10 June Saturday

അതിരിനപ്പുറത്തെ ശത്രുവെന്ന നുണക്കഥ

കെ ഗിരീഷ്Updated: Sunday Jul 17, 2016

രാജ്യസ്നേഹം പലപ്പോഴും സത്യത്തിനും നുണയ്ക്കും ഇടയിലുള്ള കണ്ണുപൊത്തിക്കളിയാണ്, സ്വന്തം കണ്ണിനുപകരം ഒരു ജനതയുടെ കണ്ണുകളെ പൊത്താനുള്ള തൂവാലയാണ് ഭരണാധികാരികള്‍ക്ക് രാജ്യസ്നേഹവും. എപ്പോഴൊക്കെ സ്വന്തം തെമ്മാടിത്തങ്ങള്‍ വെളിപ്പെടുന്നുവോ അപ്പോഴൊക്കെ ഈ തൂവാല അവര്‍ വീശുന്നു. സ്വന്തം അതിരിനപ്പുറത്ത് ഒരു ശത്രുവുണ്ടെന്ന് ജനതയെ അവന്‍ ബോധ്യപ്പെടുത്തും. എപ്പോഴും എടുത്തുപയോഗിക്കാവുന്ന ഒരായുധമായി ഈ അയല്‍ക്കാരനെ അവന്‍ അകറ്റിനിര്‍ത്തും. ആഭ്യന്തരസംഘര്‍ഷങ്ങളുടെ കാലത്ത്, ദുരിതങ്ങള്‍ക്കിടയില്‍നിന്ന് ജനം വാതുറന്ന് കൂവിവിളിക്കാന്‍ തുടങ്ങുന്ന കാലത്ത് എടുത്തുപയോഗിക്കാനുള്ള പരിചയാണ് ഭരണാധികാരികള്‍ക്ക് അതിരിനപ്പുറത്തെ ശത്രുവും അവന്റെ പടപ്പുറപ്പാടും. ചരിത്രത്തിലുടനീളം എല്ലാ ഭരണാധിപന്മാര്‍ക്കും ഇത്തരം അതിരിനപ്പുറത്തെ ശത്രു ഉണ്ടായിട്ടുണ്ട്. നുണകളില്‍ കെട്ടിപ്പൊക്കുന്ന ഏറ്റുമുട്ടലുകളും യുദ്ധവും ശത്രുവിന്റെ പടയൊരുക്കവും അതില്‍ വിരിയിക്കുന്ന രാജ്യസ്നേഹവും സ്വന്തം തിന്മകളെ മറക്കാനുള്ള ഒരു ഉപാധിയാണ്.

പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ക്യാമ്പസ് തിയറ്റര്‍ 'ചെമ്പരത്തി'യുടെ നാടകം 'പാവചരിതം' ഇത്തരത്തിലൊരു രാഷ്ട്രീയപ്രശ്നത്തെയാണ് കൈകാര്യം ചെയ്യുന്നത്.

ആകര്‍ഷകത്വമുള്ള ഒരു പാവയാണ് നാടകത്തിന്റെ മുഖ്യകേന്ദ്രം. മനുഷ്യസ്വഭാവമുള്ള പാവ എപ്പോഴും നുണമാത്രമേ പറയൂ. സ്വേച്ഛാധിപതിയായ കൃപാകര്‍ വീര്‍ശൂര്‍ കുലശേഖര കുജ്റാള്‍ ചൂണ്ടയിടാന്‍ പോയപ്പോള്‍ ചൂണ്ടയില്‍ കുരുങ്ങിയത് ഈ പാവയാണ്. കൊട്ടാരം ജ്യോത്സ്യന്‍ ഈ പാവ വലിയ അനുഗ്രഹമാണെന്ന് വാഴ്ത്തുന്നു. എന്നാല്‍, പാവ നുണകളുടെ കെട്ടഴിക്കുന്നു. രാജ്യത്തെയും ജനങ്ങളെയും തീതീറ്റിക്കുന്ന പാവയുടെ നുണകള്‍ വലിയ പ്രതിസന്ധികളിലേക്ക് നാടിനെ കൊണ്ടെത്തിക്കുന്നു. അയല്‍രാജ്യത്തെ ശത്രുതയുടെ മുനയില്‍ നിര്‍ത്തി രാജ്യഭരണം നടത്തുന്ന രാജാവ് ജനങ്ങളോട് യുദ്ധത്തിന് തയ്യാറാകാന്‍ ആവശ്യപ്പെടുന്നു. പാവ പറഞ്ഞ നുണകളില്‍ മുഴുകി യുദ്ധത്തിന് സജ്ജമാകുന്ന ഘട്ടത്തില്‍ പാവയുടെ തനിസ്വരൂപം വെളിപ്പെടുന്നു. അതിന്റെ പൂര്‍വചരിതം അന്വേഷിച്ച രാജാവ് പാവയെ അതിന്റെ ഉടമയ്ക്ക് തിരികെനല്‍കുന്നു.

ഇതോടെ ഗതി മാറി. പാവ സത്യം പറയാന്‍ നിശ്ചയിച്ചു. എന്നാല്‍, പാവ പറയാന്‍ തുടങ്ങിയ സത്യങ്ങള്‍ രാജ്യത്തെ വീണ്ടും അങ്കലാപ്പിലാക്കി. പ്രജകളുടെയും രാജാവിന്റെയും ഉദ്യോഗസ്ഥരുടെയും സത്യങ്ങള്‍ പാവ വിളിച്ചുപറയാന്‍ തുടങ്ങി. രാജ്യം, രാജ്യസ്നേഹം തുടങ്ങി എല്ലാം പാവയുടെ സത്യങ്ങളില്‍ തകര്‍ന്നുവീഴുന്നു. ഇതോടെ നുണ പറഞ്ഞതിന് പാവയെ ശകാരിച്ചിരുന്നവര്‍ എല്ലാ സത്യവും പറയേണ്ടെന്ന് ഉപദേശിക്കാന്‍ തുടങ്ങുന്നു. പാവയുടെ സത്യങ്ങള്‍ ദേശദ്രോഹമായി രാജാവ് പ്രഖ്യാപിക്കുന്നു.

ശരത് രേവതി

ശരത് രേവതി

തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ സമകാലീന രാഷ്ട്രീയം, ഭരണവ്യവസ്ഥ തുടങ്ങി എല്ലാറ്റിനെയും നാടകം കീറിമുറിക്കുന്നു. റിയാസാണ് രചന. ശരത് രേവതി സംവിധാനം. ഉണ്ണിക്കുട്ടന്‍, ആതിര, രഞ്ജിത, ദീപിക, ഹരിത, വര്‍ഷ, റോഷ്നി, അജിത്, സൂരജ്, രാഹുല്‍, സുരാജ്, ആദിത്യന്‍, സന്‍ഫര്‍, വിഷ്ണു, അര്‍ജുന്‍ എന്നിവര്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു,

കോളേജിലെ കലോത്സവത്തിനോടനുബന്ധിച്ച് ആല്‍ബേര്‍ കമ്യുവിന്റെ 'ഔട്ട്സൈഡര്‍' എന്ന നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരം അവതരിപ്പിച്ചാണ് ചെമ്പരത്തി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

മെറ്റമോര്‍ഫോസിസ് ഓഫ് എ മൊസ്റ്റാഷ്, ഒറ്റപ്പെട്ടവന്‍, കോപ് ആന്‍ഡ് ദി ആന്തം, തോബാ തേക് സിങ്, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്വിന്റെ ഐ ഓണ്‍ലി കെയിം ടു യൂസ് ദി ഫോണ്‍, റേഷന്‍ പ്രണയം എന്നിവ ചെമ്പരത്തി അവതരിപ്പിക്കുകയുണ്ടായി. സമകാലീന സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രതിഷേധകൂട്ടായ്മകളും തെരുവുനാടകങ്ങളും മറ്റു കലാവിഷ്കാരങ്ങളും ചെമ്പരത്തി അവതരിപ്പിക്കുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയനിലപാടുകളില്‍ നിന്നുകൊണ്ടുള്ള കലാപ്രവര്‍ത്തനങ്ങളാണ് ചെമ്പരത്തിയെ നയിക്കുന്നത്.
girish.natika@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top