20 April Saturday

ഒഴുകി നീങ്ങിയ നാടകം

കെ ഗിരീഷ്Updated: Sunday Apr 23, 2017

നാടകം എവിടെയൊക്കെ അരങ്ങേറാം. പെര്‍ഫോമിങ് സ്പെയ്സിനെക്കുറിച്ചുള്ള അന്വേഷണവും പരീക്ഷണവും പ്രയോഗവും രംഗവേദിയിലെ എക്കാലത്തെയും കൌതുകമാണ്. ഒരു നാടകം തെരുവുമുഴുവന്‍ പാഞ്ഞ് നടക്കാറുണ്ട്. ഓടിനടക്കാറുമുണ്ട്. എന്നാല്‍, ഒഴുകിനടക്കുന്ന നാടകം കേരളത്തിലിതുവരെ സംഭവിച്ചിട്ടില്ലായിരുന്നു. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തൃശൂരില്‍ ഒരുക്കിയ പ്രചാരണനാടകം 'സ്വീറ്റ്സ്' തെരുവിലൊഴുകി നടക്കുകയായിരുന്നു. കാരണം, നാടകത്തിന്റെ മുഖ്യവേദി ലോറിയായിരുന്നു. നിര്‍ത്താതെ ഒഴുകി നടന്നും ഇടയ്ക്കെപ്പോഴോ കഥാപാത്രങ്ങള്‍ മുഖ്യവേദി വിട്ട് പുറത്തിറങ്ങിയും നീങ്ങിയ നാടകം ഒരറ്റത്തുനിന്ന് തുടങ്ങി മറ്റൊരറ്റത്ത് സമാപിച്ചു. 

വേട്ടക്കാര്‍ക്കൊപ്പം അണിചേരുകയും ഇരയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിക്കയും ചെയ്യുന്ന സാമ്രാജ്യത്വംതന്നെയാണ് നാടകവിഷയം. 'മുണ്ടഴിക്കുന്നതും മുണ്ഡനംചെയ്യുന്നതും ഒറ്റ തുറുകണ്ണനായ ഒരാള്‍തന്നെ എന്ന് അറിയുമ്പോള്‍ വ്യഭിചാരികളാര്' എന്ന മുല്ലനേഴിയുടെ വരികളാണ് നാടകത്തിനാധാരമായത്. വികസനത്തിന്റെ മധുരം പുരട്ടി കാടും മേടും മലയും പുഴയും വയലും വിറ്റും നശിപ്പിച്ചും കര്‍ഷകനെ കുരുതി കൊടുത്തും തിമിര്‍ക്കുന്ന സംസ്കാരത്തിന്റെ തലവനായ 'സാമ്രു'. അവനിങ്ങനെ മധുരം വിതരണംചെയ്ത് തെരുവായ തെരുവിലും ജനപഥങ്ങളിലും പാഞ്ഞുനടക്കുന്നു. അവന്റെ മധുരത്തില്‍ മയങ്ങി, അവന്‍ വിരിച്ച വലകളിലേക്ക് അറിയാതെ വഴുതിവീണ കിളികളാണ് മനുഷ്യരെന്ന് നാടകം ഓര്‍മിപ്പിക്കുന്നു. വര്‍ഗീയതയും ജാതീയതയും സാമ്രാജ്യത്വ ഉല്‍പ്പന്നമാണെന്ന് ഓര്‍മിപ്പിക്കുന്ന നാടകം ശബ്ദിക്കുന്നവന്റെ നാവും പെരുവിരലും അരിഞ്ഞുവീഴ്ത്തുന്ന സമകാലീനസാമൂഹ്യസംഭവങ്ങളിലേക്കും കാണിയെ കൂട്ടിക്കൊണ്ടുപോകുന്നു. ഇതിനായി കരിവെള്ളൂര്‍ മുരളി, സുഗതകുമാരി, മുരുകന്‍ കാട്ടാക്കട എന്നിവരുടെ കവിതകളും നാടകത്തില്‍ ഉപയോഗിച്ചു. ഒടുവില്‍ ചെടികള്‍ വിതരണംചെയ്തും വിത്ത് വിതച്ചും വിത്ത് സമ്മാനമായി നല്‍കിയും എല്ലാ വലകളെയും പൊട്ടിച്ചെറിയാനുള്ള ആഹ്വാനം നല്‍കി നാടകമവസാനിച്ചു.

കോലഴി നാരായണന്‍

കോലഴി നാരായണന്‍

പ്രക്ഷോഭപ്രചാരണനാടകങ്ങളില്‍ പലതും തെരുവ് പ്രസംഗങ്ങളായി താണുപോകുന്ന കാലത്ത് സ്വീറ്റ്സ് അതിന്റെ അവതരണരീതികൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്ന ആടയാഭരണംകൊണ്ടും കാണിയെ നാടകത്തിലേക്ക് ആകര്‍ഷിക്കുന്ന രീതിയാല്‍ ശ്രദ്ധേയമാണ്. തെരുവ് നാടകമെന്നത് തെരുവിന്റെ എല്ലാ സാധ്യതയെയും ഉള്‍ക്കൊള്ളുന്ന അവതരണമാണെന്ന് നാടകം പറയുന്നു. ഒഴുകിനീങ്ങി തെരുവിനെ മുഴുവന്‍ വേദിയാക്കി, കാണികളെ മുഴുവന്‍ പങ്കാളികളാക്കിയുള്ള സ്വീറ്റ്സ് സംവിധാനം ചെയ്തത് കോലഴി നാരായണനാണ്. സംഗീതം:  സത്യജിത്. സൌണ്ട്: കണ്ണന്‍ സാരഥി, മനോജ്.

സുധീര്‍ കൊല്ലാറ, ആന്റണി അലക്സ്, രമ സുബ്രഹ്മണ്യന്‍, പി കെ വിജയന്‍, സിദ്ധാര്‍ഥ് കിഷോര്‍, സി മോഹന്‍ദാസ്, കെ ആര്‍ മുരളി, എം എന്‍ ശശികുമാര്‍, കെ കെ ആനന്ദ് എന്നിവര്‍ അഭിനേതാക്കളായി.

girish.natika@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top