27 April Saturday

മുലപറിച്ചെറിഞ്ഞ് പുരമെരിച്ചവള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2016

മുടിയും മുലയും പറിച്ചെറിഞ്ഞ് നഗരവും കൊട്ടാരവും എരിച്ചുകളഞ്ഞ ഒരു പെണ്‍കഥാപാത്രമുണ്ട്. പാതിവ്രത്യത്തിന്റെ പെണ്‍രൂപമെന്ന് പലപ്പോഴും വാഴ്ത്തപ്പെടുമെങ്കിലും അതിനപ്പുറത്തേക്ക് അധികാരത്തിന്റെ ധാര്‍ഷ്ട്യത്തെ അഗ്നിയിലെരിയിച്ച പെണ്‍ക്രോധമാണവള്‍. തെന്നിന്ത്യന്‍ ഭാഷകളില്‍ കഥയായും കവിതയായും ബിംബമായും അവള്‍ ഇടയ്ക്കിടെ പ്രത്യഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. കണ്ണകി ഒരുപക്ഷേ ഒരു ജീവിതത്തിന്റെ, സംസ്കാരത്തിന്റെ നേര്‍ച്ചിത്രമാകാം. എക്കാലത്തും വീണ്ടും വീണ്ടും ഓര്‍ത്തെടുക്കാവുന്ന അടയാളമായാണ് ഈ സംഘകാല കഥാപാത്രം നിലകൊള്ളുന്നത്. ഏതുകാലത്തും സമകാലീനതയോട് കൂട്ടിവായിക്കാവുന്ന തീക്ഷ്ണതയും ഈ കഥാപാത്രത്തിനുണ്ട്. അതുകൊണ്ടുതന്നെ കണ്ണകി ഒട്ടേറെത്തവണ അടയാളമായി ദൃശ്യകലയിലും സാഹിത്യത്തിലും പ്രത്യക്ഷപ്പെട്ടു. പെണ്‍തീക്ഷ്ണതയുടെ ചിഹ്നമാണിപ്പോഴും അവള്‍.

മൂന്നാംനൂറ്റാണ്ടിലെ സംഘകാലകൃതിയായ ഇളംകോവടികളുടെ ചിലപ്പതികാരത്തിന് സംസ്കൃതത്തില്‍ രംഗഭാഷയൊരുക്കിയിരിക്കയാണ് പത്തനംതിട്ട കോന്നി റിപ്പബ്ളിക്കന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍. നൃത്തത്തിനുകൂടി പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ രംഗഭാഷ്യം മൂലകൃതിയുടെ കരുത്തും തനിമയും ചോരാതെ അവതരിപ്പിക്കാനായി എന്നതാണ് ശ്രദ്ധേയം. ഒപ്പം രചനയുടെ വൈകാരികതയെ, വിശേഷിച്ച് കോവലന്‍–കണ്ണകി ദമ്പതികളുടെ പ്രണയം, കോവലന്റെ വഴിതെറ്റല്‍, എന്നിട്ടും അവനെ വെറുക്കാത്ത കണ്ണകിയുടെ നൈര്‍മല്യം ഒടുവില്‍ കോവലന്‍ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നത്, അവനെ വധിച്ച രാജാവിനോടുള്ള പകയുടെ തീയുമായുള്ള പാച്ചില്‍ ഒടുക്കം മധുരാനഗരം ചുട്ടെരിക്കുന്നത്, കോവലന്‍ നിരപരാധിയെന്നറിഞ്ഞ രാജാവിന്റെയും രാജ്ഞിയുടെയും ആത്മഹത്യ എല്ലാം മനോഹരമായി കാണികളിലേക്ക് പകരാന്‍ നാടകത്തിനായി.

കൊടുമണ്‍ ഗോപാലകൃഷ്ണന്‍

കൊടുമണ്‍ ഗോപാലകൃഷ്ണന്‍

ലളിതമാണ് സംവിധായകന്‍ കൊടുമണ്‍ ഗോപാലകൃഷ്ണന്‍ പ്രയോഗിച്ച രംഗഭാഷ. അഡ്വ. യശോധരന്‍ മംഗലത്ത്, കുമാരനെല്ലൂര്‍ വിക്രമന്‍ എന്നിവരുടെ സംസ്കൃത മൊഴിമാറ്റവും ലാളിത്യംകൊണ്ട് ശ്രദ്ധേയമാണ്. അതോടൊപ്പം മൂലകൃതിയുടെ ആഴം ആവാഹിച്ച് അഭിനയിക്കാന്‍ അഭിനേതാക്കള്‍ക്കായത് നാടകവിജയത്തിന് ആക്കംകൂട്ടി. അതേസമയം, വസ്ത്രാലങ്കാരം മികച്ചതാണെങ്കിലും ധാരാളിത്തം അല്‍പ്പം കുറയ്ക്കാമായിരുന്നു എന്ന തോന്നലുമുണ്ടാക്കി. രംഗപടത്തിലെ ചിലമ്പിന്റെ ചിത്രം നാടകത്തിലെ കേന്ദ്രബിന്ദുവിലേക്കുള്ള സൂചനപോലെ ആദ്യന്തം നിലകൊണ്ടു.

യഥാതഥ പ്രയോഗത്തിനു പകരം രംഗപടത്തിലും വേഷത്തിലും കുറെക്കൂടി ലളിതവും സൂചകവുമായ രീതികളാകും ഇത്തരം അമച്ചര്‍ രംഗാവതരണങ്ങള്‍ക്ക് ചേരുന്നത്.

രംഗപടം ആര്‍ട്ടിസ്റ്റ് അനിയന്‍കുഞ്ഞ്, മേക്കപ്, വസ്ത്രാലങ്കാരം ആര്‍ കെ പത്തനാപുരം, സംഗീതം പി എന്‍ സുരേഷ് ബാബു. അരവിന്ദ് കൃഷ്ണ, ഗോകുല്‍ദാസ്, പാര്‍വതി അജി, ആര്യ പ്രമോദ്, ഗ്രീഷ്മ, ആതിര, നന്ദനാജ്യോതി, അശ്വതിനായര്‍, ഭാഗ്യലക്ഷ്മി, ആര്‍ച്ച എന്നിവരാണ് അരങ്ങില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top