08 May Wednesday

ബിനാലെകളിലേക്ക് മലയാളിപ്പെരുമ

എം എസ് അശോകന്‍Updated: Sunday Aug 13, 2017

ആദ്യ കൊച്ചി ബിനാലെയില്‍ (12/12/12) പങ്കെടുത്ത രണ്ട് മലയാളി ചിത്രകാരികള്‍ ലോകത്തെ രണ്ട് പ്രധാന ബിനാലെകളില്‍ പങ്കാളികളാകാനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചിയില്‍ താമസിച്ച് ചിത്രരചന നടത്തുന്ന ശോശ ജോസഫും സിജി ആര്‍ കൃഷ്ണനുമാണ് കൊച്ചി ബിനാലെയുടെ പെരുമയില്‍ മോസ്കോ, സിഡ്നി ബിനാലെകളുടെ ഭാഗമാകുന്നത്. ജപ്പാന്‍കാരനായ ക്യൂറേറ്റര്‍ മാമികാടയോക്കയാണ് 2018 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നടക്കുന്ന സിഡ്നി ബിനാലെയിലേക്ക് ശോശയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷം സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 28 വരെ നടക്കുന്ന മോസ്കോ ബിനാലെയുടെ ഏഴാംപതിപ്പിലാണ് സിജി പങ്കെടുക്കുന്നത്. ജപ്പാന്‍കാരനായ ക്യൂറേറ്റര്‍ യോകോ ഹാസിഗാവ ആദ്യകൊച്ചി ബിനാലെയിലെ സിജിയുടെ ചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മോസ്കോ ബിനാലെയിലേക്ക് അവരെ ക്ഷണിച്ചത്.

ശോശ ജോസഫ്

ശോശ ജോസഫ്

സിജി ആര്‍ കൃഷ്ണന്‍

സിജി ആര്‍ കൃഷ്ണന്‍

ദേശീയഅന്തര്‍ദേശീയതലത്തില്‍ അംഗീകാരംനേടിയ കേരളത്തിലെ മുന്‍നിര ചിത്രരചയിതാക്കളില്‍ പ്രമുഖയാണ് ശോശ ജോസഫ്. പരുമല സ്വദേശിയായ ശോശ ദീര്‍ഘകാലമായി പശ്ചിമ കൊച്ചിയിലാണ് താമസം. മാവേലിക്കര രവിവര്‍മ കോളേജ് ഓഫ് ഫൈനാര്‍ട്സില്‍നിന്ന് പെയ്ന്റിങ്ങില്‍ ബിരുദവും ബറോഡ എംഎസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. പ്രമേയത്തിലും രചനാശൈലിയിലും സവിശേഷ മൌലികത സൂക്ഷിക്കുന്ന ചിത്രകാരി ഇതിനകം രാജ്യത്തിനകത്തും പുറത്തുമുള്ള എണ്ണമറ്റ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സാമൂഹ്യഘടനയെ യാഥാസ്ഥിതികതയില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന പ്രതിലോമ സാമൂഹ്യനിഷ്ഠകളെയും സദാചാര പൊള്ളത്തരങ്ങളെയും കീഴ്മേല്‍മറിക്കുന്നതാണ് ശോശയുടെ ചിത്രങ്ങളിലെ പ്രമേയപരമായ അടിത്തറ. ചുറ്റുപാടും കാണുന്നവയുടെ ഫിഗറേറ്റീവായ ചിത്രീകരണം കേരളീയ രാഷ്ട്രീയസാംസ്കാരികഘടനയുടെ രൂപപ്പെടലിലേക്കും നിലനില്‍പ്പിലേക്കും നയിച്ചതിന്റെ കൂടുതല്‍ സംവേദനാത്മകമായ ചരിത്രവും വര്‍ത്തമാനവുമാണ് ആസ്വാദകനിലേക്ക് പകരുന്നത്.

ശോശ ജോസഫ് വരച്ച ചിത്രം

ശോശ ജോസഫ് വരച്ച ചിത്രം

ഈയാഴ്ച കൊച്ചിയില്‍ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള ചിത്രങ്ങളുടെ അവസാനവട്ട മിനുക്കുപണിയിലാണ് ഇപ്പോള്‍ ശോശ. സിഡ്നി ബിനാലെ അടുത്തവര്‍ഷമായതിനാല്‍ അതിലേക്കുള്ള ചിത്രങ്ങളുടെ രചന ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. കൊച്ചി മുസിരിസ് ബിനാലെയിലൂടെ സിഡ്നി ബിനാലെയിലേക്ക് എത്തിപ്പെടാനായതിന്റെ സന്തോഷം ശോശ പങ്കുവച്ചു. അരനൂറ്റാണ്ടോളം പഴക്കമുള്ള സിഡ്നി ബിനാലെ മുന്‍നിര കലാകാരന്മാരുടെ സാന്നിധ്യത്താല്‍ എക്കാലവും ലോകശ്രദ്ധ നേടിവരുന്നു.

മാവേലിക്കര സ്വദേശിയായ സിജി ആര്‍ കൃഷ്ണന്‍ ഭര്‍ത്താവും ചിത്രകാരനുമായ സബിനൊപ്പം ചോറ്റാനിക്കരയിലാണ് താമസം. രചനാരീതിയുടെയും പ്രമേയ സ്വീകരണത്തിന്റെയും കാര്യത്തില്‍ വ്യത്യസ്തത സൂക്ഷിക്കുന്ന സിജി മോസ്കോ ബിനാലെയിലേക്ക് തന്റെ ഏറ്റവും പുതിയ രചനകള്‍ അയച്ചുകഴിഞ്ഞു. ഓര്‍മകളുടെ അടരുകളെ പ്രത്യേകരീതിയില്‍ വിന്യസിച്ച് വ്യത്യസ്ത ആസ്വാദനതലം രൂപീകരിക്കുന്നതാണ് സിജിയുടെ ചിത്രങ്ങള്‍. കുടുംബപരവും വ്യക്തിനിഷ്ഠവുമായ ഇത്തരം അടുപ്പങ്ങളെ ജൈവികമായി അവതരിപ്പിക്കുന്നതിലൂടെ രചനകള്‍ക്ക് വ്യാഖ്യാനങ്ങള്‍ക്കപ്പുറം കാഴ്ചാനുഭവത്തിന്റെ വിശാലത നല്‍കാനും സിജിക്ക് കഴിയുന്നു. കടലാസുകള്‍ പല അടരുകള്‍ ചേര്‍ത്തൊട്ടിച്ചുണ്ടാക്കുന്ന പരീക്ഷണമാധ്യമത്തില്‍ ജലച്ചായത്തിലാണ് രചന നിര്‍വഹിക്കുന്നത്. താന്‍ ജനിച്ചുവളര്‍ന്നതും അനുഭവങ്ങളില്‍ ഉള്‍ച്ചേര്‍ത്തതുമായ ഗ്രാമ്യതയാണ് പുതിയ ചിത്രങ്ങളില്‍ ചിത്രീകരിക്കുന്നത്. പ്രകൃതിയോടുള്ള തന്റെ അടുപ്പവും ആദരവും ഈ ചിത്രങ്ങളിലൂടെ പ്രകടിപ്പിക്കുന്നു. മോസ്കോ ബിനാലെയില്‍ നിരക്കുന്ന സിജിയുടെ നാല് ചിത്രങ്ങളില്‍ മൂന്നെണ്ണം മരങ്ങളുടെ പോര്‍ട്രെയിറ്റുകളാണ്. തെങ്ങ്, പ്ളാവ്, കശുമാവ് എന്നിവയുടെ പോര്‍ട്രെയിറ്റുകള്‍ എന്ന് പേരിട്ടിട്ടുള്ള ചിത്രങ്ങളുടെ ഛായകള്‍ കേവലം ഗൃഹാതുരമായ ഇന്നലെയിലേക്കു മാത്രമല്ല ആസക്തമായ നാളെയിലേക്കുകൂടി പടരുന്നതാണ്.

ാമെീസാ@ഴാമശഹ.രീാ






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top