26 April Friday

നാടക ചരിത്രത്തിന്റെ രംഗപടം

സിബി ജോർജ്‌ sibydesh@gmail.comUpdated: Sunday Mar 27, 2022

54 വർഷത്തിനിടെ 3500ലേറെ നാടകങ്ങളിൽ രംഗപടം ഒരുക്കിയ ആർട്ടിസ്റ്റ്‌ സുജാതൻ അരനൂറ്റാണ്ടായി  താൻ വരച്ച 50 രംഗപടം പുനഃസൃഷ്ടിക്കുന്നു

കല്ലിൽ കൊത്തിവച്ച ശിൽപ്പങ്ങൾപോലെയാണ്‌ ആർട്ടിസ്റ്റ്‌ സുജാതന്‌  നാടകങ്ങൾ. കാലമെത്ര കഴിഞ്ഞാലും ഊതിക്കാച്ചി മിനുക്കിയ പൊന്നുപോലെ അത്‌ മനസ്സിൽ പതിഞ്ഞുകിടക്കും. അരനൂറ്റാണ്ടിലേറെയായി താൻ സൃഷ്ടിച്ച രംഗപടങ്ങൾ പുനരാവിഷ്‌കരിക്കാനുള്ള  പണിപ്പുരയിലാണ്‌ നാടകങ്ങളുടെ ‘ലൊക്കേഷൻ’ ആർട്ടിസ്റ്റായ  സുജാതൻ.  രംഗപടമെന്ന്‌ കേട്ടാൽ തന്നെ നാടകപ്രേമികൾക്കറിയാം അത്‌ സുജാതനെന്ന്‌.  ഓടുന്ന ബസും ബസിലൂടെ കാണുമ്പോൾ  ഓടി മറയുന്ന പ്രകൃതിദൃശ്യങ്ങളും ഒരുക്കിയ  അതേ മാന്ത്രിക വിരലുകൾ നാലുകെട്ടും തറവാടുകളും വിമാനവുംവരെ  സ്റ്റേജിൽ ഒരുക്കി  അമ്പരിപ്പിച്ചു.  തീവണ്ടി കമ്പാർട്ട്മെന്റ് ബോംബിട്ട്‌ തകർക്കുന്നതും, ശൂന്യാകാ‍ശ പേടകവും അന്യഗ്രഹജീവികളും  ലിഫ്‌റ്റും കടലിൽ പായുന്ന ബോട്ടുമടക്കം കാണികളുടെ പ്രതീക്ഷയ്‌ക്കപ്പുറം  നാടകങ്ങൾക്ക്‌  പുതിയ രംഗഭാഷ ചമച്ച ആചാര്യനാണ്‌ സുജാതൻ.  വിസ്‌മൃതിയിലാണ്ട രംഗപടങ്ങൾ അദ്ദേഹം പുനർജനിപ്പിക്കുന്നത്‌ നാടകകലയുടെ വളർച്ചയ്‌ക്കും മുതൽക്കൂട്ടാകും.  

നാടകം തന്നെയാണ്‌ ജീവിതമെങ്കിലും  കോവിഡുകാലത്ത്‌ ഏതാനും സിനിമകളിലും സുജാതൻ വേഷമിട്ടു. ഇതിനിടെയാണ്‌ പുതിയ വരയുടെ  തിരക്ക്‌.  

കേരളം  ചർച്ച ചെയ്‌തതടക്കം കാലാതിവർത്തികളായ പ്രധാനപ്പെട്ട 50 നാടകത്തിന്റെ രംഗപടങ്ങളാണ്‌ പുനഃസൃഷ്ടിക്കുന്നത്‌. മൈതാനത്തിന്റെ അങ്ങേകോണിലിരുന്നും നാടകം കാണുന്ന ആസ്വാദകനിലേക്കും  കഥയും കഥാപാത്രങ്ങളും  പതിയണം.     

സുജാതന്റെ കലാസപര്യ 54 വർഷം പൂർത്തിയായി.  കേരളത്തിലങ്ങോളമിങ്ങോളം നാടകസംഘങ്ങൾക്കൊപ്പം സഞ്ചരിച്ചും റിഹേഴ്സൽ ക്യാമ്പിൽ പോയി വരച്ചും ഓരോ നാടകങ്ങളിലും കൈയൊപ്പ്‌ ചാർത്തി അദ്ദേഹം. 

കലാസൃഷ്ടികൾ പുനഃസൃഷ്ടിക്കപ്പെടണമെന്ന ആഗ്രഹം കോവിഡ്‌ കാലത്താണ്‌ സുജാതന്‌ മനസ്സിലുദിച്ചത്‌. ‘50 വർഷത്തെ 50 പ്രധാന നാടകത്തിന്റെ ഓരോ രംഗപടങ്ങൾ പെയിന്റ്‌ ചെയ്‌ത്‌ സൂക്ഷിക്കും. ഭാവി തലമുറയ്‌ക്ക്‌ നാടകങ്ങൾ അടുത്തറിയാനും പഠിക്കാനും  അവസരമൊരുക്കാനാകും.’–-അദ്ദേഹം പറഞ്ഞു.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി

കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ വലിയ ചലനം സൃഷ്ടിച്ച  ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിൽ ആകെ മൂന്ന്‌ സെറ്റാണ്‌.  പരമുപിള്ളയുടെ തറവാട്  വീടാണ്‌ പ്രധാന സെറ്റ്. പിന്നെ ഒരു കുടിലും വയലും ചേർന്ന അടിയാന്റെ വീട്. മറ്റൊന്ന്‌ കരപ്രമാണിയുടെ വീട്‌. ഇതിൽ പരമുപിള്ളയുടെ വീടിന്റെ രംഗപടമാണ്‌ പുനഃസൃഷ്‌ടിച്ചത്‌.   മൂന്നു രംഗത്തിന്റെയും സെറ്റ്‌ ആർട്ടിസ്റ്റ് സുജാതൻ സൂക്ഷിക്കുന്നുണ്ട്.  കെപിഎസി ആവശ്യപ്പെടുമ്പോൾ അവ കൈമാറും. എൻ എൻ പിള്ളയുടെ ‘ക്രോസ്‌ബെൽറ്റ്‌,’  ചങ്ങനാശ്ശേരി ഗീഥയുടെ  ‘ഏഴ് രാത്രികൾ,’ ‘കാട്ടുതീ,’ കായംകുളം കേരള ആർട്‌സ്‌ തിയറ്ററിന്റെ ‘രാമരാജ്യം’ തുടങ്ങിയ നാടകങ്ങളുടെയും രംഗപടം തയ്യാറായി.  

‘പ്രൊഫഷണൽ നാടകങ്ങളുടെ രംഗപടത്തിന് ആയുസ്സില്ല, പരമാവധി ഒന്നോ രണ്ടോ വർഷം മാത്രമാണ് ആവശ്യം.  രണ്ടു വർഷത്തിലേറെ കളിക്കുന്ന നാടകങ്ങൾ അപൂർവം.  കൊല്ലം കാളിദാസ കലാകേന്ദ്രയുടെ കരുണയും തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസയും പോലുള്ളവ.  പുതിയ നാടകങ്ങൾ അവതരിപ്പിക്കാൻ തുടങ്ങുമ്പോൾ നാടകസമിതികൾ കട്ടൗട്ടുകളും കർട്ടനും  ഒഴിവാക്കും. ചിത്രകാരനും ഇത്തരം  സെറ്റുകൾ കേടുകൂടാതെ സൂക്ഷിക്കാൻ പരിമിതിയുണ്ട്‌.   ഒ ചന്തുമേനോന്റെ  ഇന്ദുലേഖ നോവൽ 1975ന്‌ മുമ്പ് തിരുവനന്തപുരം സംഘചേതന   നാടകമാക്കിയിരുന്നു.  പക്ഷേ ഇന്നും പ്രാധാന്യമുള്ള ആ നാടകത്തിന്റെ ഒറ്റ സെറ്റുപോലും സൂക്ഷിക്കാനായില്ല. കർട്ടൻ തുണിയിൽ വരച്ചതും  കട്ടൗട്ടുകൾ ഒരുക്കിയതടക്കം  പല നാടകങ്ങളുടെയും രംഗം മനസ്സിലുണ്ട്‌–-അവ ഓർത്തെടുത്ത്‌ വരയ്‌ക്കുന്നത്‌ വെല്ലുവിളിയാണെങ്കിലും ഭാവി തലമുറയ്‌ക്കുവേണ്ടി അത്‌ ഏറ്റെടുക്കുകയാണ്‌.  രണ്ടര മീറ്റർ നീളവും ഒന്നേകാൽ മീറ്റർ വീതിയിലും പെയിന്റിങ്ങിന്‌ ഉപയോഗിക്കുന്ന കട്ടിയുള്ള തുണി (ക്യാൻവാസ്‌) ഉപയോഗിച്ചാണ്‌ രംഗപടമൊരുക്കുന്നത്‌.’–- സുജാതൻ വിശദീകരിച്ചു.

ആദ്യ രംഗം പടമായത്‌

അച്ഛൻ ആർട്ടിസ്റ്റ്‌ കേശവനാണ്  ഗുരു.  നാടകാചാര്യന്മാരായ എൻ എൻ പിള്ള,  കെ ടി മുഹമ്മദ് , തോപ്പിൽഭാസി,  എസ് എൽ പുരം,  വൈക്കം ചന്ദ്രശേഖരൻനായർ, ഒ മാധവൻ തുടങ്ങിയവരുടെ  സമകാലികനാണ്‌ അച്‌ഛൻ. ഇവരുമായുള്ള ചങ്ങാത്തവും നാടകയാത്രകളും ഓർമയിലുണ്ട്‌. 17–-ാം വയസ്സിൽ സ്വതന്ത്രമായി  വരച്ചുതുടങ്ങി. അന്നൊക്കെ ക്യാമ്പുകളിൽ പോയി വരയ്‌ക്കണം. പത്ത്‌ ദിവസമെങ്കിലും ക്യാമ്പ്‌ ഉണ്ടാകും.   കഥയൊക്കെ എഴുതി വച്ചിട്ടുണ്ടെങ്കിലും ഏത്‌ രംഗപടമാണ്‌ അതിനുപിന്നിൽ വരേണ്ടതെന്ന്‌ ആലോചനയില്ല. അക്കാര്യം നിറവേറ്റലാണ്‌  ശിൽപ്പിക്ക്‌ ചെയ്യാനുള്ളത്‌.  

അച്ഛന്റെകൂടെ കെപിഎസിയുടെ കൂട്ടുകുടുംബം നാടകത്തിൽ പോയിട്ടുണ്ട്, അച്ഛൻ വരയ്‌ക്കുമ്പോൾ ചില നിറങ്ങൾ കൊടുത്ത് സഹായിക്കും. പതിമൂന്നാം വയസ്സിൽ കാളിദാസകലാകേന്ദ്രത്തിന്റെ കൊല്ലത്തെ റിഹേഴ്സൽ ക്യാമ്പിലും എത്തി.

അച്ഛൻ വരച്ച കർട്ടനുകൾ  നാടകസമിതിക്കാർ കൊണ്ടുപോകുമ്പോൾ ശനിയും ഞായറുമാണെങ്കിൽ ഒപ്പം പോകും. സ്റ്റേജിൽ തന്നെ ഇരുന്ന് നാടകം കാണാം.

കരാപ്പുഴ സർക്കാർ സ്‌കൂളിൽ പത്താം ക്ലാസിനു ശേഷമായിരുന്നു സ്വതന്ത്രമായി വരയ്‌ക്കാൻ ആത്മവിശ്വാസമായത്‌. അച്ഛനും പ്രോത്സാഹിപ്പിച്ചു.  1973ൽ കോട്ടയം നാഷണൽ തിയറ്റേഴ്‌സിന്റെ ‘നിശാസന്ധി’യായിരുന്നു നാടകം.  രണ്ടു സെറ്റ്  ഒരുക്കി. ഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്ത് പാളങ്ങൾ കടന്നുപോകുന്ന വിജനമായ ഒരു പ്രദേശം, മറ്റൊന്ന് റെയിൽവേ ക്വാർട്ടേഴ്സ്.

സുജാതൻ രംഗപടം ഒരുക്കിയ നാടകങ്ങളുടെ എണ്ണം 3500ലേറെയുണ്ട്‌.  450ലേറെ നാടക സമിതികളുമായി സഹകരിച്ചു. 1981ൽ രംഗപടത്തിന്‌ ലഭിച്ച ആദ്യ സംസ്ഥാന അവാർഡ്‌. ഏറ്റവും ഒടുവിൽ തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസ’യിലൂടെ അവാർഡുകളുടെ എണ്ണം 19 ആയി.

സിനിമയിലും ആർട്ടിസ്റ്റ്‌

പത്തുവർഷം മുമ്പ്‌ നാടകപ്രവർത്തകൻ ഗുരുവായൂർ ദേവരാജൻ ഒരുക്കിയ സിനിമയിൽ ജഗതിക്കും സുകുമാരിക്കുമൊപ്പമായിരുന്നു  തുടക്കം.നാടകത്തിരക്കുമൂലം സിനിമയിൽ അദ്ദേഹം ശ്രദ്ധിച്ചില്ല. അനിൽ നാഗേന്ദ്രന്റെ ‘തീ’, ജയരാജിന്റെ ‘നിറയെ തത്തകൾ ഉള്ള മരം’, ജോഷി മാത്യുവിന്റെ നൊമ്പരക്കൂട്‌ എന്നിവയാണ്‌ മറ്റ്‌ സിനിമകൾ.  നാടകവും സിനിമാറ്റിക്കായെന്ന്‌ സുജാതൻ പറയുന്നു.

ഒന്നോ രണ്ടോ രംഗവും ഏതെങ്കിലും പ്രകൃതിദൃശ്യം കാണിച്ച്‌ സെറ്റ്‌ ഒരുക്കലുമായിരുന്നു മുമ്പ്‌  നാടകങ്ങൾ. ഇന്ന്‌ സിനിമാ ലൊക്കേഷൻ പോലെ നാടകത്തിനും ഒരുപാട്‌ സെറ്റുകൾ വേണ്ടിവരും.   അമ്പലപ്പുഴ സാരഥിയുടെ  ‘സമം’ നാടകത്തിന്‌  14 സെറ്റ്‌ ഒരുക്കി. കെപിഎസിയുടെ ‘ഭീമസേന'ന്  വരച്ചത് 28 എണ്ണം.  

നടൻ  തിലകൻ സംവിധാനം ചെയ്‌ത ‘അബ്കാരി'   നാടകത്തിലെ സെറ്റ്‌ ഓർമയിലുണ്ട്‌.  സ്റ്റേജിൽ ഒരു ബഹുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയും മുകളിലേക്കുള്ള ലിഫ്റ്റും സെറ്റിട്ടു.  മുകളിലേക്കും താഴേക്കും വരുന്ന ലിഫ്‌റ്റ്‌  പലരെയും അത്ഭുതപ്പെടുത്തി.  കെപിഎസിയുടെ ‘കൈയും തലയും പുറത്തിടരുത്' നാടകത്തിൽ കെഎസ്ആർടിസി ബസിന്റെ ഉൾഭാഗം കാണിച്ചു.  വണ്ടി മുന്നോട്ടു പോവുകയാണെന്ന്‌ കാണികൾക്ക്‌ തോന്നുംവിധമായിരുന്നു അത്‌.  

ഐഷാകുമാരിയാണ്‌ ഭാര്യ.   ഗ്രാഫിക് ഡിസൈനറായ ജിതിൻ ശ്യാം, അനിമേഷൻ ഡിസൈനറായ ജിജോ ശ്യാം എന്നിവർ മക്കൾ.  വീടിനോടു ചേർന്ന്‌ അച്ഛന്റെ ഓർമയ്‌ക്കായി നിർമിച്ച ആർട്ടിസ്റ്റ് കേശവൻ സ്‌മാരക കലാമന്ദിരത്തിലാണ്‌ സുജാതൻ വർണക്കൂട്ടുകളൊരുക്കുന്നത്‌. എന്നും പുരോഗമന പക്ഷത്ത് അടിയുറച്ച അദ്ദേഹം തിയറ്റർ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റായും പ്രവർത്തിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top