28 March Thursday

നൂലിൽ കൊരുത്ത കല

വെബ് ഡെസ്‌ക്‌Updated: Saturday Dec 15, 2018

നിയോൺ വെളിച്ചത്തിൽ കുളിച്ച തെരുവിലെ നനഞ്ഞുകിടക്കുന്ന നിരത്തിന്റെ തിളക്കം. ഇരുട്ടും വെളിച്ചവും ഇടകലർന്ന‌് കറുപ്പും മഞ്ഞയും നൂലുകളിലൂടെ കാഴ‌്ചക്കാരന്റെ മനസ്സിലേക്ക‌് ഓടിക്കയറുകയാണ‌് ബപ്പി ദാസിന്റെ ഓട്ടോറിക്ഷാ കാഴ‌്ചകൾ. ഓട്ടോറിക്ഷയുടെ മുന്നിലെ ചില്ലിലൂടെയും റിയർവ്യൂ മിററിലൂടെയും ഒരു ഡ്രൈവർക്ക‌് കാണാനാവുന്ന കാഴ‌്ചകൾ സൂക്ഷ‌്മതയോടെ, വിശദാംശങ്ങളോടെ ഒപ്പിയെടുത്ത‌് അവതരിപ്പിക്കുകയാണ‌് അദ്ദേഹം. കൊച്ചി മുസിരിസ‌് ബിനാലെയിൽ ബപ്പി ഒരുക്കിയിട്ടുള്ള കലാ ആവിഷ‌്കാരങ്ങൾ ഒരു വെറും കാഴ‌്ചക്കാരന്റെ കണ്ണിലൂടെയല്ല, ബപ്പി ജീവിച്ച ചുറ്റുപാടുകളുടെ സ‌്പന്ദനമായി വേണം ആസ്വദിക്കാൻ. കാരണം, ദരിദ്രമായ ജീവിതസാഹചര്യങ്ങളോട‌് മല്ലടിച്ചുനിന്നാണ‌് ഈ കലാപ്രകടനം ബപ്പി നമുക്ക‌ായി കാഴ‌്ചവയ‌്ക്കുന്നത‌്. 

മഞ്ഞയും പച്ചയും കറുപ്പും പ്രധാന നിറങ്ങളായി വർണനൂലുകളിൽ ബപ്പി  ഒരുക്കുന്ന ദൃശ്യങ്ങൾ മാഗ‌്നിഫൈയിങ‌് ഗ്ലാസിലൂടെ കാണുമ്പോഴാണ‌്, ഇൗ കലാകാരനു മുന്നിൽ കൈകൂപ്പാൻ നമുക്ക‌് തോന്നുന്നത‌്. ഓട്ടോറിക്ഷ സഞ്ചരിക്കുന്നയിടങ്ങളിൽ ബപ്പി കണ്ട കാഴ‌്ചകൾ തുണിയിൽ എംബ്രോയ‌്ഡറി നൂലുകൊണ്ട‌് ചേർത്തുവച്ച‌് സൃഷ്ടിച്ച കൊളാഷുകൾ ആസ്വാദകനെ അതിശയിപ്പിക്കും. തെരുവിലെ തൊഴിലാളികൾ, വഴിയരികിലെ യാത്രക്കാർ, പോസ‌്റ്ററുകളിലെയും പരസ്യബോർഡുകളിലെയും മനുഷ്യരൂപങ്ങൾ, വെളിച്ചം തട്ടിച്ചിതറുന്ന നനഞ്ഞ റോഡുകൾ, ഓട്ടോറിക്ഷയുടെ ഡ്രൈവിങ‌് പാനൽ എന്നിവയൊക്കെ ബപ്പിക്ക‌് കലാ ആവിഷ‌്കാരത്തിൽ രൂപങ്ങളാകുന്നു. ‘മിസ്സിങ‌് റൂട്ട‌്സ‌്’ എന്നാണ‌് ബപ്പിയുടെ കലാ ആവിഷ‌്കാരത്തിന്റെ പേര‌്. ഫോർട്ടുകൊച്ചി ആസ‌്പിൻവാൾ ഹൗസിലെ അഡ‌്മിനിസ‌്ട്രേറ്റീവ‌്  ബ്ലോക്കിന്റെ ഒന്നാം നിലയിലാണ‌ിത‌്.
കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനിൽ 9,000 രൂപ ശമ്പളത്തിൽ പണിയെടുക്കുന്ന തോട്ടക്കാരനാണ‌് ബപ്പിദാസ‌്. കൊൽക്കത്തയിലെ കുട്ടിക്കാലം ബപ്പിക്ക‌് പട്ടിണിയുടെയും പരിവട്ടങ്ങളുടെയും ദുരിത കാലമാണ‌്. ബപ്പിയുടെ കുട്ടിക്കാലത്ത‌് അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചുപോയി. രണ്ടു മക്കളെ പോറ്റാൻ അമ്മ കൽപ്പന ദാസിന‌് അടുത്തുള്ള ധനികരുടെ വീടുകളിൽ പണിക്ക‌് പോകേണ്ടിവന്നു. ഒന്നാംക്ലാസുമുതൽ തൊട്ടടുത്തുള്ള സ‌്റ്റീൽ കപ്പ‌് വർക്ക‌്ഷോപ്പിൽ പണിക്കുപോയിത്തുടങ്ങി ബപ്പി. കുട്ടിയായ ബപ്പി കഠിനമായി അധ്വാനിച്ച‌ുകിട്ടുന്ന തുക അമ്മയ‌്ക്ക‌് കൊടുത്തു. എന്നിട്ടും ദാരിദ്ര്യം മാറിയില്ല. പഠനത്തിനിടെ ജോലി തുടർന്നു. ഇടയ‌്ക്ക‌് പഠനം പാതിവഴിയിലുപേക്ഷിക്കേണ്ടിവന്നു. കപ്പുണ്ടാക്കുന്ന ജോലി താങ്ങാവുന്നതിലപ്പുറമായപ്പോൾ ഇതിനിടെ പഠിച്ച ഡ്രൈവിങ്ങിന്റെ പിൻബലവുമായി ഡൽഹിയിലേക്ക‌്. അവിടെ വാടകയ‌്ക്കെടുത്ത ഓട്ടോറിക്ഷയിൽ ഡ്രൈവറായി ജോലിചെയ‌്തു. ചെറുപ്പംമുതൽ ഉള്ളിലുള്ള കലാകാരന‌് നഗരത്തിലെ കാഴ‌്ചകൾ വെള്ളവും വളവുമായി. ഉപേക്ഷിക്കപ്പെടുന്ന തുണികളിൽനിന്ന‌് ശ്രദ്ധയോടെ ഊരിയെടുക്കുന്ന നൂലുകൾകൊണ്ട‌് തുണിയിൽ ചിത്രങ്ങൾ തുന്നിക്കൊണ്ടേയിരുന്നു ഇയാൾ. അത്ര മിഴിവോടെ, സൂക്ഷ‌്മതയോടെ, വിശദാംശങ്ങളോടെ എംബ്രോയ‌്ഡറി പാനലിൽ ചേർത്തുവച്ച ചിത്രങ്ങളുടെ കലാമൂല്യം ആദ്യമാരും തിരിച്ചറിഞ്ഞില്ല.

കൊച്ചുനാളിൽ മനോഹരമായി ചിത്രം വരയ‌്ക്കുമായിരുന്ന ബപ്പി പക്ഷേ അന്നത്തിനായുള്ള നെട്ടോട്ടത്തിനിടെ ചിത്രംവരയെ കൂടെക്കൂട്ടിയില്ല. ഇതിനിടെ ഡാർജിലിങ്ങിൽ ഒരു സുഹൃത്തിന്റെ പ്രിന്റിങ‌് പ്രസിൽ കണ്ട എംബ്രോയ‌്ഡറി പെയിന്റിങ്ങാണ‌് ബപ്പിയിലെ  കലയുടെ തീപ്പൊരികൾ ഊതിക്കത്തിച്ചത‌്. ജീവിതം ഓട്ടോയോടിച്ചും എംബ്രോയ‌്ഡറി ചെയ‌്തും ആരുമറിയാതെ മുന്നേറുന്നതിനിടെയാണ‌് പിൽക്കാലത്ത‌് ബപ്പിയുടെ ഗുരുവായിമാറിയ അഭിജിത‌് ദത്തയുമായുള്ള കൂടിക്കാഴ‌്ച. അദ്ദേഹം ബപ്പിയെ പ്രോത്സാഹിപ്പിച്ചും സഹായിച്ചും കൂടെനിന്നു. ഇതിനിടെ വീണ്ടും കൊൽക്കത്തയിലെത്തി തോട്ടക്കാരനായി പണിയെടുത്തു. പാർട‌്ടൈമായി ഓട്ടോറിക്ഷയോടിച്ചു. ബാക്കി സമയം കലയെ തേച്ചുമിനുക്കി. അഭിജിത‌് ക്യുറേറ്റ‌്ചെയ‌്ത പ്രദർശനത്തിൽ ബപ്പിയുടെ വർക്കുകളും സ്ഥാനംപിടിച്ചു. പതിയെപ്പതിയെ കലാകാരന്മാരുടെ വൃത്തത്തിൽ ബപ്പി അറിയപ്പെടാൻ തുടങ്ങി. ഇതിനകം ഏതാനും പ്രദർശനങ്ങളും നടത്തി. ഈവർഷം പ്രഭുല്ല ധനുകൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച അഖിലേന്ത്യാ പ്രദർശനത്തിൽ സ്വർണമെഡൽ നേടുകയുംചെയ‌്തു. ടേപ്പിസ‌്ട്രിയിൽ ബപ്പിയുടെ വർക്കുകളുടെ മഹത്വം തിരിച്ചറിഞ്ഞ കൊച്ചി മുസിരിസ‌് ബിനാലെ ക്യുറേറ്റർ അനിത ദുബെ ബിനാലെയിലേക്ക‌് ക്ഷണിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top