30 May Thursday

കാവേറിയ ദൈവത്തിന്റെ ജാതി

കെ ഗിരീഷ്Updated: Sunday May 29, 2016

ദൈവമിറങ്ങിപ്പോയാല്‍ തെയ്യക്കാരന്റെ ശരീരത്തിന് വിലയില്ല. തെയ്യമുറയുമ്പോള്‍ തെയ്യക്കാരന്‍ ദൈവവും ദൈവമിറങ്ങിയാല്‍ കീഴാളനുമാകുന്നു. തന്റെ ശരീരത്തില്‍നിന്ന് ഇറങ്ങിപ്പോയ ദൈവത്തെ കാവിനകത്ത് കടന്ന് എത്തിനോക്കാന്‍പോലുമാകാത്ത അയിത്തം. ജാതിയുടെ കാണാക്കയങ്ങള്‍ ഇന്നും കേരളത്തില്‍ നിലകൊള്ളുന്നു. അതിലൊന്നാണ് ചില തെയ്യക്കാവുകള്‍. തെയ്യം കെട്ടുന്ന കീഴാളന് തെയ്യം കഴിഞ്ഞാല്‍ കാവുകളിലേക്ക് പ്രവേശനമില്ല. ഈ വിഷയത്തോടൊപ്പം രാമായണത്തിലെ കാണാപ്പുറങ്ങളിലൂടെ കടന്ന് അതിന്റെ കീഴാളപക്ഷവായനയിലൂടെ, ബാലിയിലൂന്നി രാമന്റെ വാഴ്ത്തപ്പെട്ട മര്യാദപുരുഷോത്തമ സങ്കല്‍പ്പത്തെക്കൂടി വിശകലനവിധേയമാക്കുന്ന നാടകമാണ് പോണ്ടിച്ചേരി കേരളസമാജത്തിന്റെ 'ദ്വന്ദം'. കീഴാളമുറ്റത്ത്, അവന്റെ തോറ്റലുകളില്‍ ആഹ്ളാദംകണ്ട ദൈവങ്ങളെ കാവുകളിലെത്തിച്ച് വരേണ്യവല്‍ക്കരിക്കുന്ന കാലത്ത് കീഴാളനോട് അവന്റെ ദൈവങ്ങളെ മോചിപ്പിക്കാനുള്ള ആഹ്വാനം നാടകം നല്‍കുന്നു.

നെടുബാലി അഥവാ ബാലി തെയ്യം കെട്ടിയാടുന്ന ചന്തു എന്ന തെയ്യക്കാരന്റെ ജീവിതത്തിലൂടെയാണ് നാടകം തുടങ്ങുന്നത്. ഭാര്യ മാതുവിന് വാങ്ങിയ അപൂര്‍വ കൈത്തറിമുണ്ട് ചന്തു തെയ്യംകെട്ടിയ രാത്രി ബാലിയുടെ ദൈവത്തറയില്‍ മറന്നുവയ്ക്കുന്നു. പിറ്റേന്ന് രാവിലെ മുണ്ടെടുക്കാന്‍ വരുന്ന ചന്തുവിനെ കാവിന്റെ ഊരാളനായ രാമന്‍നായര്‍ തടയുന്നു. തെയ്യത്തിനുശേഷം ബ്രാഹ്മണര്‍ പുണ്യാഹം തളിച്ചാല്‍ കീഴ്ജാതിക്കാര്‍ക്ക് പ്രവേശനമില്ല എന്ന് രാമന്‍നായരുടെ കല്‍പ്പന. കാവിനകത്ത് കടക്കാന്‍ ശ്രമിച്ച ചന്തുവിനെ നേരിടുന്നത് ഗുണ്ടകളാണ്. ചോരയില്‍ കുളിച്ച് കിടക്കുന്ന ചന്തുവിനുമുമ്പില്‍ തെയ്യക്കോലത്തില്‍ ബാലി ദൈവം പ്രത്യക്ഷപ്പെടുന്നു. തെയ്യക്കോലം കെട്ടി കാവില്‍ കയറിയാല്‍ ആര്‍ക്കും തടയാനാകില്ല എന്ന് തെയ്യം പറയുന്നു. തെയ്യം തന്റെ കോലം അഴിച്ച് ചന്തുവിന് നല്‍കുന്നു. ചന്തു തെയ്യക്കോലം കെട്ടി കാവില്‍ കയറുന്നു. പ്രമാണിമാര്‍ അസ്വസ്ഥരാകുന്നു. അവര്‍ തെയ്യക്കാരനെ കൊല്ലാനുള്ള തന്ത്രങ്ങള്‍ മെനയുമ്പോള്‍ ചന്തു തന്റെ ഭാര്യക്ക് അപൂര്‍വ മുണ്ട് അണിയിക്കുന്നു. ബാലി ദൈവം ആടയാഭരണങ്ങള്‍ തിരിച്ചുവാങ്ങി പോകാനൊരുങ്ങുമ്പോള്‍ ചതിക്കപ്പെട്ട ബാലിയുടെ കഥ പറയുന്നു. ഇവിടെയാണ് നാടകം രാമായണത്തിലേക്ക് പ്രവേശിക്കുന്നത്. താരയുടെ അന്തപുരത്തിലെത്തുന്ന രാമനും താരയുമായുള്ള തര്‍ക്കം. യുദ്ധത്തില്‍ ബാലികൊല്ലപ്പെടുമെന്ന രാമന്റെ അറിയിപ്പ്. പിറ്റേന്ന് യുദ്ധക്കളത്തില്‍ രാമനോട് ബാലിയുയര്‍ത്തുന്ന ചോദ്യങ്ങള്‍, രാമായണത്തില്‍ വായിക്കപ്പെടാതെ പോയ ചിലതിനെ നാടകം വെളിവാക്കുകയാണ്. മനുഷ്യാവതാരകഥയില്‍ മനുഷ്യനുമാത്രമാണ് പ്രാമുഖ്യമെന്നും കിളികളും പൂക്കളും മൃഗങ്ങളും രണ്ടാംനിരമാത്രമാണെന്നും വാല്‍മീകി പറയുന്നു.

ജാതിയില്‍ താഴ്ന്നവരെ വിളിച്ചിരുന്ന പേരായിരുന്നോ വാനരന്‍ എന്നുപോലും കഥാപാത്രങ്ങള്‍ ചോദിക്കുന്നുണ്ട്. ചതിക്കപ്പെട്ട ബാലിയുടെ കഥയ്ക്കൊടുവില്‍ കാവിലെത്തുന്ന ഉയര്‍ന്ന ജാതിക്കാരായ പ്രമാണിമാര്‍ ചന്തുവാണെന്നു കരുതി ബാലി ദൈവത്തെ വെടിവയ്ക്കുന്നു. കാവില്‍നിന്ന് ദൈവം അപ്രത്യക്ഷമാകുന്നു. ചന്തുവും മാതുവും കാവില്‍ ഒറ്റയ്ക്കാവുമ്പോള്‍ തീചാമുണ്ഡി തെയ്യംകെട്ടി ശരീരം മുഴുവന്‍ വെന്ത് മരിച്ച ചന്തുവിന്റെ മുത്തച്ഛന്‍ പ്രത്യക്ഷപ്പെടുന്നു. എന്നും ചതിക്കപ്പെടാനായി എന്തിനാണ് കറുത്തവരുടെ ദൈവത്തെ മേല്‍ജാതിക്കാര്‍ പോറ്റുന്നത്. അവരെ കറുത്തവന്റെ ചാളയിലേക്ക് തിരിച്ച് വിളിച്ചുകൊണ്ടുപോകാനുള്ള ആഹ്വാനത്തില്‍ നാടകം അവസാനിക്കുന്നു. എല്ലാ കീഴാളദൈവങ്ങളും കാവുകള്‍ വിട്ടിറങ്ങി കള്ളും ഇറച്ചിയും നിവേദ്യമായൊമൊരുക്കുന്ന ചാളകളിലേക്ക് യാത്രയാകുന്നതോടെയാണ് നാടകം അവസാനിക്കുന്നത്.

ശ്രീജിത് പൊയില്‍ക്കാവ്

ശ്രീജിത് പൊയില്‍ക്കാവ്

സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകോത്സവത്തില്‍ ശ്രീജിത് പൊയില്‍ക്കാവിന് രചനയ്ക്കും  മാതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരയ്ക്ക് മികച്ച നടിക്കുമുള്ള പുരസ്കാരം ദ്വന്ദത്തിലൂടെ ലഭിച്ചു. സംവിധാനവും ശ്രീജിത് നിര്‍വഹിച്ചു. സെറ്റ് ഏഴില്‍ അരസന്‍, ലൈറ്റ് ഗോബി പോണ്ടിച്ചേരി, രംഗ സജ്ജീകരണം ഉണ്ണിക്കൃഷ്ണന്‍ മാള, തെയ്യം പരിശീലനം അര്‍ജുന്‍ എന്നിവരാണ് നിര്‍വഹിച്ചത്.

ഗോപാല്‍ ശങ്കര്‍, മഹേഷ് മാഹി, താര, രാജേഷ് പൊയ് താഴത്ത്, രതീഷ്കുമാര്‍, ഹാവേല്‍, കിരണ്‍, ശ്രുതി വിജയന്‍,സഞ്ജീവ് എന്നിവരാണ് അരങ്ങില്‍.

ഴശൃശവെ.ിമശേസമ@ഴാമശഹ.രീാ 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top