26 April Friday

ഒരു ഭയങ്കര ജീവിതം

കെ ഗിരീഷ്Updated: Sunday Apr 16, 2017

ചില ജന്മങ്ങളുണ്ട്. ഒരു കളത്തിലും ഒതുങ്ങിനില്‍ക്കാത്ത മഹാപ്രതിഭകള്‍. എപ്പോഴും കളങ്ങള്‍ക്കു പുറത്ത് ജീവിതവും കാഴ്ചപ്പാടും രൂപപ്പെടുത്തുന്നവര്‍. ചിലപ്പോള്‍ അരാഷ്ട്രീയവാദിയുടെ,ചിലപ്പോള്‍ കടുത്ത രാഷ്ട്രീയവാദിയുടെ, ചിലപ്പോള്‍ സര്‍വനിഷേധിയുടെ- എല്ലാ വേഷങ്ങളിലും അവരെ കാണാനാകും. വ്യവസ്ഥാപിത ജീവിതത്തിന്റെയും നിലപാടുകളുടെയും തട്ടുകളില്‍നിന്നല്ല അവര്‍ കളിക്കുക. അവരുടെ കളിത്തട്ടുകള്‍ ഒരു ഫ്രെയിമില്‍ ഒതുങ്ങുന്നതുമല്ല. അത്തരം ചിലര്‍കൂടിയാണ് സമൂഹത്തെ നിര്‍മിക്കുന്നത്. അങ്ങനെയൊരാളായിരുന്നു നാരായണപിള്ള നാരായണപിള്ള എന്ന എന്‍ എന്‍ പിള്ള.

മലയാളനാടകവേദിയിലെ ഏത് ഇസത്തിലാണ് എന്‍ എന്‍ പിള്ളയെ പെടുത്തുക എന്ന് ആര്‍ക്കും അറിയില്ല. അത് പിള്ളയ്ക്കും അറിയുമായിരുന്നില്ല. ചില വിഷയങ്ങള്‍ ആരും സംസാരിക്കാന്‍ ധൈര്യം കാട്ടാതിരുന്ന കാലത്ത് എന്‍ എന്‍ പിള്ളയുടെ നാടകങ്ങള്‍ അത് വിളിച്ചുപറഞ്ഞു. പലരെയും വിറളിപിടിപ്പിച്ചു. ക്രാന്തദര്‍ശിയെപ്പോലെ ഭാവിസമൂഹത്തിന്റെ രാഷ്ട്രീയപ്രതിസന്ധികളെപ്പറ്റി പറഞ്ഞു. സ്വന്തം ജീവിതാന്ത്യത്തെപ്പറ്റിയും അതിനുശേഷമുണ്ടാകുന്ന ലോകത്തെപ്പറ്റിയും 'ഞാന്‍ സ്വര്‍ഗത്തില്‍' എന്ന നാടകത്തില്‍ എഴുതിവച്ചു. ആ നാടകമാണ് അല്‍പ്പസ്വല്‍പ്പം മാറ്റങ്ങളോടെ തൃശൂര്‍ രംഗചേതന പുതുതായി അവതരിപ്പിച്ചത്. 'ഞാന്‍ സ്വര്‍ഗത്തില്‍ അഥവാ ഒരു ഭയങ്കരനാടകം' എന്ന പേരില്‍.

പ്രേംകുമാര്‍ ശങ്കരന്‍

പ്രേംകുമാര്‍ ശങ്കരന്‍

ക്രോസ്ബെല്‍റ്റ് നാടകത്തിലെ ഒരു രംഗത്തോടെയാണ് നാടകം ആരംഭിക്കുന്നത്. പിന്നീട് പിള്ളയുടെ മരണം. തുടര്‍ന്ന് അച്ഛന്റെ ആത്മാവ് എന്‍ എന്‍ പിള്ളയെ കാണാന്‍ വരുന്നു. പ്രിയപ്പെട്ടവരെന്നു കരുതിയിരുന്നവരുടെ, ഭാര്യയുടെ, സുഹൃത്തുക്കളുടെ, മന്ത്രിമാരുടെ പെരുമാറ്റങ്ങള്‍. അതിലെ കാപട്യങ്ങള്‍. എല്ലാം കാണുന്നു. തുടര്‍ന്ന് പിള്ള സ്വര്‍ഗത്തില്‍. ദൈവം, ചിത്രഗുപ്തന്‍, വിചാരണ. തന്റെ ജീവിതംമുഴുവന്‍ പിള്ള ഇവിടെ വെളിവാക്കുന്നു. അവിടെവച്ച് പിള്ള താന്‍ ആരാധിച്ച ഒരേയൊരു മനുഷ്യനെ കാണുന്നു. കലക്കത്ത് കുഞ്ചന്‍നമ്പ്യാര്‍. ആദ്യമായി പിള്ള ഒരാളുടെ കാലില്‍വീഴുന്നു നമ്പ്യാരുടെ; ഹാസ്യം വിമര്‍ശനത്തിന്റെ ഏറ്റവും മൂര്‍ച്ഛയുള്ള ഭാഷയാണെന്ന് കാണിച്ചുതന്ന് ഭൂമിയിലും സ്വര്‍ഗത്തിലും ഒറ്റപ്പെടുത്തപ്പെട്ട സാക്ഷാല്‍ കുഞ്ചന്‍നമ്പ്യാരുടെ.

പിള്ളയുടെ പ്രണയങ്ങള്‍, ദര്‍ശനങ്ങള്‍, ജീവിതകാഴ്ചപ്പാടുകള്‍ എല്ലാം വെളിവാക്കുന്നു. ഒടുവില്‍ നരകത്തിലെ റിയാലിറ്റിഷോയില്‍ അവസാനറൌണ്ടിലെത്തിയ നാലുപേര്‍, ഹിറ്റ്ലര്‍, ഹവ്വ, ജൂദാസ്, എന്‍ എന്‍ പിള്ള എന്നിവര്‍ അണിനിരക്കുന്നു. അപ്പോഴാണ് ദൈവവും ചിത്രഗുപ്തനും തിരിച്ചറിയുന്നത് അവരുദ്ദേശിച്ച എന്‍ എന്‍ പിള്ള ഇതല്ലെന്ന്. അങ്ങനെ മരണത്തില്‍പ്പോലും ദൈവത്തെയും ചെകുത്താനെയും കുഴക്കിയ കഥാപാത്രമാകുന്നു എന്‍ എന്‍ പിള്ള. തിരിച്ചുപോകണമെന്നും നിയമങ്ങള്‍ തെറ്റിക്കാനുമാകില്ലെന്നുമുള്ള ദൈവത്തിന്റെ അപേക്ഷയില്‍ പിള്ള പറയുന്ന മറുപടിയോടെയാണ് നാടകം അവസാനിക്കുന്നത്. 'നിയമങ്ങള്‍ തെറ്റിക്കുന്നവനാണ് മനുഷ്യന്‍'. മറ്റൊന്ന് തിരികെ ഭൂമിയിലേക്ക് പോകണമെങ്കില്‍ തന്റെ കൂടെ ഒരാളെക്കൂടി അയക്കണമെന്ന് നിബന്ധന. അതാരാണെന്ന ചോദ്യത്തിന് സാക്ഷാല്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ എന്നാണ് മറുപടി.

ലളിതമായ നാടകഭാഷയാണ് രചയിതാവും സംവിധായകനുമായ പ്രേംകുമാര്‍ ശങ്കരന്‍ ഉപയോഗിച്ചത്. ഒരു ആര്‍ഭാടവുമില്ലാതെ അഭിനയംമാത്രം ആശ്രയമാക്കിയ നാടകം മികച്ച സാമൂഹ്യവിമര്‍ശനത്തോടൊപ്പം എന്റര്‍ടെയ്നര്‍കൂടിയായി. വെളിച്ചത്തിന്റെയും സെറ്റിന്റെയും ആര്‍ഭാടമില്ലാതെ തുറന്നവേദിയിലാണ് അവതരണം. സത്യജിത് സംഗീതവും ഹരി വെളിച്ചവും കൈകാര്യംചെയ്തു.  സംവിധാനസഹായം: ജോസഫ്,  സംഗീതനിയന്ത്രണം: സര്‍താജ്. ചമയം, വസ്ത്രാലങ്കാരം: ഫ്രാന്‍സീസ് എന്നിവരാണ്.

ആതിര, ജയന്തി, രഞ്ജിത് രാജന്‍, ദിനേഷ്, ശരത്, വിശാല്‍, ജിതിന്‍ലാല്‍, സന്തോഷ്, ശ്രീരാം, പൌലോസ്, ഷാജന്‍, ഇര്‍ഫാന്‍, ഐ ജി രാജേഷ്, മില്‍ട്ടണ്‍, പി ആര്‍ രാജേഷ്, ഇ ആര്‍ രഞ്ജിത്, സജി, ഷിന്റോ, ശിവദാസന്‍ എന്നിവരാണ് അരങ്ങില്‍.

girish.natika@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top