27 April Saturday

ജയിംസ് കട്ടപ്പന നാടകത്തട്ടിലെ നടന മികവ്

എം അനില്‍Updated: Thursday Jan 19, 2017

ഇടുക്കി > മലയാളത്തിന്റെ നാടകത്തട്ടായ കലാനിലയത്തിലും ഇന്ത്യന്‍ ഡ്രാമാസ്കോപ്പിലും നിറഞ്ഞുനിന്ന ഒരു കലാകാരനുണ്ട് ഇവിടെ മലനാട്ടില്‍.  കുട്ടിക്കാലം മുതല്‍ അരങ്ങത്ത് ഒട്ടേറെ വേഷമണിഞ്ഞ നാടക നടനും സംവിധായകനും കവിയുമായ ജയിംസ് കട്ടപ്പന. മലനാട്ടിലെ 56 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഈ കലാകാരന് കൈമുതലായുള്ളത് കലാ ജീവിതവഴിയിലെ ആ പഴയ ഏടുകള്‍ മാത്രം.

എരുമേലി കാരിയില്‍ മാത്യു-ഏലിയാമ്മ ദമ്പതികളുടെ മകന്‍. കട്ടപ്പന സെന്റ് ജോര്‍ജ് സ്കൂളില്‍ നിന്നാരംഭിച്ചതാണ് കലയോടുള്ള ആഭിമുഖ്യം. പിന്നീട് ജൈത്രയാത്ര അവസാനിച്ചത് കലാനിലയത്തിലും തുടര്‍ന്ന് ഇന്ത്യന്‍ ഡ്രാമാസ്കോപ്പിലും. 21 പ്രൊഫഷണല്‍ നാടകത്തില്‍ വേഷമിട്ടു. വോളിബോള്‍ ജില്ലാ സ്കൂള്‍ ടീമിലുണ്ടായിരുന്നു. തുടര്‍ന്ന് സംസ്ഥാന കോച്ചിങ് ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടിയെങ്കിലും പോയില്ല. തന്റെ പ്രവര്‍ത്തന മേഖല കലയും അഭിനയവുമാണെന്ന് യൌവനകാലത്തുതന്നെ തെളിയിക്കുകയായിരുന്നു. 1977ല്‍ ആയിരുന്നു കലാനിലയം കൃഷ്ണന്‍ നായരുടെ ആശീര്‍വാദത്തോടെ കലാനിലയത്തിലേക്കുള്ള പ്രവേശനം. ക്രിസ്തു നാടകത്തിലെ സ്ഥാപകയോഹന്നാന്‍, കത്തനാര്‍, വല്യച്ചന്‍, ഉദുപ്പ് എന്നീ കഥാപാത്രങ്ങളുടെ വേഷം  നന്നായി അഭിനയിച്ചു. രക്തരക്ഷസ്, കടമറ്റത്ത് കത്തനാര്‍, അലാവുദീനും അത്ഭുത വിളക്കും, നാരദന്‍ കേരളത്തില്‍ തുടങ്ങിയ നാടകത്തിലും വേഷമണിഞ്ഞു. കേരളത്തിന്റെ സ്ഥിരം നാടകവേദിയില്‍ എട്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.

ഇതിനിടെ കലാനിലയത്തിന്റെ നേതൃത്വത്തിലുമെത്തി. തുടര്‍ന്നായിരുന്നു ഇന്ത്യന്‍ ഡ്രാമാസ്കോപ്പിലേക്കുള്ള കുടിയേറ്റം. അവിടെ സൂര്യകാലടി, ചമ്പല്‍ക്കാട്, കിരീടംവച്ച ഭ്രാന്തന്‍ തുടങ്ങിയ നാടകത്തില്‍ വേഷമിട്ടു. രചനയിലും സംവിധാനത്തിലും ശ്രദ്ധിച്ചെങ്കിലും ഈ രംഗത്ത് ഏറെനാള്‍ തുടര്‍ന്നില്ല. പിന്നീട് ജീവിതം പകച്ചുനിന്ന ശൂന്യതയുടെ കാലം. കെപിഎസിയിലേക്കുള്ള ക്ഷണം നിരസിച്ചതും സിനിമ സംവിധായകന്‍ കെ ജി ജോര്‍ജിന്റെ ക്ഷണം നിഷേധിച്ചതും കലാ ജീവിതത്തിലെ വഴിത്തിരിവ് അടച്ചു.

തിരുവനന്തപുരത്ത് കലാനിധി എന്ന നാടകസമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ കാലത്ത് എനിക്കും ഭരിക്കണം അഞ്ച് വര്‍ഷം എന്ന നാടകമെഴുതി സംവിധാനം ചെയ്തു. പ്രസിദ്ധമായ കോഴിക്കോട് ചിരന്തനയില്‍ നാല് നാടകത്തില്‍ അഭിനയിച്ചു. രണ്ട് നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡിന് അന്ന് കമ്മിറ്റി പരിഗണിച്ചിരുന്നു.

നാടകവേദിയില്‍ നിന്നുള്ള പിന്‍മാറ്റമാണ് കവിതാരചനയിലേക്ക് മാറിയത്. സ്കൂള്‍തലം മുതല്‍ കവിത എഴുതുമായിരുന്നു. പക്ഷേ കവിതയിലെ കഴിവ് തിരിച്ചറിയാനായില്ല. അടുത്തിടെ ജയിംസ് കട്ടപ്പനയുടെ 64 കവിതാ സമാഹാരമായ 'ഇടവപ്പാതി' ജോയ്സ് ജോര്‍ജ് എംപി പ്രകാശനം ചെയ്തിരുന്നു. ഈ കൃതി ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ്. എന്നാല്‍ ഈ പ്രതിഭയെ നാട് ഇനിയും അര്‍ഹിക്കുംവിധം തിരിച്ചറിഞ്ഞിട്ടില്ല. തന്റെ നാടക പ്രവര്‍ത്തനം തലമുറകള്‍ക്ക് വേണ്ടത്ര ബോധ്യമായിട്ടില്ലെന്ന് ജയിംസ് പറയുന്നു. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top