24 April Wednesday

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിൽ നാടകകല പഠിക്കാം

എം വി പ്രദീപ്‌Updated: Thursday Jan 30, 2020



തിരുവനന്തപുരം
രാജ്യത്തെ ആദ്യ നാടക പരിശീലന സ്ഥാപനമായ ന്യൂ ഡൽഹിയിലെ എൻഎസ്ഡി  അഥവാ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നാടകകല പഠിക്കാൻ അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെട്ടാൽ  പഠനാവശ്യങ്ങൾക്ക് മാസം 8000 രൂപ വീതം സ്‌കോളർഷിപ് ലഭിക്കും. നാടകത്തെ ഗൗരവമായി സമീപിക്കാത്തവർക്ക്‌ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ സ്ഥാനമില്ല. റെസിഡൻഷ്യൽ രീതിയിൽ മുഴുവൻസമയ  മൂന്നുവർഷ ഡിപ്ലോമ കോഴ്‌സിലേക്ക്‌ ഫെബ്രുവരി 28 വരെ ഓൺലൈനായും അല്ലാതെയും അപേക്ഷിക്കാം.  പരമ്പരാഗത നാടകവേദിക്കും പാശ്ചാത്യനാടകവേദിക്കും നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ഒരുപോലെ പ്രാധാന്യം കൊടുക്കുന്നു. 

രാജ്യത്തും വിദേശത്തുമുള്ള ഏതെങ്കിലും സർവകലാശാലയിൽനിന്ന്‌ ബിരുദമുള്ളവർക്കാണ്‌ അവസരം. കുറഞ്ഞത് ആറ് തിയറ്റർ പ്രൊഡക്‌ഷനിലെങ്കിലും പങ്കാളിയായിരിക്കണം. ഇതിനുള്ള തെളിവ് ഓഡിഷൻ സമയത്ത് ഹാജരാക്കണം.  2020 ജൂലൈ ഒന്ന്‌ കണക്കാക്കി  18 വയസ്സ്‌ തികഞ്ഞിരിക്കണം.  30 വയസ്സ്‌ കവിയരുത്‌. 26 സീറ്റാണുള്ളത്‌. സീറ്റുകളിൽ നിയമാനുസൃത സംവരണവുമുണ്ട്‌. 

പ്രവേശനം രണ്ടുഘട്ടമായാണ്. പ്രാഥമിക പരീക്ഷയിൽ ആദ്യം പങ്കെടുക്കണം. ജയിച്ചാൽ  ഫൈനൽ വർക്ക്ഷോപ്പിലേക്ക് പരിഗണിക്കും. അഞ്ചുദിവസത്തെ വർക്ക്‌ഷോപ് ഡൽഹിയിലാണ്. തുടർന്ന്‌, ശാരീരിക ക്ഷമതാ പരിശോധനയും ഉണ്ടാകും. പ്രാഥമിക പരീക്ഷ മെയ്‌, ജൂൺ മാസങ്ങളിൽ എന്നെങ്കിലുമായിരിക്കും. പ്രാഥമിക പരീക്ഷയ്‌ക്ക്‌ ജയ്‌പുർ, ചണ്ഡീഗഢ്, ലഖ്‌നൗ, പട്‌ന, ഭുവനേശ്വർ, കൊൽക്കത്ത, ഗുവാഹത്തി, ചെന്നൈ, ബംഗളൂരു, മുംബൈ, ഭോപാൽ, ഡൽഹി എന്നിവിടങ്ങളിലായി 12 കേന്ദ്രമുണ്ട്‌. മാർച്ചിൽ പരീക്ഷാതീയതി അപേക്ഷകർക്ക്‌ ഇ മെയിലിൽ ലഭ്യമാകും. ജൂലൈയിൽ ക്ലാസുകൾ ആരംഭിക്കും. പഠനമാധ്യമം ഹിന്ദിയും ഇംഗ്ലീഷുമാണ്‌.

ഫെബ്രുവരി 28 വരെ http://www.onlineadmission.nsd.gov.inwww.nsd.gov.in വെബ്‌സൈറ്റുകളിലൂടെയാണ്‌ ഓൺലൈനായി അപേക്ഷിക്കേണ്ടത്‌. 50 രൂപയാണ്‌  ഓൺലൈൻ അപേക്ഷാഫീസ്‌, ഇത്‌ നെറ്റ്‌ബാങ്കിങ്, ക്രെഡിറ്റ്‌ കാർഡ്‌ സംവിധാനം ഉപയോഗിച്ച്‌ ഒാൺലൈനായി അടയ്‌ക്കണം. കൂടാതെ ഡീൻ അക്കാദമിക്‌സ്‌, നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമ, ബഹവൽപുർ ഹൗസ്‌,   ബഗ്‌വൻദാസ്‌ റോഡ്‌, ന്യൂഡൽഹി–-110001 എന്ന വിലാസത്തിൽ 225 രൂപയുടെ ഡിമാൻഡ്‌ ഡ്രാഫ്‌റ്റ്‌ സഹിതം  അപേക്ഷാഫോമിനും പ്രോസ്‌പെക്ടസിനും (ഇംഗ്ലീഷ്‌/ഹിന്ദി) അപേക്ഷിക്കാം. തപാലിലുള്ള അപേക്ഷയും ഫെബ്രുവരി 28നകം ലഭിക്കണം. അപേക്ഷകർ നിരന്തരം വെബ്‌സൈറ്റ്‌ പരിശോധിച്ച്‌ പരീക്ഷാ വിവരങ്ങൾ മനസ്സിലാക്കണമെന്നും നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമാ ഡയറക്ടർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top