10 June Saturday

മുഖമില്ലാത്തവരുടെ മുഖച്ചിത്രം

എം എസ് അശോകൻUpdated: Sunday Mar 20, 2016

2010ല്‍ ടൈംമാഗസിന്‍ ലോകത്തെ സ്വാധീനിക്കുന്ന 100 പ്രമുഖരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബാങ്ക്സി എന്ന അജ്ഞാത ഗ്രഫിറ്റി ചിത്രകാരനെ (കാരിയെ) കണ്ടെത്തിയെന്ന് ഒരുപറ്റം ഗവേഷകര്‍. പക്ഷേ ദുരൂഹത അവസാനിക്കുന്നില്ല

ബാങ്ക്സി എഴുതുന്നു 'എനിക്ക് ട്വിറ്റര്‍ അക്കൌണ്ടോ ഫെയ്സ്ബുക്ക് പേജോ ഇല്ല. ചിത്രകാരന്മാരുടെ ദല്ലാള്‍ സ്റ്റീവ് ലസാറൈഡ്സുമായി ഇടപാടുമില്ല. നിങ്ങളുടെ അഭിപ്രായങ്ങളും ഭീഷണികളും ഇവിടെമാത്രം രേഖപ്പെടുത്തുക'. രണ്ടരപ്പതിറ്റാണ്ടിലേറെയായി ലോകം അന്വേഷിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടനിലെ ബ്രിസ്റ്റോളുകാരന്‍ എന്നു കരുതുന്ന ഗ്രഫിറ്റി ചിത്രകാരന്‍ തന്റെ വെബ്പേജില്‍ കുറിച്ചിട്ടുള്ള ഒരേയൊരു വാചകമാണ് മുകളില്‍ വായിച്ചത്. ബാങ്ക്സിയെ കണ്ടെത്തി എന്ന അവകാശവാദവുമായി ലണ്ടന്‍ ക്യൂന്‍മേരി സര്‍വകലാശാലയിലെ ഒരുപറ്റം ശാസ്ത്രഗവേഷകര്‍ രംഗത്തുവന്നതാണ് ഏറ്റവുമൊടുവിലത്തെ വാര്‍ത്ത. ഈ അവകാശവാദത്തിന്റെ നേരെ എതിര്‍ഭാഗത്താണ് ബാങ്ക്സിയുടെ വെബ് പേജിലുള്ള ഒരു ഫോട്ടോഗ്രാഫിന്റെ സ്ഥാനം. ക്യാന്‍വാസും ചിത്രമെഴുത്തു സാമഗ്രികളും തയ്യാറാക്കിവച്ചിട്ടുള്ള ഒരു വരപ്പുകാരനുമുന്നില്‍ ഒരാള്‍ മുഖംമറച്ച് പോസുചെയ്യുന്ന ഫോട്ടോ. ബാങ്ക്സി ഒരാളല്ല, മുഖമില്ലാത്ത ഒരുപാടുപേരാണെന്ന് ഈ ചിത്രം വിളിച്ചുപറയുന്നു.

നാളിതുവരെ ബാങ്ക്സിയുടെ സ്റ്റെന്‍സില്‍ ഗ്രഫിറ്റികള്‍ പ്രത്യക്ഷപ്പെട്ട തെരുവുകളുടെ ഭൂസൂചനകള്‍ ക്രോഡീകരിച്ചാണ് തങ്ങള്‍ ബാങ്ക്സിയെ കണ്ടെത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ബ്രിസ്റ്റോളില്‍ സ്ഥിരതാമസമുള്ള റോബിന്‍ ഗണ്ണിങ്ഹാമാണ് ബാങ്ക്സി എന്നും അവര്‍ വെളിപ്പെടുത്തുന്നു. (2008ല്‍ ഡെയ്ലി മെയില്‍ പത്രം ഇതേ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു) കുറ്റകൃത്യ പരമ്പരകള്‍ വിശകലനംചെയ്ത് സൂചനകളിലൂടെ പ്രതിയിലേക്ക് എത്താന്‍ ഉപയോഗിക്കുന്ന പൊലീസ് മാര്‍ഗം ബാങ്ക്സിയെ കണ്ടെത്താനും പ്രയോഗിച്ചത് യാദൃച്ഛികമല്ല.

1990കളിലാണ് ബാങ്ക്സി ബ്രിട്ടീഷ് തെരുവിലെ മതിലുകളിലും ടണലുകളിലും പാലങ്ങളുടെ തൂണുകളിലുമൊക്കെ കറുത്ത വരകളായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. എണ്‍പതുകളില്‍ റോബോയും മറ്റും ഉയര്‍ത്തിയ കൊടുങ്കാറ്റിനു പിന്നാലെയായിരുന്നു ആ വരവ്. ഫാസിസത്തിനും കമ്പോളസംസ്കാരത്തിനും മുതലാളിത്തത്തിനും യുദ്ധത്തിനും ദാരിദ്യ്രത്തിനുമൊക്കെ എതിരായ പൊട്ടിത്തെറികളായിരുന്നു ബാങ്ക്സി ഗ്രഫിറ്റികള്‍. സ്റ്റെന്‍സിലുകള്‍ തയ്യാറാക്കി കൊണ്ടുവന്ന് പതിക്കുന്ന ഗ്രഫിറ്റികള്‍ക്കൊപ്പം കുറിക്കുകൊള്ളുന്ന ഒന്നോ രണ്ടോ വാചകങ്ങളും എഴുതിച്ചേര്‍ത്തിട്ടുണ്ടാകും. യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും ഗ്രഫിറ്റി കുറ്റകരമാണെന്നതിനാല്‍ മറ്റുള്ളവരെപ്പോലെ ബാങ്ക്സിയും സ്വയം വെളിച്ചത്തെ മറഞ്ഞുനിന്നു. ഗ്രഫിറ്റി ഒന്നുമില്ലാത്തവന്റെ ആയുധമാണെന്ന് ബാങ്ക്സി. അത് ബ്രിസ്റ്റോളില്‍ മാത്രമല്ല വിയന്നയിലും സാന്‍ഫ്രാന്‍സിസ്കോയിലും പാരീസിലും ന്യൂയോര്‍ക്കിലും ഇസ്രയേല്‍ മനുഷ്യക്കുരുതി നടത്തുന്ന ഗാസമുനമ്പിലുമൊക്കെ പതിഞ്ഞു. ഷോപ്പിങ് കാര്‍ട്ടിനൊപ്പം തലകുത്തി താഴേക്ക് പതിക്കുന്ന മനുഷ്യന്റെ ചിത്രം പതിഞ്ഞത് ലണ്ടനിലെ വമ്പന്‍ മാളിന്റെ മതിലിലാണ്. കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ ഇരുകൈയിലും ഷോപ്പിങ് ബാഗുകള്‍ തൂക്കിയിട്ടപ്പോള്‍ കമ്പോളദുരന്തത്തിന്റെ അന്ത്യവചനമായി അത്. ഗാസയിലെ തകര്‍ന്ന ജനവാസകേന്ദ്രത്തിന്റെ മതിലുകളിലൊന്നില്‍ ഫിഡില്‍ കൈയിലെടുത്തുനില്‍ക്കുന്ന കുഞ്ഞിപ്പൂച്ചയുടെ ചിത്രമാണ് ബാങ്ക്സി വരച്ചത്. മുതലാളിത്തത്തെ തൂത്തെറിയുക എന്നെഴുതിയ ടീഷര്‍ട്ട് വാങ്ങി ധരിക്കാന്‍ വാണിഭക്കാരനുമുന്നില്‍ വരിനില്‍ക്കുന്നവരുടെ ചിത്രം ഒരേസമയം മഹാഭൂരിപക്ഷത്തിന്റെ ഇച്ഛയെ വെളിപ്പെടുത്തുന്നതോടൊപ്പം വമ്പന്‍ ശത്രുവിനെതിരായ ദുര്‍ബല പ്രതിരോധത്തെ പരിഹസിക്കുന്നു. ഇതൊക്കെക്കൊണ്ടുതന്നെ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ബാങ്ക്സിയുടെ ഗ്രഫിറ്റികള്‍ പൊലീസിനുമാത്രമല്ല തലവേദനയുണ്ടാക്കുന്നത്.

ബാങ്ക്സി ഗ്രഫിറ്റി പ്രിന്റുകള്‍ക്കും ഒറിജിനല്‍ സ്റ്റെന്‍സിലിനും യൂറോപ്പില്‍ വലിയ മാര്‍ക്കാണ്. മൂന്നുലക്ഷം പൌണ്ടിനുവരെ ഇവ ലേലത്തില്‍ പോയിട്ടുണ്ട്. ഇവ വിറ്റിരുന്ന ഏജന്റായിരുന്നു ബാങ്ക്സിയുടെ വെബ്സൈറ്റിലെ കുറിപ്പില്‍ പറയുന്ന സ്റ്റീവ് ലാസറൈഡ്സ്. ബാങ്ക്സിയെ വിറ്റ് നിരവധി ഗ്യാലറികളുടെ ഉടമയായി മാറി സ്റ്റീവ്. ഏതാനും വര്‍ഷംമുമ്പ് ഇവരുടെ ബന്ധം വഴിപിരിഞ്ഞു.

2010ല്‍ ടൈംമാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിക്കുന്ന 100 പ്രമുഖരുടെ പട്ടികയില്‍ ബാങ്ക്സിയുണ്ടായിരുന്നു. ബറാക് ഒബാമയ്ക്കും സ്റ്റീവ് ജോബ്സിനും ലേഡി ഗാഗയ്ക്കുമൊപ്പം. യൂറോപ്പിലും അമേരിക്കയിലുമൊക്കെ സജീവ ചര്‍ച്ചയായി നില്‍ക്കുമ്പോഴും സ്വയം മറഞ്ഞുനില്‍ക്കുന്ന ബാങ്ക്സി യുദ്ധത്തിനും മുതലാളിത്തത്തിനുമെതിരെ ഏതാനും ഡോക്യു ഫീച്ചര്‍ സിനിമകളും സംവിധാനംചെയ്തിട്ടുണ്ട്. എക്സിറ്റ് ത്രൂ ദി ഗിഫ്റ്റ് ഷോപ് എന്ന ഫിലിം ഓസ്കറില്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. ഏതാനും ഗ്രഫിറ്റി ചിത്രപുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഡിസ്മലാന്‍ഡ് എന്ന പേരില്‍ ബാങ്ക്സി സ്ഥാപിച്ച അമ്യൂസ്മെന്റ പാര്‍ക്ക് പരമ്പരാഗത കാഴ്ചകളെയും ചരിത്രത്തെയും കീഴ്മേല്‍ മറിക്കുന്ന വിധമാണ് സംവിധാനംചെയ്തിട്ടുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും ബാങ്ക്സി ആരെന്ന ചോദ്യം ബാക്കി. അത് ആണല്ല പെണ്ണെന്ന് ചിലര്‍. ഒരാളല്ല ഏഴുപേരെന്ന് മറ്റൊരു കൂട്ടര്‍. അസമത്വത്തിനും അനീതിക്കുമെതിരായ പോരാട്ടം തുടരുന്നിടത്തോളം ആ ചിത്രങ്ങള്‍ക്കും ചിത്രകാരനും മുഖം ആവശ്യമില്ലെന്ന് ബാങ്ക്സിയുടെ ആരാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top