26 April Friday

കുട്ടിക്കാലത്തേക്ക്‌...

വെബ് ഡെസ്‌ക്‌Updated: Saturday Dec 15, 2018

ഉൾനാടൻ ഗ്രാമങ്ങളിലെ നാടോടിക്കഥകളും പുരാണങ്ങളും മിത്തും കുട്ടിക്കാലത്തെ ഓർമകളുമെല്ലാം ഇഴപിരിച്ചെടുക്കാനാവാത്തവിധം ചേർന്നുകിടക്കുകയാണ‌് മാധവിയുടെ കലാസൃഷ്‌ടികളിൽ. ഗുജറാത്തിലെ ഗ്രാമങ്ങളിൽ വീടുകളിലെ പ്രത്യേക ചടങ്ങുകളിൽ കാണുന്ന ചിത്രങ്ങൾ, രംഗോലി, പരമ്പരാഗത രൂപങ്ങൾ എന്നിവയും കൊച്ചുപൂവുകൾ, കിളികൾ, മരങ്ങൾ, വള്ളിച്ചെടികൾ എന്നിവയൊക്കെയാണ‌് മാധവി വരച്ചിടുന്നത‌്. മുറങ്ങളിലും പലകകളിലും കുടത്തിലും കലത്തിലുമൊക്കെ വരച്ച രൂപങ്ങൾ തീർച്ചയായും കാഴ‌്ചക്കാരനിൽ ഗൃഹാതുരത്വമുണർത്തും. 

ഔപചാരിക വിഭ്യാഭ്യാസം നേടിയിട്ടില്ലാത്ത മാധവിയെ കലയുടെ വഴിയിലേക്ക‌് തിരിച്ചുവിട്ടത‌് ഭർത്താവും കലാകാരനുമായ മനു പരേഖ‌് ആണ‌്. 16–-ാം വയസ്സിൽ വിവാഹിതയായ മാധവിയുടെ ശൈശവ ഓർമകൾക്ക‌് ചിറകുനൽകിയത‌് അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ‌്. ജെ ജെ സ‌്കൂൾ ഓഫ‌് ആർട്ടിൽനിന്ന‌് കലാപരിശീലനം കഴിഞ്ഞയാളായിരുന്നു മനു പരേഖ‌്. അദ്ദേഹത്തിന്റെ പ്രോ ത്സാഹനത്തിൽ മറ്റൊരു ശിക്ഷണവും ഇല്ലാതെതന്നെ മാധവി വരച്ചുതുടങ്ങി. ആദ്യമായി മാധവി വരയ‌്ക്കാനായി പെൻസിൽ കൈയിലെടുക്കുന്നതുപോലും മൂത്തമകൾ മനീഷയെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ‌്. ഇന്ന‌് ഇന്ത്യയിൽ അറിയപ്പെടുന്ന കലാകാരന്മാരുടെ കൂട്ടത്തിലുണ്ട‌് മാധവിയുടെ പേര‌്. നിരവധി ഏകാംഗ പ്രദർശനങ്ങളും ഗ്രൂപ്പ‌് പ്രദർശനങ്ങളും നടത്തിയിട്ടുണ്ട‌്. ഭോപ്പാൽ ഭാരത‌് ഭവനിലും മൂംബൈ ജഹാംഗീർ ആർട്ട‌് ഗ്യാലറിയിലും ന്യൂഡൽഹി ആർട്ട‌് ഗ്യാലറിയിലുമെല്ലാം മാധവിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട‌്. ബിനാലെയിൽ പ്രധാന വേദിയായ ആസ‌്പിൻവാൾ ഹൗസിലെ കയർ ഗോഡൗൺ മുറിയിലാണ‌് മാധിവയുടെ കലാ ആവിഷ‌്‌കാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top