09 June Friday

മരവിച്ച കടലിലെ എണ്ണവേട്ടക്കാര്‍

കെ ഗിരീഷ്Updated: Sunday Sep 10, 2017

വിജയിക്കാനുള്ള വാശി, ചുറ്റിനുമുള്ള സകലതിനെയും മറന്നും  തന്റെ ലക്ഷ്യം കണ്ടെത്തുംവരെ പൊരുതാനുള്ള വാശി ഒരുതരം മനോരോഗംകൂടിയാണ്. സ്വന്തം ജീവിതത്തോടുതന്നെയുള്ള ഒരുതരം ഭ്രാന്തന്‍ പ്രതികരണമാകാമിത്. മാസങ്ങളായി മഞ്ഞിലുറഞ്ഞുകിടക്കുമ്പോഴും ഒരുനാള്‍ ഈ മഞ്ഞ് നീങ്ങുമെന്നും അപ്പുറത്ത് തന്റെ കിനാവുകള്‍ നിറംവച്ച് കാത്തരിക്കുന്നുണ്ടെന്നുമുള്ള പ്രതീക്ഷയാണ് എല്ലാ കപ്പിത്താന്മാരെയും അവസാനനിമിഷംവരെ പിന്തുടരുക. അവസാനനിമിഷംവരെയും നിലയ്ക്കാത്ത ഈ പ്രതീക്ഷയാണ് കടല്‍നടുവിലെ എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും മുകളില്‍ ഒരു കപ്പിത്താനെയും അയാളുടെ സംഘത്തെയും നിലനിര്‍ത്തുന്നത്.

മലയാളത്തില്‍ അസംഖ്യം സംവിധായകര്‍ രംഗഭാഷ്യം നല്‍കിയിട്ടുള്ള വിഖ്യാത രചന യുജീന്‍ ഒനീലിന്റെ 'അയ്ല്‍' വീണ്ടും രംഗവേദിയിലെത്തിച്ചത് തൃശൂര്‍ രംഗചേതനയാണ്. എന്നാല്‍, അയ്ലിന് മലയാളത്തില്‍ ലഭിച്ച ഏറ്റവും മികച്ച വ്യാഖ്യാനങ്ങളിലൊന്ന്എന്ന നിലയില്‍ അവതരണം ശ്രദ്ധേയമായി.

തിമിംഗലത്തെ വേട്ടയാടി അവയില്‍നിന്ന് എണ്ണയെടുക്കാന്‍ നിയുക്തമായ കപ്പലിലെ കപ്പിത്താന്‍ ഡേവിഡ് കീനിയുടെയും അയാളുടെ സഹജീവനക്കാരുടെയും ഭര്‍ത്താവിനോടൊപ്പം യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട ആനി കീനിയുടെയും കഥയാണിത്. മാസങ്ങളായി മഞ്ഞില്‍ക്കുരുങ്ങി കിടപ്പാണ് കപ്പല്‍. എന്നാല്‍, പിന്മാറാന്‍ തയ്യാറല്ല കപ്പിത്താന്‍. അയാള്‍ക്ക് എണ്ണവേട്ട ഒരു ഭ്രാന്താണ്. മറ്റുള്ളവരെ വെറുപ്പിക്കുന്ന ഭ്രാന്ത്. ഒപ്പമുള്ളവരില്‍ വെറുപ്പും അസ്വസ്ഥതയും ജനിപ്പിക്കുന്നതാണ് ക്യാപ്റ്റന്റെ സ്വഭാവം. തിമിംഗലങ്ങളെ വേട്ടയാടുന്നതും തന്റെ ക്വോട്ട തികയ്ക്കുന്നതും മാത്രമാണ് അയാളുടെ ലക്ഷ്യം. മരവിച്ചുകിടക്കുന്ന കടലിലെ ജീവിതം കൂടെയുള്ളവരെ മനോരോഗത്തിന്റെ വക്കിലെത്തിച്ചിട്ടുണ്ട്. ഒടുവില്‍ ആനിയുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി തിരികെ പോകാന്‍ അയാള്‍ സമ്മതിക്കുന്ന ഘട്ടത്തിലാണ് മഞ്ഞുരുകുന്നതും തിമിംഗലങ്ങള്‍ പ്രത്യക്ഷരാകുന്നതും. നിര്‍ദാക്ഷിണ്യം കീനി അയാളുടെ തീരുമാനം മാറ്റുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം മാറ്റപ്പെടുന്നതോടെ ആനി ഭ്രാന്തിന്റെ തലത്തിലേക്ക് വീഴുന്നു.

റിയലിസ്റ്റിക്സിംബോളിക് നാടകഭാഷയുടെ മികച്ച ഉദാഹരണമായി കാണിക്കാവുന്ന അയ്ലില്‍ തണുത്തുറഞ്ഞ കടലും ആനിയുടെ ഓര്‍ഗനും അതിലെ സംഗീതവുംതന്നെയാണ് മികച്ച സൂചകങ്ങള്‍. ക്യാപ്റ്റന്‍ കീനിയുടെ മനസ്സുപോലെ കടലും ആനിയുടെ മനോനിലയിലെ മാറ്റംപോലെ അവളുടെ സംഗീതവും. ആഹ്ളാദഗീതങ്ങളില്‍ തുടങ്ങി ദുഃഖത്തിലേക്കും അര്‍ഥരാഹിത്യത്തിലേക്കും മാറിപ്പോകുന്ന സംഗീതം ആനിയുടെ മനസ്സ് സഞ്ചരിക്കുന്ന വഴികളുടെ അടയാളംതന്നെയാണ്.

കെ എന്‍ പ്രശാന്ത്

കെ എന്‍ പ്രശാന്ത്

മനസ്സുതന്നെയാണ് നാടകത്തിന്റെ വിഷയം. എന്തുകൊണ്ട് ഡേവിഡ് കീനി ഇത്തരത്തില്‍ മറ്റുള്ളവരെ അസ്വസ്ഥനാക്കുന്ന ഒരാളാകുന്നു എന്നതിന് വ്യാഖ്യാനം നല്‍കുന്നേടത്താണ് രംഗചേതനയുടെ അയ്ലിന്റെ മാനം ഉയര്‍ത്തപ്പെടുന്നത്. മൂലരചനയ്ക്കപ്പുറത്തേക്ക് നാടകം വളരുന്നത് ഇവിടെയാണ്. അടിമജീവിതത്തില്‍നിന്ന് മോചിതനാകുന്നതിന് പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ പോരാട്ടത്തിന്റെ കഥയാണ് കീനി ഭാര്യയോട് വെളിപ്പെടുത്തുന്നത്. ഇതോടെ നാടകം വല്ലാത്ത ശുഭാപ്തിവിശ്വാസത്തിന്റെ തലത്തിലേക്ക് മാറ്റപ്പെടുന്നു. അതുവരെ കീനിയുടെ മടുപ്പിക്കുന്ന സ്വഭാവത്തോട് പൊരുതിനിന്നവരെല്ലാം ആ മനസ്സിലെ ചിന്തകളെ അറിയുകയും അയാളുടെ ആഗ്രഹത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

കെ എന്‍ പ്രശാന്തിന്റേതാണ് നാടകവ്യാഖ്യാനവും സംവിധാനവും. വെളിച്ചം, സംഗീതം, സെറ്റ് എന്നിവയ്ക്ക് ഏറെ ഊന്നലുള്ള നാടകത്തില്‍ ദീപസംവിധാനം വിഷ്ണുപ്രസാദ്, നിയന്ത്രണം കെ ഡി സനേഷ്, സംഗീതം സത്യജിത്, സംഗീതനിയന്ത്രണം ഹെന്‍സണ്‍ ആന്റോ. സെറ്റ്, രംഗോപകരണങ്ങള്‍ ഫ്രാന്‍സീസ് ചിറയത്ത്, ഷിനോജ് അശോകന്‍, രാജേഷ് എന്നിവരും നിര്‍വഹിച്ചു. ഒപ്പം നിഖില്‍ദാസിന്റെ തത്സമയ സംഗീതവും ചേര്‍ന്നു. ദിനേഷ് ആര്‍ ദാസ്, രഞ്ജിത് രാജന്‍ എന്നിവര്‍ വസ്ത്രാലങ്കാരവും ഫ്രാന്‍സീസ് മേക്കപ്പും ഒരുക്കി.

ആതിര, ഗ്രാംഷി, ജിതിന്‍ലാല്‍, ശ്രീരാം രവി, രഞ്ജിത് രാജന്‍,ദിനേഷ് ആര്‍ ദാസ്, ഷിന്റോ തോമസ്, ശരത് ചന്ദ്രന്‍, പൌലോസ്, ശിവദാസ്, വിശാല്‍ ഷാജന്‍ എന്നിവരാണ് അരങ്ങില്‍.

ഴശൃശവെ.ിമശേസമ@ഴാമശഹ.രീാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top