10 June Saturday

മനുഷ്യച്ചൂര് വറ്റുന്ന ഗ്രാമത്തിന്റെ രേഖകള്‍

കെ ഗിരീഷ്Updated: Sunday Dec 11, 2016

അറുപതാണ്ട് തികയുന്ന മണ്ണിന്റെ കരിയില മൂടിക്കിടക്കുന്ന നടപ്പാതകള്‍ ഓരോന്നും ഓരോ ചരിതമാണ്. ഈ മണ്ണ് എങ്ങനെയാണ് ഇങ്ങനെയൊക്കെയായത്. ആരോര്‍ക്കുന്നു കടന്നുവന്ന വഴികളൊക്കെ. ഈ വഴികള്‍ കടന്നുപോകുന്ന മണ്ണിലൊക്കെ ഭൂമിയുടെ ഏതറ്റത്തു നടക്കുന്ന ചലനങ്ങളും ചില വിറയലുകളുണ്ടാക്കുന്നുണ്ട്. അത്തരം ഭൂപ്രദേശങ്ങളില്‍ നിവസിച്ചിരുന്ന മനുഷ്യര്‍ അനുഭവിച്ചുതീര്‍ത്ത ക്ളേശഭരിതമായ ജീവിതത്തിന്റെ തുടര്‍ച്ചതന്നെയാണ് ഇപ്പോഴത്തെ ജീവിതം. പുതിയ തലമുറയോട് നാടകം പറയുന്നതും അതുതന്നെയാണ്. നിങ്ങളുടെ സ്വത്വം സ്വയമേവ രൂപപ്പെട്ടതല്ലെന്നും അതില്‍ മുമ്പേ കടന്നുപോയ വര്‍ അനുഭവിച്ച ജീവിതത്തിന്റെ ധാരകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും.

എന്‍ പ്രഭാകരന്റെ ശ്രദ്ധേയരചന 'തീയൂര്‍ രേഖകള്‍' ചേര്‍പ്പ് നാടകപ്പുര നാടകരൂപത്തിലാക്കിയപ്പോള്‍ ഇത്തരമൊരു ഓര്‍മപ്പെടുത്തലിന്റെ, കണ്ടെടുക്കലിന്റെ രംഗാവതരണമാണ് കണ്ടത്. സമീപകാലത്തെ ഏറ്റവും ശക്തമായ രംഗപ്രയോഗവും രംഗഭാഷയുമാണ് തീയൂര്‍ രേഖകളിലൂടെ നാടകപ്പുര അവതരിപ്പിച്ചത്.

പൊലീസിന്റെ വെടിയേറ്റു മരിച്ച കൊണേരി വെള്ളേന്‍ എന്ന നന്മയുള്ള കള്ളന്റെ പുരാവൃത്തമുറങ്ങുന്ന തീയൂരിന്റെ വളര്‍ച്ചകളും അനുഭവങ്ങളും വ്യക്തിവിശേഷങ്ങളും എല്ലാം ഒരു നാടിന്റെ സാമൂഹ്യാനുഭവങ്ങളിലേക്ക് വെളിച്ചം നല്‍കുന്നവയാണ്. നാടിനു പുറത്തും രാജ്യത്താകമാനവും ഉണ്ടായ മഹാസംഭവങ്ങളും, രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങളും തീയൂരുകാരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നാടകം വരച്ചുവയ്ക്കുന്നു. ഇത് മറ്റേതൊരു നാടിന്റെയും അനുഭവകഥകൂടിയാണ്. ലാഭം ജീവിതത്തെയും ജീവിതവീക്ഷണത്തെയും കഠിനമാക്കുന്നതും കച്ചവടം മനുഷ്യത്വരഹിതമാക്കുന്നതും ഏതു ഗ്രാമത്തിന്റെയും പരിണാമകഥയാകുന്നു.

രാധികയും കാമുകനും അവളുടെ സഹോദരന്മാരും എല്ലാം എല്ലാ ഗ്രാമത്തിലുമുണ്ട്്. തീയൂരിലെ തെളിഞ്ഞ കോണ്‍ഗ്രസ് മുഖമായ ഗോപാലേട്ടന്‍,…അറുപത്തൊമ്പതിലെ പിളര്‍പ്പില്‍ ഇന്ദിര ഗാന്ധിയോടൊപ്പം നില്‍ക്കുകയും എന്നാല്‍ 1975 ജൂണ്‍ 20ന് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സംഘര്‍ഷത്തിലാവുകയുംചെയ്ത ഒരായിരം ഗോപാലേട്ടന്മാരുടെ ശബ്ദമാണ്. സത്യം പറയുന്നത് പേടിക്കേണ്ട സംഗതിയാണെന്ന് മനസ്സിലാക്കിയ ആമുജിനും എണ്ണമറ്റ പുസ്തകങ്ങള്‍ കണ്ണിലും നെഞ്ചിലും ചൂട്ട് കത്തിച്ച് വായിച്ചുതള്ളി. ചര്‍ച്ചകളും സംവാദങ്ങളും വിശദീകരണങ്ങളും നടത്തിയിട്ടും ജനങ്ങള്‍ക്കിടയില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് ധാരണയില്ലാതെപോയ കുഞ്ഞിഗോവിന്ദന്മാരും പ്രണയം, ഉഴുതിട്ട മണ്ണിനെപ്പോലെ നഗ്നവും വിശുദ്ധവുമാണെന്നറിഞ്ഞ മുരളിയും സമൂഹത്തിന്റേതല്ലാത്ത ധീരവും സ്വതന്ത്രവുമായ മൂല്യങ്ങളുടെ ഒരു ലോകം സൃഷ്ടിച്ച് അതിനകത്ത് ജീവിക്കാനാകില്ലെന്ന് അറിയുന്ന സുനിലും ഈ പ്രപഞ്ചത്തിലെ എല്ലാം, മണ്ണും വായുവും വെള്ളവുമൊക്കെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നറിയുന്ന  അപ്പയും എല്ലാ ഗ്രാമമൂലകളിലും ജീവിച്ച് മരിച്ചവരും ജീവിച്ചിരിക്കുന്നവരുമാണ്. ഒടുവില്‍ നിരാശയും ഭ്രാന്തും ആത്മഹത്യയും നിറയുന്ന തീയൂരുപോലെയാണ് എല്ലാ ഗ്രാമവും.

രാജു നരിപ്പറ്റ

രാജു നരിപ്പറ്റ

തുറന്നവേദിയില്‍ രാജു നരിപ്പറ്റ ഒരുക്കിയ സംവിധാനം തീയൂരിന്റെ കഥപറഞ്ഞ നോവലിന്റെ എല്ലാ തീവ്രതയും ഉള്‍ച്ചേര്‍ത്തതായിരുന്നു. ഒരു ഗ്രാമത്തിന്റെ എല്ലാ സമ്പൂര്‍ണതയും ഉള്‍ക്കൊള്ളുന്ന നാടകഭാഷയ്ക്ക് അതിസൂക്ഷ്മതയോടെ മറ്റു ഘടകങ്ങളെ സന്നിവേശിപ്പിച്ചേടത്താണ് തീയൂര്‍ രേഖകള്‍ ഉദാത്ത രംഗസൃഷ്ടിയാകുന്നത്.

ഡോ. കെ എസ് വാസുദേവന്‍, നരിപ്പറ്റ രാജു എന്നിവരുടേതാണ് നാടകരൂപം. കവിത: എം എം സചീന്ദ്രന്‍. സംഗീതസംവിധാനം: എന്‍ കെ മധുസൂദനന്‍. സംഗീതനിര്‍വഹണം: സത്യജിത്. ദീപസംവിധാനം, നിര്‍വഹണം: ജോസ് കോശി. രംഗസംവിധാനം: എം ആര്‍ ബാലചന്ദ്രന്‍, നിര്‍വഹണം: ആല്‍ബിന്‍, ജയമോഹന്‍, ബിജുകുമാര്‍, രഞ്ജിത് ശിവ. ചമയം: പ്രേമന്‍, കെ എ ഡേവിസ്, ഡോ. നിജി മനോജ്, സുനതി, ശിവന്‍ വെങ്കിടങ്ങ്. രംഗോപകരണങ്ങള്‍: സുധി വട്ടപ്പിന്നി, സിന്ദ്ബാദ് രാജന്‍, മനോജ്, ജിതിന്‍, സിന്ധു നാരായണന്‍, ദേവിക, ഒ സി മാര്‍ട്ടിന്‍, സാല്‍ വിന്‍, സുധി.

വിമല രാജു, സിന്ധു നാരായണന്‍, ഡോ. നിജി മനോജ്, സുനതി, ദേവിക, ദേവു, നേഹ, പാര്‍വതി, വര്‍ഗീസ് കാസ, മാധവന്‍ കൂനമ്പാട്ട്, കെ ബി ഹരി, കെ എ ഡേവിസ്, രാജേഷ് വല്ലച്ചിറ, ബിജുകുമാര്‍, ഗോപി ഞെരുവിശേരി, വിനോദ് ഗാന്ധി, വിനോദ് ഞെരുവിശേരി, ശ്രീകുമാര്‍, മനോജ്, റിന്റണ്‍, ജയമോഹന്‍, രഞ്ജിത് ശിവ, ശിവന്‍ വെങ്കിടങ്ങ്, അജിത്, ജിതിന്‍, ഋത്വിക് ശ്രീകുമാര്‍ എന്നിവര്‍ അരങ്ങിലെത്തി.

ഴശൃശവെ.ിമശേസമ@ഴാമശഹ.രീാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top