26 April Friday

ദരിദ്രനും പണക്കാരനും തമ്മില്‍

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2016

ദരിദ്രനും പണക്കാരനും രണ്ടു മുഖങ്ങളാണ്. ഒട്ടെല്ലാ സമൂഹത്തിന്റെയും നേര്‍ചിത്രം വരയ്ക്കുമ്പോള്‍ തെളിയുന്ന രണ്ടു മുഖങ്ങള്‍. മനസ്സിലൂറിയ നിഷ്കളങ്കതകൊണ്ടും കരുണ

കൊണ്ടും ലോകത്തെ നോക്കിക്കാണുന്ന ദരിദ്രന്‍; നിരന്തരചൂഷണത്തിനിരയാകുന്നവന്‍. അവനെ ചൂഷണംചെയ്യലാണ് തന്റെ മിടുക്കെന്ന് ധരിക്കുന്ന പണക്കാരന്‍.

സദുദ്ദേശ്യ നാടകങ്ങളില്‍, വിശേഷിച്ച് കുട്ടികളുടെ നാടകങ്ങളില്‍ ഇത്തരം അവതരണങ്ങള്‍ ഏറെയുണ്ട്. ഗ്രാമീണജീവിതത്തിന്റെ തെളിമയില്‍ പൊതിഞ്ഞ ഈ അവതരണങ്ങള്‍ എന്നും കാണികളെ ആകര്‍ഷിച്ചിട്ടുമുണ്ട്. തുപ്പേട്ടന്റെ രചനകളുടെ വൈശിഷ്ട്യം ഈ തലത്തിലാണ്. ആക്ഷേപഹാസ്യത്തിന്റെ ഏറ്റവും ശക്തമായ മാതൃകകളാണ് തുപ്പേട്ടന്റെ നാടകങ്ങളില്‍ പലതും.  വല്ലാത്ത ലാളിത്യം, ഒഴുക്ക് അതാണ് ആ നാടകങ്ങളുടെ മുഖമുദ്ര.

'മറുമരുന്ന്' അത്തരമൊരു രചനയാണ്. ഈ രചനയ്ക്ക് അതിവിശിഷ്ടമായ രംഗാവതരണമൊരുക്കിയിരിക്കയാണ് തൃശൂര്‍ ലാലുരിലെ 'നിലം' കുട്ടികളുടെ നാടകവേദി.

രാജേഷ് നാവത്ത്

രാജേഷ് നാവത്ത്

ദരിദ്രനും പണക്കാരനുമാണ് നാടകത്തിലെ പ്രധാനകഥാപാത്രങ്ങള്‍. പട്ടിണി സഹിക്കാതെ പണക്കാരന്റെ  അടുത്ത് അല്‍പ്പം അരിക്ക് ചെല്ലുന്ന ദരിദ്രന്‍. അയാളെ അധിക്ഷേപിച്ചശേഷം രണ്ടു സ്പൂണ്‍ പഴകിയ അരിപ്പൊടിയാണ് പണക്കാരന്‍ കൊടുക്കുന്നത്. പോകുംവഴിയില്‍ അരിപ്പൊടി കാറ്റുകൊണ്ട് പോകുന്നു. പരാതി പറഞ്ഞപ്പോള്‍ കാറ്റ് ദരിദ്രന്് ഒരു പട്ട് സമ്മാനിച്ചു. എന്ത് ഭക്ഷണം ചോദിച്ചാലും കൊടുക്കുന്ന പട്ട്. സംഭവമറിഞ്ഞ് പണക്കാരന്‍ ദരിദ്രന്റെ അടുത്തെത്തി അല്‍പ്പനേരത്തേക്ക് പട്ട് കടം ചോദിച്ചു. നിഷ്കളങ്കനായ ദരിദ്രന്‍ അത് നല്‍കി. എന്നാല്‍, തിരിച്ചുകൊടുത്തത് സമാനമായ തുണിക്കഷ്ണമാണ്. അതേപ്പറ്റി പരാതി പറയാന്‍ ചെന്നപ്പോള്‍ പണക്കാരന്‍ വീണ്ടും അധിഷേപിച്ചു. ഒരു നുള്ള് വെണ്ണ കൊടുക്കുന്നു. പോകുംവഴിയില്‍ സൂര്യന്‍ വെണ്ണ ഉരുക്കിക്കളയുന്നു. സൂര്യനെ പിടിച്ചുനിര്‍ത്തിയ ദരിദ്രന് ഒരു 'തമല' (ഒരുതരം പാത്രം) സമ്മാനിക്കുന്നു. എത്ര പണം ചോദിച്ചാലും സമ്മാനിക്കുന്നതാണ് തമല. വീണ്ടും പണക്കാരന്‍ അടുത്തുകൂടി കുറച്ചുനേരത്തേക്ക് പാത്രം കടം തരാന്‍ അപേക്ഷിക്കുന്നു. ദരിദ്രന്‍ അതിനും വഴങ്ങി. പക്ഷേ, തിരിച്ചുകൊടുത്തത് ഒരു സാധാരണ പാത്രം. പരാതിയുമായി ചെന്നപ്പോള്‍ പഴയപോലെ അധിക്ഷേപിച്ചു. ഒടുവില്‍ പത്ത് കഷ്ണം ശര്‍ക്കര കടമായിക്കൊടുത്തു. പോകുംവഴിയില്‍ മഴ ശര്‍ക്കര അലിയിച്ചുകളയുന്നു. മഴയെ പിടിച്ചുനിര്‍ത്തിയപ്പോള്‍ ഒരു കുഴിതാളമാണ് മഴ നല്‍കിയത്. മൂന്നു തവണ കൊട്ടിയാല്‍ മതിയെന്നാണ് വരം. മതി എന്നു പറയുംവരെ കിട്ടിക്കൊണ്ടിരിക്കും. വീട്ടിലെത്തി കുഴിത്താളം കൊട്ടിയ ദരിദ്രന് കിട്ടിയത് മൂന്ന് അടിയാണ്. തന്റെ മണ്ടത്തരത്തെ ഓര്‍മിപ്പിച്ച മൂന്ന് അടി. താന്‍ ഇതുവരെ ചെയ്തതെല്ലാം അബദ്ധമാണെന്നും പണക്കാരന്‍ തന്റെ നിഷ്കളങ്കതയെ മുതലെടുക്കുകയായിരുന്നെന്നും തിരിച്ചറിയുന്നു. ഉടന്‍ എത്തുന്നു പണക്കാരന്‍, കുഴിതാളം ഒന്നു കടം ചോദിക്കാന്‍. കുഴിതാളം കൊടുത്ത ദരിദ്രന്‍ മതിയാക്കേണ്ട കാര്യം പറഞ്ഞുകൊടുക്കാന്‍ മറന്നിരുന്നു. പണക്കാരന്‍ കുഴിതാളം കൊട്ടിയതോടെ തുരുതുരാ അടികിട്ടാന്‍ തുടങ്ങി. അടികൊണ്ട് തളര്‍ന്ന അയാള്‍ താന്‍ചെയ്ത വഞ്ചനയുടെ കഥ മുഴുവന്‍ ഏറ്റുപറഞ്ഞ് ദരിദ്രന്റെ അടുക്കല്‍ അഭയംതേടുന്നു. ദരിദ്രന്‍ തന്റെ പട്ടുതുണിയില്‍നിന്ന് ഗജകേസരി എന്ന മധുരമുണ്ടാക്കി എല്ലാവര്‍ക്കും നല്‍കുന്നു. പണക്കാരന്‍തന്നെ എല്ലാവര്‍ക്കും അത് വിതരണംചെയ്യുന്നു.

സാന്റ് വിച്ച് തിയറ്ററില്‍ ഒരുക്കിയ നാടകം മികച്ച അനുഭവമായിരുന്നു. ഓട്ടന്‍തുള്ളലും പാട്ടുകളും പിന്നണിയേകിയ നാടകത്തില്‍ നേരിന്റെ വെളിച്ചം വിതറി മുത്തശ്ശിയും മരുന്നുവില്‍പ്പനക്കാരും എത്തുന്നതോടെ സംവിധായകന്‍ നാടകത്തെ മറ്റൊരു അപൂര്‍വതലത്തിലേക്ക് ഉയര്‍ത്തി. സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനായ രാജേഷ് നാവത്താണ് സംവിധാനം. ദീപസംവിധാനം: മുരളി, സംഗീതം: ശരണ്‍, ചമയം: സിമി രാജേഷ്, രംഗസജ്ജീകരണം: അതുല്‍, ഗോപീകൃഷ്ണന്‍.

അതുല്‍, കിരണ്‍, ഹരിത, ഗോപീകൃഷ്ണന്‍, ഷാന്‍, ദയ പവന്‍, അദീപ്, ജിനേഷ്, ദേവുട്ടി, രാഹുല്‍ ആര്‍ നാഥ്, ഹരീഷ്, അഭിഷേക്, ഗംഗ, അഭിമന്യു, വാസുദേവന്‍, ദേവനാരായണന്‍ എന്നിവരാണ് അരങ്ങില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top