25 April Thursday

നാടകോത്സവം ഇന്നു കൊടിയിറങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2016

തൃശൂര്‍ > എട്ടാമത് അന്തരാഷ്ട്ര നാടകോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴും. 'ശരീരത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തിലൂന്നി ഏഴുദിവസമായി നടന്ന ഫെസ്റ്റിവലില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി 20ഓളം നാടകസംഘങ്ങളാണ് പങ്കെടുത്തത്. ഇതില്‍ നാലെണ്ണം മലയാളത്തില്‍നിന്നായിരുന്നു. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നാടകങ്ങളും അരങ്ങേറി. ലബനോണ്‍, തുര്‍ക്കി, ജര്‍മനി, ഇറാഖ്, ഇറാന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവയായിരുന്നു വിദേശനാടകങ്ങള്‍.

പരാതികളുടേയും ആക്ഷേപങ്ങളുടേയും മേളയാണ് കൊടിയിറങ്ങുന്നത്. 2008ല്‍ നടന്‍ മുരളി അക്കാദമി ചെയര്‍മാനായിരിക്കെ ആരംഭിച്ച മേള എല്ലാ അര്‍ഥത്തിലും സമ്പൂര്‍ണമായിരുന്നു. എന്നാല്‍, യുഡിഎഫ് അധികാരത്തിലെത്തിയോടെ മേള ഓരോ വര്‍ഷവും നിറം മങ്ങിവന്നു. മേളയില്‍ പങ്കെടുക്കുന്ന കാണികളുടെ എണ്ണത്തിലും നിലവാരത്തിലും വലിയ കുറവുണ്ടായി. പ്രത്യേകവിഭാഗം കാണികള്‍ക്കുള്ളതാക്കി മേളയെ മാറ്റിയെന്നതാണ് വ്യാപകമായി ഉയര്‍ന്ന പരാതി. അതോടൊപ്പം നാടകങ്ങള്‍ തെരഞ്ഞെടുത്തതിലും വലിയ നിലവാരക്കുറവുണ്ടെന്ന് നാടകപ്രവര്‍ത്തകര്‍ പറയുന്നു. നാടകങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഒരേ സംഘത്തിന്റെതന്നെ വിവിധനാടകങ്ങളും അരങ്ങേറി. പരമാവധി നൂറുപേര്‍ക്ക് മാത്രം കാണാവുന്ന ചെറു നാടകങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇതോടെ നാടകം കാണാനെത്തിയ പലര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു. ഇറ്റ്ഫോക്കിന്റെ ചരിത്രത്തിലിന്നേവരെയില്ലാത്തതരത്തില്‍ സീറ്റിനുവേണ്ടിയുള്ള ബഹളവുമുണ്ടായി. കാണികളുടെ ആധിക്യംമൂലം നാടകം ഒരു മണിക്കൂര്‍ വൈകിയതും തുടര്‍ച്ചയായുണ്ടായ സാങ്കേതികത്തകരാറും ഇറ്റ്ഫോക്കിലെ ആദ്യാനുഭവമാണ്.

അവതരിപ്പിച്ച നാടകങ്ങളില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത് അഞ്ചോ ആറോ എണ്ണം മാത്രം. ലബനോണില്‍നിന്നുള്ള സൂക്കാക്കിന്റെ 'സില്‍ക്ക് ത്രഡ്', 'ദ ബാറ്റില്‍ സീന്‍', ഇറാനിലെ ബൊഹേമി തിയറ്ററിന്റെ 'ഐ കാണ്ട് ഇമാജിന്‍ ടുമാറോ', സിംഗപ്പൂരില്‍നിന്നുള്ള ഡാനിയല്‍ കോക്കിന്റെ 'ചിയര്‍ ലീഡര്‍ ഓഫ് യൂറോപ്പ്' മലയാളനാടകങ്ങളായ 'ഖസാക്കിന്റെ ഇതിഹാസം', 'അദ്ദേഹവും മൃതദേഹവും', ചന്ദ്രലേഖ തിയറ്ററിന്റെ 'ശരീര', ചെന്നൈ പന്‍മയ് തിയറ്ററിന്റെ 'കളര്‍ ഓഫ് ട്രാന്‍സ് 2.0' എന്നിവയാണിവ. നാടകോത്സവത്തില്‍നിന്ന് ഓപ്പണ്‍ ഫോറം എടുത്തു മാറ്റിയതും വലിയ ആക്ഷേപത്തിനിടയാക്കി. പണമില്ലാത്തതിന്റെ പേരില്‍ നാടകോത്സവത്തിന്റെ നിലവാരം കുറച്ച് ഇല്ലാതാക്കാനാണ് സര്‍ക്കാരും അക്കാദമിയും ശ്രമിച്ചത്.

ഇതിനെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. അമ്പതു ലക്ഷംകൂടി വേണമെന്ന് അക്കാദമി അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഉദ്ഘാടനചടങ്ങില്‍ ഇതേക്കുറിച്ച് മന്ത്രി സംസാരിച്ചില്ല. കഴിഞ്ഞ വര്‍ഷം അധികം പ്രഖ്യാപിച്ച തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്്. നാടകോത്സവത്തിന്റെ ഭാഗമായി സംഗീത പരിപാടികളും നൃത്തവും റേഡിയോ നാടകങ്ങളുടെ പ്രക്ഷേപണവും നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top