17 April Wednesday

പെരുംനൊണകളുടെ ഭൂപടം

വെബ് ഡെസ്‌ക്‌Updated: Friday Dec 14, 2018
തങ്ങളുടെ ആദ്യ സംരംഭമായ  ‘നൊണ’  ജനുവരിയിൽ തൃശൂരിൽ നടക്കുന്ന കേരള അന്താരാഷ്ട്ര നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ  ആഹ്ലാദത്തിലാണ് കോഴിക്കോട്‌ കൊടുവള്ളിയിലെ  ബ്ലാക്ക് തിയറ്റർ പ്രവർത്തകർ.  മഹത്തായ ആ മേളയിൽ അരങ്ങേറുന്ന 13 നാടകങ്ങളിലൊന്നാണ്‌ നൊണ.
കാര്യമായ നാടകപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു നാട്ടിൽ ഒന്നര വർഷംമുമ്പ്‌ രൂപംകൊണ്ട  സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്‌മയുടെ സൃഷ്ടിയാണത്‌. അടിച്ചമർത്തലുകളെ നിരന്തരം ചെറുക്കുന്ന കീഴാളകലയുടെ കരുത്തിനെയാണ് ബ്ലാക്ക്‌ തിയറ്റർ എന്ന പേരുകൊണ്ട് ഈ നാടകപ്രവർത്തകർ പ്രതീകവൽക്കരിക്കുന്നത്.  
 
കൊയ്‌ത്തൊഴിഞ്ഞ വെള്ളരിപ്പാടങ്ങളെ ഒറ്റ രാത്രിയിലേക്ക് വൈദ്യുതീകരിക്കുന്ന കലാസമിതി വാർഷികങ്ങളിലെ തദ്ദേശീയ നാടക കൗതുകങ്ങൾക്കപ്പുറം അധികമൊന്നും രംഗകലകൾക്ക് വേരോട്ടമില്ലാത്ത വാരിക്കുഴിത്താഴമാണ് നൊണയുടെ മൂന്നു മാസത്തോളം നീണ്ട പരിശീലനങ്ങൾക്ക് വേദിയായത്. ഈ ദീർഘമായ ഒരു മുന്നൊരുക്കം കൊടുവള്ളിക്ക്‌ ആദ്യാനുഭവമായിരുന്നു. അരങ്ങിന്റെ അസമമായ  പ്രതലത്തിൽ അഭിനേതാക്കളുടെ നടത്തം അനായാസമാകാൻ ദിവസങ്ങളെടുത്തു. നാട്ടിൻപുറത്തുകാരുടെ കൈമെയ് മറന്നുള്ള സഹായങ്ങൾക്ക് ഗ്രാമചരിത്രത്തിലെ ഉജ്വലമായ ഒരോർമക്കുറിപ്പാകുന്നു ഈ സാംസ്‌കാരിക സഹവാസം. 
 
ജിനോ ജോസഫ്‌

ജിനോ ജോസഫ്‌

 കരുത്തുറ്റ  പ്രമേയം. അഭിനയക്കളരിയിൽ വന്നവരാകട്ടെ പകുതിയിലേറെയും തുടക്കക്കാർ.  കൂലിപ്പണിക്കാരായ യുവാക്കളും വിദ്യാർഥികളുമായിരുന്നു കൂടുതൽ.  ചിട്ടയായ പരിശീലനത്തിലൂടെ സംവിധായകനും സഹപ്രവർത്തകരും  പകച്ചുനിന്നവരെയെല്ലാം മികച്ച വേഷപ്പകർച്ചകളായി മാറ്റി. പരിമിതികളിൽനിന്ന് പരമാവധിയിലേക്കുയരുന്ന കലാസമർപ്പണത്തിന്‌ ഫലം കണ്ടു. കേരളത്തിലെ പ്രമുഖ നാടക പ്രവർത്തകരുടെ മുമ്പാകെ കോഴിക്കോട് ടാഗോർ ഹാളിലെ അരങ്ങേറ്റം  മികവുറ്റതായി.   കൃത്യമായ നിലപാടുതറയിൽനിന്നാണ് നാടകം ഉയർന്നുവന്നത്‌. പ്രമേയം അത്രമേൽ സമകാലീനമാകയാൽ നല്ല പ്രതികരണം ഉണ്ടായി.
 ഫാസിസ്റ്റ് ബോധനിർമിതിയുടെ പ്രധാന പ്രചാരണ തന്ത്രമാണ് ആവർത്തിച്ചാവർത്തിച്ച് ഉറപ്പിച്ചെടുക്കുന്ന കെട്ടുകഥകൾ.  സുന്ദരമായ നുണകൾകൊണ്ട് പൊള്ളുന്ന കാലത്തെ മറച്ചുവയ്‌ക്കുന്നത് ഫാസിസത്തിന്റെ സ്വാഭാവിക ലക്ഷണമത്രേ.  എക്കാലത്തെയും ജനകീയ ഇടപെടലുകൾക്ക് ആമുഖമായി മഹാനായ നാടകകാരൻ ബെർതോഡ്‌ ബ്രഹ്ത‌് പറഞ്ഞതുപോലെ  - ഈ നാടകവും സുവർണ ഭൂതകാലത്തിൽനിന്നല്ല, മറിച്ച് ചീത്ത വർത്തമാനത്തിൽനിന്നാണ് തിരശ്ശീല ഉയർത്തുന്നത്. പശു ദേശീയതയുടെ ഇരുകാലി വക്താക്കൾ കൊലവിളിച്ച് കൊമ്പുകുലുക്കിയാർക്കുന്ന തെരുവിൽനിന്നാണ്‌ നാടകത്തിന്റെ ആരംഭം.
 
ചുമട്ടുതൊഴിലാളിയായ ഗോവിന്ദന്റെ വീട്ടുമുറ്റത്ത് മകൻ പ്രശാന്ത് ഒരു പരസ്യചിത്രീകരണത്തിനായി വരച്ചിടുന്ന ഇന്ത്യയുടെ ഭൂപടത്തിൽനിന്ന്‌ വികസിക്കുന്ന നാടകം പെരുംനുണകളുടെ കമനീയ കവാടം കടക്കുന്നവർ എത്തിച്ചേരുന്ന സങ്കുചിത ദേശഭക്തിയുടെ ലോകങ്ങളെ മറനീക്കുന്നു. ഒത്തുവന്നപ്പോൾ പ്രശാന്ത് ഇതര മതസ്ഥനായ അയൽക്കാരനിൽ രാജ്യദ്യോഹിയെ കണ്ടെത്തുന്നു. ജാതിവ്യവസ്ഥ പൂത്തുലയുന്ന ദേശരാഷ്ട്രം സ്വപ്‌നം കാണുന്ന അയാൾ കീഴാളരായ സുഹൃത്തുക്കളെ ചവിട്ടിപ്പുറത്താക്കുന്നുമുണ്ട്.
 
 സ്വന്തം വയലുകളിൽ ആത്മാഹുതിചെയ്‌ത സഹജീവികളുടെ തലയോട്ടിയുമേന്തി  നാലുവരിപ്പാതകൾ നിറയുന്ന  കർഷകരോഷമാണ് ഈ കാലത്തിന്റെ ഏറ്റവും ശക്തമായ ആവിഷ്‌കാരം. അതിന‌് മുഖംകൊടുക്കാതെ അവരുടെ അധ്വാനമത്രയും ചൂഷണംചെയ്‌ത്‌ തിടംവയ‌്ക്കുന്ന രാഷ്ട്രീയ ദുർമേദസ്സുകളെയാണ് എല്ലാ ജനകീയകലകളും വിചാരണ ചെയ്യേണ്ടത്. "ഒരു നാട് വളരുകയാണെങ്കിൽ അതിങ്ങനെ പരസ്യംചെയ്‌ത്‌ അറിയിക്കേണ്ടതുണ്ടോ? ഞങ്ങൾക്ക് അത് തൊട്ടറിയാൻ കഴിയേണ്ടതല്ലേ?’ -ഗോവിന്ദൻ മകനോട് ചോദിക്കുന്ന ചോദ്യമാണ്‌ നാടകത്തിന്റെ മർമം. സഹിക്കുന്ന മനുഷ്യരുടെ ആത്മരോഷത്തിൽ അവരെ വരിഞ്ഞുമുറുക്കുന്നതെല്ലാം തകർത്തെറിയപ്പെടുമെന്ന ചരിത്രപാഠം ആവർത്തിച്ചാണ് നാടകം അവസാനിക്കുന്നത്. രാജ്യാതിർത്തികൾ ഭേദിക്കുന്ന വിശാലമാനവികത താളാത്മകമായി സംഘനൃത്തം ചെയ്യുന്ന ദൃശ്യം അപാരമായ ദീപവിതാനത്തോടെ പെയ്‌തിറങ്ങുമ്പോൾ, വേദിയിൽ  ആദിമമായ അനേകം കാൽപ്പാടുകൾ ബാക്കിയാകുന്നു.
 
  മഹീന്ദ്ര എക്‌സലൻസ് ഇൻ തിയറ്റർ അവാർഡ് (META) മത്സരത്തിൽ രാജ്യത്തെ മുന്നൂറ്റമ്പതോളം നാടകങ്ങളിൽനിന്ന് മികച്ച നാടകത്തിനുള്ള പുരസ്‌കാരത്തിന്‌ നൊണ അർഹമായിരുന്നു. സംവിധാനം ഉൾപ്പെടെ നാലു പുരസ്‌കാരം നേടിയശേഷമാണ് നാടകസംഘം സാംസ്‌കാരിക തലസ്ഥാനത്തേക്ക് പോകുന്നത് .
 "മത്തി’ എന്ന നാടകത്തിന് META ദേശീയ പുരസ്‌കാരവും മത്തി, കാണി, ബീഡി എന്നീ നാടകങ്ങൾക്ക് കേരള സംഗീത നാടക അക്കാദമി അവാർഡുകളും സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയ ജിനോ ജോസഫാണ് "നൊണ'യുടെ രചനയും സംവിധാനവും നിർവഹിച്ചത്. രചനയിൽ പുലർത്തുന്ന രാഷ്ട്രീയ സൂക്ഷ‌്മത സംവിധാനത്തിലെ കൈയൊതുക്കവുമായി സർഗാത്മകമായി ചേർത്തുവയ‌്ക്കുന്നതിലാണ് നാടകത്തിന്റെ കരുത്ത്. വേറിട്ട സ്റ്റേജ് സെറ്റപ്പുകളോട് ചേർന്നുനിൽക്കുന്നു ആബിദ്‌, സജാസ്‌ റഹ്‌മാൻ എന്നിവർ ഒരുക്കുന്ന ദീപവിതാനങ്ങൾ.
 
 ‘നൊണ’  നാടകത്തിൽനിന്ന്‌

‘നൊണ’ നാടകത്തിൽനിന്ന്‌

 കേരളത്തിലെയും ഡൽഹിയിലെയും ഉൾപ്പെടെ പത്ത്‌ പ്രധാന വേദികളിൽ നാടകം അവതരിപ്പിക്കപ്പെട്ടു. കൊടുവള്ളി നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ബാബു കൺവീനറും  മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ കിഷോർകുമാർ ചെയർമാനും  ഒ പുഷ്‌പൻ ട്രഷററും  പി പ്രദീപ് മാനേജരും  ലിബിൻ അജയഘോഷ് ടീം കോ‐ഓർഡിനേറ്ററുമായി പ്രവർത്തിക്കുന്നു.
 
  മിഥുൻ മുസഫർ, എ കെ  ഷാജി, സുധി പാനൂർ, പ്രകാശൻ വെള്ളച്ചാൽ, കെ കെ പ്രിയ, ടി പി അനിൽകുമാർ, അനഘ് കക്കോത്ത്, കെ കെ  അരുൺ, പി രാജീവ്, അശ്വതി, എ കെ  അമൽ, എ പി അബിൻ, പി സി ഷാജി, എ ബാബു, പി സജിത്, ബിനോയ്, അക്ഷയ് സുനിൽ, ദിനിത് കാർത്തിക്, നീതു. അതുല്യ, ആരതി, ദേവിക സുനിൽ, ഹർഷദാസ് എന്നിവരാണ് അരങ്ങിൽ. എ കെ ജോബിഷ്,  എം ടി  സനൂപ്, പി കെ ശബരീശൻ, ടി കെ ഷാരോൺ, ലെനിൻ ദാസ്, എൻ ആർ  റിനീഷ്, ആർ സി വിനോദ്, ദീപ ദിവാകർ എന്നിവർ പിന്നണിയിൽ പ്രവർത്തിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top