10 June Saturday

നരകത്തിന്റെ സ്നാപ് ഷോട്ടുകള്‍

കെ ഗിരീഷ്Updated: Sunday Jul 24, 2016

ഇനിയുമുണ്ടാകും മഴവില്ലെന്നുള്ള പ്രതീക്ഷകളിലേക്ക് ലോകത്തെ വലിച്ചിഴയ്ക്കുകയാണ് പലപ്പോഴും പോസിറ്റീവ് എനര്‍ജി വാദമുഖക്കാര്‍. ചുറ്റിലും നിറയുന്ന കറുത്ത ഊര്‍ജത്തെ കണ്ടില്ലെന്നു നടിക്കാനും എപ്പോഴും ശുഭകാമനകളില്‍ ജീവിക്കാനും പ്രേരിപ്പിക്കുന്നത് വലിയൊരു ചതിയാണ്. നരകജീവിതമാണ് നാം നയിക്കുന്നത്. വിശേഷിച്ച് ഭൂമിയിലെ പെണ്‍ജീവിതങ്ങള്‍ പേറുന്ന ജീവിതം നരകയാതനകളുടെ ഭാണ്ഡമാകുന്നു.

കല്‍ക്കത്ത ആള്‍ട്ടര്‍നേറ്റീവ് ലിവിങ് തിയറ്ററിന്റെ ബഹുഭാഷാനാടകം 'അനദര്‍ റെയിന്‍ബോ' ഇത്തരമൊരു നരകത്തിന്റെ, ഭ്രാന്താലയത്തിന്റെ സ്നാപ് ഷോട്ടുകളാണ്. ഇവിടെ ഈ സ്നാപ്പുകളില്‍ തെളിഞ്ഞുകാണുന്ന മുഖങ്ങള്‍ പെണ്ണിന്റേതാണന്നുമാത്രം. നരകജീവിതത്തില്‍ ഉഴലുന്ന പെണ്‍മുഖങ്ങള്‍. എന്നാലിത് പെണ്‍നാടകമല്ല. മണ്ണിനെ നരകമാക്കുകയും പെണ്ണിനെ നരകത്തിലെ ദയനീയചിത്രമാക്കുകയുംചെയ്ത സമൂഹമാണ് നാടകവിഷയം. മറ്റൊരു മഴവില്ലെന്ന കേള്‍വിതന്നെ മധുരതരമായ കാഴ്ചകളെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുമെങ്കിലും ആള്‍ട്ടര്‍നേറ്റീവ് ലിവിങ് തിയറ്ററിന്റെ ഒരു നാടകവും മധുരം പകരുന്നതല്ല. തലനിവര്‍ത്തി നടന്നുപോകുന്നവരെയല്ല, ഇപ്പോഴും നിലത്തിഴയുന്ന മനുഷ്യരെയാണ് വരച്ചു കാണിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ നാടകങ്ങളൊന്നും വ്യവസ്ഥാപിത ദൃശ്യമാധുര്യംകൊണ്ട് നിറയുന്നതല്ല.

പ്രൊബീര്‍ ഗുഹ

പ്രൊബീര്‍ ഗുഹ

ഞാനിതാ വളര്‍ന്നിരിക്കുന്നു എന്ന പെണ്‍പ്രഖ്യാപനത്തോടെയാണ് നാടകം തുടങ്ങുന്നത്. ഈ വളര്‍ച്ച പക്ഷേ അവളെ എത്തിക്കുന്നത് നിരന്തരമായ ഏറ്റുമുട്ടലുകളിലേക്കാണ്. അവളുടെ കാലടികളുടെ കളിയാത്രകള്‍ ഏറ്റുമുട്ടുന്നത് അവനുമായാണ്. അവന്റെ ചട്ടങ്ങള്‍, നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, അവനിലെ കേന്ദ്രീകൃതമായ കുടുംബവ്യവസ്ഥയുടെ സദാചാരങ്ങള്‍. നിലയ്ക്കുകയായിരുന്നു അവളുടെ യാത്ര. കാരണം, അവളൊരു പെണ്ണായി. ഇവിടെനിന്ന് നാടകം ഇന്ത്യന്‍ സമൂഹത്തിലെ ഒരായിരം സംഭവങ്ങളിലേക്ക് തിരിയുന്നു. കൂട്ടബലാത്സംഗം തുടങ്ങി സമൂഹത്തിലെ സമകാലീനസംഭവങ്ങള്‍ തെളിയുന്നു. ഇനിയും സ്വപ്നങ്ങളുണ്ടെന്നും തോല്‍വി ഒരു വെല്ലുവിളിയാണെന്നുമുള്ള അവളുടെ വിളിച്ചുപറയലുകള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചിത്രമാണ് പറയുന്നത്. ഈ സംഭവവികാസങ്ങളെയെല്ലാം ടെന്നിസന്റെ വിഖ്യാത കാവ്യം 'ലേഡി ഓഫ് ഷാലറ്റുമായി ബന്ധിപ്പിക്കുന്നതോടെ ഒരു പ്രക്ഷോഭ പ്രചാരണതലത്തില്‍നിന്ന് നാടകം വ്യാഖ്യാനത്തിന്റെ കാവ്യാത്മകതയിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ട്. വിശ്വപ്രശസ്തനായ പ്രൊബീര്‍ ഗുഹയാണ് നാടകസംവിധാനം.

ശരീരഭാഷയുടെ അസാമാന്യതകൊണ്ട് അഭിനേതാക്കള്‍ വരച്ചു കാണിക്കുന്ന ദൃശ്യങ്ങളാണ് നാടകത്തെ വലിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നത്. ബലാത്സംഗരംഗമുള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ ഫിസിക്കല്‍ തിയറ്ററിന്റെ അപാരസാധ്യതകളെയാണ്  അഭിനേതാക്കള്‍ വെളിപ്പെടുത്തുന്നത്. രാഷ്ട്രീയനാടകമെന്നത് മുദ്രാവാക്യങ്ങളുടെ ഉറക്കെയുള്ള വിളിച്ചുപറയലല്ല എന്ന് നാടകം കാണിക്കുന്നു. ഒപ്പം വളരെ കുറഞ്ഞ രംഗോപകരണങ്ങള്‍കൊണ്ട് രൂപപ്പെടുത്തുന്ന വ്യാഖ്യാനങ്ങളും കാണിയെ അമ്പരിപ്പിക്കും. കാഴ്ചയില്‍ കാണിയെ മയക്കിക്കിടത്തുന്നതല്ല സമകാലീന രാഷ്ട്രീയാവസ്ഥയിലെ നാടകമെന്നു പറയാതെ പറഞ്ഞുവയ്ക്കുകയാണ് ഗുഹ. ഇന്ത്യന്‍, പാശ്ചാത്യ സംഗീതവും ബാവുള്‍ സംഗീതവും രബീന്ദ്രസംഗീതവും ചേര്‍ത്തുള്ള സംഗീതമൊരുക്കിയത് ശുഭ്ദീപ് ഗുഹയാണ്.

തിരുവനന്തപുരത്തും കൊച്ചിയില്‍ നടന്ന തെരുവരങ്ങില്‍ ഉള്‍പ്പെടെ ഇന്ത്യയിലും പുറത്തും ഒട്ടേറെ വേദികളില്‍ നാടകം കാണികളുടെ പ്രശംസ നേടിയതാണ്. video.webindia123.com/theruvarang2016 part1, part 2  എന്ന സൈറ്റിലും നാടകം കാണാവുന്നതാണ്.
അഫ്താര്‍ അലി, ബുബുന്‍ പോള്‍, മോഹന്‍ ഘോഷ്, ആകാഷ് കിര്‍തോനിയ, പ്രശോന്തോ സൂത്രധാര്‍, പന്ന മൊന്‍ഡല്‍, ശില്‍പ്പി സര്‍ക്കാര്‍, സ്വപ്ന ബോസ്, അര്‍പ്പിത ബര്‍മന്‍, റിയ ദാസ്, എന്നിവരാണ് അരങ്ങില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top