25 April Thursday

കാലദേശങ്ങളെ പിന്തുടരുന്ന കണ്ണുകള്‍

കെ ഗിരീഷ്Updated: Sunday Nov 27, 2016

ചിലത് കാലങ്ങളെ അതിജീവിച്ച് ദേശാന്തരങ്ങളിലേക്ക് പടര്‍ന്നുകയറി പോവും. അടര്‍ത്തി മാറ്റാനാകാത്തതുപോലെ പ്രപഞ്ചമനസ്സില്‍ നിറഞ്ഞുനില്‍ക്കും. സ്മരണയിലേക്ക് ഓടിക്കയറി വരുമ്പോഴൊക്കെ ഒരുതരം ഞെട്ടലോടെ ഓരോ കാലവും ഉണരും. ചരിത്രത്തില്‍ അത്തരം കലാസൃഷ്ടികള്‍ ഏറെയുണ്ടായിട്ടുണ്ട്. എല്ലാ തലമുറയും വൈകാരികതയോടെ ഏറ്റുവാങ്ങിയവ. അവയിങ്ങനെ കാലദേശഭാഷാന്തരങ്ങളെ പൊള്ളിച്ച് പൊള്ളിച്ച് പിന്നെയും മുന്നോട്ട് സഞ്ചരിക്കും. അവയെ അധികരിച്ച് പിന്നെയും ഭാഷ്യങ്ങളുണ്ടാകും. കൊതിതീരാതെ എല്ലാക്കാലത്തും മനുഷ്യര്‍ അവയെക്കുറിച്ച് പറയുകയും അവയെ സ്വജീവിതത്തിന്റെ പ്രതിസന്ധികളിലേക്ക് കൂട്ടിവായിക്കുകയും ചെയ്യും. അതുകൊണ്ടാണ് സോഫോക്ളീസിന്റെ 'ഈഡിപ്പസ് രാജാവ്' ലോകത്തില്‍ ഏറ്റവും കൂടുതല്‍ അവതരിപ്പിക്കപ്പെട്ട രചനയായത്. ഇപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. തലമുറകളെ അതിജീവിക്കുന്ന ഏതോ ഒരു വള്ളി ഈഡിപ്പസിലുണ്ട്. ആ കഥാപാത്രത്തിലുണ്ട്. ജക്കോസ്തയിലും ആന്റിഗണിയിലും ഈ വള്ളി പടര്‍ന്നുകിടപ്പുണ്ട്. ഗ്രീക്കിലെ സിറ്റി ഡയനേഷ്യ ഉത്സവത്തിലെ പതിനായിരങ്ങളുടെ കാഴ്ചയില്‍നിന്ന് ഈ നാടകം ഭൂമിയിലെ ഒട്ടെല്ലാ ഭാഷകളിലും അവരുടേതെന്ന പോലെ ഇപ്പോഴും അവതരിപ്പിക്കുന്നത് ഈ വള്ളിയുടെ സാന്നിധ്യംകൊണ്ടാണ്. തൃശൂര്‍ രംഗചേതനയ്ക്കുവേണ്ടി കെ വി ഗണേഷ് ഈ നാടകം വീണ്ടും ഒരുക്കിയപ്പോള്‍ ഈഡിപ്പസിന്റെ പുതിയൊരു രംഗഭാഷയാണ് ദൃശ്യമായത്.

നാടകചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതവും വൈരുധ്യങ്ങളും നിറഞ്ഞ കഥാപാത്രമാണ് ഈഡിപ്പസ്. ഈഡിപ്പസ് മാത്രമല്ല ജക്കോസ്തയും പുറകെ വരുമ്പോള്‍ ആന്റിഗണിയും ഈ സംഘര്‍ഷങ്ങളുടെ ഇടനാഴിയിലൂടെ കടന്നുപോകുന്നു. അച്ഛനെ വധിച്ച് അമ്മയെ വേള്‍ക്കുന്ന ഈഡിപ്പസ്. മകന്റെ ഭാര്യയാവുകയും അവന്റെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യുന്ന ജക്കോസ്ത. സംഘര്‍ഷങ്ങളുടെ ഭൂമികയൊരുക്കാന്‍ ഇതിലധികമെന്തുവേണം. ഇതിനേക്കാള്‍ സംഘര്‍ഷഭരിതമാവുകയാണ് പിന്നീട് ആന്റിഗണി. ഈഡിപ്പസ് തനിക്ക് ആര്? ജന്മം നല്‍കിയതുകൊണ്ട് അച്ഛനും ഒരേ വയറ്റില്‍ പിറന്നതുകൊണ്ട് സഹോദരനുമാകുന്ന ആ ഘട്ടത്തെ എങ്ങനെയാകും ആന്റിഗണി നേരിട്ടുണ്ടാവുക. ഈഡിപ്പസ് അനുഭവിച്ച, ജക്കോസ്ത അനുഭവിച്ച സംഘര്‍ഷാത്മകത പിന്നീട് തലമുറകളിലേക്കും പടരുകയായിരുന്നു. ആത്മഹത്യയില്‍ അഭയംതേടിയ ജക്കോസ്തയും സ്വയം കണ്ണുകള്‍ ചൂഴ്ന്നെടുത്ത് അന്ധതയെ പുണര്‍ന്ന ഈഡിപ്പസും അവസാനിക്കാതെ പിന്തുടരുകയാണ് കാലത്തെ.

നാടിന്റെ രക്ഷകന്‍, അച്ഛന്റെ ഘാതകന്‍, അമ്മയുടെ ഭര്‍ത്താവ്, മക്കളുടെ സഹോദരന്‍ ഇവയെല്ലാം ആവേണ്ടിവരുന്ന കഥാപാത്രത്തെ വെല്ലാന്‍ പോന്ന ആത്മാനുഭവങ്ങള്‍ ആരാണ് നേരിട്ടിട്ടുണ്ടാകുക. ആ അനുഭവത്തെ സമകാലീന വ്യക്തി, സാമൂഹ്യജീവിതവുമായി ചേര്‍ത്തുള്ള വായനയാണ് രംഗചേതനയുടെ അവതരണത്തില്‍ സംവിധായകന്‍ കെ വി ഗണേഷ് നടത്തുന്നത്. ഒരേസമയംതന്നെ ഒട്ടേറെ രംഗഭാഷ്യങ്ങള്‍, തികച്ചും വ്യത്യസ്തമായ വായനകള്‍, രംഗപാഠങ്ങള്‍ ഉണ്ടായ ഈ നാടകത്തിന് തികച്ചും ലളിതമായ ദൃശ്യഭാഷയാണ് നല്‍കിയിട്ടുള്ളത്. ഏതറ്റംവരെയും പോകാന്‍ സാധ്യതയുള്ളതാണ് ഗ്രീക്ക് നാടകങ്ങള്‍. ദൃശ്യസമൃദ്ധി സൃഷ്ടിച്ച് പ്രേക്ഷകനെ അമ്പരപ്പിക്കാം. വികാരഭരിതരാക്കാം. എന്നാല്‍, രംഗചേതന കൈകാര്യം ചെയ്യുമ്പോള്‍ ദൃശ്യത്തിലെ ആര്‍ഭാടത്തിനപ്പുറം അത് നടന്റെ നാടകമാകുന്നു; വികാരങ്ങളുടെ സംഘര്‍ഷവേദിയാകുന്നു എന്നതാണ് ശ്രദ്ധേയം. വസ്ത്രം, സെറ്റ് തുടങ്ങിയവയിലെ ലാളിത്യവും ഒപ്പം പ്രൌഢിയും ശ്രദ്ധേയമാണ്. നടനിലും നാടകധ്വനിയിലും ഊന്നിയ അവതരണം പ്രശംസനീയമായി.

കെ വി ഗണേഷ്

കെ വി ഗണേഷ്

ജോസഫ്, ജെനു, സര്‍ത്താജ്, അരുണ്‍, റോഷിന്‍, അനീഷ് അരവിന്ദ്, റാംലാല്‍, ഷംസുദ്ദീന്‍, ദേവദാസ്, രാജേഷ്, ഉദയന്‍, രമാദേവി, സന്തോഷ്, വിനീതന്‍, കുരിയന്‍, സോനു കെ ജോര്‍ജ്, ഇബ്നു ഹാരീസ്, ഹരി, പോള്‍ തോമസ്, വിനീത്, അനീഷ് ജോര്‍ജ്, മനോജ് ബിജു, വി എസ് ഗിരീശന്‍, സത്യജിത് എന്നിവരാണ് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top