26 April Friday

വര്‍ണങ്ങളുടെ ഈടുവയ്പ്

എം എസ് അശോകന്‍Updated: Sunday Nov 19, 2017

കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ചിത്രകലാ പുരസ്കാരം നേടിയ ജഗേഷ് എടക്കാട് സമകാലത്തിന്റെ ആസുര യാഥാര്‍ഥ്യങ്ങളില്‍ ഊന്നിയ ഭാവിയുടെ വ്യാകുലചിന്തകളാണ് തന്റെ ചിത്രങ്ങളിലൂടെ പങ്കിടുന്നത്. ഇത് രണ്ടാംവട്ടമാണ് മികച്ച ചിത്രകാരനുള്ള സംസ്ഥാന പുരസ്കാരം ജഗേഷിനെ തേടിയെത്തുന്നത്. കാഴ്ചയുടെ സൂക്ഷ്മതയും ആവിഷ്കാരത്തിലെ തീര്‍ച്ചയും ഈ യുവചിത്രകാരന്റെ രചനകളെ കൂടുതല്‍ തീക്ഷ്ണമാക്കിയിരിക്കുന്നു. പ്രമേയ സ്വീകരണത്തിലും ആവിഷ്കാരശൈലിയിലും പുലര്‍ത്തുന്ന മൌലികത ഉദാത്തമായ കൂടുതല്‍ രചനകളിലേക്കുള്ള അദ്ദേഹത്തിന്റെ സഞ്ചാരത്തെ വരച്ചിടുന്നു. പുതിയ തലമുറ മലയാളി ചിത്രകാരന്മാരില്‍ ഏറ്റവും പ്രതിഭാധനനായ ചിത്രകാരന്മാരിലൊരാളായി ജഗേഷിനെ ഈ രചനകളിലൂടെമാത്രം അടയാളപ്പെടുത്താവുന്നതാണ്.

പനോരമ കാഴ്ചകളില്‍ തെളിയുന്ന നാട്ടുചിത്രങ്ങളിലൂടെ അസ്ഥിരപ്പെട്ടുപോകാവുന്ന ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം പകരുകയാണ് ചിത്രകാരന്‍. പുകഞ്ഞുപൊന്തുന്ന പുകക്കുഴലുകളും കൂര്‍ത്തുവളരുന്ന മേദസ്സുകളുമൊക്കെ പരത്താന്‍ പോകുന്ന കറുത്ത നിഴലുകളിലേക്ക് ആസ്വാദകന്റെ വിചാരങ്ങള്‍ക്ക് സഞ്ചരിക്കാതെ വയ്യ.  ജൈവപ്രകൃതിയും മാനവസംസ്കൃതിയും തന്നെയാണ് ജഗേഷിന്റെ ചിത്രങ്ങളില്‍ ജീവനൂതുന്നത്. അവയുടെ സുസ്ഥിരതയെപ്രതിയുള്ള ആലോചനകള്‍ ചിത്രങ്ങള്‍ക്ക് കാല്‍പ്പനികമായ നിലനില്‍പ്പിടവും സമ്മാനിക്കുന്നു.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ചിത്രകല അഭ്യസിച്ച ജഗേഷ് കുറച്ചുകാലം ചിത്രകലാധ്യാപകനായി ജോലി നോക്കി. ബഡിങ് കോസ്മോസ് എന്ന പരമ്പരയില്‍ വരച്ച ചിത്രങ്ങളില്‍ ഒന്നിനാണ് 2012ല്‍ സംസ്ഥാന ചിത്രകലാ പുരസ്കാരം ആദ്യം ലഭിച്ചത്. നാട്ടിന്‍പുറത്ത് പ്രകൃതിയെ നശിപ്പിച്ച് പുതിയ കാലത്തിന്റെ വികസനം പടയോട്ടം തുടങ്ങിയതിന്റെ കാഴ്ചയനുഭവങ്ങളാണ് ആ പരമ്പര ചിത്രങ്ങളിലൂടെ ജഗേഷ് പങ്കിട്ടത്.

ഗ്ളാന്‍സ് ഫ്രം ദി പാസ്റ്റ് എന്ന പരമ്പരയില്‍ നാടിന്റെ ഇന്നലെയുടെ പൂര്‍ണാകായചിത്രങ്ങളിലേക്കാണ് ജഗേഷ് യാത്രചെയ്തത്. ഈ പരമ്പര ചിത്രങ്ങളിലൂടെ ഉത്തരകേരളത്തിലെ ഇന്നലെകള്‍ വലിയ ക്യാന്‍വാസില്‍ കാല്‍പ്പനിക ഭാവത്തോടെ പുനര്‍ജനിപ്പിച്ചു. ഇതിലെ ഒരു ചിത്രമാണ് ഈ വര്‍ഷം സമ്മാനിതമായത്.

ചിത്രരചനയോടുള്ള താല്‍പ്പര്യംമൂലം എളിയ നിലയില്‍ കമേഴ്സ്യല്‍ ചിത്രങ്ങളൊക്കെ വരച്ച് വര്‍ണലോകത്തേക്ക് കടന്നുവന്ന ജഗേഷ് തലശേരിയിലെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ന്നാണ് ചിത്രകലയുടെ ആദ്യപാഠങ്ങള്‍ ഗ്രഹിച്ചത്. ലളിതകലാ അക്കാദമിയുടെ സ്റ്റുഡന്റ് സ്കോളാര്‍ഷിപ്പും രണ്ടാംറാങ്കും നേടിയാണ് ആര്‍എല്‍വി കോളേജില്‍ ബിഎഫ്എ പൂര്‍ത്തിയാക്കിയത്. 2013 മുതല്‍ ആര്‍എല്‍വിയില്‍ ചിത്രകലാവിഭാഗം അധ്യാപകനാണ്.
കേരളത്തിനകത്തും പുറത്തും പ്രധാന നഗരങ്ങളിലും ഗ്യാലറികളിലും ജഗേഷിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നിട്ടുണ്ട്. ചിത്രകലയില്‍ കൂടുതല്‍ ഗവേഷണവും പഠനവും നടത്താനും ജഗേഷ് ആഗ്രഹിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top