25 April Thursday
കൊൽക്കത്തയിൽ ഏകാംഗ കലാപ്രദർശനം

കണ്ണാടികൾ ചിതറിച്ച കാഴ്‌ചകളുമായി ബോസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020


കൊച്ചി
ചരിത്രത്തിൽ നിങ്ങൾ കണ്ടതെന്ത്‌, കൺമുന്നിൽ കാണുന്നതെന്ത്‌ എന്ന വലിയ ചോദ്യത്തോട്‌ മനുഷ്യപക്ഷത്തുനിന്നുള്ള കലാകാരന്റെ പ്രതികരണം. കൊൽക്കത്തയിലെ ഇമാമി ആർട്ട്‌ ഗ്യാലറിയിൽ പ്രശസ്‌ത മലയാളി ചിത്രകാരൻ ബോസ്‌ കൃഷ്‌ണമാചാരിയുടെ ഏറ്റവും പുതിയ സൃഷ്‌ടികളുടെ പ്രദർശനത്തെ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്‌ ഇങ്ങനെ. ഒമ്പതുവർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഏകാംഗ പ്രദർശനത്തിലേക്കുള്ള ബോസിന്റെ മടങ്ങിവരവ്‌ കൂടിയാണ്‌ മിറർ സീസ്‌ ബെസ്‌റ്റ്‌ ഇൻ ഡാർക്ക്‌ എന്ന പ്രദർശനം. 10,000 ചതുരശ്ര അടി വിസ്‌തീർണത്തിൽ പ്രത്യേകം ക്രമീകരിച്ച ഗ്യാലറി സംവിധാനത്തിലാണ്‌ പ്രതിഷ്‌ഠാപനങ്ങളും അസംബിൾഡ്‌ ആർട്ട്‌ വിഭാഗത്തിൽപ്പെടുന്ന സൃഷ്‌ടികളും ഉൾപ്പെടെയുള്ളവയുടെ പ്രദർശനം.

അലങ്കാര കൊത്തുപണി ചെയ്‌ത തേക്ക്‌ തടിയുടെ ചട്ടങ്ങളും ചില്ലുകളും കണ്ണാടിയും പ്രത്യേക വെളിച്ച സംവിധാനങ്ങളുമൊക്കെ പ്രമേയപരമായി തന്നെ പ്രദർശനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഗ്യാലറിക്ക്‌ മുന്നിൽ സ്ഥാപിച്ചിട്ടുള്ള രണ്ട്‌ കൂറ്റൻ പാറക്കല്ലുകളിൽ തുടങ്ങി ഒമ്പത്‌ വ്യത്യസ്‌ത പ്രോജക്‌ടുകൾ പ്രദർശനത്തിന്റെ ഭാഗമായുണ്ട്‌. സ്വർണവർണ വാൾപേപ്പർ പതിച്ച ഗ്യാലറിക്കുള്ളിൽ സ്ഥാപിച്ച അസംബിൾഡ്‌ ആർട്ട്‌ വിഭാഗത്തിൽപ്പെട്ട പത്ത്‌ ഫ്രയിമുകളാണ്‌ പ്രദർശനത്തിലെ പ്രധാനഭാഗം. മതം, ദേശീയത, മുതലാളിത്തം, ജാതീയത, വംശീയത, പുരുഷാധിപത്യം, പ്രാദേശികത,  ആത്മരതി, ദൈവം, സാങ്കേതികത എന്നിവയുടെ ഇംഗ്ലീഷ്‌ വാക്കുകൾ  കൊത്തുപണികളുള്ള മരച്ചട്ടത്തിനുള്ളിലെ കണ്ണാടി പ്രതലത്തിൽ ആഴത്തിലും കനത്തിലും പതിച്ചിരിക്കുന്നു. വിവിധ മാനങ്ങളിലും വർണവിതാനങ്ങളിലും അവ പകരുന്നത്‌ വിഭ്രമിപ്പിക്കുന്ന കാഴ്‌ച. ചരിത്രത്തെയും വർത്തമാനത്തെയും അഭിനിവേശിപ്പിച്ച പ്രത്യയശാസ്‌ത്രങ്ങളെയാണ്‌ ഈ വാക്കുകൾ പ്രതിനിധീകരിക്കുന്നത്‌. അത്തരം അഭിനിവേശങ്ങൾ അകപ്പെടുന്നവന്റെ ബോധത്തെ കീഴ്‌മേൽ മറിക്കും. വ്യക്തിയെയും സമൂഹത്തെയും അപകടങ്ങളിലേക്ക്‌ നയിക്കും.  അതാണ്‌ ചരിത്രത്തിൽ നാം കണ്ടതും ഇന്ന്‌ കാണുന്നതും–-  ബോസ്‌ പറഞ്ഞു.

പലതരത്തിലുള്ള കൊത്തുപണികൾ ചെയ്‌ത ഒമ്പത്‌ മരച്ചട്ടങ്ങളും അതിനു കീഴെ അറക്കവാളും ചേർന്ന പ്രതിഷ്‌ഠാപനമാണ്‌ മറ്റൊന്ന്‌. വ്യത്യസ്‌ത വർണങ്ങൾക്കുള്ളിൽ കണ്ണാടിയുടെ വൃത്താകാരം ശേഷിപ്പിച്ച്‌ ഒരേനിരയിൽ തൂക്കിയ ഒമ്പതു ചതുരച്ചട്ടങ്ങളാണ്‌ പിന്നീടുള്ളത്‌. ആറന്മുള കണ്ണാടി, ഗ്രാനൈറ്റ്‌, സ്‌റ്റീൽ, കടലാസ്‌, സെറാമിക്‌ തുടങ്ങിയ വിവിധതരം മാധ്യമങ്ങൾ സൃഷ്‌ടികളിൽ ഉപയോഗിച്ചിട്ടുണ്ട്‌. പ്രദർശനം മാർച്ച്‌ 10ന്‌ സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top