23 April Tuesday
കളിച്ചത് 2 നാടകം

ഇറ്റ്ഫോക്കിന്റെ ദൌര്‍ബല്യം വെളിപ്പെടുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2016

തൃശൂര്‍ > ഇറ്റ്ഫോക്കിന്റെ മൂന്നാം നാള്‍ നാടകോത്സവത്തിനു സംഭവിക്കുന്ന തളര്‍ച്ചയെ സൂചിപ്പിക്കുന്നതായിരുന്നു. രണ്ട് അവതരണം മാത്രമാണ് പുതുതായി ഉണ്ടായത്. അവ ശ്രദ്ധേയമാവുകയും ചെയ്തു. പിന്നെ നടന്നതെല്ലാം പുനരവതരണങ്ങളായിരുന്നു. ഫലത്തില്‍ ഇറ്റ്ഫോക്ക് പുനരവതരണങ്ങളുടേയും കുഞ്ഞുനാടകങ്ങളുടേയും മേളയാക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതായി നാടകോത്സവം.

ലബനോണിലെ സുകാക് തിയറ്റര്‍ കമ്പനിയുടെ സില്‍ക്ക് ത്രെഡ്, കൊച്ച് ഫ്േളാട്ടിങ് ഐലന്‍ഡ് ആക്ടേഴ്സ് ഗ്രൂപ്പിന്റെ 'അദ്ദേഹവും മൃതദേഹവും' എന്നീ നാടകങ്ങളാണ് ചൊവ്വാഴ്ച അരങ്ങേറിയത്. ഇതുകൂടാതെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം, ബാലിങ് എന്നിവയുടെ പുനരവതരണവും ചൊവ്വാഴ്ച നടന്നു.
അദ്ദേഹവും മൃതദേഹവും, സില്‍ക്ക് ത്രെഡും പ്രേക്ഷകരെ ആകര്‍ഷിച്ചു. പഴയ രാമനിലയം മുറ്റത്തുനിന്നാരംഭിച്ച് ചെറിയ വംഗാവിഷ്കാരങ്ങളുമായി താഴെയും മുകളിലുമുള്ള വരാന്തകളിലൂടെ മുറികളിലൂടെ കടന്ന് മുറ്റത്തുതന്നെ തിരിച്ചെത്തുന്ന രീതിയില്‍ ചലനാത്മകമാണ് സില്‍ക്ക് ത്രെഡ്. കാണികള്‍ ഒരു നാടകതലത്തില്‍ നിന്ന് അടുത്തതിലേക്ക് സഞ്ചരിക്കുന്നു. ഒപ്പം ഇന്‍സ്റ്റലേഷന്‍ തിയറ്ററിന്റെ ഘടകങ്ങളും നാടകം പ്രയോഗിക്കുന്നു. മായ സ്ബിബ് ആണ് സംവിധാനം.

അദ്ദേഹവും മൃതദേഹവും കാട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹത്തിന് കാവലിരിക്കുന്ന പൊലീസുകാരന്റെ കഥയാണ്.ഒറ്റയാള്‍ നാടകം. കാത്തിരിപ്പിനിടെ ആത്മഹത്യയുടെ കാരണങ്ങളിലേക്കുള്ള അന്വേഷണമാണിത്. മുഖ്യകേന്ദ്രമായ നടന്‍ ഷാബു മാധവന്‍ നടത്തിയ ഭാവപ്പകര്‍ച്ചകളാണ് ഒരു മണിക്കൂര്‍  കാണികളെ പിടിച്ചിരുത്തിയത്
രാവിലെ നടന്ന മീറ്റ് ദ ആര്‍ട്ടിസ്റ്റില്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ സംവിധായകന്‍ ദീപന്‍, സംഘാംഗങ്ങള്‍, മറിയാമ്മയുടെ സംവിധായകന്‍ ശ്രീനാഥ് സംഘം, ബാലിംഗ് സംവിധായകന്‍ മാര്‍ക് ടെക് തുടങ്ങിയവര്‍ പങ്കെടുത്തു. മ്യൂസിക് ക്രോസോവറും നടന്നു.
ഇറ്റ്ഫോക്ക് അന്തരാഷ്ട്രമേളയുടെ നിലവാരത്തിലേക്ക് ഉയരുന്നില്ലെന്ന പ്രതികരണങ്ങളാണ് നാടകപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.
പൊതു ഇടങ്ങള്‍ ഇല്ലാതാക്കുന്ന ഭരണകൂട ഇടപെടലിനെതിരെ അക്കാദമി വളപ്പില്‍ പ്രതിഷേധവും ക്യാന്‍വാസില്‍ ഒപ്പ് ശേഖരണവും നടന്നു.

പെണ്‍സുരക്ഷക്കിടമില്ല: മായ സ്ബിബ്

ഭൂമിയിലൊരിടത്തും സുരക്ഷിതമായ ഇടങ്ങള്‍ പെണ്ണിനില്ലെന്ന് ലബനോണിലെ പ്രമുഖ നാടകപ്രവര്‍ത്തക മായ സ്ബിബ്. പ്രശസ്തമായ സൂക്കാക്കിന്

റെ സംവിധായികയാണ് മായ. ഏതു സമൂഹത്തലും വിവിധരൂപങ്ങളില്‍ അതു നിലനില്‍ക്കുന്നു. ലബനോണ്‍ നിരന്തര സംഘര്‍ഷങ്ങളിലൂടെ കടന്നുവന്ന സമൂഹമാണ്. അതേസമയം ചരിത്രപരവും സാംസ്കാരികവുമായി ഔന്നത്യങ്ങളുള്ള ഭൂമികയുമാണ്. ഓരേകാലത്തും രൂപപ്പെട്ട അവിശുദ്ധ രാഷ്ട്രീയനിലപാടുകളാണ് സംസ്കാരത്തേയും സമുഹത്തേയും നിരാലംബമാക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധബന്ധങ്ങള്‍, ലബനോണിലെ ഓരോ രാഷ്ട്രീയകക്ഷിക്കും ഏതെങ്കിലുമൊരു മതഗ്രൂപ്പുമായി ബന്ധമുണ്ട്. അവര്‍ നിലകൊള്ളുന്നത് ആ ഗ്രൂപ്പിന്റെ താല്‍പ്പര്യത്തിനാണ്. ഭര്‍ത്താക്കന്മാരാല്‍ കൂടുതല്‍ സ്ത്രീകള്‍ കൊലചെയ്യപ്പെടുന്ന നാടാണിത്.  സമ്മര്‍ദ്ദ ഫലമായാണ് ഗാര്‍ഹിക പീഡന വിരുദ്ധനിയമം രൂപപ്പെട്ടത്. അതു നടപ്പാക്കാതെ പൂഴ്ത്തിവയ്ക്കുകയാണ്. ഫലത്തില്‍ പെണ്‍സുരക്ഷക്ക് ഒരു സാധ്യതയുമില്ല.

ലിംഗവിവേചനത്തോടുള്ള പ്രതിഷേധമാണ് സൂക്കാക്കിന്റെ  നാടകം സില്‍ക്ക് ത്രഡ്. ഒരേസമയത്ത് ലോകത്തെ മറ്റേത് അറബ് രാജ്യത്തേക്കാളും സ്വാതന്ത്യ്രം വസ്ത്രധാരണത്തില്‍, ജീവിതത്തില്‍, വിവിധപ്രവര്‍ത്തനങ്ങളില്‍ പുറമേയ്ക്ക് ലബനോണ്‍ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ടെങ്കിലും അതു സൂക്ഷ്മതലത്തിലില്ല. ജനാധിപത്യത്തിന്റെ വെളിച്ചം പുറമേയ്ക്കുണ്ടെങ്കിലും അകത്ത് കാര്യങ്ങള്‍ പഴയപോലെത്തന്നെയാണെന്ന് മായ കൂട്ടിച്ചേര്‍ത്തു.
ഒരു തരത്തിലുമുള്ള സര്‍ക്കാര്‍ സഹായവും സ്വീകരിക്കാതെയാണ് സൂക്കാക്ക് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സഹായം  ലക്ഷ്യം തടയും. പണച്ചെലവു കുറച്ച് ശക്തമായ അവതരണംകൊണ്ട് ജനങ്ങളുടെ പിന്തുണ ആര്‍ജിച്ചാണ് പ്രവര്‍ത്തനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top