20 April Saturday

പറഞ്ഞുതീർക്കാനാകാത്ത ജീവിതത്തിന്റെ രംഗഭാഷ

വെബ് ഡെസ്‌ക്‌Updated: Monday Apr 23, 2018

 ജീവചരിത്രത്തെ, വിശേഷിച്ച് ജനനംമുതൽ മരണംവരെ സംഭവ ബഹുലവും സ്ഫോടനാത്മകവുമായിരുന്ന ജീവിതത്തെ അരങ്ങിലെത്തിക്കൽ ദുഷ്കരം. അരങ്ങിന്റെ പരിമിതിയിൽ സമയത്തിന്റെ അതിരുകളിൽ അത് ഒതുക്കിനിർത്തണം. ചില ജീവിതങ്ങൾ അങ്ങനെയാണ്. പ്രതിഭ അടിമുടി നിറഞ്ഞുനിൽക്കുകയും സിരയിൽ നീതികേടിനോട് കലഹിക്കുന്ന രക്തം നിറഞ്ഞൊഴുകുകയും ചെയ്യുന്നവരെ വരികൾക്കും അതിരുകൾക്കുമുള്ളിൽ ഒതുക്കൽ അസാധ്യമായ സൂക്ഷ്മതയും അധ്വാനവും വേണ്ട കർമമാകുന്നു. എന്നിട്ടും അത്തരം കർമത്തിലേക്ക് ചിലർ എടുത്തുചാടുന്നത് പ്രതിഭയുടെ മിന്നലുകൾ അവരുടെ സിരകളിലേക്കുകൂടി പിടഞ്ഞുകയറുന്നതുകൊണ്ടാണ്. പി ജെ ആന്റണിയുടെ ജീവിതം ഏതെല്ലാം കോണിൽനിന്നാണ് വായിക്കാനാവുക. എവിടെനിന്ന് വായിച്ചാലും കലഹവും പ്രതിഭയും നിറഞ്ഞുനിൽക്കുന്ന അപൂർവജീവിതമാണത്. 

 
ബിച്ചൂസ് ചിലങ്ക

ബിച്ചൂസ് ചിലങ്ക

വൈയക്തികജീവിതത്തിലും കലാജീവിതത്തിലും തന്റെ ശരികളെമാത്രം മുറുകെപ്പിടിച്ച ഒരാൾ. ശരീരവും ജീവനും തന്റേതല്ലെന്നും അത് സമൂഹത്തിന്റേതാണന്നും ഓരോ വിനാഴികയിലും പ്രഖ്യാപിച്ചുകൊണ്ടിരുന്ന ഒരാൾ. തന്നോടുതന്നെയും ചുറ്റുപാടിനോടും നിരന്തരം കലഹിച്ചും പ്രണയിച്ചും നിന്ന ഒരാൾ. അങ്ങനെയുള്ള പി ജെയുടെ ജീവിതമാണ് ചിലങ്ക ഫ്ളോട്ടിങ് തിയറ്റർ, കോഴിക്കോട് നാടകപ്പുരയുമായി സഹകരിച്ച് 'ഇൻങ്ക്വിലാബിന്റെ മക്കൾ‐ മറവിയുടെ പേര് മരണം’എന്ന പേരിൽ രണ്ടരമണിക്കൂർ ദൈർഘ്യമുള്ള രംഗാവതരണമായി അരങ്ങിലെത്തിച്ചത്. ചാക്കോ ഡി അന്തിക്കാടിന്റെ 'പി ജെ ആന്റണി ജീവിതം ഒരാഹ്വാനം' എന്ന കൃതിയെ ആസ്പദമാക്കി നാടകരചനയും സംവിധാനവും നിർവഹിച്ചത് ബിച്ചൂസ് ചിലങ്കയാണ്. 
 
ജനിച്ചുവീണ ഉടനെ എഴുന്നേറ്റുനടക്കുന്ന കുഞ്ഞിന്റെ തിരുപ്പിറവിയിലൂടെയാണ് നാടകാരംഭം. എല്ലാ വ്യവസ്ഥകളെയും വെല്ലുവിളിക്കാൻ പോകുന്ന ഒരാളുടെ ജനനത്തെ ഇത്രയും ശക്തമായി പറയാനാകില്ല. തുടർന്നങ്ങോട്ട് ബാല്യം, കൗമാരം, യൗവനം, വാർധക്യം തുടങ്ങി പി ജെയുടെ ജീവിതത്തിന്റെ എല്ലാ ദശകളും നാടകം വെളിവാക്കുന്നു. പത്താംവയസ്സിൽ സംവിധാനം ചെയ്ത വേലക്കാരൻമുതൽ വിമോചനസമരകാലത്തെ ‘ഇങ്ക്വിലാബിന്റെ മക്കളും’, ‘അടിയന്തരാവസ്ഥയിലെ കാളരാത്രി’യും തുടങ്ങി ഒട്ടേറെ നാടകങ്ങളുടെ പിറവിയും നാടകം വെളിവാക്കുന്നു. ഒപ്പം വ്യക്തിജീവിതത്തിൽ വ്യവസ്ഥിതിക്കും യാഥാസ്ഥിതികതയ്ക്കും എതിരായ പോരാട്ടങ്ങൾ, തിരുസഭയുമായുള്ള എതിർപ്പുകൾ,  നിർമാല്യം എന്നിവയിലൂടെ കടന്ന് മരണത്തിലെത്തുമ്പോൾ പറയാൻ ബാക്കിയായ ജീവിതമുഹൂർത്തങ്ങൾ ഏറെയാകുന്നു. എങ്കിൽപ്പോലും രംഗോപകരണങ്ങളുടെ, രംഗപടങ്ങളുടെ ധാരാളിത്തമില്ലാതെ പി ജെയെ പറഞ്ഞ രീതി ഹൃദ്യമായി. ഉപയോഗിച്ച രംഗബിംബങ്ങളെല്ലാം ശക്തവുമായി. അതിനെ പിന്തുണയ്ക്കുന്ന ദീപസംവിധാനവും സംഗീതവും അരങ്ങിലെത്തിയ അഭിനേതാക്കളുടെ അഭിനയത്തെളിമയും ചേർന്ന് നാടകത്തെ മികച്ച രംഗാനുഭവമാക്കി.
 
മലയാളിയും പോണ്ടിച്ചേരി കേന്ദ്രീകരിച്ച് സജീവനാടകപ്രവർത്തനം നടത്തുകയും ചെയ്യുന്ന എൻ എസ് താരയാണ് സഹസംവിധാനം. ചെന്നൈ സ്വദേശി ഇളംപരുതി, യുപിയിൽനിന്നുള്ള മനീഷ് എന്നിവർ ലൈറ്റും നാഗർകോവിലിൽനിന്നുള്ള ആശ സംഗീതവും ഒരുക്കി. രംഗോപകരണം ബിനു, സെറ്റ് വിനായക്, ഡിയോൺ, കോസ്റ്റ്യും അല്ലു പ്രത്യുഷ്, ഗീതു, മേക്കപ്പ് കസ്റ്റീന എന്നിവരും നിർവഹിച്ചു. വിനായക്, എം വി ബിനു, സി പി അനൂപ്, എൻ എസ് താര എന്നിവരുൾപ്പടെ പതിനഞ്ചോളം അഭിനേതാക്കൾ അരങ്ങിലെത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top