30 May Thursday

വേരറ്റുപോകുന്നവരുടെ ചോദ്യങ്ങള്‍

കെ ഗിരീഷ്Updated: Sunday Aug 13, 2017

സ്വന്തം വേരുകളില്‍നിന്ന് പറിച്ചെറിയപ്പെടുന്നത് മരണതുല്യമാണ്. എക്കാലത്തും മനുഷ്യരാശിയെ വേട്ടയാടിയ വ്യഥയാണ് പലായനം. ഒരു സംസ്കാരത്തിന്റെ തൊട്ടിലില്‍നിന്ന് എങ്ങോട്ടെന്നില്ലാതെ അലയാന്‍ വിധിക്കപ്പെടുന്നവന്‍ ചരിത്രത്തോടും കാലത്തോടും ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്. എക്കാലത്തെയും വലിയ രാഷ്ട്രീയചോദ്യങ്ങളായി അവ നിലകൊണ്ടിട്ടുമുണ്ട്. ഇന്നും അത്തരം ചില ചോദ്യങ്ങള്‍ക്കും കാഴ്ചകള്‍ക്കും മറുവാക്കില്ലാതെ ലോകം വിളറിനില്‍ക്കുന്നുണ്ട്.

അധിനിവേശങ്ങളുടെയും യുദ്ധങ്ങളുടെയും ചരിത്രത്തോടൊപ്പംതന്നെ വളര്‍ന്നു വികസിച്ചതാണ് പലായനത്തിന്റെ ചരിത്രവും. വംശ-ദേശങ്ങളുടെ വെട്ടിപ്പിടിക്കലുകള്‍ക്കിടയില്‍ ജീവിതമാണ് കീറിമുറിക്കപ്പെടുന്നത്. യുദ്ധക്കെടുതികള്‍ക്കിടയിലെ നിസ്സഹായരാകുന്ന ജനതയുടെയും അഭയാര്‍ഥിത്വത്തിന്റെയും തീവ്രവേദനകളുടെ ഓര്‍മപ്പെടുത്തലാണ്  മത്തായി ചാക്കോ, ഒ കെ ഭാസ്കരന്‍ സ്മാരക പഠനകേന്ദ്രം അരങ്ങിലെത്തിക്കുന്ന ഓള്‍ഡ് മാന്‍ അറ്റ് ദി ബ്രിഡ്ജ് എന്ന നാടകം.
ഹെമിങ്വേയുടെ വിഖ്യാതകഥയെ പുതിയകാലത്തിലേക്ക് പറിച്ചുനടുകയാണ് നാടകം. 1936ല്‍ ആരംഭിച്ച സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഹെമിങ്വേ അദ്ദേഹത്തിന്റെ ഏറ്റവും ചെറിയ ഈ കഥ എഴുതിയത്. അതേസമയം ഹെമിങ്വേയുടെ ഏറ്റവും ശക്തമായ കഥകൂടിയാണിത്. 1938 ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധറിപ്പോര്‍ട്ടിങ്ങിനിടെ ഹെമിങ്വേ അഭിമുഖീകരിച്ച സന്ദര്‍ഭമായിരുന്നു കഥ.

യുദ്ധഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ട വൃദ്ധനും യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്ന പട്ടാളക്കാരനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് നാടകം ആരംഭിക്കുന്നത്. പീരങ്കിവെടികള്‍ക്കിടയില്‍ ഉപേക്ഷിക്കേണ്ടിവന്ന തന്റെ പക്ഷികളെയും മൃഗങ്ങളെയും കുറിച്ച് വൃദ്ധനെപ്പോഴും വേവലാതിപ്പെടുന്നു. തോക്കിന്‍കുഴലിനും വെടിക്കോപ്പുകള്‍ക്കുമപ്പുറം ജീവിതത്തിന് ഒരുപാട് അര്‍ഥങ്ങളുണ്ടെന്ന് അയാള്‍ വിളിച്ചുപറയുന്നു.  യുദ്ധങ്ങളുടെയും ഏകാധിപത്യ ഭീകരപ്രവര്‍ത്തനങ്ങളുടെയും അര്‍ഥശൂന്യതയെക്കുറിച്ചും ജീവിതമൂല്യങ്ങളെക്കുറിച്ചും അയാള്‍ ഓര്‍മപ്പെടുത്തുന്നു. എന്നാല്‍, അധികാരത്തിന്റെ ബലപ്രയോഗത്തിലൂടെ മാത്രമേ ജനങ്ങളെ നയിക്കാനാകൂ എന്നും അധികാരങ്ങളെ ഉറപ്പിച്ച് നിര്‍ത്താന്‍ വെടിക്കോപ്പുകള്‍ പ്രയോഗിച്ചേ മതിയാകൂ എന്നുമാണ് പട്ടാളക്കാരന്റെ പക്ഷം. ലോകത്തിന്റെ ഓരോ കോണിലും നിസ്സഹായരായി അവശേഷിക്കുന്ന, ജീവിതം അര്‍ഥശൂന്യമാകുന്ന ജനതയുടെ വേദനകളും നൊമ്പരങ്ങളും സാക്ഷ്യപ്പെടുത്തുന്ന വൃദ്ധനും ഭരണകൂട ഫാസിസ്റ്റ് ഭീകരതകള്‍ക്ക് കൂട്ടുനില്‍ക്കുന്ന പട്ടാളക്കാരനും രണ്ട് പ്രതീകങ്ങളായി മാറുന്നു.

ഒരിക്കലും അവസാനിക്കാത്ത പ്രവാഹമായി നാടകാരംഭത്തിലും അവസാനത്തിലും കടന്നുപോകുന്ന അഭയാര്‍ഥികളുടെ നീണ്ട നിരയും നാസി ക്യാമ്പുകളുടെയും യുദ്ധങ്ങളുടെയും ദൃശ്യപശ്ചാത്തലവും നാടകത്തിലുടനീളം ചില ഓര്‍മപ്പെടുത്തലുകള്‍ നല്‍കുന്നു. അത് ഏതുകാലത്തും ഏതുദേശത്തും സംഭവിക്കാവുന്ന ഫാസിസത്തിന്റെ ആയുധപ്രയോഗത്തെ കുറിച്ചുതന്നെയാണ്. ഏതു ജനകീയഭരണത്തിനുമെതിരെയും ഉയര്‍ന്നേക്കാവുന്ന ഗൂഢാലോചനയുടേതും കലാപത്തിന്റേതുംതന്നെയാണ്. എക്കാലത്തും സമകാലീനമാകുന്ന കഥയുടെ ഊര്‍ജത്തെ നാടകം തിളക്കംവിടാതെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.
 പതിനഞ്ചോളം കഥാപാത്രങ്ങളുള്ള നാടകത്തില്‍ വൃദ്ധനായി എ കെ ഷാജിയും പട്ടാളക്കാരനായി ഹരീഷ് പണിക്കരും എത്തുന്നു.
 ആര്‍ സി വിനോദാണ് നാടകരചനയും സംവിധാനവും. പാരീസ് ചന്ദ്രന്‍ സംഗീതവും കെ ജെ ആര്‍ട്സ് ചേളന്നൂര്‍ ചമയവും രംഗപടവും മുരളി ദീപനിയന്ത്രണവും ഗണേഷ്കുമാര്‍ ദൃശ്യസംവിധാനവും ജംനാസ് മുഹമ്മദ് സംഗീതനിയന്ത്രണവും നിര്‍വഹിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top