20 April Saturday

മണ്ണില്‍ കുരുത്ത ചിത്രങ്ങള്‍

എം എസ് അശോകന്‍Updated: Sunday Feb 21, 2016

കൊച്ചിയുടെ മണ്ണില്‍നിന്ന് ലോകമറിയുന്ന മലയാളി ചിത്രകാരനായി വളര്‍ന്ന എം കെ രാജന്‍ എന്ന രാജന്‍ എം കൃഷ്ണന്‍ ഇന്ന് നമ്മോടൊപ്പമില്ല. കുറഞ്ഞ കാലത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം ബാക്കിവച്ചു പോയ കലാസൃഷ്ടികളും സൌഹൃദങ്ങളില്‍ പുരട്ടിയ തിളക്കമാര്‍ന്ന വര്‍ണങ്ങളും ആ വേര്‍പാടിന് പകരമാകില്ലെങ്കിലും ആ സാന്നിധ്യത്തിന്റെ  ഊഷ്മളത ഇവിടെ എന്നും നിലനിര്‍ത്തും

പുഞ്ചിരിക്കുന്ന മുഖവുമായി മാത്രമേ രാജനെ കണ്ടിട്ടുള്ളൂ. വ്യക്തിപരമായ വിശേഷങ്ങള്‍ ചോദിച്ചറിയുന്നതുമുതല്‍ ചിത്രകലയും രാഷ്ട്രീയവുമെല്ലാം കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകുമ്പോഴും ആ പുഞ്ചിരി ശാന്തമായി ഒഴുകുന്ന സംസാരത്തിലുടനീളം മായാതെ പുരണ്ടിട്ടുണ്ടാകും. കൊച്ചിയുടെ മണ്ണില്‍നിന്ന് ലോകമറിയുന്ന മലയാളി ചിത്രകാരനായി വളര്‍ന്ന എം കെ രാജന്‍ എന്ന രാജന്‍ എം കൃഷ്ണന്‍ ഇന്ന് നമ്മോടൊപ്പമില്ല. ഒരുവര്‍ഷം മുമ്പുണ്ടായ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് നിരന്തര ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ 11ന് നമ്മെ വിട്ടുപിരിഞ്ഞു. കുറഞ്ഞ കാലത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം ബാക്കിവച്ചു പോയ കലാസൃഷ്ടികളും സൌഹൃദങ്ങളില്‍ പുരട്ടിയ തിളക്കമാര്‍ന്ന വര്‍ണങ്ങളും ആ വേര്‍പാടിന് പകരമാകില്ലെങ്കിലും ആ സാന്നിധ്യത്തിന്റെ ഊഷ്മളത ഇവിടെ എന്നും നിലനിര്‍ത്തും.


പതിനഞ്ചുവര്‍ഷം മുമ്പാണ് തൃശൂര്‍ക്കാരനായ രാജന്‍ കൊച്ചിയിലേക്ക് കൂടുമാറിയത്. തിരുവനന്തപുരം ഫൈനാര്‍ട്സ് കോളേജില്‍ ബിഎഫ്എയും ബറോഡ എംഎസ് യൂണിവേഴ്സിറ്റിയില്‍ എംഎഫ്എയും പൂര്‍ത്തിയാക്കിയ രാജന്‍ കൊച്ചിയില്‍ താമസിക്കാനാണ് തീരുമാനിച്ചത്. പിന്നീട് കൊച്ചിയുടെ കലാലോകത്ത് കണ്ട മാറ്റങ്ങളൊന്നും ആരും പ്രവചിച്ചിട്ടുപോലുമില്ലാത്ത കാലമായിരുന്നു അത്. പാലാരിവട്ടത്തെ വസന്ത്നഗര്‍
ജാക് ഫ്രൂട്ട് എന്ന രചന

ജാക് ഫ്രൂട്ട് എന്ന രചന

ഫ്ളാറ്റില്‍ താമസിക്കുമ്പോള്‍ ദേശാഭിമാനിയുടെ കൊച്ചി പ്രത്യേക പതിപ്പായ കൊച്ചിക്കാഴ്ചയുടെ നാലാം പേജിന്റെ മുകളറ്റത്ത് രാജന്റെ കറുത്തവരകള്‍ പതിവായി പ്രസിദ്ധീകരിച്ചിരുന്നു. ലിറ്റില്‍  ബ്ളാക്ക് ഡ്രോയിങ്സ് എന്ന പേരില്‍ പിന്നീട് പ്രദര്‍ശിപ്പിച്ച ചെറു ചിത്രങ്ങളായിരുന്നു അവ. പില്‍ക്കാലത്തെ രാജന്റെ രചനകളില്‍നിന്നെല്ലാം അങ്ങേയറ്റം വ്യത്യസ്തമായിരുന്നു ആ ചിത്രങ്ങള്‍. ചാര്‍ക്കോളും പേനയും ക്രയോണുമൊക്കെ ഉപയോഗിച്ചുള്ള മനുഷ്യരൂപങ്ങളായിരുന്നു അവ. നഗരവല്‍ക്കരണത്തിന്റെയും കമ്പോളവ്യവസ്ഥിതിയുടെയും മഹാപ്രവാഹത്തില്‍ കുത്തിയൊലിച്ചുപോകുന്ന സാധാരണ മനുഷ്യരിലേക്കായിരുന്നു രാജന്റെ നോട്ടമെത്തിയത്.

താന്‍ പരിസ്ഥിതി ചിത്രകാരനോ രാഷ്ട്രീയ ചിത്രമെഴുത്തുകാരനോ അല്ലെന്നാണ് രാജന്‍ പറഞ്ഞിരുന്നത്. അത് ആസ്വാദകരാണ് തീരുമാനിക്കേണ്ടത്. എന്റെ ചിന്തകളും ഓര്‍മകളും ആസ്വാദകരുമായി പങ്കിടാനുള്ള മാധ്യമമാണ് ചിത്രങ്ങള്‍. പരിസ്ഥിതിപ്രശ്നങ്ങള്‍ വളരെ കുറച്ചുമാത്രം പരിഗണന കിട്ടിയിട്ടുള്ള ഒരു വിഷയമാണ്. മനുഷ്യരെ മാത്രമല്ല സകല ജീവജാലങ്ങളെയും നിലനിര്‍ത്തുന്ന ഒന്നെന്ന നിലയില്‍ പാരിസ്ഥിതിക പ്രശ്നങ്ങളും അതിലെ രാഷ്ട്രീയവും ആസ്വാദകരുമായി പങ്കിടുകമാത്രമാണ് താന്‍ ചെയ്യുന്നതെന്നുമായിരുന്നു രാജന്റെ വിശദീകരണം.

2007ലാണ് രാജന്റെ അയിര് എന്ന വിഖ്യാത ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തൃപ്പൂണിത്തുറയ്ക്കടുത്തെ ടെറക്രാഫ്റ്റ്സ് കളിമണ്‍ ശില്‍പ്പനിര്‍മാണശാലയില്‍ നടന്നത്. കലാവിദ്യാര്‍ഥികളും ശില്‍പ്പികളും സാധാരണക്കാരും ഉള്‍പ്പെടെ ഇരുനൂറോളം പേരുടെ മാസങ്ങള്‍ നീണ്ട പരിശ്രമമാണ് അവിടെ കണ്ടത്. ഓര്‍മകളും മിത്തും വര്‍ത്തമാനയാഥാര്‍ഥ്യങ്ങളുമൊക്കെ സമ്മേളിച്ച അയിരിന്റെ ആശയം സമകാലിക ഇന്ത്യന്‍ ചിത്ര–ശില്‍പ്പ കലയില്‍ ഈ മലയാളിസാന്നിധ്യത്തെ ശക്തമായി ഉറപ്പിച്ചു. പല കൈകളില്‍ ഉരുവായ ലക്ഷക്കണക്കിന് ചെറുശില്‍പ്പങ്ങള്‍ മലപോലെ കൂട്ടിയിട്ടതായിരുന്നു അയിരിന്റെ പ്രധാന ഭാഗം. എല്ലാം ഉയിരെടുക്കുന്ന ഭൂമിയുടെയും പരിസ്ഥിതിയുടെയും പ്രതിനിധാനമായി അത്. ഭൂമിയില്‍നിന്ന് എന്തും ഊറ്റാവുന്ന മനുഷ്യര്‍ പ്രപഞ്ചത്തിന്റെ ജൈവസ്വത്വത്തെയാണ് തങ്ങളുടെ വിവേചനപൂര്‍ണമായ തെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടതെന്ന രാഷ്ട്രീയവും രാജന്‍ അതിലൂടെ ശക്തമായി പറഞ്ഞുവച്ചു.
# രാജന്‍ എം കൃഷ്ണന്റെ രചന

# രാജന്‍ എം കൃഷ്ണന്റെ രചന


രാജന്റെ സിഗ്നേച്ചര്‍ രചനകളെന്നു പറയാവുന്ന പ്രകൃതിചിത്രണങ്ങള്‍ അവയുടെ കോമ്പോസിഷനിലും നിറങ്ങളുടെ തെരഞ്ഞെടുപ്പിലും അങ്ങേയറ്റം മൌലികവും ലോകോത്തരവുമാണ്. ഗൃഹാതുരമായ ഒന്നിന്റെ സങ്കല്‍പ്പനവും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളുടെ നീറ്റലും, പൂപ്പല്‍ പോലെപടര്‍ന്നുകയറുന്നതും മരവിപ്പുപോലെ അസ്വസ്ഥപ്പെടുത്തുന്നതുമായ നാളെയും വിശാലമായ ക്യാന്‍വാസുകളില്‍ കോറിയ ആ ചിത്രങ്ങള്‍ അനുഭവിപ്പിക്കുന്നു. നാട്ടുമരങ്ങള്‍, വാഴ, കാട്ടുചെടികള്‍, പാടം, കുന്ന്, ജലസസ്യങ്ങള്‍ എന്നിങ്ങനെയുള്ള ഇമേജുകള്‍ രാജന്റെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചുവരുന്നു. രാജന്റെ ലാന്‍ഡ്സ്കേപ്പ് ചിത്രങ്ങളെല്ലാം ഇരുണ്ട മറ്റൊരുവശത്തെ ഓര്‍മിപ്പിക്കുന്നതും ഉറപ്പിച്ചുവച്ച കാഴ്ചകളെ തകിടം മറിക്കുന്നതുമാണെന്നാണ് അത്തരം ചിത്രങ്ങളെ പഠിച്ച കാത്ലിന്‍ വെല്‍മ എന്ന കലാചരിത്ര ഗവേഷക കുറിച്ചത്.

അന്തരിച്ച സി എന്‍ കരുണാകരനും കൊച്ചിയില്‍ കാലുറപ്പിച്ചു വളര്‍ന്ന ചിത്രകാരനാണ്. ഏറെ പ്രതിബന്ധങ്ങളെ നേരിട്ടുതന്നെയായിരുന്നു അത്. ബറോഡയില്‍നിന്ന് മുംബൈയിലേക്കോ ഡല്‍ഹിയിലേക്കോ ഒക്കെ ചേക്കേറാമായിരുന്നിട്ടും രാജന്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. തൊണ്ണൂറുകള്‍ക്കുശേഷം ചിത്രകലാരംഗത്തുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം കേരളത്തിലെ ചിത്രകലയെ നയിക്കാന്‍ മാത്രമല്ല മുന്നില്‍ നിര്‍ത്താനും രാജനായി. പാലാരിവട്ടം ജനതാറോഡിലെ തന്റെ വിശാലമായ സ്റ്റുഡിയോയില്‍ എപ്പോഴും തിരക്കിലായിരുന്നു അദ്ദേഹം. വായനയും സിനിമാസ്വാദനവും ഒക്കെ അതോടൊപ്പം സജീവമായി നിലനിര്‍ത്തി. ദേശീയതലത്തില്‍ ഉയര്‍ന്ന വില്‍പ്പനമൂല്യമുള്ള ചിത്രകാരനായി മാറിയപ്പോഴും അദ്ദേഹം ചുണ്ടില്‍ ആ പുഞ്ചിരി മായാതെവച്ചു. സൌഹൃദങ്ങളെ കൂടുതല്‍ ഈര്‍പ്പമുള്ളതാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top