10 July Thursday

ഇറാനിയന്‍ നാടകം ആശ്വാസമായി

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2016

തൃശൂര്‍ > കാത്തിരുപ്പും ഏകാന്തതയും അതിന്റെ ദുരൂഹതയും ഏറ്റവും കരുത്തേറിയ ഭാഷയില്‍ അവതരിപ്പിച്ച 'ഐ കാണ്ട് ഇമാജിന്‍ ടുമാറോ' എന്ന ഇറാനിയന്‍ നാടകത്തെ കാണികള്‍ വൈകാരികതയോടെ നെഞ്ചേറ്റി. ദൈനംദിന ചര്യകളില്‍ കുരുങ്ങിയ പുരുഷന്റെയും സ്ത്രീയുടേയും ജീവിതമാണ് നാടകം. അയാള്‍ വിരസ ജീവിതം നയിക്കുന്ന ഒരാള്‍. അധ്യാപകന്‍, കൂട്ടത്തില്‍ വിക്കിനെത്തുടര്‍ന്ന് വല്ലാതെ ആത്മവിശ്വാസവും നഷ്ടമായ ആള്‍. സ്ത്രീയെ പുരുഷന്‍ എന്നും സന്ദര്‍ശിച്ച് ചായ പങ്കുവച്ച് പിരിയുന്നു.

പതിയെ സ്ത്രീ ഈ പതിവിനോട് ഇഴുകിച്ചേരുന്നു. അയാള്‍ക്കായി കാത്തിരിക്കുന്നു. എന്നാല്‍ ഈ പതിവ് മാറ്റിമറിക്കാന്‍ അവള്‍ തീരുമാനിക്കുന്നു. പുരുഷന്‍ പുതിയ സുഹൃത്തുക്കളെ കണ്ടെത്തട്ടെ എന്നതാണ് അവളുടെ തീരുമാനം. പക്ഷെ അയാള്‍ ഈ പതിവ് ആസ്വദിക്കുന്നുണ്ട്. ഇരുവരും പ്രണയത്തിലുമാണ്. ഇങ്ങനെയാണ് നാടകത്തിന്റെപോക്ക്.

രണ്ടുപേര്‍മാത്രമുള്ള നാടകം ജനം തികച്ചും നിറമനസ്സോടെ സ്വീകരിച്ചു. അബ്സേഡ് തിയറ്ററിന്റെ ഘടകങ്ങള്‍ മിന്നിമറിഞ്ഞ നാടകത്തിന്റെ ഇഴച്ചിലും മെല്ലെപ്പോക്കും പൊതുവേ ചടുലദൃശ്യളോട് പ്രതിപത്തിയുള്ള മലയാളിക്കാഴ്ചയെ വെറുപ്പിച്ചില്ല എന്നത് നാടകത്തിന്റെ സംവിധാന–അഭിനയ മികവിന്റെ അടയാളമായി. പുറത്തു പറയാനാവാത്ത പ്രകടിപ്പിക്കാനാവാത്ത ഉള്ളിന്റെ കഥകൂടിയാണ് നാടകം. ഒരുവേള പറയാനുള്ളതൊന്നും അതേ ആഴത്തില്‍ പറയാന്‍ കഴിയാത്ത ഇറാനിയന്‍ രാഷ്ട്രീയാന്തരീക്ഷത്തെക്കൂടി നാടകം വെളിവാക്കുന്നുവെന്ന് കണക്കാക്കാം.

അങ്ങേയറ്റം മടുപ്പിക്കുന്ന നാടകോത്സവത്തില്‍ അപൂര്‍വമായുള്ള ഇത്തരം അവതരണങ്ങളുടെ ആശ്വാസമാണ് പിടിച്ചുനിര്‍ത്തുന്നതെന്നാണ് കാണികളുടെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top