ പാട്ടിനെയെന്നും ആശാന്‍ വാനോളം പുകഴ്ത്തി. കുറുപ്പിന്റെ സര്‍ഗ്ഗസിദ്ധിയെ എന്നും ഗുരു തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് കുറുപ്പിന്റെ ശാരീരത്തെ 'വെങ്കലനാദം' എന്ന് വിശേഷിപ്പിച്ചത് '

രമേശന്‍ നമ്പീശന്‍  എഴുതുന്നു


കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് മുഖവുര ആവശ്യമില്ലാത്ത കഥകളി ഗായകനാണ് കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്. കഥകളി സംഗീതരംഗത്ത് ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെ നിയന്ത്രിച്ച, സ്വന്തമായ സംഗീത ബാണിയിലൂടെ കഥകളി ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ 'വെങ്കലനാദ' ഗായകനാണ് കുറുപ്പാശാന്‍ എന്ന് കളിഭ്രാന്തന്മാര്‍ ആവേശത്തോടെ വിളിക്കുന്ന കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്.

വൈണിക വിദ്വാനായിരുന്ന പിതാവ് രാമക്കുറുപ്പില്‍ നിന്നും പകര്‍ന്നുകിട്ടിയ സംഗീതാംശം, തിമിലവാദകനും കുടുക്കവീണയില്‍ കീര്‍ത്തനങ്ങള്‍ വായിച്ചിരുന്ന തൃക്കാമ്പുറം കൃഷ്ണന്‍ കുട്ടിമാരാരുമായുള്ള അടുത്തസൗഹൃദം ഇവ ഉണ്ണിക്കൃഷ്ണക്കുറുപ്പിലെ സംഗീതകാരനെ ഉരുവപ്പെടുത്തുവാനായി കാലം ഒരുക്കിയ സാഹചര്യങ്ങളായിരിക്കാം. കുലവൃത്തിയായ കളമെഴുത്തുപാട്ടിനേയും മറ്റ് നാടന്‍ സംഗീതശീലുകളേയും സ്വാംശീകരിച്ച് ദേശീസംഗീതപാരമ്പര്യത്തെ തന്റെ അരങ്ങുപാട്ടിലേക്ക് കൂട്ടിയിണക്കിയത് കുറുപ്പാശാന്റെ സര്‍ഗ്ഗസിദ്ധിവൈഭവത്തെ കാണിക്കുന്നു.

കഥകളി സംഗീതത്തിന്റെ ഘടനാപരമായ പൂര്‍ണ്ണത നീലകണ്ഠന്‍ നമ്പീശനിലൂടെ പരിപക്വമായെങ്കിലും, തന്റെ ശിഷ്യന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിലൂടെ ആ ഗാനശാഖ പൂത്തുലഞ്ഞത് നമ്പീശനാശാന്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു, അതില്‍ അഭിമാനിച്ചിരുന്നു. ശിഷ്യന്റെ പാട്ടിനെയെന്നും ആശാന്‍ വാനോളം പുകഴ്ത്തി. കുറുപ്പിന്റെ സര്‍ഗ്ഗസിദ്ധിയെ എന്നും ഗുരു തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് കുറുപ്പിന്റെ ശാരീരത്തെ 'വെങ്കലനാദം' എന്ന് വിശേഷിപ്പിച്ചത് !

സ്‌കെച്ച് : പ്രശസ്ത ഗായകന്‍ ജയകൃഷ്ണനുണ്ണി

സ്‌കെച്ച് : പ്രശസ്ത ഗായകന്‍ ജയകൃഷ്ണനുണ്ണി


 
കലാമണ്ഡലത്തിലെ അഭ്യസനത്തിനുശേഷം അഹമ്മദാബാദില്‍ വിശ്വവിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായി സ്ഥാപിച്ച ദര്‍പ്പണയിലും, കല്‍ക്കട്ടയില്‍ വിശ്വമഹാകവി ടാഗോറിന്റെ ശാന്തിനികേതനിലുമായുള്ള   അദ്ദേഹത്തിന്റെ ജീവിതം കുറുപ്പാശാന്റെ സംഗീതത്തില്‍ ഉത്തരേന്ത്യന്‍ സംഗീതത്തിന്റെ സൗന്ദര്യത്തെ സ്വാംശീകരിച്ച് കഥകളിയുടെ ഗേയമാര്‍ഗ്ഗത്തിലേക്ക് കൂട്ടിയിണക്കുവാന്‍ ഏറെ സഹായകമായി. ഒരിടവേളക്കുശേഷം കേരളത്തിലെ കളിയരങ്ങിലേക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഒരത്ഭുതസംഗീതമായി കളിഭ്രാന്തന്മാര്‍ക്ക് അനുഭവപ്പെട്ടതിന് കാരണം ഇത്തരം സംഗീതവഴികളെ കുറുപ്പാശാന്‍ സ്വാംശീകരിച്ചതുകൊണ്ടുകൂടിയാണ്.

കേരളത്തില്‍ തിരിച്ചെത്തിയതിനുശേഷം അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ജൈത്രയാത്ര അക്കാലത്തെ കഥകളി അരങ്ങുകളിലേക്ക് ആസ്വാദകരെ കൂടുതലാകര്‍ഷിച്ചു. ഈ ഗായകന്റെ സംഗീതം വീണ്ടുംവീണ്ടും കേള്‍ക്കുന്നതിനായി ഒരുകൂട്ടം ആസ്വാദകര്‍ ടേപ്പ്‌റിക്കോര്‍ഡുകളുമായി രാത്രികള്‍ പകലുകളാക്കി നടത്തിയ ഗാനശേഖരങ്ങള്‍ ഒരു കാലത്തിന്റെ ഗേയമാര്‍ഗ്ഗത്തിന്റെ പ്രമാണശേഖരമായി മാറി. കുറുപ്പാശാന്റെ പാട്ടില്‍ അതുവരെ കേള്‍ക്കാത്ത എന്തോ ഒരു വന്യമായ വശ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് ആ സംഗീതസാഗരത്തില്‍ ആസ്വാദകരേവരും ആറാടി. ഒരോ അരങ്ങിലും നവ്യാനുഭവങ്ങള്‍ കുറുപ്പാശാന്‍ തന്റെ സംഗീതത്തിലൂടെ സൃഷ്ടിക്കുമ്പോഴും കഥകളിയരങ്ങിന് ഇണങ്ങുന്ന പാട്ടുവഴിയാണ് ഈ അതുല്യഗായകന്‍ പരിപാലിച്ചിരുന്നത്.

നിഷ്‌കളങ്കമായ ഭാവത്തോടെ തുറന്നതൊണ്ടയില്‍ ശ്രുതിശുദ്ധമായി ആലപിക്കുന്ന ആ ഗാനധാര ഏതൊരു ആസ്വാദക ഹൃദയത്തേയും തൊട്ടുണര്‍ത്തിയിരുന്നു. ആ ശബ്ദത്തിന്റെ മാസ്മരികവലയത്തില്‍ ഒരുകാലം നിശ്ചലമായിരുന്നു. അരങ്ങു പാട്ടിനിണങ്ങുന്ന ഗമകങ്ങളും ഭൃഗകകളും മാത്രമേ ആ തൊണ്ടയില്‍നിന്നും നിര്‍ഗ്ഗളിച്ചിരുന്നുള്ളൂ. ബാഹ്യമായ ശബ്ദസൗന്ദര്യത്തിലൂന്നി കൃത്രിമശബ്ദക്രമീകരണമോ മൈക്കിന്റെ സാധ്യതകളൊ ഉപയോഗിക്കാനല്ല ആ ഗായകന്‍ ശ്രദ്ധിച്ചിരുന്നത്. കുറുപ്പാശാന്റെ മനസ്സുപോലെ തന്നെയായിരുന്നു പാട്ടും. കാപട്യം തൊട്ടുതീണ്ടാതെ ശുദ്ധനായ പാട്ടുകാരനായിരുന്നു.

 കഥകളിപ്പാട്ടാണെന്ന് കേട്ടമാത്രയില്‍ തന്നെ അനുവാചകന് തോന്നുന്ന രീതിയിലാണ് ആ സര്‍ഗ്ഗഗായകന്‍ അരങ്ങില്‍ പാടിയിരുന്നത്. പുതുവഴികള്‍ തേടിപ്പോയപ്പോഴും ഈ കഥകളിത്തം നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിച്ചിരുന്നു.പാതിരാവില്‍ പാതിമയക്കത്തിലും 'പാടി'യുടെ ധാടി ഉണര്‍ത്തിക്കൊണ്ട് 'കത്തി'ക്കു പാകത്തിന് കത്തിക്കയറുന്ന കുറുപ്പിന്റെ പാട്ട് തീര്‍ത്ത എത്രയെത്ര അരങ്ങുകളുടെ ഓര്‍മ്മകളില്‍ ഇന്നും ആസ്വാദകര്‍ അഭിരമിച്ചുക്കൊണ്ടേയിരിക്കുന്നു. കീചകവധം കഥകളിയിലെ കാംബോജി രാഗത്തിലുള്ള പ്രസിദ്ധമായ 'ഹരിണാക്ഷി' എന്നപദം, ഇപ്പോഴും മനസ്സില്‍ കേട്ടുകൊണ്ട്, അന്ന് നടന്ന അരങ്ങിന്റെ ഓര്‍മ്മകളെ അയവിറക്കി, കളി കാണുന്ന എത്രയോ ആസ്വാദകര്‍ ഇന്നുമുണ്ട്.

പദങ്ങളായാലും, ശ്ലോകങ്ങളായാലും, ദണ്ഡകങ്ങളായാലും കുറുപ്പാശാന്റെ ശൈലിയെന്നും ആസ്വാദകര്‍ക്ക് ഏറെ പ്രിയമുള്ളതായിരുന്നു. കീചകവധത്തിലെ തന്നെ 'ക്ഷോണീന്ദ്രപത്‌നിയുടെ' എന്ന ദണ്ഡകം; 'കണ്ടിവാര്‍കുഴലി' പദവും ശ്ലോകവും, 'വനമുണ്ടിവിടെ' (കിര്‍മ്മീരവധം), 'അജിതഹരേ' (കുചേലവൃത്തം); 'പരിദേവിതം' (സന്താനഗോപാലം); രുഗ്മാംഗദചരിതത്തിലെ എല്ലാപദങ്ങളും, പ്രത്യേകിച്ച് 'അപ്രിയമപഥ്യം.; 'കഷ്ടമീവണ്ണം ശാഠ്യങ്ങള്‍; 'ചെയ് വേന്‍ താവക അഭിലാഷം' എന്നീ പദങ്ങള്‍, സന്താനഗോപാലത്തില്‍ നിന്നുള്ള 'ഹാ ഹാ കരോമി' തുടങ്ങിയ പദങ്ങള്‍, കൂടാതെ നളചരിതം നാലുദിവസത്തെ എല്ലാപദങ്ങളും കുറുപ്പാശാന്റെ മാസ്മരിക സംഗീതത്തിനുമുന്നില്‍ ആസ്വാദക ഹൃദയം കീഴ്‌പ്പെട്ടിരുന്നു. കോട്ടം തീര്‍ന്ന കോട്ടയം കഥകള്‍ക്ക് പാടുമ്പോഴും കുറുപ്പാശാന്‍ തന്നെമതി എന്നത് ഒരു കാലഘട്ടത്തില്‍ ആശാന്റെ ആലാപനം കഥകളിയരങ്ങിനെ എത്രത്തോളം സ്വാധീനിച്ചിരുന്നു എന്നതിന്റെ തെളിവാണ്.

കുറുപ്പാശാനും ശിങ്കിടിമാരും

കുറുപ്പാശാന്റൊപ്പം ആദ്യകാലത്ത് ഒട്ടേറെ സഹഗായകര്‍ അരങ്ങില്‍ കൂടെ പാടിയിട്ടുണ്ട്. അവരുടെ ആലാപനത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്താന്‍ കുറുപ്പാശാന് സാധിച്ചിട്ടുണ്ട്. കലാമണ്ഡലം ഗംഗാധരന്‍, രാമവാര്യര്‍,  കലാമണ്ഡലം ശങ്കരന്‍  എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം മാടമ്പ് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, തിരൂര്‍ നമ്പീശന്‍, കലാമണ്ഡലം വെണ്മണി ഹരിദാസ്, കലാനിലയം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം പി ജി രാധാകൃഷ്ണന്‍, പി ഡി, പാലനാട് ദിവാകരന്‍ തുടങ്ങി നിരവധി ശിങ്കിടിമാര്‍ കുറിപ്പിന് അകമ്പടിയേകുമ്പോഴും കുറുപ്പിന്റെ പാട്ടുവഴി വേറൊന്നാണ് എന്ന് സഹഗായകരായ ഏവരും സമ്മതിക്കുമായിരുന്നു. കുറുപ്പാശാനപ്പുറം വേറൊരാളില്ല എന്ന് ആസ്വാദകര്‍ അന്നും ഇന്നും പറയുന്നു!

അരങ്ങത്ത് കുറുപ്പാശാന് ശിങ്കിടിക്ക് ആരുണ്ടായാലും കുറുപ്പാശാന്‍ ഒരു ഭാവവ്യത്യാസവും കാണിക്കാതെ തന്റെ സംഗീതധാര അനര്‍ഗ്ഗളം അരങ്ങില്‍ നിര്‍ഗമിച്ചിരുന്നു. ശിങ്കിടിയുടെ കുറവിനെ കാണിക്കാതെ ചേര്‍ത്തുപിടിച്ച് അരങ്ങ് വിജയിപ്പിക്കാനുള്ള കുറുപ്പാശാന്റെ വൈഭവം വേറെതന്നെയായിരുന്നു. കുറുപ്പ് ചേര്‍ത്തുപിടിച്ച ആ ശിങ്കിടിഗായകരുടെ പിന്നീടുള്ള കലാജീവിതം കൂടുതല്‍ പ്രശോഭിക്കുവാന്‍ ഏറെ സഹായകമായി.
 
പതിറ്റാണ്ടുകള്‍ താണ്ടിയിട്ടും ആ പാട്ടുകാരന്റെ പാട്ടോര്‍മ്മകള്‍ ഇന്നും സജീവമായി ആസ്വാദകഹൃദയത്തില്‍ മങ്ങാതെ നില്‍ക്കുന്നുണ്ടെങ്കില്‍ ആ സര്‍ഗ്ഗപ്രതിഭയുടെ സ്വാധീനം അക്കാലത്ത് ഒരു കലാരൂപത്തില്‍ എത്രത്തോളം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. കഥകളിയിലെ മറ്റ് വിഭാഗക്കാര്‍ ഏതെങ്കിലും ഒരു അരങ്ങില്‍ വിജയിക്കാതിരിക്കുമ്പോഴും, ഈ ഗായകന്റെ ആലാപനം കൊണ്ടുമാത്രം വിജയിച്ച കളിയരങ്ങുകള്‍ നിരവധിയാണ്. കുറുപ്പാശാന് എതിരില്ലാത്ത വിധം കഥകളിലോകം വഴിമാറിയിരുന്നു.
സ്വന്തം ജീവിതത്തില്‍ സാമ്പത്തിക ഭദ്രതയില്ലാതിരുന്നിട്ടും അരങ്ങുപണം ഉറപ്പാക്കുവാന്‍  ഒരിക്കലും ആ ഗായകന്‍ ഒരുമ്പിട്ടില്ല.

 തന്റെ സംഗീതത്തിന് ഒരിക്കലും ആ പാട്ടുകാരന്‍ വിലയിട്ടിരുന്നില്ല, മറിച്ച് തന്റെ പാട്ട് കേള്‍ക്കാനായി വരുന്ന ഏതൊരു ആസ്വാദകനേയും മതിയാവോളം പാടി ആനന്ദിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. തൊഴില്‍ എന്നതിന പ്പുറത്ത് സംഗീതത്തെ കണ്ട ആ വലിയ കലാകാരന്‍ ഒരുകാലത്തും സംഘാടര്‍ക്ക് സാമ്പത്തികമായ ഒരു സമ്മര്‍ദ്ദവും സൃഷ്ടിച്ച ചരിത്രമില്ല. സ്വന്തം ജീവിതത്തിലെ പ്രശ്‌നങ്ങള്‍ സംഗീതത്തിലൂടെ മറികടക്കുകയായിരുന്നു. കഥകളി ലോകത്ത് പകരം വക്കാനില്ലാത്ത സാര്‍വ്വഭൗമനായി ഈ പാട്ടുകാരന്‍ ഇന്നും ആസ്വാദകമനസ്സില്‍ വിരാജിക്കുന്നു!

ഒക്ടോബര്‍ ഒമ്പത് - വേറിട്ട അനുസ്മരണം


കളിയരങ്ങില്‍ അദ്ദേഹം അവസാനമായി പാടിയത് 1987 ഒക്ടോബര്‍ 9നാണ്. 1988 മാര്‍ച്ച് 4ന് അദ്ദേഹം നിര്യാതനാവുകയും ചെയ്തു. ആ വര്‍ഷംമുതല്‍ കഴിഞ്ഞ 35 വര്‍ഷമായി അഭംഗുരം അദ്ദേഹം അവസാനമായി അരങ്ങില്‍ പാടിയ 'ഒക്ടോബര്‍ ഒമ്പത്' അദ്ദേഹത്തിന്റെ അനുസ്മരണദിനമായി ഇരിങ്ങാലക്കുടയില്‍ ആചരിച്ചുവരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് അര്‍ഘ്യം നല്‍കിക്കൊണ്ട്, ഇരിങ്ങാലക്കുട കഥകളിക്ലബ്ബിന്റെ സഹകരണത്തോടെ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനാചരണക്കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന സാംസ്‌കാരികോത്സവമായ 'ഒക്ടോബര്‍ ഒമ്പത്' സാംസ്‌കാരികരംഗത്ത്, പ്രത്യേകിച്ച് കഥകളിയുടെ സംഘാടനമേഖലയില്‍, വേറിട്ട് നില്‍ക്കുന്നു.

 ഒരു കഥകളി ഗായകനെ ഇത്രയേറെ ഹൃദയത്തോട് ചേര്‍ത്ത്പിടിച്ച് മുടങ്ങാതെ മൂന്നര പതിറ്റാണ്ടായി ആചരിക്കുന്ന മറ്റൊരോര്‍മ്മദിനം വേറെയില്ല. ആശാന്റെ അരുമ ശിഷ്യനായ പാലനാട് ദിവാകരന്‍ അരങ്ങില്‍ ആശാനൊപ്പം നിരവധി അരങ്ങുകള്‍ കൂടെപാടി എന്നു മാത്രമല്ല, കുറുപ്പാശാന്റെ കാലശേഷവും ഈ ഓര്‍മ്മ ദിനാചരണത്തിന് മുമ്പില്‍നിന്ന് മൂന്നര പതിറ്റാണ്ട് പ്രവര്‍ത്തിക്കുന്നു എന്നത് ഈ ഗായകന്റെ ഗുരു-ശിഷ്യ ബന്ധത്തിന്റെ തീവ്രത കാണിക്കുന്നു!

കഥകളിരംഗത്തെ ഒട്ടുമിക്ക കലാകാരന്മാരും, വിചക്ഷണന്മാരും, ആസ്വാദകരും ഈ സ്മരണ ദിനത്തില്‍ ഒത്തുചേരുന്നു  എന്നുള്ളത് ആ ഗായകനോടുള്ള ആദരവിന്റെ ആഴം കാണിക്കുന്നു.
 
'ഒക്ടോബര്‍ ഒമ്പതി'ന്റെ ഭാഗമായി നടത്തിവരുന്ന കഥകളിസംഗീതമത്സരം, ഇന്നുള്ള കഥകളിസംഗീതരംഗത്തെ ഒട്ടേറെ ഗായകരെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. കഥകളിസംഗീത രംഗത്തെ പ്രമുഖരായ കലാമണ്ഡലം വിനോദ്, കലാനിലയം രാജീവന്‍, നെടുംമ്പിള്ളി രാംമോഹന്‍, വേങ്ങേരി നാരായണന്‍, സദനം ജ്യോതിഷ് ബാബു, ദീപ പാലനാട്, മീര രാംമോഹന്‍ തുടങ്ങി അനവധി ഗായകര്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരക കഥകളി സംഗീതമത്സരത്തില്‍ വിജയിച്ചുവന്നിട്ടുള്ളവരാണെന്നുള്ളതും ഇതിന്റെ മാറ്റുകൂട്ടുന്നു.

'ഒക്ടോബര്‍ ഒമ്പതി'നോടനുബന്ധിച്ച് കഥകളികൂടാതെ സെമിനാറുകള്‍, ചര്‍ച്ചകള്‍, സംഗീതാര്‍ച്ചന, കഥകളി ഗായക സംഗസംഗമം, കഥകളി സംഗീത മത്സരം, സ്മാരകപ്രഭാഷണം, എന്നീ വൈവിദ്ധ്യങ്ങളായ പരിപാടികളാണ്നടത്തിവരുന്നത്.കഥകളിയാസ്വാദകലോകത്ത് അനുസ്മരണങ്ങള്‍ കാലികമായി ബന്ധപ്പെടുത്തിക്കൊണ്ട് സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ നടത്താം എന്നതിന് ഏറ്റവും നല്ല മാതൃകയാണ് 'ഒക്ടോബര്‍ ഒമ്പത്'.  കഥകളിലോകത്തേക്ക് ആസ്വാദകരെ അടുപ്പിക്കുന്നതോടൊപ്പം ഒരു സംസ്‌കാരത്തിന്റെ ഇന്നലകളെ ഇന്നുമായി ബന്ധിപ്പിച്ചുകൊണ്ട് എങ്ങിനെ പ്രവര്‍ത്തിക്കാം, ആഘോഷങ്ങള്‍ എങ്ങിനെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറിയിരിക്കുന്നു ഈ ഓര്‍മ്മദിനം!

ഈ വര്‍ഷം മുതല്‍ 'ഒക്ടോബര്‍ ഒമ്പത്' കേരള കലാമണ്ഡലത്തിന്റെകൂടി സംയുക്തസഹകരണത്തോടെ സംഘടിപ്പിക്കുന്നത് പുതിയ സാംസ്‌കാരിക വൈപുല്ല്യത്തിന് തുടക്കം കുറിക്കും എന്നാണ് ആസ്വാദകലോകം പ്രത്യാശിക്കുന്നത്. സെപ്തംബര്‍ 27ന് നിളാ ക്യാമ്പസില്‍ 'കഥകളി സംഗീതത്തില്‍ കലാമണ്ഡലത്തിന്റെ വഴികള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല, ഒക്ടോബര്‍ 8ന് ദേശീയതലത്തില്‍ വിപുലപ്പെടുത്തിക്കൊണ്ട് കഥകളിസംഗീത മത്സരം, ഒക്ടോബര്‍ 9ന് പദ്മ ശ്രീ കലാമണ്ഡലം ഗോപിയാശാന്റെ വേഷത്തോടെ കലാമണ്ഡലം അവതരിപ്പിക്കുന്ന മേജര്‍സെറ്റ് കഥകളി, സംഗീതാര്‍ച്ചന, സ്മാരക പ്രഭാഷണം, അനുസ്മരണസമ്മേളനം എന്നീ പരിപാടികള്‍ ഇരിങ്ങാലക്കുടയില്‍ ഇക്കുറി അരങ്ങേറുമ്പോള്‍  സംഘാടനത്തിന്റെ പുതിയ സാധ്യതകള്‍ക്ക് 'ഒക്ടോബര്‍ ഒമ്പത്'  മാതൃകയാകുന്നു.കേരളത്തിന്റെ അഭിമാനമായ ഈ ഗായകന്റെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് കേരളത്തിന്റേയും കഥകളിയുടേയും പ്രൗഢി നിലനിര്‍ത്തി ഒക്ടോബര്‍ ഒമ്പത് വരും കാലങ്ങളിലും കൂടുതല്‍ പ്രശോഭിതമാകട്ടെ .


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top