20 April Saturday

തൃപ്പുണിത്തുറയുടെ ചിത്രാലയം

എം എസ് അശോകന്‍Updated: Sunday May 22, 2016

കേരളത്തിലെ പഴക്കംചെന്ന സ്വകാര്യ ചിത്ര–ശില്‍പ്പ രചനാപരിശീലന സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൃപ്പൂണിത്തുറയിലെ ചിത്രാലയ സ്കൂള്‍ ഓഫ് ആര്‍ട്സ്. സ്റ്റാച്യു കവലയില്‍നിന്ന് ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലേക്കുനീളുന്ന വഴിയില്‍ വലതായി കെ സി ചക്രപാണി എന്ന കലാധ്യാപകനുകീഴില്‍ നാല്‍പ്പതുവര്‍ഷത്തോളമായി ഈ സ്ഥാപനം തളര്‍ച്ചയില്ലാതെ പ്രവര്‍ത്തിക്കുന്നു. തൊട്ടടുത്തായിരുന്നു ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഫിലിമില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫോട്ടോഗ്രാഫര്‍ സ്വാമിയുടെ പഴയ കൃഷ്ണാ സ്റ്റുഡിയോ. അല്‍പ്പംകൂടി നടന്നാല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന് വടക്ക് നീണ്ടകാലം ആര്‍എല്‍വി കോളേജ് പ്രവര്‍ത്തിച്ചിരുന്നിടമായി. ഈ പ്രദേശത്ത് പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു. പഴയതുപലതും അപ്രത്യക്ഷമാകുകയോ മറ്റിടങ്ങളിലേക്ക് പറിച്ചുമാറ്റപ്പെടുകയോ ചെയ്തിരിക്കുന്നു. എന്നാല്‍, ചിത്രാലയ കാലമേല്‍പ്പിക്കാവുന്ന അനിവാര്യമായ പരിക്കുകള്‍പോലുമേല്‍ക്കാതെ ഇവിടെയുണ്ട്.  ഇന്നും നൂറുകണക്കിന് കുട്ടികള്‍ക്ക് ചിത്ര–ശില്‍പ്പ കലയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നുകൊടുത്തും കഴിവുറ്റ  കലാകാരന്മാര്‍ക്ക് നിരന്തരം കലാരചനയില്‍ മുഴുകാന്‍ ഇടം നല്‍കുകയും ചെയ്തുകൊണ്ട്.

2009ലാണ് ചിത്രാലയയില്‍ അവിടത്തെ ചിത്ര–ശില്‍പ്പ വിദ്യാര്‍ഥികളെ ചേര്‍ത്ത് വാര്‍ഷിക ചിത്രപ്രദര്‍ശനം ആരംഭിച്ചത്. ഇതിനകം കേവലം ചടങ്ങായി മാറാവുന്ന വാര്‍ഷികപ്രദര്‍ശന പരിപാടി കൂടുതല്‍ വിപുലമായ അര്‍ഥതലങ്ങളിലേക്ക് പടര്‍ന്ന് മികവിന്റെ ഉത്സവമാക്കിമാറ്റാന്‍ ചിത്രാലയക്ക് കഴിഞ്ഞു. ഈ വര്‍ഷത്തെ ചിത്ര–ശില്‍പ്പ പ്രദര്‍ശനം 23ന് തുടങ്ങുകയാണ്. 72 കുട്ടികളുടെ രചനകളാണ് ലായം കൂത്തമ്പലത്തില്‍ 27വരെ നീളുന്ന പ്രദര്‍ശനത്തിലുണ്ടാകുക. കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയായ ചിത്രാലയ ക്രിയേഷന്‍സാണ് പ്രദര്‍ശനം ഒരുക്കുന്നത്. പ്രൊഫ. എം കെ സാനു പ്രദര്‍ശനം ഉദ്ഘാടനംചെയ്യും.

ചിത്രാലയയുടെ പ്രവര്‍ത്തനം കുട്ടികളെ ചിത്രമെഴുതാന്‍ പഠിപ്പിക്കുന്നതില്‍മാത്രം ഒതുങ്ങുന്നതല്ലെന്ന് ചിത്രാലയയുടെ സ്ഥാപകന്‍ കെ സി ചക്രപാണി പറഞ്ഞു. അവരുടെ ബുദ്ധിവികാസവും പഠനത്തില്‍ മികവുണ്ടാക്കലും സര്‍ഗാത്മകതയ്ക്കൊപ്പം അവശ്യം വേണ്ട സാമൂഹ്യപ്രതിബദ്ധത വളര്‍ത്തലും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ചിത്രാലയയിലെ കലാപഠനത്തോടൊപ്പം മ്യൂസിയം സന്ദര്‍ശനം, ജൈവ പച്ചക്കറിത്തോട്ടം നിര്‍മാണം, ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍ എന്നിവയും നടത്തിവരുന്നു. മേക്കരയില്‍ അറുപതുസെന്റോളം സ്ഥലത്താണ് കുട്ടികളുടെകൂടി സജീവസഹകരണത്തില്‍ ജൈവകൃഷി നടത്തുന്നത്. നടന്‍ ശ്രീനിവാസനാണ് ഈ പരിപാടി ഉദ്ഘാടനംചെയ്തത്. ചിത്രകലയിലെന്നപോലെ കൃഷിപരിപാലനത്തിലും കുട്ടികള്‍ ഉത്സാഹിക്കുന്നു.

ചിത്ര–ശില്‍പ്പ രചനാപരിശീലനത്തിന്റെ പതിവുരീതികളൊന്നും ചിത്രാലയയില്‍ ഇല്ല. കുട്ടികളെ അവരുടേതായ രീതിയില്‍ സ്വാതന്ത്യ്രത്തോടും മൌലികതയോടുംകൂടി കല പരിശീലിപ്പിക്കുകമാത്രമാണ് ഇവിടെ ചെയ്യുന്നത്. ഏതെങ്കിലും പ്രത്യേക രീതിയില്‍ വരയ്ക്കണമെന്നോ അതുമാത്രമാണ് കലാസൃഷ്ടിയെന്നോ കുട്ടികളെ ധരിപ്പിക്കുന്നില്ല. എല്ലാവരുടെയും ഉള്ളിലുള്ള കലോപാസകനെയും സൃഷ്ടികര്‍ത്താവിനെയും വ്യത്യസ്തമായ പ്രതിഭാവിഷ്ട്യത്തോടെ പുറത്തുകൊണ്ടുവരാനുള്ള അവസരമാണ് ചിത്രാലയ ഒരുക്കുന്നത്. ബുദ്ധിവികാസം സംഭവിക്കാത്ത കുട്ടികളില്‍പോലും ഈ പരിശീലനരീതി ഏറെ മാറ്റമുണ്ടാക്കുന്നതായാണ് ചിത്രാലയയിലെ അനുഭവം. ഇതിന്റെയൊക്കെ ഫലമായി  കലാരംഗത്തെന്ന പോലെ പഠനരംഗത്തും അവര്‍ മികവുകാട്ടുകയും സാമൂഹ്യബോധമുള്ളവരായി വളരുകയുംചെയ്യുന്നു എന്നതാണ് ചിത്രാലയ പരീക്ഷിച്ച് ഫലംകണ്ട ഈ സിലബസിന്റെ സവിശേഷത.
ചിത്രാലയയില്‍ ഒരുവട്ടമെങ്കിലും കയറിയിട്ടുള്ളവര്‍ എക്കാലത്തും ഇവിടവുമായി ഏതെങ്കിലുംതരത്തില്‍ സഹകരിക്കുന്നവരാണ്്. കലാപരിശീലകരായും മറ്റുകാര്യങ്ങളില്‍ സഹായികളായുമൊക്കെ അവര്‍ എന്നും ചിത്രാലയക്കൊപ്പമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top