25 April Thursday

ഒന്നിച്ചു വരയ്ക്കുമ്പോള്‍ തെളിയുന്ന ചിത്രങ്ങള്‍

എം എസ് അശോകന്‍Updated: Sunday Apr 17, 2016

ജലച്ചായചിത്രകാരന്മാരുടെ യൂറോപ്യന്‍കൂട്ടായ്മകള്‍ ഏറെ പ്രശസ്തമാണ്. നിശ്ചിതസമയത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ ഒത്തുകൂടി ചിത്രങ്ങള്‍ വരച്ചു പിരിയുന്ന കൂട്ടായ്മകളില്‍നിന്ന് ജലച്ചായചിത്രങ്ങളുടെ ബിനാലെവരെ പിറവിയെടുത്തിട്ടുണ്ട്. ആശയ–ആവിഷ്കാരപരമായ വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ടു തന്നെ ചിത്രരചനയ്ക്കുവേണ്ടിയുള്ള ഇത്തരം ഒത്തുചേരലുകള്‍ സാംസ്കാരികമായ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരുന്നു. സമൂഹത്തെ പുരോഗമനപരമായി നയിക്കാനുളള കരുത്തിലേക്ക് ഇത്തരം കൂട്ടായ്മകള്‍ വളര്‍ന്നിട്ടുള്ളതും ചരിത്രം. മുക്കത്ത് എരഞ്ഞിപ്പുഴയുടെ തീരത്ത് മെയ്മാസം 14ന് സംഗമിക്കുന്ന മലപ്പുറത്തെ വരക്കൂട്ടവും ഒന്നിച്ചുകൂടിയുള്ള ചിത്രരചന എന്ന ഏക അജന്‍ഡയില്‍ ഒന്നരവര്‍ഷം മുമ്പ് പിറവിയെടുത്തതാണ്. നാലോ അഞ്ചോ ചിത്രകാരന്മാരുടെ കൂട്ടായ്മ ഇന്ന് വ്യത്യസ്ത പ്രായക്കാരായ അറുപതോളം ചിത്രകാരന്മാരുടെ സംഘമായി വളര്‍ന്നുകഴിഞ്ഞു.

മമ്പാട് എംഇഎസ് സ്കൂളിലെ ചിത്രകലാ അധ്യാപകനായ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷമീം സീഗളിന്റെയും ആശുപത്രി ലാബ് ടെക്നീഷ്യന്‍ അനീസ് വടക്കന്റെയും ശ്രമത്തിലാണ് വരക്കൂട്ടം രൂപപ്പെട്ടത്. മലപ്പുറം ജില്ലയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായിരുന്നു ലക്ഷ്യം. എല്ലാ രണ്ടാം ശനിയാഴ്ചകളിലും മലപ്പുറത്തെ വിവിധ സ്ഥലങ്ങളില്‍ ഒത്തുകൂടിയ വരക്കൂട്ടത്തിന്റെ തുടക്കം അങ്ങനെതന്നെയായിരുന്നു. ഇപ്പോള്‍ പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്നുള്ള ചിത്രകാരന്മാരും പതിവായി കൂട്ടത്തിന് എത്തുന്നു. അതില്‍ മുഴുവന്‍സമയ ചിത്രകാരന്മാര്‍ മുതല്‍ ചിത്രരചന അഭ്യസിക്കുന്ന വിദ്യാര്‍ഥികള്‍വരെയുണ്ട്. കൂട്ടത്തിലേക്ക് എത്തുന്നവര്‍ക്ക് രചനയ്ക്കാവശ്യമായ സാമഗ്രികളും ഭക്ഷണവും വരക്കൂട്ടം നല്‍കുന്നു. അത് പല സ്പോണ്‍സര്‍മാരില്‍ നിന്നായി കണ്ടെത്തുകയാണ് പതിവെന്ന് ഷമീം സീഗള്‍ പറഞ്ഞു. പണം ആരില്‍നിന്നും വാങ്ങുന്നില്ല. ക്യാമ്പ് നടക്കുന്ന സ്ഥലവും തീയതിയും വരക്കൂട്ടത്തിലെ അംഗങ്ങളെ മുന്‍കൂട്ടി അറിയിക്കും. ക്യാമ്പുകളില്‍ രചിക്കുന്ന ചിത്രങ്ങള്‍ ഒന്നിച്ച് സമാഹരിച്ച് സൂക്ഷിക്കും. അതില്‍നിന്ന് പ്രമുഖ ചിത്രകാരന്മാര്‍ ചേര്‍ന്ന് പ്രദര്‍ശനയോഗ്യമായത് തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ വരച്ചവര്‍തന്നെ പണം മുടക്കി ഫ്രയിം ചെയ്ത് തിരിച്ചേല്‍പ്പിക്കണം. ഇത്തരം നൂറോളംചിത്രങ്ങളാണ് കഴിഞ്ഞ ഡിസംബറില്‍ മലപ്പുറം കോട്ടക്കുന്നിലെ ലളിതകലാ അക്കാദമി ഗ്യാലറിയില്‍ ഒരാഴ്ച പ്രദര്‍ശിപ്പിച്ചത്.

വരക്കൂട്ടത്തിലെ അഞ്ചുവീതം ചിത്രകാരന്മാരുടെ ഗ്രൂപ്പ് എല്ലാ മാസവും അക്കാദമി ഗ്യാലറിയില്‍ കൂട്ടായ്മയില്‍ രചിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിത്രങ്ങള്‍ വില്‍ക്കുന്നതിന്റെ പങ്ക് പോലും വരക്കൂട്ടത്തിലേക്ക് വാങ്ങുന്നില്ലെന്ന് ഷമീം സീഗള്‍ പറഞ്ഞു. വൃദ്ധമന്ദിരങ്ങളിലും അഗതിമന്ദിരങ്ങളിലുമൊക്കെ ക്യാമ്പ് ചെയ്ത് ചിത്രം വരയ്ക്കാനുള്ള പരിപാടിയാണ് അടുത്തത്. വരക്കൂട്ടത്തിന്റെ ക്യാമ്പുകളുടെയും രചനകളുടെയും വിവരങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്ന ഫെയ്സ്ബുക്ക് പേജിന് നിരവധി സന്ദര്‍ശകരുണ്ട്.

ചിത്രകലയോട് രചനാപരമായും ആസ്വാദനപരമായുമുള്ള ആഭിമുഖ്യം വളര്‍ത്താനാണ് വരക്കൂട്ടം യത്നിക്കുന്നത്. സാംസ്കാരിക സമന്വയത്തിന്റെ ചിത്രയാത്ര എന്നാണ് വരക്കൂട്ടം ഇതിനെ വിശേഷിപ്പിക്കുക. തങ്ങള്‍ ലക്ഷമിട്ടതിനുമപ്പുറം വരക്കൂട്ടത്തിന് സാംസ്കാരികമായ പുതിയ തലങ്ങളിലേക്കും വളരാന്‍ കഴിയുന്നതായി സംഘാടകര്‍ കരുതുന്നു. ആശയതലത്തില്‍ രൂപപ്പെടുന്ന ആ യോജിപ്പാണ് വരക്കൂട്ടത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതും. സാമ്പത്തികമോ വ്യക്തിപരമോ ആയ  നേട്ടങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ സാംസ്കാരികമായ മുന്നേറ്റത്തിന് സഹായിക്കുന്നതായി തങ്ങളുടെ ഒന്നിച്ചിരിപ്പുകളെ എണ്ണാനാണ് കൂട്ടായ്മയിലെ അംഗങ്ങളെല്ലാം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കൂട്ടായ്മകളില്‍നിന്ന് നാളെ കൂടുതല്‍ നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.

msasokms@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top